പുത്തന്‍വേലിക്കരയിലെ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത് 10 സെന്റ് സ്ഥലത്ത് പത്തൊമ്പതര ലക്ഷത്തിനാണ്. ഗുണമേന്മയിലോ, ഭംഗിയിലോ, സൗകര്യങ്ങളിലോ യാതൊരു വിട്ടുവീഴ്ചയുമില്ല. കൊച്ചിയില്‍ തമ്മനത്തുള്ള ലെഗസി ഡിസൈനേഴ്‌സിലെ അനൂപ് ഫ്രാന്‍സിസാണ് അഗസ്റ്റിന്റേയും ഗ്രേസിയുടെയും ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, അറ്റാച്ച്ഡ് ബാത്ത്‌റൂമോടു കൂടിയ രണ്ടു ബെഡ്‌റൂമുകള്‍ ഇത്രയും സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. ഫസ്റ്റ് ഫ്‌ളോറിലാകട്ടെ ഒരു അറ്റാച്ച്ഡ് ബെഡ്‌റൂമും ചുറ്റിനും ഓപ്പണ്‍ ടെറസുമാണുള്ളത്. ബേസ്‌മെന്റ് കെട്ടാന്‍ 50 സെ.മീ. ആര്‍.ആര്‍. മേസണറി വര്‍ക്കും 15 സെ.മീ. ബെല്‍റ്റും വാര്‍ത്തിരിക്കുന്നു. ഭാവിയില്‍ വരാനിരിക്കുന്ന ആവശ്യങ്ങള്‍ക്കായി ഇപ്പോഴേ മുറികള്‍ പണിതി ടാതെ; അത്തരം അത്യാവശ്യങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യം മാത്രം ഒരുക്കിയിട്ടു. മുകള്‍ നിലയുടെ ഭാഗമായ ടെറസ്സിനെ ഭാവിയില്‍ മുറികളാക്കി പരിവര്‍ത്തിപ്പിക്കുവാന്‍ പ്രയാസമില്ല. വീട്ടുകാരുടെ സഹകരണവും അത്യാവശ്യങ്ങള്‍ തിരിച്ചറിഞ്ഞു ചെലവഴിക്കാനുള്ള മനോഭാവവുമാണ് 1690 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീടിന്റെ ഡിസൈനു പിന്നില്‍.
പുറംഭാഗത്തെ ഭിത്തികള്‍ക്ക് മാത്രം പുട്ടിയിട്ട് ഫിനിഷ് ചെയ്ത് പെയിന്റടിച്ചു. ഉള്ളിലെ ഭിത്തികള്‍ക്ക് പുട്ടി ഒഴിവാക്കി പകരം എമല്‍ഷന്‍ നല്‍കി പെയിന്റടിച്ചു. അതുപോലെ പ്രധാന വാതിലിനു മാത്രം മെലാമിന്‍ പോളിഷ് നല്‍കി. മറ്റ് ഡോറുകള്‍ക്കും വുഡന്‍ വര്‍ക്കുകള്‍ക്കും എല്ലാം വെളുത്ത പെയിന്റ് നല്‍കി ഒരേപോലെയാക്കി. വീട്ടുകാരുടെ ഭാഗത്തു നിന്നുമുള്ള സഹകരണം വീടുപണി ബഡ്ജറ്റിലൊതുക്കി ചെയ്യുവാന്‍ സഹായിച്ചിട്ടുണ്ട് എന്ന് വീടിന്റെ ഡിസൈനര്‍ അനൂപ് ഫ്രാന്‍സിസ് പറഞ്ഞു. കോണ്‍ക്രീറ്റിങ്ങിനുപയോഗിച്ചിരിക്കുന്നത് എംസാന്റാണ്. പ്ലാസ്റ്ററിങ്ങിന് പ്രീമിക്‌സ് സിമന്റ് പ്ലാസ്റ്ററും. പ്രധാന വാതില്‍ മാത്രം തേക്കുതടിയില്‍ തീര്‍ത്തു. മറ്റ് വാതിലുകള്‍ക്കെല്ലാം പിന്‍കോഡയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഭിത്തികെട്ടാന്‍ സാധാരണ സോളിഡ് ബ്രിക്കുകള്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു. എടുത്തുനില്‍ക്കുന്ന വര്‍ണ്ണങ്ങളോ, അകത്തള അലങ്കാരങ്ങളോ ഒന്നുമില്ലെങ്കിലും എല്ലാ അവശ്യസൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
അത്യാവശ്യങ്ങളെ മാത്രം ഉള്‍ക്കൊള്ളുവാനും തെരഞ്ഞെടുക്കുവാനുമുള്ള വീട്ടുകാരുടെ സഹകരണ മനോഭാവവും ആദ്യം നിശ്ചയിച്ച ബഡ്ജറ്റിനുള്ളില്‍ നിന്നു തന്നെ പണി തീര്‍ക്കുവാന്‍ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *