November 18th, 2015
നാലുസെന്റിലെ നല്ല വീട്‌

 

കോയമ്പത്തൂരിലെ പോതന്നൂര്‍ സ്വദേശികളായ ഡോ. മണിയുടെയും കുടുംബത്തിന്റെയും വീടുനിര്‍മ്മാണത്തിന് ഡിസൈനര്‍+ബില്‍ഡര്‍ മാഗസിന്‍ വഴി തുറന്നത് തികച്ചും യാദൃച്ഛികമായ ഒരു സംഭവമായിരുന്നു എന്നു പറയാം. ഏതാണ്ട് ഒന്നര വര്‍ഷത്തിനു മുമ്പാണ് ഡോക്ടറും കുടുംബവും പൂനെയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയുടെ മുഷിപ്പു മാറ്റാനായി എന്തെങ്കിലും വായിക്കാമെന്ന് വച്ച് ഒരു ‘ഡിസൈനര്‍’ മാഗസിന്‍ വാങ്ങിയത്. വീടുപണിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്ന സമയം കൂടിയായിരുന്നു അതെന്നതു കൊണ്ടാണ് ‘ഡിസൈനര്‍’ മാഗസിനില്‍ കണ്ണുടക്കിയതെന്ന് ഡോക്ടര്‍. ആ ലക്കത്തില്‍ തിരുവനന്തപുരം സ്വദേശിയും ഡിസൈനറുമായ (കാസബെല്ല ഡിസൈന്‍സ്) അലക്‌സ് നളിനന്‍ ചെയ്ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ലേഖനവും അലക്‌സിന്റെ ഫോട്ടോയും ഉണ്ടായിരുന്നതും തികച്ചും യാദൃച്ഛികം. അലക്‌സും ഡോക്ടറുടെ കുടുംബവും പണ്ടേ പരിചയക്കാരായിരുന്നു. മാഗസിനില്‍ അലക്‌സിന്റെ ഫോട്ടോയും ഫീച്ചറും കണ്ട ഉടനെ ഫോണ്‍ എടുത്ത് അലക്‌സിനെ വിളിച്ചു. ലേഖനവും അതില്‍ പറഞ്ഞിരിക്കുന്ന വീടും, താനൊരു വീടു പണിയെക്കുറിച്ച് ആലോചിക്കുന്നതുമെല്ലാം വിഷയമായി. ”ഒരു വീട് പണിയണം; പ്ലോട്ട് കോയമ്പത്തൂരാണ്. എനിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാനില്ല. അലക്‌സ് തന്നെ പണിതാല്‍ മതി” എന്ന് ഉറപ്പിച്ചിട്ടാണ് സംഭാഷണം അവസാനിച്ചത്. അങ്ങനെ ഒറ്റ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ വീടുപണിയുടെ കാര്യവും തീരുമാനമായി എന്നു ചുരുക്കം.
നാലേകാല്‍ സെന്റില്‍
നാലേകാല്‍ സെന്റ് സ്ഥലമാണ് ഡോക്ടര്‍ വീടുപണിക്കായി വാങ്ങിയിട്ടിരുന്നത്. ”നാലുസെന്റില്‍ ഒരു നല്ല വീട്” എന്നു മാത്രമാണ് ഡോക്ടര്‍ ഡിസൈനര്‍ അലക്‌സിനോട് പറഞ്ഞത്. ഡോക്ടറുടെ ഭാര്യ ജീവയുമായും മകള്‍ റൂത്തുമായും സംസാരിച്ച് എല്ലാവരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്ലാന്‍ തയ്യാറാക്കി അലക്‌സ് വീടുപണിയാരംഭിച്ചു. പോതന്നൂര്‍ എന്നത് താരതമ്യേന സ്ഥലവില കൂടുതലുള്ള ഏരിയ ആയിരുന്നതിനാല്‍ ഇവിടെ നാലേകാല്‍ സെന്റ് എന്നത് വലിയൊരു കാര്യം തന്നെയായിരുന്നു. സമൃദ്ധമായ കാറ്റു വീശുന്ന സ്ഥലം കൂടിയായിരുന്നു എന്നത് പ്ലോട്ടിന്റെ പ്ലസ് പോയിന്റായിരുന്നു. 1750 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ ഡിസൈന്‍ ശൈലി കന്റംപ്രറിയെന്നു പറയാന്‍ പറ്റില്ലെങ്കിലും ആധുനികനയമാണ് വീടിനാകെ. ചില സ്ഥലങ്ങളില്‍ മാത്രം സ്‌ട്രെയിറ്റ് ലൈനുകള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഫര്‍ണിച്ചര്‍ ഡിസൈനില്‍.
നിഷുകളാല്‍ അലങ്കാരം
ഡ്രോയിങ് റൂമിന് അല്പം വീതി കുറവായതിനാല്‍ നീളത്തിലുള്ള ഇരിപ്പിട സംവിധാനവും ഒരുക്കങ്ങളുമാണ്. വുഡന്‍ ബ്രൗണ്‍, വെള്ള നിറങ്ങള്‍ക്കാണ് പ്രാധാന്യം. നിഷുകള്‍ക്ക് ചുമരലങ്കാരത്തില്‍ നല്ല പ്രാധാന്യമുണ്ട്. കോര്‍ണര്‍ നിഷുകളും പലയിടങ്ങളിലും ഉണ്ട്. കൗതുകവസ്തുക്കള്‍ വയ്ക്കുവാനും, പെയിന്റിനാല്‍ അലങ്കരിക്കുവാനും, സ്റ്റോറേജ് സ്‌പേസായും ഒക്കെ ഈ നിഷുകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു. സ്റ്റെയര്‍കേസ് തുടങ്ങുന്ന ഭാഗത്തെ ഭിത്തിയില്‍ നല്‍കിയിരിക്കുന്ന നിഷ് ഇത്തരത്തിലൊന്നാകുന്നു. പര്‍ഗോള ഡിസൈനുകള്‍ക്കിടയിലൂടെ എത്തുന്ന സൂര്യപ്രകാശം സ്റ്റെയര്‍കേസില്‍ വെളിച്ചം വിതറുന്നുണ്ട്. ഡൈനിങ് സ്‌പേസില്‍ നിന്നു തന്നെയാണ് സ്റ്റെയര്‍കേസിന്റെ തുടക്കവും. സ്റ്റെപ്പുകള്‍ക്കു സമീപം ഫ്‌ളോറില്‍ നല്‍കിയിരിക്കുന്ന ചെറിയ പെബിള്‍ കോര്‍ട്ട്‌യാര്‍ഡില്‍ ചെടി കള്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നു. മുകളിലും താഴെയുമായി 3 അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, ലിവിങ് കം ഡൈനിങ്, കിച്ചന്‍, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, യൂട്ടിലിറ്റി ഏരിയ, സിറ്റൗട്ട് കാര്‍പോര്‍ച്ച് ഇത്രയും ഇടങ്ങള്‍ ചേരുന്നതാണ് 1750 സ്‌ക്വയര്‍ ഫീറ്റ് ഏരിയ.
സ്റ്റോറേജിന് കബോഡുകള്‍
കിടപ്പുമുറികള്‍ ലാളിത്യത്തിലും വലിപ്പത്തിലും മുന്നിട്ടു നില്‍ക്കുന്നു. കട്ടിലിന്റെ ഹെഡ്‌ബോഡിനോടു ചേര്‍ന്ന ഭിത്തി വുഡന്‍ നിഷ് കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. ഗൃഹനാഥയായ ജീവ ചെയ്ത പെയിന്റിങ്ങുകളാണ് അകത്തളങ്ങളിലെ ചുമരുകള്‍ അലങ്കരിക്കുന്നത്. വാള്‍ പേപ്പര്‍, ഇളം നിറങ്ങളിലുള്ള ഫര്‍ണിഷിങ്, പെയിന്റിങ് ഇവയൊക്കെ ചേര്‍ന്ന് ബെഡ്‌റൂമുകള്‍ ആകര്‍ഷമാക്കിയിരിക്കുന്നു. സ്റ്റോറേജ് കബോഡുകള്‍ക്ക് എല്ലായിടത്തും മുന്‍ഗണനയുണ്ട്. അപ്പര്‍ ലിവിങ് ഏരിയയുടെ ഇരുവശങ്ങളിലും വുഡന്‍ റാക്കുകള്‍, കബോഡുകള്‍, നിഷുകള്‍ എന്നിവ സ്ഥാനം പിടിച്ചിരിക്കുന്നു. പെബിളുകള്‍ വിരിച്ച,് വുഡന്‍ ബോര്‍ഡര്‍ നല്‍കി തറയും ആകര്‍ഷകമാക്കിയിട്ടുണ്ട്. ”ഡോക്ടറും കുടുംബവും നല്‍കിയ സ്വാതന്ത്ര്യവും സഹകരണവുമാണ് നിശ്ചിത ബഡ്ജറ്റില്‍ എല്ലാവിധ സൗകര്യങ്ങളും തികഞ്ഞൊരു വീട് പണിയുവാന്‍ സഹായിച്ചത്. മരപ്പണികള്‍ക്ക് വേപ്പ്, വേങ്ങ തുടങ്ങിയ മരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ആക്‌സസറീസും ഉള്‍പ്പെടെയാണ് 49 ലക്ഷം ആയിരിക്കുന്നത്. നാലേകാല്‍ സെന്റ് സ്ഥലമേ ഉള്ളൂവെങ്കിലും വീടിനു ചുറ്റിനും നടക്കുവാനുള്ള സൗകര്യമുണ്ട്. മുന്നില്‍ ചെറിയൊരു ലാന്‍ഡ് സ്‌കേപ്പും, പിറകില്‍ കിച്ചന്‍ ഗാര്‍ഡനും ഒരുക്കുവാനും സ്ഥലം കണ്ടെത്തിയിട്ടുണ്ട്” ഡിസൈനര്‍ അലക്‌സ് നളിനന്‍ വ്യക്തമാക്കി.
പുറംമോടിയും കുറവില്ല
എലിവേഷനില്‍ വീടിന്റെ മുന്‍ഭാഗത്ത് എടുത്തു കാണുന്നവിധത്തിലായണ് ബാല്‍ക്കണി നല്‍കിയിട്ടുള്ളത്. സ്‌ട്രെയിറ്റ് ലൈനിലുള്ള പര്‍ഗോള ഡിസൈനുകള്‍ ഇവിടെയും കാണാം. എലിവേഷന് മൊത്തത്തില്‍ കന്റംപ്രറി ഡിസൈനിങ് നയമാണ്. ചാരനിറത്തിന്റെയും വുഡന്‍ ബ്രൗണ്‍ നിറത്തിന്റെയും ആകര്‍ഷണീയതയാണ് പുറംകാഴ്ചക്ക്. ഗേറ്റിന്റെ ഡിസൈനും അതിലെ ക്രാഫ്റ്റ് വര്‍ക്കും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഗേറ്റില്‍ നിന്നുമാണ് സ്‌ട്രെയിറ്റ് ലൈന്‍ ഡിസൈന്റെ തുടക്കം. വുഡന്‍ പര്‍ഗോളയും ശില്പ ഭംഗിയുള്ള തൂണുമൊക്കെ വീടിന്റെ കാഴ്ചഭംഗി കൂട്ടുന്നു.
ഡിസൈനര്‍ മാഗസിന്റെ വായനയില്‍ നിന്നും തിരിച്ചറിഞ്ഞ തന്റെ സുഹൃത്തിന്റെ ഗൃഹനിര്‍മ്മാണ പാടവത്തെ പിന്‍തുടരുക വഴി രൂപപ്പെട്ട ഈ വീട് ചൂണ്ടിക്കാണിക്കുന്നത് വായനയുടെ ഗുണമാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *