June 8th, 2015
പച്ചപ്പരവതാനിയില്‍ ഒരു വെണ്ണക്കല്‍ ശില്‍പം

പച്ചപ്പരവതാനിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു വെണ്ണക്കല്‍ ശില്പം. അതാണ് സാബു ജോസിന്റെ കുരീയ്ക്കല്‍ വീട്. പെരുമ്പാവൂരിനടുത്ത് വല്ലം കൂവപ്പടിയിലാണ് ഈ സ്വപ്നഗേഹം പണികഴിപ്പിച്ചിട്ടുള്ളത്. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വെള്ളരി പ്രാവുകളെ ആവാഹിച്ചെടുത്ത് വീട്ടിലേക്കു ക്ഷണിച്ചിരിക്കുകയാണ് വീട്ടുടമസ്ഥരായ സാബു ജോസും ഭാര്യ ഷിനി സാബുവും.
വീടു വയ്ക്കുവാനായി ലഭിച്ച 26 സെന്റ് സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഗേറ്റു മുതല്‍ വീടിന്റെ അകത്തളം വരെ ഒരൊറ്റ തീമിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ മുന്‍വശം ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത് മനോഹരമാക്കിയതോടൊപ്പം പിന്‍വശം അടുക്കളത്തോട്ടത്തിനായി നീക്കിവച്ചു. 2710 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റ നിലയിലാണ് വീടിന്റെ നിര്‍മ്മിതി. എലിവേഷനും ഇന്റീരിയറും കന്റംപ്രറി സ്റ്റൈലില്‍ വേണമെന്ന വീട്ടുകാരുടെ ആവശ്യം നിറവേറ്റുന്നതാണ് ഡിസൈന്‍. വൈറ്റ് കളര്‍ തീമിലൂന്നി പണികഴിപ്പിച്ച ഈ സ്വപ്നഗേഹം ഡിസൈന്‍ ചെയ്തത് കാക്കനാടുള്ള ഡിയറസ്റ്റ് ഇന്റീരിയേഴ്‌സിലെ ഡിസൈനര്‍മാരായ പ്രിന്‍സ് ഫ്രാന്‍സീസും നിഷാന്ത് തോമസും ചേര്‍ന്നാണ്.
അതിഥികളെ
ഇതിലേ…
കന്റംപ്രറി സ്റ്റൈലില്‍ പണിത മതില്‍ക്കെട്ടിന്റെയും എലിവേഷന്റെയും തുടര്‍ച്ചയാണ് ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്. ഗ്രനൈറ്റ് പാകിയ ലാളിത്യമുണര്‍ത്തുന്ന വരാന്തയില്‍ നിന്നാണ് ഫോര്‍മല്‍ ലിവിങ് റൂമിലേക്ക് പ്രവേശിക്കുന്നത്. പ്രധാന വാതില്‍ വെനീറില്‍ തീര്‍ത്തിരിക്കുന്നു. ഗൃഹനാഥന്റെ ആഗ്രഹപ്രകാരം ജൂട്ട് ഫിനിഷ് നല്‍കി കസ്റ്റംമെയ്ഡ് സോഫാ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നു. ലിവിങ്ങിന്റെ ചുവരുകള്‍ ക്ലാഡിങും ടെക്‌സ്ചറും വുഡന്‍ പാനലിങും ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുകയാണ്. ഇളം നിറത്തിന് പ്രാധാന്യം നല്‍കിയാണ് സ്വീകരണമുറി ഒരുക്കിയിരിക്കുന്നത്. ചുവരില്‍ തൂക്കിയിട്ട പെയിന്റിങും ആന്റിക് ക്ലോക്കും സ്വീകരണമുറിയെ വേറിട്ടതാക്കുന്നു.
വര്‍ണ്ണ വൈവിധ്യത്തോടെ
ഫാമിലി ലിവിങ് റൂമാണ് കുരീ യ്ക്കല്‍ വീട്ടിലെ താരം. ഗൃഹനാഥയുടെ പ്രത്യേക താല്പപര്യത്തിനനുസരിച്ച് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പം ചെന്നെത്താവുന്ന രീതിയിലാണ് ഫാമിലി ലിവിങ്ങ്‌റൂം ഒരുക്കിയിരിക്കുന്നത്. വീടിന്റെ കേന്ദ്രബിന്ദുവായി നില്‍ക്കുന്ന ലിവിങ് റൂമിന്റെ ചുറ്റുമാണ് ബാത്ത് റൂമുകളോടു കൂടിയ 4 ബെഡ്‌റൂമുകളും, ഡൈനിങും, ഗസ്റ്റ് ലിവിങും പാഷ്യോയോയുമുള്ളത്. ഫാമിലി ഏരിയയുടെ ഒരു ഭാഗത്ത് പ്രെയര്‍ ഏരിയ നല്‍കിയിട്ടുണ്ട്. ബ്ലാക്ക് & വൈറ്റ് തീമില്‍ വീട്ടിലാകമാനം വെള്ള വിട്രിഫൈഡ് ടൈല്‍ വിരിച്ചിരിക്കുന്നു. ഒരു വശത്തെ ചുവരില്‍ വൈറ്റ് & ബ്ലാക്ക് നിറത്തില്‍ ടൈല്‍ ക്ലാഡിങ്ങും മറുവശത്ത് കോഫീ ബ്രൗണ്‍ നിറത്തില്‍ ക്ലാഡിങ്ങും നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ക്ലാഡിങ് നല്‍കിയിട്ടുള്ള ചുവരില്‍ ടിവി യൂണിറ്റിനും സ്ഥാനം നല്‍കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ലെതറില്‍ തീര്‍ത്ത കസ്റ്റംമെയ്ഡ് സോഫാ വിത്ത് ബെഡ് ആണ് ഫാമിലി ലിവിങ് റൂമില്‍ ഉള്ളത്. എലിവേഷനു ചേരുംവിധം ഇന്റീരിയറിലും പര്‍ഗോള ഡിസൈന്‍ കൊണ്ടു വന്നിരിക്കുന്നു. ഡബിള്‍ ഹൈറ്റില്‍ നിറയെ വെന്റിലേഷന്‍ നല്‍കിയത് അകത്തളത്തില്‍ ലൈറ്റ് പ്രകാശം പ്രദാനം ചെയ്യുന്നു. ഇംപോര്‍ട്ടഡ് മള്‍ട്ടി കളര്‍ എല്‍ഇഡി ലൈറ്റ് സ്ട്രിപ്‌സും, എല്‍ഇഡി ഹിഡന്‍ ലൈറ്റുകളുമാണ് ഇവിടെ വര്‍ണ്ണശോഭ നിറയ്ക്കുന്നത്
വീടിന്റെ ഒരു വശത്ത് നല്‍കിയിട്ടുള്ള ചെറിയ പാഷ്യോയിലേക്ക് ഫാമിലി ലിവിങ്ങില്‍ നിന്നാണ് പ്രവേശിക്കുന്നത്. സീബ്രാ ഡിസൈനിലുള്ള ബ്ലൈന്‍ഡ്‌സ് നല്‍കിയിരിക്കുന്ന ഫ്രഞ്ച് വിന്റോകളാണ് പാഷ്യോയേയും ഫാമിലി റൂമിനേയും വേര്‍തിരിക്കുന്നത്.
സുന്ദരമീ കിടപ്പറകള്‍
സിറ്റിങ് ഏരിയയോടു കൂടിയ മാസ്റ്റര്‍ ബെഡ്‌റൂം ലളിതവും സുന്ദരവുമാണ്. ഒരു വശത്തെ ചുമര്‍ ക്ലാഡിങ് ചെയ്ത് ടിവി യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു. ഹെഡ്‌റെസ്റ്റും, വാഡ്രോബും, ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡില്‍ തീര്‍ത്തിരിക്കുന്നു. സ്റ്റോറേജ് യൂണിറ്റോടു കൂടിയ ഡ്രസിങ് ഏരിയ പര്‍ഗോള നല്‍കി വേര്‍തിരിച്ചിരിക്കുന്നു. സ്ലൈഡിങ്ങ് ഡോറുകളാണ് നല്‍കിയിട്ടുള്ളത്. സ്റ്റീം ബാത്ത് ഏരിയ കൂടി ഒരുക്കി ബാത്ത്‌റൂം തീം അടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്നു.
ഗസ്റ്റ് ലിവിങും വര്‍ണ്ണങ്ങള്‍ മിന്നിമായുന്ന 2 കിഡ്‌സ് റൂമുകളും ആകര്‍ഷങ്ങള്‍ നിറഞ്ഞതാണ്. റൂമുകളിലെ ക്യൂരിയോസ് മുതല്‍ ഷെല്‍ഫും പെയിന്റിങ്ങും ലൈറ്റുകളും കന്റംപ്രറി രീതിയില്‍ ഒരുക്കിയവയാണ്. ഗേള്‍സ് റൂം ലാവന്റര്‍ & വൈറ്റ് കളര്‍ തീമിലും, ബോയ്‌സ് റൂം ഗ്രീന്‍ & ബ്ലൂ കളര്‍ തീമിലും ഒരുക്കി വൈവിധ്യപൂര്‍ണ്ണമാക്കിയിരിക്കുന്നു. എല്ലാ ബെഡ്‌റൂമുകളിലും നിറത്തിനനുസരിച്ച് സീബ്രാ ഡിസൈനിലുള്ള & ട്രിപ്പിള്‍ ഷേയ്ഡ് ബ്ലൈന്‍ഡ്‌സാണ് ജനാലകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്റ്റോറേജോടു കൂടിയ സ്റ്റഡി ഏരിയയും സ്ലൈഡിങ് ഡോറോടു കൂടിയ ഡ്രെസിങ് ഏരിയയും നല്‍കിയിട്ടുണ്ട്. ഡ്യൂക്കോ പെയ്ന്റാണ് കിഡ്‌സ് റൂമുകളില്‍ നല്‍കിയിട്ടുള്ളത്. കോമണ്‍ ഏരിയ വെനീറിലും ബെഡ്‌റൂമുകള്‍ മറൈന്‍ പ്ലൈവുഡ് വിത്ത് മൈക്ക ലാമിനേഷന്‍ ഫിനിഷിങ്ങും ചെയ്തിരിക്കുന്നു.
ഇനിയെല്ലാം ഓപ്പണ്‍
ഊണു മുറിയെ വ്യത്യസ്തമാക്കുന്നത് തീംബേസില്‍ നിര്‍മ്മിച്ച കസ്റ്റംമെയ്ഡ് ഡൈനിങ് ടേബിളാണ്. ഇവിടെയും ചുവരുകള്‍ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും പാചകത്തിലേര്‍പ്പെടുമ്പോഴും ടിവി കാണാനുള്ള സൗകര്യമുണ്ട്. നിഷുകളും ക്രോക്കറി ഷെല്‍ഫുകളും ചുവരുകളില്‍ നല്‍കിയിട്ടുണ്ട്. ഡൈനിങ് ഏരിയയ്ക്ക് സമീപം സ്റ്റോറേജോടു കൂടിയ ഒരു വാഷ് ഏരിയയും നല്‍കിയിട്ടുണ്ട്.
കന്റംപ്രറി രീതിയില്‍ ഓപ്പണ്‍ കിച്ചന്‍ എന്ന നയമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ തീമിലാണ് കിച്ചന്‍. ബ്രേക്ക് ഫാസ്റ്റ് കം പാന്‍ട്രി ആണ് പാര്‍ട്ടീഷനായി ഉപയോഗിച്ചിരിക്കുന്നത്. ഇവിടുത്തെ സ്റ്റോറേജ് യൂണിറ്റിന് ഗ്ലോസി ഫിനിഷിങ്ങിലുള്ള ഗ്ലാസ് വിത്ത് ഷട്ടര്‍ പ്രൊഫൈലുകളാണ്. 3 മീ. സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഗ്ലാസില്‍ ചെയ്തിട്ടുണ്ട്.
വെള്ളനിറവും സ്ട്രിപ്ഡ് സീബ്രാ ഡിസൈന്‍ വിന്റോ ബ്ലൈന്റ്‌സും, ലാമിനേഷനുമാണ് ഈ വീടിനെ ആകര്‍ഷകമാക്കുന്നത്. അകത്തളങ്ങളില്‍ കാറ്റും വെളിച്ചവും പരമാവധി കിട്ടത്തക്ക രീതിയിലാണ് വെന്റിലേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. വെനീറിന്റെ ഡോറുകളും ചെറുതേക്കില്‍ നിര്‍മ്മിച്ച ജനാലുകളുമാണ് വീടിന് നല്‍കിയിട്ടുള്ളത്. വീടിന് പുറത്ത് ഒരു ഔട്ട് ഹൗസും, കാര്‍ ഷെഡും നല്‍കിയത് ഏറെ സൗകര്യം പ്രദാനം ചെയ്യുന്നു. വീടും ഔട്ട് ഹൗസും ബന്ധിപ്പിക്കാനായി ഒരു ഓവര്‍ ബ്രിഡ്ജും നല്‍കിയിട്ടുണ്ട്. വീടിന് അകവും പുറവും ഒരു പോലെ ഭംഗിയാക്കുന്നതിലും, സൗകര്യപ്രദമാക്കുന്നതിലും ഡിസൈനര്‍മാരായ പ്രിന്‍സിനും നിഷാന്തിനും ഉള്ള പങ്ക് പ്രശംസനീയമാണ്. ഗൃഹനാഥനും കുടുംബത്തിനും ഈ വീടെന്ന വെണ്ണക്കല്‍ ശില്‍പം ഏറെ പ്രിയപ്പെട്ടതാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *