തിരുവനന്തപുരം നഗരത്തില്‍ ചരിവുള്ള പ്ലോട്ടിനനുസരിച്ച് രൂപകല്‍പന ചെയ്ത വളരെ സാധാരണമായ ഡിസൈനോടു കൂടിയ രണ്ട് നില വീടായിരുന്നു ആര്‍ക്കിടെക്റ്റ് സുജിത്തിന്റേത്. ഇത്രയും വര്‍ഷം പഴക്കമുള്ളതുകൊണ്ടു തന്നെ ഈ വീടിന്റെ ഡിസൈനറെക്കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ല. തന്റെ വീട്ടിലെ അംഗസംഖ്യ കൂടിയപ്പോള്‍ സ്ഥലപരിമിതി എന്ന പ്രശ്‌നം തലപൊക്കി. പഴയ വീട് പൊളിച്ചു മാറ്റി പുതിയ വീട് പണിയാന്‍ കോഴിക്കോട് സ്ഥപതി ആര്‍ക്കിടെ ക്റ്റ്‌സിലെ യുവ ആര്‍ക്കിടെക്റ്റ് സുജിത്ത് തയ്യാറായില്ല. കാരണം, 28 വര്‍ഷത്തെ ആത്മബന്ധമാണ് സുജിത്തിനും കുടുംബത്തിനും ഈ വീടിനോട് ഉണ്ടായിരുന്നത്. അതുകൊണ്ട് വീട് പൊളിച്ചു മാറ്റാതെ പുതുക്കി പണിയാന്‍ തീരുമാനിച്ചു.
ഒരു നില കൂടി
രണ്ട് നിലയായിരുന്ന വീടിനെ മൂന്ന് നിലയാക്കി മാറ്റുക എന്നതാണ് പുതുക്കിപ്പണിയലില്‍ ആര്‍ക്കിടെക്റ്റ് ആസൂത്രണം ചെയ്തത് . പുതുതായി പണിത ഫ്‌ളോറില്‍ ഒരു ബെഡ്‌റൂം, ടോയ്‌ലറ്റ്, ഫാമിലി ലിവിങ് റൂം, എന്നിവ ഒരുക്കി. ലിവിങ് റൂമായും ഒരു ഔപചാരികമായ ഓപ്പണ്‍ ലോഞ്ചായും സ്റ്റഡി റൂമായും ഉപയോഗിക്കത്തക്ക വിധത്തിലാണ് ഈ നിലയുടെ ഡിസൈന്‍. തറയില്‍ നിന്ന് സീലിങ് വരെ എത്തുന്ന വിധമുള്ള ഓപ്പണിങ്ങുകളും വലിയ ഓവര്‍ ഹാങ്ങിങ്ങുകളും ചുറ്റിനും ധാരാളം പച്ചപ്പും ആണ് ഈ നിലയെ സുന്ദരമാക്കുന്നത്. ഈ നിലയുടെ ഒരു വശം ഓപ്പണിങ് ടെറസ്സിലേക്കും മറുവശം മരത്തലപ്പുകളിലേക്കും തുറക്കുന്നതിനാല്‍ പകല്‍ മുഴുവനും സദാ കാറ്റിന്റെ സഞ്ചാരഗതിക്ക് തടസ്സമുണ്ടാകുന്നില്ല. ഈ ഫ്‌ളോറില്‍ വെള്ളഭിത്തിയോടു ചേര്‍ന്ന് ഇഷ്ടികകളും തറയില്‍ മാറ്റ് ഫിനിഷ് ടൈലും ഉപയോഗിച്ചതിനാല്‍ ഇവിടെ എര്‍ത്തി ഫീലിങ് കൊണ്ടുവരാനായി. ഇതിനോട് ചേരുംവിധം ലിവിങ് റൂമില്‍ ചൂരല്‍ കൊണ്ടുള്ള ഫര്‍ണിച്ചറാണ് തെരഞ്ഞെടുത്തത്.
പഴയത് പുതുക്കിയപ്പോള്‍
പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് പാതി തുറന്ന ഒരു വരാന്തയിലൂടെ ഒന്നാം നിലയിലേക്കാണ് പ്രവേശനം. ലിവിങ് റൂം, 3 ബെഡ്‌റൂം എന്നിവ ഒന്നാം നിലയിലും കിച്ചന്‍, ഡൈനിങ് എന്നിവ ഗ്രൗണ്ട് ഫ്‌ളോറിലുമാണ്. ലിവിങ് റൂമിന്റെ തെറ്റായ ഡിസൈന്‍ നയമാണ് ആദ്യകാലത്ത് വീടിനുണ്ടായിരുന്ന സ്ഥലപരിമിതിക്ക് കാരണമായിരുന്നത്. ചെറിയ ലിവിങ് റൂമും അതിലേക്കു തുറക്കുന്ന മൂന്ന് ബെഡ്‌റൂമുകളുടെ വാതിലുകളും എന്ന പോരായ്മ പരിഹരിക്കുക എന്നതായിരുന്നു താന്‍ ആദ്യം ചിന്തിച്ചത് എന്ന് ആര്‍ക്കിടെക്റ്റ് സുജിത്ത് പറയുന്നു. വീട് നവീകരിച്ചപ്പോള്‍ ലിവിങ് റൂമിനെയും തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു ബെഡ്‌റൂമിനെയും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി പൊളിച്ചുമാറ്റി ബെഡ്‌റൂം ലിവിങ്ങിനോട് കൂട്ടിച്ചേര്‍ത്തു. തന്മൂലം ലിവിങ് ഏരിയയിലെ സ്‌പേസ് വര്‍ദ്ധിച്ചു. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ വാതിലിന്റെ സ്ഥാനവും കൂടി മാറ്റിയതിനാല്‍ സ്വകാര്യതയും സ്ഥലസൗകര്യവും വര്‍ദ്ധിച്ചു. എന്‍ട്രന്‍ സിന്റെ ഇടതുവശത്തുണ്ടായിരുന്ന ജനാല എടുത്തുമാറ്റി അവിടെ ആര്‍ച്ച് ആകൃതി നല്‍കിയതിനോടൊപ്പം മൂന്നാം നിലയിലേക്കുള്ള പ്രവേശന കവാടമായി ഇതിനെ മാറ്റുകയും ചെയ്തു.
പ്രകൃതിദത്ത വെളിച്ചം, സ്ഥല സൗകര്യങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ് ആര്‍ക്കിടെക്റ്റ് സുജിത്ത് തന്റെ വീട് പുതുക്കിപ്പണിതത്. ഇപ്പോള്‍ വീടിനുള്ളിലെ സൗകര്യം വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല, വീട് പഴയതിനേക്കാള്‍ മനോഹരവുമായി എന്നതാണ് സുജിത്തിന്റെ വീട്ടുകാരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *