നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെങ്കില്‍ കരിനിയമങ്ങള്‍ മാറണം

സുനില്‍ കുമാര്‍

മനുഷ്യ രാശി ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാമിന്ന്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതികൂല സാഹചര്യങ്ങളില്‍ കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് പറഞ്ഞാല്‍ ഇതില്‍ പണം മുടക്കുന്നവര്‍ കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ ഉള്ളവരോ മറ്റു ഉപഭോക്താക്കളോ അല്ല. മറിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പോയി ജീവിച്ചു ജോലി ചെയ്ത് അവിടുത്തെ പണം സമ്പാദിച്ച് അതുകൊണ്ടുവന്ന് നമ്മുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നവരാണ്. ഏകദേശം 66 രാജ്യങ്ങളില്‍ നിന്നുള്ള N R K പൗരത്വം ഉള്‍പ്പെടെയുള്ള മലയാളികള്‍ ആണ് ഇവിടെ പണം മുടക്കുന്നത്. ഇവരെ കുറിച്ച് പറഞ്ഞാല്‍ ഇവര്‍ നിക്ഷേപിക്കുന്ന പണം ഇവര്‍ ജോലി ചെയ്യുന്നത് ഏത് രാജ്യത്താണോ അവിടുത്തെ സാമ്പത്തിക തലത്തില്‍ നിന്നും സ്വരൂപിക്കുന്നതാണ്. ഇത്തരം രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ന് കോവിഡിന്റെ തീക്ഷ്ണമായ പിടിയിലാണെന്നാണ്, യു എസ് എ, സിംഗപ്പുര്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍
നിന്നെല്ലാമുള്ള കസ്റ്റമേഴ്‌സുമായി സംസാരിച്ചതില്‍ നിന്നും മനസിലാവുന്നത്. ഇപ്പോഴത്തെ പുതിയ സാമ്പത്തിക സാഹചര്യത്തില്‍ പുതിയ നിക്ഷേപവുമായി മുന്നോട്ടു പോകുവാന്‍ അവര്‍ തയ്യാറാകുമോ എന്നതില്‍ സംശയമുണ്ട്. ഒരു ഉപഭോക്താവ് മുടക്കാന്‍ തയ്യാറുള്ള പണം എത്രയായിരുന്നോ അത് ഇനിയും മുടക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യവും
നിലനില്‍ക്കുകയാണ്. അതുകൊണ്ട് ഭാവിയില്‍ വില കുറഞ്ഞ ഭവനങ്ങള്‍ക്കായിരിക്കും ആവശ്യക്കാര്‍ ഉണ്ടാവുക എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല വിദേശത്തുള്ള പലരും നാട്ടില്‍ അവരുടെ കുടുംബത്തിന് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കി കൊടുക്കാനായിട്ടും പണം മുടക്കാന്‍ തയ്യാറായേക്കും എന്നുള്ള സാധ്യതയും മനസിലാക്കേണ്ടതുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ വന്ന പുതിയ മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ നിയമം ഈ സാധ്യതയെ തകിടം മറിക്കുന്നതാണ്. ഏകദേശം ഒരു ചതുരശ്രയടിക്ക് 800 രൂപ മുതല്‍ 1000 രൂപ വരെ വില വര്‍ദ്ധനവിന് ഇടയാക്കുന്ന രീതിയില്‍ ഉള്ളതാണ് പുതിയ
മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍. ആ നിയമ നിര്‍മ്മാണം ഇവരുടെ ഭവന സങ്കല്‍പ്പങ്ങളെ ഒരിക്കലും സാക്ഷാത്കരിക്കാന്‍ ഇടയില്ലാത്ത വിധമുള്ളതുമാണ്. അതുകൊണ്ട് കേരളം മുന്നോട്ടു പോകുമ്പോള്‍ ഉപഭോക്താക്കളുടെ ജീവിത താല്പര്യങ്ങളെ സംരക്ഷിക്കുന്ന പ്രോജക്റ്റുകള്‍ ഉണ്ടാവണമെങ്കില്‍ ഏറ്റവും പുതുതായി വന്ന ബില്‍ഡിങ് റൂള്‍ പിന്‍വലിക്കുകയും അതിനുപകരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനുകൂലമായതും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ നിയമങ്ങള്‍ വരികയും വേണം. ഈ അടുത്തകാലത്താണ് മിനിമം വേജ് ആക്റ്റിന് പുതിയ അമെന്റ്‌മെന്റ് വന്നത്. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നൊരു ചീത്തപ്പേരുപോലും നമുക്കുണ്ട്. അത് എന്തുകൊണ്ടെന്നാല്‍ നോക്ക് കൂലി കൊണ്ടും ഇവിടുത്തെ വിവരാവകാശ പ്രവര്‍ത്തകരുടെ ബാഹുല്യം കൊണ്ടും എന്തെങ്കിലും ഒരു പ്രവര്‍ത്തനം തുടങ്ങിയാല്‍ അത് വഴി നാലാള്‍ക്ക് എന്തെങ്കിലും തൊഴില്‍ കിട്ടുന്നു എന്ന നില വന്നാല്‍ അത് പൂട്ടിക്കാനുള്ള വഴി നോക്കുന്ന തരത്തിലുള്ള മനോഭാവം മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അതിനു മാറ്റം വരുത്തുവാന്‍ കോവിഡ് കാലത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കാം. കോവിഡിന് ശേഷം ഉള്ള യുഗത്തില്‍ ഇത്തരം തൊഴിലുകളും സൗകര്യങ്ങളും വളര്‍ത്തി എടുക്കണമെങ്കില്‍ പ്രശ്‌ന രഹിതമായ അന്തരീക്ഷം കൂടിയേ തീരൂ. ഹര്‍ത്താലുകളും പണിമുടക്കുകളും ഇല്ലാത്ത പ്രശ്‌ന രഹിതമായ ഒരു കേരളം ഉണ്ടായെങ്കില്‍ മാത്രമേ വ്യവസായങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയു. പ്രത്യേകിച്ച് നിര്‍മ്മാണ മേഖലക്കാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ ഏറ്റവും ഏല്‍ക്കേണ്ടി വരിക. കാരണം അതൊരു തുറന്ന ഇടമാണ്. ഒരുപാട് ആളുകള്‍ കൂട്ടമായി ചെയ്യുന്ന പ്രവൃത്തിയുമാണ്, പ്രവര്‍ത്തന മേഖലയുമാണ്. അതുകൊണ്ട് വിവരാവകാശപ്രവര്‍ത്തനങ്ങള്‍ക്ക്, ബന്ദ്, ഹര്‍ത്താല്‍ എന്നിവയ്‌ക്കെല്ലാം ഒരു മൊറട്ടോറിയം പ്രഖ്യാപിക്കണം. എങ്കിലേ ഒരു വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറാനാകൂ വളരാനാകൂ. നിര്‍മ്മാണ മേഖലക്ക് മറ്റൊരു കനത്ത തിരിച്ചടിയായിരിക്കുന്നത് ജി എസ് ടി ഇന്‍പുട്ടാണ്. ഇത് എടുത്തു കളഞ്ഞത് വലിയ പ്രത്യാഘാതമാണ് നിര്‍മ്മാണ മേഖലക്ക് നല്‍കിയത്. ജി എസ് ടി ഇന്‍പുട്ട് തിരിച്ചു കൊടുക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍മ്മാണ മേഖല ശക്തമായി തിരിച്ചു വരിക തന്നെ ചെയ്യും. ഈ കോവിഡ് കാലത്തു പോലും ഞങ്ങളുടെയൊക്കെ വെബ്‌സൈറ്റും എന്‍ക്വയറി ബോര്‍ഡും പരിശോധിക്കുമ്പോള്‍ ഒരുപാട് എന്‍ആര്‍ഐ ക്കാരുടെ ഭവന നിര്‍മ്മാണ അന്വേഷണങ്ങള്‍ വന്നിട്ടുള്ളതായി കാണാനാകും. വളരെയധികം ആളുകള്‍ സ്വന്തം നാട്ടിലേക്കു തിരിച്ചു വന്നു സുരക്ഷിതമായ സ്ഥലത്ത്, സുരക്ഷിതമായ വാസസ്ഥലങ്ങളില്‍, സുരക്ഷിതമായ ഇവിടുത്തെ ആരോഗ്യ മേഖലയില്‍ ജീവിക്കുവാന്‍ താല്പര്യപ്പെടുന്നു, അതിനായി ശ്രമിക്കുന്നു. ഇത് വളരെ ആശ്വാസകരമാണ്. അവര്‍ വരുമ്പോള്‍ അവര്‍ക്ക് അവരുടെ ബഡ്ജറ്റിന് ഇണങ്ങിയ ഭവന പദ്ധതികള്‍ തയ്യാറാക്കി സമയ ബന്ധിതമായി തീര്‍ത്തു നല്‍കേണ്ടതും അവര്‍ക്കു കൂടി അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതും ഏവരുടെയും ആവശ്യമാണ്. ഗവണ്‍മെന്റിന്റെ സത്വര ശ്രദ്ധ പതിയേണ്ടത് ഇതിലാണ്. പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ ആളുകളുടെ ആവശ്യങ്ങള്‍, സാഹചര്യങ്ങള്‍, താല്പര്യങ്ങള്‍ ഇവയൊക്കെ സംരക്ഷിക്കുന്ന പുതിയ നിയമങ്ങള്‍ ഉണ്ടാവട്ടെ. പഴയ കാലത്തെ കരിനിയമങ്ങള്‍ നമുക്ക് പൊളിച്ചെഴുതാം. വ്യാവസായിക സൗഹൃദ സസ്ഥാനമായും, രാജ്യമായും മാറാന്‍ യഥാക്രമം കേരളത്തിനും ഭാരതത്തിനും കഴിയട്ടെയെന്നും; അതിനായി എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും വിജയമുണ്ടാകട്ടെയെന്നും ആശംസിക്കുന്നു.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*