December 8th, 2015
നടുമുറ്റങ്ങള്‍ക്കൊരിടം

 

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട് എന്ന പഴയ ആശയത്തില്‍ നിന്നും കടമെടുത്തതാണ് ഇന്നു കണ്ടുവരുന്ന ഇന്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പിങ് അഥവാ ഇന്റീരിയര്‍ സ്‌കേപ്പിങ്. ഇതിന്റെ ഭാഗമായി പൂച്ചെടികളും ഫലവൃക്ഷങ്ങളും ഒക്കെ നമ്മുടെ വീടുകളുടെ ഉള്‍ത്തളങ്ങളില്‍ സ്ഥാനം പിടിച്ചു. ചെറിയ പൂന്തോട്ടങ്ങളും, മുറ്റവുമെല്ലാം ഇന്റീരിയര്‍ സ്‌കേപ്പിങ്ങിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളാണ്. പരമ്പരാഗതമോ, കന്റംപ്രറിയോ, ശൈലി ഏതായാലും കോര്‍ട്ട്‌യാഡ് അതിന്റെ ഭംഗികൊണ്ടും ഉപയോഗസാധ്യതകൊണ്ടും ഏതൊരു ശൈലിക്കും സ്വീകാര്യമായിരിക്കുന്നു. വായുസഞ്ചാരത്തിനും, പകല്‍വെളിച്ചം ആവശ്യത്തിന് ലഭിക്കാനുമായി നിലകൊണ്ടിരുന്ന കോര്‍ട്ട്‌യാര്‍ഡുകള്‍ ഇന്ന് വീടിന്റെയോ, ഓഫീസിന്റെയോ അകത്തളങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം നല്‍കാനും ഭാവം പകരാനുമായി പ്രത്യേകം ക്രമീകരിക്കാറുണ്ട്.
പഴമയുടെ ഭാഗമായ ‘തുളസിത്തറ’ ഹിന്ദു വീടുകളില്‍ ഇന്നും കാണപ്പെടുന്ന ഒന്നാണ്. മുകള്‍ഭാഗം തുറസ്സായ കോര്‍ട്ട്‌യാര്‍ഡുകള്‍ ഇന്റീരിയര്‍ ഗാര്‍ഡന്‍ സജ്ജീകരിക്കാന്‍ ഉതകുന്നവയാണ്. കാസ്റ്റ് അയേണ്‍ ബെഞ്ചുകളും ഗാര്‍ഡന്‍ ചെയറുകളും സജ്ജീകരിക്കുകയാണെങ്കില്‍ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനൊരിടമായി, അതു മാറും. ഇനി സ്വസ്ഥമായിരുന്നു വായിക്കാനാണെങ്കില്‍ അവിടെ ഒരു റോക്കിങ് ചെയര്‍ ഇടുകയേ വേണ്ടൂ. കോര്‍ട്ട്‌യാഡിനു ചുറ്റുമുള്ള ഡെക്കോര്‍ തീമിനനുസരിച്ച് ശില്‍പ്പങ്ങള്‍ വെക്കുന്നതും, കോര്‍ട്ട്‌യാഡിനു ഭംഗി കൂട്ടും. ഗ്ലാസിട്ടതോ, ഓടു മേഞ്ഞതോ ആയ മേല്‍ക്കൂരയോടു കൂടിയുള്ള മനോഹരമായ കോര്‍ട്ട്‌യാഡുകള്‍, റെസിഡന്‍സ് പ്രൊജക്റ്റുകളിലും കൊമേഴ്‌സ്യല്‍ പ്രൊജക്റ്റുകളിലും ഡിസൈനിനനുസരിച്ച് രൂപം നല്‍കാവുന്നതാണ്. കോര്‍ട്ട്‌യാര്‍ഡില്‍ പുല്‍ത്തകിടിയും, ഗ്രനൈറ്റ് പടവുകളും മരബെഞ്ചുകളും എന്തിന് ആധുനിക ഫര്‍ണിച്ചറില്‍ പെടുന്ന സ്റ്റീല്‍ കസേരയോ, മെറ്റാലിക്ക് ലോ സീറ്റോ എന്തും സ്ഥാപിക്കാം.
കോര്‍ട്ട്‌യാര്‍ഡ് ഫ്‌ളോറിനു വേണ്ടി വിവിധ തരം വസ്തുക്കള്‍ ഇന്ന് ലഭ്യമാണ്. ക്ലേ, വ്യത്യസ്തങ്ങളായ ടൈലുകള്‍, സ്റ്റോണുകള്‍, പെബിള്‍ എന്നിവ ഇന്റീരിയറുമായി ഇണങ്ങിച്ചേരുകയും മുഖ്യാകര്‍ഷണമായി മാറുകയും ചെയ്യും. കോര്‍ട്ട്‌യാര്‍ഡില്‍ ചെറിയ ജലാശയമുണ്ടാക്കുന്നതും, ഫൗണ്ടന്‍ സ്ഥാപിക്കുന്നതും, വലിയ വാര്‍പ്പില്‍ പൂക്കളും, മെഴുകുതിരികളും കൊണ്ടലങ്കരിച്ചു വയ്ക്കുന്നതും അകത്തളങ്ങള്‍ക്ക് മാസ്മരികമായ റൊമാന്റിക്ക് സൗന്ദര്യം പകരും. കോര്‍ട്ട്‌യാര്‍ഡ് ഇന്റീരിയറിന്റെ മുഖ്യാകര്‍ഷണമാകണമെങ്കില്‍ അതേറെ ശ്രദ്ധയോടെ ഒരുക്കണം. കോര്‍ട്ട്‌യാര്‍ഡ് ഒരുക്കുമ്പോള്‍ അതിന്റെ സ്ഥാനം കൃത്യമാണെന്ന് ആദ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
മഴയും, കൊതുകും പ്രശ്‌നമാകുന്നവര്‍ക്ക് മുകള്‍ഭാഗം തുറസ്സായ കോര്‍ട്ട്‌യാര്‍ഡ് ഒട്ടും യോജിക്കില്ല. എന്നിരുന്നാലും ഒരു ഓപ്പണ്‍ ലിവിങ് ഏരിയയായി ഉപയോഗിക്കാനും ഡെക്കോറിന് മാറ്റു കൂട്ടാനും മേല്‍ക്കൂരയില്ലാത്ത കോര്‍ട്ട്‌യാഡുകള്‍ നന്നേ ഉപകരിക്കും. ഇങ്ങനെ കോര്‍ട്ട്‌യാര്‍ഡ് എന്ന ചെറിയ ഒരു സ്ഥലം നിങ്ങളുടെ മൊത്തം അകത്തളത്തിന് മറ്റൊരു മാനം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *