ശില്പചാതുര്യവും രചനാ വൈഭവവും എടുത്തു കാണിക്കുന്ന ഡിസൈന്‍ ഒന്നു കൊണ്ടു തന്നെ കൊച്ചിയിലുള്ള അമിക്കസ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസ് ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു. ആര്‍ക്കിടെക്റ്റ് ഫഹദ് അബ്ദുള്‍ മജീദിന്റെ ഡിസൈനിങ് നയമാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രവര്‍ത്തനക്ഷമമായ ഒരു വെറും ഓഫീസ് കെട്ടിടമെന്നതിലുപരി അവിടേക്കെത്തുന്നവരേയും കെട്ടിടത്തിന്റെ ഉപഭോക്താക്കളെയും ആകര്‍ഷിക്കാനുതകുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍ നിര്‍വ്വഹണം.

കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങിന്റെ ഡിസൈനിങ്ങില്‍ ഏതു കാലാവസ്ഥയും ഒരു പോലെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒരു തുറന്ന നയമാണ് ആര്‍ക്കിടെക്റ്റ് കൈകൊണ്ടത്. 9000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ മൂന്നു നിലകളിലായാണ് അമിക്കസ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസ് ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ളോര്‍ വ്യവഹാര സംബന്ധമായ ആവശ്യങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും നിലകള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. അകത്തും പുറത്തുമുള്ള പരിസ്ഥിതിയുടെ സമ്മേളനമാണ് ഡിസൈനിലുടനീളം പ്രകടമാകുന്നത്.

ഇങ്ങനെ നാലു നിലകളിലായി പരന്നു കിടക്കുന്ന കെട്ടിടത്തിന് ഒരു വലിയ ബാല്‍ക്കണിയുടെ രൂപഭാവമാണ് മൊത്തത്തില്‍. ഉയരം കൂടിയ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന അനുഭവത്തിന്റെ നൂറിരട്ടിയാണ് 9000 സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് സ്‌പേസിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഓഫീസ് സ്‌പേസ് ഒന്നാകെ ഒരു ബാല്‍ക്കണിയിലെന്ന പോലെയാണ് നിര്‍മ്മിതി. അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണമാണ് ചുവരിലും തൂണിലും മേല്‍ക്കൂരയിലും. അതുമൂലം അകത്തും പുറത്തും കൗതുകകരമായ ദൃശ്യവിരുന്നൊരുക്കാന്‍ ആര്‍ക്കിടെക്റ്റിനു സാധിച്ചു.

തടിയും ഗ്ലാസ്സും ചേര്‍ത്തൊരുക്കിയ കനം കുറഞ്ഞ സ്‌ളൈഡറുകള്‍ മഴയും വെയിലും പൊടിയും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതും ആവശ്യത്തിന് കാറ്റും വെളിച്ചവും അകത്തേക്ക് കടത്തിവിടുന്നതുമാണ്. സാധാരണ ബ്രിക്കുകള്‍ക്കു പകരം വീനര്‍ ബെര്‍ഗര്‍ ക്ലേ ബ്രിക്കുകള്‍ ഉപയോഗിച്ചത് ചിലവു ചുരുക്കിയെന്നു മാത്രമല്ല ചൂടു കുറക്കാനും സാധിച്ചു. കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടത്തിന്റെ മുഖപ്പും തടി കൊണ്ടുള്ള ജനാലകളും ഇഷ്ടികകളും ഗ്ലാസ്സുമെല്ലാം കെട്ടിടത്തിനെ ആകര്‍ഷകമാക്കിയതില്‍ മുഖ്യപങ്കു വഹിച്ചവയാണ്. ഗ്ലാസ്സ് വര്‍ക്കുകളുടെ സുതാര്യതയും, തനിമയാര്‍ന്ന കോണ്‍ക്രീറ്റ് പ്രതലവും, ഷട്ടറുകളില്‍ നല്‍കിയ ജാലികളും എല്ലാം ചേര്‍ന്ന് ഓഫീസ്‌സ്‌പേസിനെ വേറിട്ടു നിര്‍ത്തുന്നു.

Comments are closed.