January 28th, 2017
തടിവീട്

3500 സ്‌ക്വയര്‍ഫീറ്റ് ഉള്ള  ഈ വീടിന്റെ മുക്കും മൂലയും വരെ  വളരെ സൂക്ഷ്മതയോടെയാണ്
ഡോക്ടറും ഭാര്യയും ഡിസൈന്‍  ചെയ്തിരിക്കുന്നത്

തച്ചുശാസ്ത്രത്തില്‍ വൈദഗ്ധ്യം ഇല്ലെങ്കിലും ഒരു ചെറിയ പെരുന്തച്ചന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടര്‍ അഷ്ഗര്‍. ആശയവും ആത്മവിശ്വാസവും കോര്‍ത്തിണക്കി ഡോക്ടര്‍ വീട് പണിക്കിറങ്ങിയപ്പോള്‍ കടഞ്ഞെടുത്തത് ഒരു ഉഗ്രന്‍ തടിവീട്.

നല്ല നാടന്‍ തേക്കുതടിയിലാണ് ഈ ഇരുനില വീടിന്റെ ഒട്ടുമിക്ക പണികളും പൂര്‍ത്തീകരിച്ചത്. തേക്കിന്റെ കഥ പറയുന്നതിന് മുമ്പ് ഈ തടിവീടിന്റെ ആശയത്തെ കുറിച്ച് പറയാനാണ് ഡോക്ടര്‍ക്ക്് താല്‍പര്യം. പഴയ മച്ച് വീടിനെ ഒന്ന് ആധുനികവല്‍ക്കരിച്ചാലോ എന്ന ഭാര്യ സുമൈജയുടെ ഐഡിയയാണ് മാഹിയിലുള്ള ഇവരുടെ ഈ തടിവീടിന് ആധാരമായത്.
വീടിന്റെ പ്ലാന്‍ തയ്യാറാക്കിയതും ടെക്‌നിക്കല്‍ കാര്യങ്ങളില്‍ സഹായിച്ചതും ഡോക്ടറുടെ ബന്ധു കൂടിയായ ഷെഫീം വടകരയാണ്. ബാക്കി എല്ലാ കാര്യങ്ങളും ഡോക്ടറും ഭാര്യയും കൂടിയാണ് ചെയ്തത്. ”വീടുപണിയില്‍ മുന്‍ പരിചയം ഒന്നുമില്ലെങ്കിലും ആഴ്ചകളോളം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയും വീട് പണി സമയത്ത് പണിക്കാരുടെ കൂടെ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ ഫലമാണ് ഞങ്ങളുടെ വീട്.” ഡോക്ടര്‍ അഷ്ഗര്‍ പറയുമ്പോള്‍ വാക്കുകളില്‍ ഇച്ഛാശക്തിയുടെ ഊര്‍ജം പ്രതിഫലിക്കുന്നു. 3500 സ്‌ക്വയര്‍ഫീറ്റ് ഉള്ള ഈ വീടിന്റെ മുക്കും മൂലയും വരെ വളരെ സൂക്ഷ്മതയോടെയാണ് ഡോക്ടറും ഭാര്യയും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സിംപിളാണ് നല്ലത്
പതിനാല് സെന്റ് പ്ലോട്ടില്‍ ഏതാണ്ട് പ്ലോട്ട് മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് വീട് നില്‍ക്കുന്നതെങ്കിലും മിച്ചം വന്ന സ്ഥലത്ത് ചെങ്കല്ലുകള്‍ പാകി ഇടയില്‍ ലോണ്‍ നട്ടുപിടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു. കൊളോണിയല്‍ ശൈലിയാണ് എലിവേഷന്. ഭിത്തിയില്‍ അങ്ങിങ്ങായി സ്റ്റോണ്‍ ക്ലാഡിങ് ചെയ്തിരിക്കുന്നു. നീളത്തിലുള്ള വരാന്തയും അതോട് ചേര്‍ന്നൊരു കൊച്ച് സിറ്റൗട്ടുമാണ് പൂമുഖത്തുള്ളത്. സിംപിള്‍ വര്‍ക്കിലുള്ള ഇന്‍ബില്‍റ്റ് ഇരിപ്പിടത്തിന് ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ കോമ്പിനേഷനാണ്. മരവും ഗ്ലാസും കൊണ്ടുള്ള ചിത്രപ്പണികള്‍ സിറ്റൗട്ടിന്റെ ചുമരുകളെ സുന്ദരമാക്കുന്നു.

ഇന്റീരിയര്‍ ഡിസൈനിങ്ങിലെ വൈദഗ്ധ്യം
നാല് പാളികളുള്ള പ്രധാന വാതില്‍ കടന്ന് അകത്തെത്തിയാല്‍ അഷ്ഗറിന്റെയും സുമൈജയുടെയും തെരഞ്ഞെടുപ്പു വൈദഗ്ധ്യത്തിലാണ് ആദ്യം മനസ്സുടക്കുക. സ്വന്തം ആശയങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയെടുത്ത വീടായിരിക്കണം എന്നതായിരുന്നു രണ്ടാളുടെയും ആഗ്രഹം. അതിനാല്‍ വീട് പണിയാനായി സ്ഥലം വാങ്ങിച്ചപ്പോള്‍ മുതല്‍ വീട്ടിലേക്കുള്ള ഓരോന്നും വാങ്ങാന്‍ തുടങ്ങി. സുമൈജ പറയുന്നു. ഓരോ മുറിയിലും എന്തെങ്കിലുമൊരു പ്രത്യേകത കൊണ്ടുവരാന്‍ ഡോക്ടറും ഭാര്യയും ശ്രമിച്ചതിന്റെ തെളിവുകളാണ് ഈ വീട് നിറയെ. സ്വീകരണമുറി മുതല്‍ അടുക്കളയില്‍ വരെ സ്വദേശത്തും വിദേശത്തു നിന്നുമായി കൊണ്ട് വന്ന അലങ്കാര വസ്തുക്കളും വീട്ടുപകരണങ്ങളും കാണാം.

ഓപ്പണ്‍ പ്ലാന്‍
ഓപ്പണ്‍ പ്ലാന്‍ ആണ് വീടിന്. ഡൈനിങ് ഏരിയയും ലിവിങും അടുക്കളയുമെല്ലാം പരസ്പരം ഇടകലര്‍ന്നു വരുന്നു. എന്നാല്‍ സ്വകാര്യത ആവശ്യമുള്ള ഇടങ്ങളിലെല്ലാം അവ പാലിച്ചിട്ടുമുണ്ട്. വിശാലമായ സ്വീകരണമുറിയാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ ബാംബൂ കൊണ്ടുള്ള സോഫാസെറ്റാണ്. ഇതിന് അഭിമുഖമായി സിഡി റാക്കോടു കൂടിയ ടിവി യൂണിറ്റിന് സ്ഥാനമുണ്ട്. കൊളോണിയല്‍ ശൈലിയിലുള്ള വിളക്കുകള്‍ കൊണ്ട് മനോഹരമാക്കിയ വലിയൊരു ഷോവാളുമുണ്ട്. സ്വീകരണമുറിക്കടുത്തായി കോര്‍ട്ട്‌യാര്‍ഡ് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇടയ്ക്ക് പ്ലാന്‍ ഒന്നു മാറ്റിയപ്പോള്‍ കോര്‍ട്ട്‌യാഡിന് സ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ ഒരുഭാഗത്ത് റൂഫില്‍ ഗ്ലാസ് ഇടുകയും വുഡന്‍ പീസുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തതിനാല്‍ ഇതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശ രശ്മികള്‍ വീട് മുഴുവന്‍ വെളിച്ചം പരത്തുന്നു. മാത്രമല്ല, ധാരാളം ജനാലകള്‍ ഉള്ളതിനാലും വീടിനുള്ളില്‍ സദാ കാറ്റും വെളിച്ചവും ലഭ്യമാകുന്നുണ്ട്.

പാചകം പഠിക്കാം
ഒരു ഗ്ലാസ് ടോപ്പ് ടേബിളും ആറ് കസേരകളും ചേരുന്നതാണ് ഡൈനിങ് ഏരിയയിലെ സജ്ജീകരണം. തൊട്ടടുത്തായി വാഷ് ഏരിയയും പ്രെയര്‍റൂമും ഉണ്ട്. വുഡില്‍ തീര്‍ത്ത ഒരു ഷോപീസാണ് വാഷ് ഏരിയയിലെ ഫോക്കസ്. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് രണ്ട് ബെഡ്‌റൂമുകള്‍ ഉണ്ട്. അടുത്തു തന്നെയാണ് അടുക്കളയും. പാചകാദ്ധ്യാപികയായ സുമൈജയ്ക്ക് വീട്ടില്‍ വച്ചും കുക്കിങ് ക്ലാസ് നടത്താന്‍ കഴിയും വിധമാണ് അടുക്കളയുടെ ഡിസൈന്‍. രണ്ട് അടുക്കളയാണ് ഇവിടുള്ളത്. കൂടാതെ ഒരു വര്‍ക്ക് ഏരിയയും. യു ഷേപ്പില്‍ സെറ്റ് ചെയ്ത ക്യാബിനറ്റുകള്‍ എല്ലാം തേക്കില്‍ തീര്‍ത്തവയാണ്. ബ്ലാക്ക് ഗ്രനൈറ്റാണ് കൗണ്ടര്‍ ടോപ്പായി ഉപയോഗിച്ചത്. ഭിത്തിയില്‍ മുഴുവന്‍ ടൈല്‍ ക്ലാഡിങ് നല്‍കി.

തേക്കിന്റെ ചന്തം
ഡൈനിങ് ഏരിയയ്ക്ക് സമീപത്ത് നിന്നാണ് ഗോവണി തുടങ്ങുന്നത്. തേക്കിന്റെ ചവിട്ടുപടികള്‍ക്ക് ചേര്‍ച്ചയായി ഭിത്തിയിലും തേക്കിന്റെ പാനലിങ് ഉണ്ട്. ഗ്ലാസും മരവും കൊണ്ടാണ് ഗോവണി ഭംഗിയാക്കിയത്. ഗോവണി കയറി മുകളില്‍ എത്തിയാല്‍ പിന്നെ തേക്കിന്റെ വിസ്മയ ലോകമാണ്. മുകള്‍ നിലയിലെ സീലിങ് മുഴുവനും എന്തിന് തറകള്‍ വരെ തേക്ക് തടി കൊണ്ടുള്ളതാണ്. അപ്പര്‍ ലിവിങ്, മാസ്റ്റര്‍ ബെഡ്‌റൂം, ഗസ്റ്റ്‌റൂം, ജിംഏരിയ എന്നിവയാണ് മുകള്‍ നിലയിലെ സ്ഥല സൗകര്യങ്ങള്‍. കട്ടിലുകളും വാഡ്രോബുകളും സൈഡ് ടേബിളുകളുമെല്ലാം തേക്ക് കൊണ്ടുള്ളവയാണ്. വേണമെങ്കില്‍ വെറും തറയില്‍ കിടന്ന് വിശ്രമിക്കുകയും ചെയ്യാമെന്ന മട്ടില്‍ വിശാലമായാണ് മാസ്‌ററര്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്ന് ബാല്‍ക്കണിയിലേക്കും പ്രവേശനമുണ്ട്. ബെഡ്‌റൂമിലെ വുഡന്‍ ഫ്‌ളോറിനോട് യോജിക്കുന്ന തരത്തിലുള്ള ടൈലാണ് ബാല്‍ക്കണിയുടെ ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഫാള്‍സ് സീലിങ്ങിനും തേക്കുതടി തന്നെയാണ്. വീട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ അതിഥികള്‍ക്കും ബാല്‍ക്കണിയില്‍ നിന്ന് കാറ്റ് കൊള്ളാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. അപ്പര്‍ ലിവിങ്ങില്‍ നിന്ന് ഈ ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. മാസ്റ്റര്‍ ബെഡ്‌റൂമിലെ ബാല്‍ക്കണിയുടെ അതേ പാറ്റേണില്‍ തന്നെയാണ് ഈ ബാല്‍ക്കണിയും.

പ്രധാനറോഡില്‍ നിന്ന് അല്പം ഉള്ളിലേക്കുള്ള പ്ലോട്ടായതിനാല്‍ വഴിപോക്കരുടെ ശ്രദ്ധ എളുപ്പം പതിയില്ല. എങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് ഈ വീട്. ഡോക്ടറിന്റെ ഗ്രീന്‍സ് ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന വിദേശികളടക്കം മിക്കവരും താമസത്തിനും ഈ വീട് തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ ഇതിന്റെ കേരളത്തനിമയും ഭംഗിയും ഒക്കെയാവാം പ്രചോദനം.

Leave a Reply

Your email address will not be published. Required fields are marked *