December 1st, 2016
നഗരം പാവങ്ങളുടേതുമാണ്

ഭൂരിപക്ഷം വരുന്ന ചെറിയ വരുമാനക്കാര്‍ക്ക് നഗരത്തിന് പുറത്തുള്ള ഗ്രാമങ്ങളിലേക്ക് ഒതുങ്ങേണ്ടി വരുന്നു. ഈ ചെറിയ വരുമാനക്കാരാണ് പുതുതായി വരുന്ന നഗരങ്ങളുടെ ജനസംഖ്യയുടെ ഭൂരിപക്ഷവുമെന്നതിനാല്‍ ഡിസൈനിലും വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു

ആര്‍ക്കിടെക്റ്റ് രഞ്ജിത് സബീഖി

അതിവേഗ നഗരവത്കരണം അര്‍ബന്‍ ഡിസൈനര്‍മാര്‍ക്കും ആസൂത്രകര്‍ക്കും പുതിയൊരു വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള നഗരവികസന സമീപനത്തില്‍ നിന്നും വളരെ വേറിട്ടതായിരിക്കും പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുള്ള അവസ്ഥ. ഡല്‍ഹി മുംബൈ വ്യവസായ ഇടനാഴിയുടെയും ഡല്‍ഹിയിലെ റീജിയണല്‍ റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന പുതിയ റെയില്‍ ശൃംഖലയുടെയും ഓരം ചേര്‍ന്ന് വിഭാവനം ചെയ്യുന്ന പുതിയ ടൗണ്‍ഷിപ്പുകള്‍ കൂടി വരുന്നതോടെ പുതിയൊരുതരം ജനസംഖ്യാവിതരണത്തിനായിരിക്കും നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുക. ചുറ്റുമുള്ള ഗ്രാമീണമേഖലകളില്‍ നിന്നും പുതിയ ഗതാഗത ഇടനാഴിയുടെ ഓരത്തേക്ക് ആളുകളുടെ കുത്തൊഴുക്കാണ് ഉണ്ടാകാന്‍ പോകുന്നത്. ഇവിടങ്ങളിലെ ജനസംഖ്യയുടെ 70 മുതല്‍ 75 ശതമാനം വരെ ആളുകള്‍ കുറഞ്ഞ വരുമാനമുള്ളവരോ സാമ്പത്തികമായി ദുര്‍ബലവിഭാഗത്തില്‍ പെട്ടവരോ ആയിരിക്കും എന്നതു കൊണ്ടു തന്നെ അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലായിരിക്കേണ്ടിയിരിക്കുന്നു, നഗരാസൂത്രണവും.

നഗരം എല്ലാവര്‍ക്കുമുള്ളതല്ലേ?
പുതുതായി ആസൂത്രണം ചെയ്യുന്ന മിക്ക നഗരങ്ങളിലും ഉയര്‍ന്ന വരുമാനമുള്ളവരുടെ വാസസ്ഥലങ്ങള്‍ക്കും അതിനോട് അനുബന്ധിച്ചുള്ള വാണിജ്യകേന്ദ്രങ്ങള്‍ക്കുമായി മാത്രം ലഭ്യമായ ഭൂമിയുടെ സിംഹഭാഗവും ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. വാഹനഗതാഗതസൗകര്യം അടിസ്ഥാനമാക്കി വിഭാവനം ചെയ്യുന്ന ഡിസൈനിലേക്ക് ഈ വരേണ്യവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് പൊതുവെ നഗരങ്ങള്‍ രൂപകല്‍പന ചെയ്യാറ്. ശേഷം ബാക്കിവരുന്ന തുരുത്തുകളിലായിരിക്കും വരുമാനം കുറഞ്ഞവരുടെ പാര്‍പ്പിടങ്ങള്‍ക്ക് സ്ഥാനം. ദേശീയ തലസ്ഥാനപ്രദേശത്തെയും ചുറ്റുമുള്ള സംസ്ഥാനങ്ങളുടെയും മാസ്റ്റര്‍പ്ലാന്‍ ഉടമ്പടികള്‍ പ്രകാരം നടത്തുന്ന ഇത്തരം രൂപകല്‍പന യഥാര്‍ത്ഥത്തില്‍ മൊത്തത്തിലുള്ള ആവശ്യത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. തന്മൂലം ഭൂരിപക്ഷം വരുന്ന ചെറിയ വരുമാനക്കാര്‍ക്ക് നഗരത്തിന് പുറത്തുള്ള ഗ്രാമങ്ങളിലേക്ക് ഒതുങ്ങേണ്ടി വരുന്നു. ഈ ചെറിയ വരുമാനക്കാരാണ് പുതുതായി വരുന്ന നഗരങ്ങളുടെ ജനസംഖ്യയുടെ ഭൂരിപക്ഷവുമെന്നതിനാല്‍ ഡിസൈനിലും വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു.

ചേരികള്‍ വേണ്ട
ഉയര്‍ന്ന സാമ്പത്തികാവസ്ഥയുളളവരും ഇടത്തരക്കാരും താമസിക്കുന്ന ഹൗസിങ് കോംപ്ലക്‌സുകളോട് ചേര്‍ന്നുള്ള മൂന്ന്-നാലുനില കെട്ടിടങ്ങളിലാണ് പൊതുവെ താഴ്ന്ന വരുമാനക്കാരെ അധിവസിപ്പിക്കാറ്. നഗരത്തിന്റെ പുറത്ത് കുറഞ്ഞ സാമ്പത്തികാവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേക സോണുകള്‍ നിര്‍മിക്കുന്ന പതിവുമുണ്ട്. മിക്ക അവസരങ്ങളിലും ബാക്കിയാവുന്ന സ്ഥലങ്ങളില്‍ തിക്കിഞെരുക്കി പണിതിട്ടുള്ളതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും ആയിരിക്കും ഇത്തരം സ്ഥലങ്ങള്‍. മിക്ക മാസ്റ്റര്‍ പ്ലാനുകളിലും ദുര്‍ബലവിഭാഗത്തിന് അവരുടെ ജനസംഖ്യയ്ക്ക് അനുസരിച്ച് സ്ഥലം അനുവദിച്ചുനല്‍കാറില്ല. പ്ലാനിങിലെ അപാകങ്ങള്‍ മൂലവും പിന്നീടുള്ള വികസനത്തിന് സ്ഥലം മാറ്റിവയ്ക്കാത്തതു മൂലവും കാലക്രമേണ ഇത്തരം സ്ഥലങ്ങള്‍ ചേരികള്‍ ആയിത്തീരുകയാണ് പതിവ്.

ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പുതുതായി കുടിയേറുന്ന ആളുകള്‍ക്ക് വളരെ ചെറിയ അളവ് ഭൂമി മാത്രമേ സ്വന്തമാക്കാന്‍ ശേഷിയുണ്ടായിരിക്കുകയുള്ളൂ. കാലക്രമേണ, ബന്ധുക്കളും അവരോടൊപ്പം ചേരുകയും അവരുടെ സാമ്പത്തികശേഷി ഉയരുകയും ചെയ്യും. അവര്‍ക്ക് അവരുടെ വാസസ്ഥലങ്ങള്‍ വികസിപ്പിക്കേണ്ടതായും മെച്ചപ്പെടുത്തേണ്ടതായും വരും. തന്മൂലം പുതിയൊരു സമീപനരീതിയും എളുപ്പത്തില്‍ മാറ്റം വരുത്താവുന്ന ഡിസൈന്‍ രീതിയുമാണ് അവലംബിക്കേണ്ടത്.
ഓപ്പണ്‍ സ്‌പേസുകള്‍ യാതൊന്നുമില്ലാതെ 25ഓ 30ഓ സ്‌ക്വയര്‍ഫീറ്റില്‍ തിക്കി ഞെരുക്കിയാണ് താഴ്ന്ന വരുമാനക്കാരുടെ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാറ്. എന്നാല്‍ ആകെ കെട്ടിടങ്ങളും ഭാവിയില്‍ വികസിപ്പിക്കാനുള്ള സ്ഥലവും അവശ്യം വേണ്ട ഓപ്പണ്‍ സ്‌പേസും ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഇടങ്ങളുമൊക്കെ ഇവര്‍ക്കും വേണ്ടിയിരിക്കുന്നു എന്ന് പലരും ഇപ്പോള്‍ ചിന്തിച്ചു തുടങ്ങുന്നുണ്ട്.

വേറിട്ട പാതകള്‍
സാധാരണ കുടിലുകള്‍ തറനിരപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ അവയ്ക്ക് കൂടുതല്‍ ഓപ്പണ്‍ സ്‌പേസും സാമൂഹികാവശ്യങ്ങള്‍ക്കായുള്ള പബ്ലിക് സ്‌പേസുകളും ഉണ്ടെന്ന് മനസിലാക്കണം. അതുകൊണ്ടു തന്നെ സാമ്പത്തികമായി നോക്കിയാല്‍ ലാഭകരമായ ഭൂനിരപ്പിനോട് ചേര്‍ന്ന ചെറിയ കെട്ടിടങ്ങളാണ് യഥാര്‍ത്ഥത്തില്‍ താഴ്ന്ന വരുമാനക്കാര്‍ക്കായി വിഭാവനം ചെയ്യേണ്ടത്. കെട്ടിടങ്ങളെ വാക്ക്‌വേകള്‍ കൊണ്ടും സൈക്കിള്‍ ട്രാക്കുകള്‍ കൊണ്ടും പരസ്പരം ബന്ധിപ്പിക്കാം. ഇത്തരം സംവിധാനം ചെലവാക്കുന്ന പണത്തിന്റെയും വേണ്ടിവരുന്ന ഭൂമിയുടെയും കണക്കില്‍ ലാഭകരമായിരിക്കും. റോഡുകളും അതിനോട് അനുബന്ധിച്ചുള്ള ഫുട്പാത്തുകളും കൊണ്ട് പാര്‍പ്പിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പരമ്പരാഗതസംവിധാനം സ്വന്തമായി കാറുകള്‍ ഇല്ലാത്ത താഴ്ന്ന വരുമാനക്കാരുടെ കോളനികളില്‍ വെറുമൊരു പാഴ്‌ച്ചെലവാണ് സൃഷ്ടിക്കുക. താഴ്ന്ന വരുമാനക്കാരില്‍ മിക്കവരും ബസോ മെട്രോയോ പോലുള്ള പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവരായിരിക്കും. ഇത്തരം സ്ഥലങ്ങളില്‍ സൈക്കിളുകളുടെ ഉപയോഗം വ്യാപകമായി ഉള്ളതിനാല്‍ വീടുകളെ സൈക്കിള്‍ ട്രാക്കുകള്‍ വഴി പ്രദേശത്തെ വാണിജ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുക. നഗരത്തിന്റെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കാനായി കോളനിയുടെ വശങ്ങളിലൂടെ മാത്രം റോഡ് നല്‍കാം.
സൈക്കിള്‍ ട്രാക്ക് ശൃംഖല ഹൗസിങ് ഏരിയയിലേക്ക് മാത്രം ഒതുക്കാതെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കാം. ഇതിനെ റോഡില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. ഇത് ഹൗസിങ് ഏരിയകളെ തമ്മിലും, അവയെ മറ്റ് പബ്ലിക് ഏരിയകളുമായും ബന്ധിപ്പിക്കുന്ന ഒരു സമാന്തര സംവിധാനമായി ഉപയോഗപ്പെടുത്താം. നിലവില്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ സൃഷ്ടിക്കപ്പെടുന്നത് വാഹനഗതാഗതത്തിനുള്ള റോഡുകളുടെ സാമീപ്യം വഴിയാണ്. എന്നാല്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ നഗരങ്ങളില്‍ സൈക്കിള്‍ ട്രാക്കുകളും വാക്ക്‌വേകളും വഴി ബന്ധിപ്പിക്കപ്പെട്ട റസിഡന്‍ഷ്യല്‍ ഏരിയകളായിരിക്കും കൂടുതല്‍ അഭികാമ്യം.

ധാരാവികളല്ല വേണ്ടത്
ഉയര്‍ന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ പല നിലകളിലായി നടത്തുന്ന പാര്‍പ്പിടവികസനപദ്ധതികളും പുനര്‍ചിന്തനം ചെയ്യേണ്ടതാണ്. ഇന്ത്യന്‍നഗരങ്ങളില്‍ മിക്കയിടങ്ങളിലും സ്ഥലദൗര്‍ലഭ്യമുണ്ടെങ്കിലും കുറഞ്ഞ വരുമാനക്കാരുടെ വീടുകള്‍ പല നിലകളിലായി ഉള്‍ക്കൊള്ളിക്കുന്നത് ഒരു പരിഹാരമല്ല. കൂടിയ സാന്ദ്രതയില്‍ ഉയരം കുറഞ്ഞ കെട്ടിടങ്ങള്‍ തന്നെയാണ് ജീവിക്കാന്‍ കുറഞ്ഞ സ്ഥലവും, സാമൂഹികജീവിതത്തിന് കൂടുതല്‍ സ്ഥലവും ആവശ്യപ്പെടുന്ന ഇന്ത്യന്‍ ജീവിതസാഹചര്യത്തിന് ഇണങ്ങുന്നത്. മൂന്നോ നാലോ നില മാത്രം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതാണ് നമ്മുടെ കാലാവസ്ഥയ്ക്കും യോജിച്ച രീതി. മുംബൈ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ധാരാവിയില്‍ പോലും ബഹുനില മന്ദിരങ്ങള്‍ നിര്‍മിച്ച് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 100,000 പേര്‍ ആണ് ധാരാവിയിലെ ഏറ്റവും കൂടിയ ജനസാന്ദ്രത.
വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലാതെ തിക്കിഞെരുക്കി പണിതിരിക്കുന്ന ബഹുനില മന്ദിരങ്ങളിലേക്ക് ദരിദ്രവിഭാഗത്തെ പുനരധിവസിപ്പിക്കുന്ന നിലവിലുള്ള സംവിധാനം തീരെ ആരോഗ്യകരമല്ല. ഇത്തരത്തിലുള്ള ഒരു പുനര്‍ക്രമീകരണം ദരിദ്രഭവനങ്ങളുടെ നിലവാരം ഒരു തരത്തിലും ഉയര്‍ത്തുന്നില്ല. സ്വകാര്യസംരംഭകര്‍ക്ക് ഭൂമി ലഭ്യമാക്കാനായി ചേരികള്‍ ഒഴിപ്പിക്കാനാണ് പ്രധാനമായും സര്‍ക്കാര്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നത്. നിലവില്‍ ചേരിയില്‍ സ്ഥിതി ചെയ്യുന്ന എല്ലാ കുടിലുകളും പകുതിസ്ഥലത്തേക്ക് ഒതുക്കിയതിന് ശേഷം വ്യാവസായികാടിസ്ഥാനത്തില്‍ ചെലവേറിയ പ്രൊജക്റ്റുകള്‍ക്കായി സ്ഥലം ഡെവലപ്പര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് രീതി. വളരെ കുറച്ച് വീടുകള്‍ മാത്രം ബഹുനില മന്ദിരങ്ങളിലേക്ക് ഒതുക്കുന്നത് യഥാര്‍ത്ഥത്തില്‍ സാമ്പത്തികമായി ലാഭകരമല്ല. പകുതിയോളം സ്ഥലം സ്‌റ്റെയര്‍കെയ്‌സുകള്‍ക്കും കോറിഡോറുകള്‍ക്കുമായി നഷ്ടപ്പെടും. അതേ സമയം ലിഫ്റ്റിന്റെ അഭാവവും, നിരന്തരമായി ഉണ്ടാകുന്ന പവര്‍കട്ടും, കുടിവെള്ളം നിലയ്ക്കലും ഒക്കെ ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ പണിതിരിക്കുന്ന ഈ കെട്ടിടങ്ങളിലെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.

ഗ്രാമീണര്‍ക്കു പരിഗണന
പുതിയ ടൗണ്‍ഷിപ്പുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ഇതുതന്നെയാണ്. ബഹുഭൂരിപക്ഷത്തിന്റെ ജീവിതാവശ്യങ്ങള്‍ മാനിച്ചുള്ള നഗരവികസനവും ഇതാദ്യമായിരിക്കും. വിദേശികളായ ടൗണ്‍ പ്ലാനര്‍മാര്‍ വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ അതേപടി പകര്‍ത്താതെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതും ആവശ്യങ്ങളെ മാനിക്കുന്നതുമാകണം ടൗണ്‍ഷിപ്പുകളുടെ ഡിസൈന്‍. അധികം സ്ഥലം ആവശ്യമില്ലാത്ത ഈ ടൗണ്‍ഷിപ്പുകള്‍, താരതമ്യേന നിര്‍മ്മാം ചെലവ് കുറഞ്ഞതും, താമസിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കു പരിഗണന കൊടുത്തിട്ടുള്ളതുമാകണം. താമസിക്കുന്നവരുടെ സാമ്പത്തികശേഷിയും ആവശ്യങ്ങളും കൂടുന്നതിനനുസരിച്ച് വികസിപ്പിക്കാന്‍ പാകത്തിനാകണം കെട്ടിടങ്ങളുടെ ഡിസൈന്‍. ചെലവ് കുറഞ്ഞ പാര്‍പ്പിടങ്ങളുടെ വ്യത്യസ്തമായ മാതൃകകള്‍ രാജ്യമെമ്പാടും വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഏറ്റവും അഭികാമ്യമായത് തെരഞ്ഞെടുക്കാം.

ഡല്‍ഹിയില്‍ വ്യവസായ ഇടനാഴിയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ടൗണ്‍ഷിപ്പുകള്‍ വ്യവസായമേഖലകളോട് ചേര്‍ന്നായതിനാല്‍ ഈ വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ തൊഴില്‍ ഒരുക്കുന്നതും എളുപ്പമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍നിന്ന് കുടിയേറുന്ന സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി വേണം നഗരങ്ങളുടെ ഭാവിയിലേക്കുള്ള വികസനം. ഈ പുതിയ നഗരകേന്ദ്രങ്ങളുടെ പ്ലാനിങും വികസനവും ആര്‍ക്കിടെക്റ്റുകളുടെയും അര്‍ബന്‍ ഡിസൈനര്‍മാരുടെയും പുതിയ തലമുറയ്ക്ക് വലിയ അവസരങ്ങളാണ് തുറന്നു തരുന്നത്. കൂടാതെ രാജ്യത്ത് സ്വാതന്ത്ര്യാനന്തരം നടന്നിട്ടുള്ള വിവിധ വികസനപ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള പുതിയ അവസരം കൂടിയായിരിക്കുമിത്.

Leave a Reply

Your email address will not be published. Required fields are marked *