Project Specifications

കോഴിക്കോട് വടകരയില്‍ ഷംസുവിനു വേണ്ടി വിഎം ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് വിനയ്‌മോഹന്‍ ഡിസൈന്‍ ചെയ്ത ഈ വീട് കേരളീയ ശൈലിയിലുള്ള ഗൃഹനിര്‍മ്മാണ രീതികള്‍ക്കൊരു ആധുനിക സമീപനമാണ്.

സ്വകാര്യതയും തുറസായ നയവും ഇഴചേര്‍ത്ത് തീര്‍ത്തിരിക്കുന്ന സൗന്ദര്യമാണീ വീടിന്. വീടിന്റെ പ്ലാനിങ് കണ്‍സെപ്റ്റ് ക്ലൈന്റിന്റെ ആഗ്രഹപ്രകാരമായിരുന്നു. ചുറ്റിനും നെല്‍വയലുകള്‍ ഉള്ള ഒരു പ്രദേശത്തായിരുന്നു വീടു നിര്‍മ്മിക്കേണ്ടിയിരുന്നത്. വളരെ മനോഹരവും കാറ്റും വെളിച്ചവും ഉള്ള സ്ഥലം.ഇവിടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെ എന്നാല്‍ തടസമില്ലാതെ പെരുമാറുവാന്‍ കഴിയുംവിധമുള്ള അകത്തളങ്ങളാവണം വീടിന്; എന്നു കരുതി പുറത്തുള്ള അന്തരീക്ഷത്തിന് യാതൊരുവിധ അലോസരം വരുവാനും പാടില്ല ഇതായിരുന്നു ഷംസുവിന്റെ നിര്‍ദ്ദേശം.

ആശയം പഴയത് ശൈലി പുതിയത്

പ്രവേശന കവാടം മുതല്‍ ആധുനിക രീതിയിലുള്ള നാലുകെട്ടിന്റെ നിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. അലസമായി ഇരിക്കുവാനും നടക്കുവാനും പ്രകൃതിഭംഗിയാസ്വദിക്കുവാനുമെല്ലാം പറ്റിയ ഇടങ്ങളൊടെ. ഫാമിലിക്കും ഗസ്റ്റുകള്‍ക്കുമായി രണ്ടു ലിവിങ് ഏരിയകള്‍. അതും രണ്ടിടത്തും ആവശ്യത്തിനു സ്വകാര്യതയോടെ അകത്തളങ്ങളെല്ലാം ക്രോസ്‌വെന്റിലേഷനോടു കൂടിയതാണ്. സെന്‍ട്രലില്‍ ഉള്ള സ്റ്റെയര്‍കേസ് ഏരിയ ഉള്‍പ്പെടുന്ന ഹാളില്‍ ആവട്ടെ സ്‌കൈലൈറ്റ് കടന്ന്‌വന്ന് നിഴലും വെളിച്ചവും ചേര്‍ന്ന് ചിത്രമെഴുതുന്നുണ്ട്. സ്‌കൈലൈറ്റ് കടന്നുവരുവാനായി റൂഫില്‍ ചെയ്തിരിക്കുന്ന പ്രത്യേക ഡിസൈന്‍ പാറ്റേണ്‍ ആണ് ആകര്‍ഷണീയതയ്ക്കു പിന്നില്‍. സ്റ്റെയറിനടിയില്‍ ഒരു കോര്‍ട്ട്‌യാര്‍ഡ് ഏരിയയാണ്. കിച്ചനില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഡൈനിങ് ഏരിയയില്‍ ഒരു ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കി സ്വകാര്യത തീര്‍ത്തിരിക്കുന്നു. ഊണു മുറിക്ക് കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് സമയം ചെലവഴിക്കാനുള്ള ഒരു ചെറിയ ഗാര്‍ഡന്‍ സ്‌പേസുകൂടി നല്‍കിയിരിക്കുന്നു. വീടിന്റെ പ്ലാനില്‍ ആദ്യം ഈ ഏരിയ ഉണ്ടായിരുന്നില്ല. ഇത് വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് കൂട്ടിച്ചേര്‍ത്തതാകുന്നു.

നിറങ്ങള്‍ കൊണ്ട് ഭംഗി

കിടപ്പുമുറികള്‍ വെന്റിലേഷനോടു കൂടിയവയാണ്. എല്ലാ ബെഡ്‌റൂമിന്റെയും കട്ടിലിന്റെ ഹെഡ്‌ബോര്‍ഡ് വിവിധതരം ആര്‍ട്ട് വര്‍ക്കുകളാല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. അതിനായി വിവിധ നിറങ്ങളും തെരഞ്ഞെടുത്തിരിക്കുന്നു. വുഡന്‍ പാനലിങ്, സോഫ്റ്റ് ലൈറ്റിങ്, വാള്‍പേപ്പര്‍ എന്നിവയുടെ കോംബിനേഷനും ഇതിന് സഹായകമാകുന്നു. പ്ലെയിന്‍ ഏരിയകളില്‍ നല്‍കിയിരിക്കുന്ന ഹൊറിസോണ്ടല്‍ സ്ട്രിപ്പ് സ്‌കര്‍ട്ടിങ് പാറ്റേണ്‍ സീലിങ്ങിന്റെയും ഫ്‌ളോറിങ്ങിന്റെയും തുടര്‍ച്ചയായ ഒഴുക്കിന് ഒരു തടയിടുന്നുണ്ട്.

പ്രധാന പ്രവേശന മാര്‍ഗ്ഗത്തില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളോടുകൂടിയ ആംപിള്‍ സ്‌പേസ് കാന്റിലിവര്‍ പര്‍ഗോള, ഡിസൈന്‍ റൂഫോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ചുറ്റിനും ചെടികളും വച്ചു പിടിപ്പിച്ചിരുന്നു. ഇതിനടുത്തു നിന്നുമാണ് പോര്‍ച്ചുമുതല്‍ എന്‍ട്രന്‍സ് വരെയുള്ള വരാന്ത തുടങ്ങുന്നത്.

ഉയരം കുറച്ച് ചെയ്തിരിക്കുന്ന വളഞ്ഞ മതില്‍ മുന്‍ഭാഗത്തെ സ്വകാര്യ ഗാര്‍ഡനെ വേര്‍തിരിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയുടെ ആശയങ്ങളെ കന്റംപ്രറി ശൈലിയുടെ നയങ്ങള്‍ കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന വീട് സുഖകരമായ ജീവിതാന്തരീക്ഷം പകരുന്ന ഈ പുത്തന്‍ നാലുകെട്ട് പുതുതലമുറയ്ക്കിഷ്ടമാകുന്ന ഒന്നാണ്.

 

 

 

Comments are closed.