ദൈവത്തിന്റെ സ്വന്തം നിറക്കൂട്ടുകള്‍

പഠിച്ചിരുന്ന ഇടങ്ങളിലെല്ലാം ആദ്യ റാങ്കുകളില്‍ ഒന്ന് കരസ്ഥമാക്കിയ രഞ്ജിത്ത് ഇന്ന് സോഷ്യല്‍ ആര്‍ട്ട് ആയ ആര്‍ക്കിടെക്ചറില്‍ വിഷ്വല്‍ ആര്‍ട്ടിനുള്ള അനന്തസാധ്യതകള്‍ തന്റെ രചനകളിലൂടെ പഠിപ്പിക്കുകയാണ്. ഈ വലിയ ലോകത്തിലെ ചെറിയ അഴകുകള്‍ തന്റെ ചായക്കൂട്ടുകളിലൂടെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു ഈ യുവകലാകാരന്‍

കലയുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ ജനിച്ചെങ്കിലും, ദൈവം എന്നും എന്റെ വരകളെയും നിറങ്ങളെയും അറിഞ്ഞ് അനുഗ്രഹിച്ചിരുന്നു ഈ വാക്കുകള്‍ ചുമര്‍ചിത്രങ്ങളില്‍ കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ഭാവി വാഗ്ദാനമായേക്കാവുന്ന ചിത്രകാരന്‍ രഞ്ജിത്ത് റാമിന്റേതാണ്. ദൈവത്തിന്റെ സ്വന്തം നിറക്കൂട്ടുകള്‍ ഹൃദയത്തില്‍ പതിക്കപ്പെട്ട ഈ അനുഗൃഹീത ചിത്രകാരന്‍ ചുവര്‍ചിത്രങ്ങളുടെ അനന്ത സാധ്യതകളെക്കുറിച്ച് സ്വന്തം രചനകളിലൂടെ ഇന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും 2008-ല്‍ ബിഎഫ്എ പൂര്‍ത്തിയാക്കിയ രഞ്ജിത്ത് തിരുവനന്തപുരത്തെ അപ്പാരല്‍ ട്രെയിനിങ് & ഡിസൈന്‍ സെന്ററില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി. പഠിച്ചിരുന്ന ഇടങ്ങളിലെല്ലാം ആദ്യ റാങ്കുകളില്‍ ഒന്ന് കരസ്ഥമാക്കിയ ഈ യുവകലാകാരന്‍ ഇന്ന് സോഷ്യല്‍ ആര്‍ട്ട് ആയ ആര്‍ക്കിടെക്ചറില്‍ വിഷ്വല്‍ ആര്‍ട്ടിനുള്ള അനന്തസാധ്യതകള്‍ തന്റെ രചനകളിലൂടെ പഠിപ്പിക്കുകയാണ്. അങ്ങനെ ഈ വലിയ ലോകത്തിലെ ചെറിയ അഴകുകള്‍ തന്റെ ചായക്കൂട്ടുകളിലൂടെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു, രഞ്ജിത്ത്.
2003-ല്‍ തന്റെ കോളേജ് പഠന കാലത്ത് തന്നെ ഡല്‍ഹിയില്‍ യുഎന്‍പിഎഫ്എ നടത്തിയ ആക്ട് ഫോര്‍ സോഷ്യല്‍ ചേയ്ഞ്ച് എന്ന നാഷണല്‍ പെയിന്റിങ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ രചന ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തില്‍ 2011 മുതല്‍ തുടങ്ങിയ അദ്ധ്യാപനം ഇദ്ദേഹത്തിന്റെ ചിന്തകളെയും വരകളെയും ചെറുതായല്ല സ്വാധീനിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി പരമ്പരാഗതമായതും ക്ഷേത്രസംബന്ധവുമായ ഒരു കലയെ ആധുനിക കാലഘട്ടത്തില്‍ അതിന്റെ നന്മകളൊന്നും നശിക്കാതെ നിറക്കൂട്ടുകളാല്‍ അലങ്കൃതമാക്കി തന്റെ രചനകളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു.
പാരീസിലെ പെര്‍ഫോമിങ് ആര്‍ട്ട് സെന്ററില്‍, 20 അടി നീളവും 10 അടി പൊക്കവുമുള്ള കാന്‍വാസില്‍ കറുപ്പ് നിറത്തിലുള്ള ബാക്ക് ഗ്രൗണ്ടില്‍ പീതവര്‍ണ്ണത്തില്‍ സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നിവ നെയ്‌തെടുത്ത ഇദ്ദേഹത്തിന്റെ ഭീമാകാര ചുമര്‍ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളീയത്തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ അജന്ത കേവ് പെയിന്റിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചുവര്‍ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അണിയുന്ന ആടയാഭരണങ്ങളിലും വസ്ത്രങ്ങളിലും രഞ്ജിത്ത് തന്റെ സ്വതസിദ്ധമായ പരീക്ഷണങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആര്‍ഐടിയിലെ ഒന്നാം വര്‍ഷ ബി.ആര്‍ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് അദ്ദേഹം 5 മീറ്റര്‍ നീളമുള്ള ഒറ്റ കാന്‍വാസില്‍ വരപ്പിച്ച പെരുന്തച്ചന്‍ ചരിതം – ഒരു തിരിഞ്ഞുനോട്ടം എന്ന രചനയില്‍ ഉടനീളമുണ്ട്. പ്രകൃതിയില്‍ ലയിച്ച് ചേരുന്ന ദിനങ്ങളുടെയും നിശകളുടെയും ആത്മാവ് അനുനയിപ്പിച്ച വര്‍ണ്ണക്കൂട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ചൊരിയപ്പെടുന്നത്.
രഞ്ജിത്ത് എന്ന കലാകാരന്റെ കൃഷ്ണലീല എന്ന ചിത്രപരമ്പര ഇന്ന് ദുബായ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേയ്ക്ക് അകത്തളങ്ങള്‍ ഒരുക്കുന്നതിനായി കൊണ്ടു പോയിട്ടുണ്ട്. പരമ്പരാഗതശൈലിയില്‍ ഇദ്ദേഹം ചെയ്ത ഒട്ടനവധി ചുമര്‍ചിത്രങ്ങള്‍ കേരളത്തിലെ വേട്ടക്കൊരുമകന്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കാണാവുന്നതാണ്. കൊച്ചിയിലെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനിലെ ഗസ്റ്റ് ഫാക്കല്‍റ്റി മെംബര്‍ കൂടിയായ ഇദ്ദേഹം അവിടുത്തെ കുട്ടികളുമായി ചേര്‍ന്ന് ക്യാമ്പസ് ചുമരുകളില്‍ വരച്ച ഷേഡ്‌സ് ഓഫ് ഓഷ്യന്‍ എന്ന സീരീസ്, ആര്‍ട്ടും ആര്‍ക്കിടെക്ച്ചറും ഒരു കുടക്കീഴില്‍ കൊണ്ടു വരാനുള്ള രഞ്ജിത്തിന്റെ ഒരു സുന്ദരപരീക്ഷണമാണ്. ഇതിലൂടെ ആഴിയിലെ നിറഭേദങ്ങളുടെ ഒരു കാവ്യമാണ് ചിത്രകാരന്‍ രചിച്ചിരിക്കുന്നത്. ഇന്നത്തെ ഉപഭോഗ സംസ്‌കാരത്തില്‍ നഷ്ടപ്പെട്ടു പോകുന്ന പ്രകൃതിയുടെ തേജസും ഓജസും സമുദ്രത്തിന്റെ അന്തരാളങ്ങളെ ചിത്രീകരിച്ചുകൊണ്ട് അവയിലെ ജീവജാലങ്ങളിലൂടെ കലാകാരന്‍ അവതരിപ്പിക്കുന്നു. നീല, കറുപ്പ്, ചുവപ്പ് നിറങ്ങളുപയോഗിച്ച് വരച്ച ഈ ചിത്രങ്ങളില്‍ ഒഴുകുന്ന ആഴിയേയും അവയിലെ ജീവജാലങ്ങളെയും നീലനിറം പ്രതിനിധീകരിക്കുന്നു. മനുഷ്യചെയ്തികളാല്‍ മലിനമാക്കപ്പെട്ട സമുദ്രത്തെ കറുപ്പും, വരാന്‍ പോകുന്ന മലീമസമായ ഭാവിയെ പ്രതിനിധീകരിച്ച് കൊണ്ട് ചുവപ്പും. പ്രകൃതിസംരക്ഷണം എന്ന ആവേശവുമായി ചിത്രകാരന്‍ തന്നെ പ്രത്യക്ഷപ്പെടുന്ന ഈ വലിയ പെയിന്റിങ് സീരീസ് മൂന്ന് നിലകളിലായി ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലകൊള്ളുന്നു. അമേരിക്കയിലേക്ക് പറക്കാനായി തയ്യാറെടുക്കുന്ന ഒരു പുതിയ സീരീസിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഈ യുവകലാകാരന്‍.

Leave a Reply

Your email address will not be published. Required fields are marked *