March 17th, 2016
പോളിഹൗസ്‌

പച്ചക്കറികള്‍ക്കൊരു പോളിഹൗസ്‌

അള്‍ട്രാ വയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളിഎത്തിലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നത്

ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രതിദിനം കൃഷിയിടങ്ങളുടെ അളവ് കുറയല്‍ തുടങ്ങിയ ഇന്നത്തെ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് പോളിഹൗസ് കൃഷി. അള്‍ട്രാ വയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയെ വിളകള്‍ക്കനുസൃതമായി നിയന്ത്രിച്ചെടുക്കാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും. ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കി ചെടികളുടെ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നാച്വറല്‍ വെന്റിലേറ്റഡ് പോളി ഹൗസുകളാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ്, കീടരോഗങ്ങളില്‍ നിന്നും സംരക്ഷണം, മികച്ചതും ഗുണമേന്മയുള്ളതുമായ ഉല്പന്നങ്ങള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ സംരക്ഷിതകൃഷിയിലൂടെ സാധിക്കുന്നു.


സ്ഥലപരിമിതി നേരിടുന്നവര്‍ക്ക് വിഷരഹിത പച്ചക്കറികള്‍ സ്വന്തം വീട്ടുവളപ്പില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിനു വേണ്ടി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം വിഭാവനം ചെയ്ത പദ്ധതിയാണ് ഒരു സെന്റ് പോളി ഹൗസ് (മിനി പോളി ഹൗസ്). ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയും, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഹൈറേഞ്ച് മേഖല ഗവേഷണത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായ ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഹൈടെക് കാര്‍ഷിക കര്‍മ്മസേനയാണ്ത്സ ഒരു സെന്റ് പോളി ഹൗസ് വികസിപ്പിച്ചെടുത്തത്. വീട്ടുമുറ്റത്തോ ടെറസിലോ സ്ഥാപിക്കുന്ന ഈ പോളിഹൗസ് ആവശ്യമെങ്കില്‍ അഴിച്ചു മാറ്റി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയുമാവാം.
ജിഐ പൈപ്പുകളും, യുവി സ്റ്റെയിന്‍ലസ് പോളിയെത്ത്‌ലീന്‍ ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പോളി ഹൗസിന്റെ നാലുവശവും കീടങ്ങള്‍ കടക്കാത്ത 40 മെഷ് വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. അകത്തെ ഊഷ്മാവ് കുറക്കുന്നതിനു വേണ്ടി മിസ്റ്റുകളും, ചെടികള്‍ക്ക് ആവശ്യമായ തോതില്‍ മാത്രം വെള്ളവും വളങ്ങളും നല്‍കുന്നതിന് ഡ്രിപ്പുകളും ഘടിപ്പിക്കുന്നു. ഒരു സെന്റ് പോളി ഹൗസ് ഉണ്ടാക്കുന്നതിനാവശ്യമായ മൊത്തം ചെലവ് 65,000 രൂപയാണ്. ഗ്രോബാഗ് തൈകള്‍, ഡ്രിപ്പ് ഇറിഗേഷന്‍, മറ്റ് സര്‍വ്വീസുകള്‍ ഉള്‍പ്പെടെയാണ് ഈ തുക. കൂടാതെ കൃഷിവകുപ്പിന്റെ സബ്‌സിഡിയും ഉണ്ടായിരിക്കുന്നതാണ്. ഗ്രോബാഗുകളിലാണ് മിനി പോളി ഹൗസില്‍ പച്ചക്കറികള്‍ വളര്‍ത്തുന്നത്. നൂറിലധികം പച്ചക്കറികള്‍ ഇതിനുള്ളില്‍ വയ്ക്കാം. കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, ക്യാപ്‌സിക്കം, മുളക്, വഴുതിന, പയര്‍, വെണ്ട, ചീര തുടങ്ങിയ പച്ചക്കറികളെല്ലാം ഇതില്‍ കൃഷി ചെയ്യാവുന്നതാണ്.

ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞ മിനി പോളിഹൗസുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈടെക് കാര്‍ഷിക കര്‍മ്മസേന നിരവധി പോളിഹൗസുകള്‍ നിര്‍മ്മിച്ചു നല്‍കികഴിഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ച നാല്‍പതോളം യുവാക്കളാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
കൊടും വെയിലും തുടര്‍ച്ചയായ മഴയും ഭയപ്പെടാതെ കാലാവസ്ഥ വ്യതിയാനത്തെ നേരിട്ടുകൊണ്ട് വര്‍ഷം മുഴുവനും കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യാം. ഒരു ഗൃഹത്തില്‍ ഒരു ഹരിത ഗൃഹം എന്നതാണ് ഗവേഷണ കേന്ദ്രത്തിലെ ഹൈടെക് കാര്‍ഷിക കര്‍മ്മസേനയുടെ മുദ്രാവാക്യം. ഇത് നേടിയെടുക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗമാണ് ഒരു സെന്റ് പോളിഹൗസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *