July 7th, 2014
നിഗൂഢതയുടെ ചരിത്രം

കേരളത്തിന്റെ തനതു വാസ്തുകലയുടെ പ്രതിരൂപങ്ങളായ ചതുര്‍ശാലകള്‍ പലതും മനകളും കൊട്ടാരങ്ങളും ഒക്കെയാണ്. ജീര്‍ണ്ണതയുടെ പാതയിലാണ് ഇവ മിക്കതും. നൂറ്റാണ്ടുകള്‍ പലതും കടന്ന് പഴമയുടെ തലയെടുപ്പിന് കുറവില്ലാതെ പരിപാലിക്കപ്പെടുന്ന അപൂര്‍വ്വം ചില നിര്‍മിതികളെങ്കിലും ഉണ്ട്. ചരിത്രത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍ അതില്‍ നിഗൂഢതയുടെ മുഖം മൂടിയണിഞ്ഞ് നില്‍ക്കുന്ന ഒന്നാണ് ‘കാട്ടുമാടം മന’. കാലപ്പഴക്കത്തില്‍ കെട്ടുകള്‍ പലതും അഴിഞ്ഞുപോയെങ്കിലും അവശേഷിക്കുന്നവ തന്നെ കാണാനും കാത്തുസൂക്ഷിക്കുവാനും മാത്രമുണ്ട്.
പരശുരാമ മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പല ദിക്കുകളില്‍ നിന്നുമായി ബ്രാഹ്മണര്‍ കേരളത്തിലെത്തിയതെന്ന് ഐതിഹ്യം. അക്കൂട്ടത്തില്‍ കൃഷ്ണാനദിക്കരയില്‍ നിന്നുമാണത്രേ കാട്ടുമാടം മനയിലെ പൂര്‍വ്വികര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. 13-14 നൂറ്റാണ്ടുകളിലാണ് ഈ വരവ് എന്നു പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലാണ് കാട്ടുമാടം മന നിലകൊള്ളുന്നത്. താന്ത്രിക, മാന്ത്രിക പാരമ്പര്യമുള്ള കുടുംബക്കാരാണിതിന്റെ അധിപര്‍. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ പണ്ട് മനയിരുന്ന ഭാഗം മുഴുവന്‍ കാടായിരുന്നു. ഏതാണ്ട് 60 ഏക്കറോളം വരുന്ന വളപ്പിനുള്ളില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന നമ്പൂതിരിയുടെ ഭവനം. കാലങ്ങള്‍ പാകെ ചുറ്റിനും ജനവാസമായി. കേരവൃക്ഷങ്ങള്‍ നിറഞ്ഞ വളപ്പ് 6 ഏക്കറായി ചുരുങ്ങി. മലയാള ഭാഷയ്ക്ക് നിരവധി മാന്ത്രിക പുസ്തകങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാട്ടുമാടം നാരായണന്‍ നമ്പൂതിരിപ്പാട് മനയുടെ പേര് അനശ്വരമാക്കിയാണ് കടന്നുപോയത്. ‘പൊതുവെ നിഗൂഢമായ ഒരു ചരിത്രമാണ് ഞങ്ങളുടേത്. തലമുറകളായി അത് അങ്ങനെയാണ്. പ്രശസ്തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഞങ്ങളെ തേടിവരികയാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഞങ്ങള്‍ പരിഹാരം കാണുന്നു. അതാണ് ഞങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും. മനയുടെ നിഗൂഢസ്വഭാവം പാലിച്ചുപോരുന്നതിനായാണ് മനയ്ക്ക് സമീപമുള്ള റോഡിലൂടെ ബസ് ഗതാഗതം പോലും വേണ്ടെന്ന് വച്ചത്.’ കാട്ടുമാടം മനയിലെ ഇപ്പോഴത്തെ താമസക്കാരനും ഇളംതലമുറക്കാരനുമായ അനില്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
ചെങ്കല്ലില്‍ ഒരു വാസ്തു ശില്പം
കാട്ടുമാടം മന പണ്ട് 16 കെട്ടായിരുന്നുവത്രേ. പലപ്പോഴായുള്ള പൊളിച്ചുപണിയലുകള്‍ക്ക് ശേഷം ഇപ്പോള്‍ അവശേഷിക്കുന്നത് ഇരുനിലകളുള്ള ഒരു നാലുകെട്ടു മാത്രം. കേരളത്തിന്റെ തെക്കുഭാഗത്തെയും മധ്യഭാഗത്തെയും ചതുര്‍ശാലകളുടെ നിര്‍മ്മിതിയില്‍ നിന്നും വ്യത്യസ്തമായി മലബാര്‍ ഭാഗത്ത് സുലഭമായ ചെങ്കല്ല് ഉപയോ ഗിച്ചാണ് മനയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നു കാണാം. കാലാകാലങ്ങളില്‍ യഥാവിധി പരിപാലനം നടത്തുന്നതുകൊണ്ട് ചെത്തിയെടുത്ത ചെങ്കല്ലിന്റെ മനോഹാരിതയ്ക്ക് കുറവേതുമില്ല. മുകളില്‍ കഴുക്കോലുകള്‍ ക്കിടയില്‍ ഉത്തരം താങ്ങിയായിട്ടും ചെങ്കല്ല് തന്നെ നല്‍കിയിരിക്കുന്നു. കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന കെട്ടിട നിര്‍മ്മാണ രീതിയുടെ ശേഷിപ്പുകള്‍ ആണിതൊക്കെ. നാലുകെട്ടിന്റെ പുറം ഭിത്തി മിനുക്കുകയോ തേയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അകം ചുമരുകളില്‍ വെള്ള വലിച്ചിട്ടുണ്ട്. കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിവയടങ്ങുന്ന പരമ്പാരഗത നിര്‍മ്മിതിയുടെ പ്രധാന ആകര്‍ഷണം മുല്ലത്തറയുള്‍പ്പെടുന്ന നടുമുറ്റം തന്നെ. പകല്‍ വെളിച്ചവും മഴയും ഇതിനുള്ളില്‍ എത്തിനോക്കുന്നുണ്ട്. ചുറ്റുവരാന്തയില്‍ ഉടനീളം നിരയിട്ടു നില്‍ക്കുന്നുണ്ട് ശില്പ ഭംഗിയൊത്ത തൂണുകള്‍. അകത്തേക്കുള്ള പ്രധാന വാതിലിനു മുകളില്‍ ഗജലക്ഷ്മീരൂപം കൊത്തിയിരിക്കുന്നു. വളപ്പിനുള്ളില്‍ തന്നെ ഒരു സര്‍പ്പക്കാവുമുണ്ട്.
1866 എന്ന് നിര്‍മ്മാണ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ബാസല്‍ മിഷന്റെ ഓടുകളാണ് മേല്‍ക്കൂരയില്‍. 1960 ലാണ് മനയില്‍ വൈദ്യുതി എത്തുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം വരെ കാട്ടുമാടം മന ഇനാം (നികുതി) രഹിതമായിരുന്നു. പ്ലാവും തേക്കും, കരിവീട്ടിയും കൊണ്ടാണ് തടി ഉരുപ്പടികള്‍. ഇത്രവര്‍ഷം പഴക്കമുണ്ട് ഈ കെട്ടിടത്തിന് എന്നു ഉറപ്പിച്ചു പറയാന്‍ ഇളമുറക്കാര്‍ക്കും കഴിയുന്നില്ല.
നാരായണന്‍ എന്നാണ് കാട്ടുമാടം മനയിലെ നമ്പൂതിരിമാര്‍ അറിയപ്പെടുന്നത്. തിരുമൂഴിയക്കുളത്ത് ശങ്കരന്‍ കണ്ഠന്‍ എന്ന സ്ഥാനപ്പേരുള്ള കാട്ടുമാടം മനയ്ക്കല്‍ അനില്‍ നമ്പൂതിരിപ്പാട് മനയുടെ ഇപ്പോഴത്തെ അവകാശി. വനപ്രസാദ ബ്രാഹ്മണന്‍മാരാണ് ഈ മനയിലേത്. അതായത് വനത്തില്‍ നിന്നും പ്രസാദം മന്ത്രസിദ്ധി നേടിയവര്‍ എന്നര്‍ത്ഥം. ഈ പേര് ‘കാട്ടുമാടം’ എന്ന പേരിന്റെ ഐതിഹ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
ചുറ്റിനുമുള്ള വിശാലമായ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍ തറ കെട്ടി സംരക്ഷിച്ചിരിക്കുന്നു. വളപ്പിലുള്ള വന്‍ മരങ്ങളുടെ കടയ്ക്കല്‍ ഒരുകാലത്തും കത്തി വീണിട്ടില്ല. ചുറ്റിനുമുള്ള ഔട്ട് ഹൗസിലും മറ്റു കെട്ടിടങ്ങളിലും മേല്‍ക്കൂരയ്ക്ക് ഓടെങ്കിലും, കോണ്‍ക്രീറ്റിന്റെ കടന്നു കയറ്റം കാണാനുണ്ട്. നിഗൂഢമായ ഒരു ചരിത്രത്തിന്റെ കഥ പേറുന്ന മനയുടെ വാസ്തു ശില്പഭംഗിയുടെ ആദിയറിയില്ല. എങ്കിലും ഇതിന് അന്തമില്ലാതെ നിലനില്‍ക്കട്ടെ എന്ന് ആഗ്രഹിക്കാം.

Leave a Reply

Your email address will not be published. Required fields are marked *