March 26th, 2015
പരിണാമഗാഥ

March 26th, 2015
പരിണാമഗാഥ

 

തിരുവനന്തപുരം നഗരത്തിന്റെ മര്‍മ്മ പ്രധാനമായ ഒരു സിരാകേന്ദ്രത്തിലാണ് ‘വില്ല സബീന’ എന്ന വീട് സ്ഥിതി ചെയ്യുന്നത്. ഏതൊരു നഗര പ്രദേശത്തെയും പോലെ നിര്‍മാണ യോഗ്യമായ സ്ഥലത്തിന്റെ ലഭ്യത ഇവിടെയും ശ്രമകരമായിരുന്നു. 6.5 സെന്റിന്റെ പ്ലോട്ടാണ് ഭവനനിര്‍മ്മാണത്തിന് ലഭ്യമായിരുന്നത്. അതിനാല്‍ ഇവിടെ ഒറ്റനിലയില്‍ പഴയ നാലുകെട്ടു മാതൃകയില്‍ ഒരു ഭവനം നിര്‍മ്മിക്കുക പ്രായോഗികമല്ല. സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടുള്ള രൂപാന്തരം പ്രാപിക്കലാണ് പരിണാമം. നിലവിലുള്ളതില്‍ നിന്ന് മാറി പ്രത്യേകമായൊരു ലക്ഷ്യപ്രാപ്തിയിലേക്കെത്തുവാനായിട്ടുള്ള ശ്രമം കൂടിയാണിത്. ആശയപരമായും, പ്രാവര്‍ത്തികമായും ഇത് പ്രായോഗികമാണ്. ഒരു പരിണാമം സാധ്യമാക്കുക എന്നതിന്റെ ആദ്യപടിയാണ് രൂപകല്പന. ഇത്തരമൊരു ഇവല്യൂഷനിലൂടെ നാലുകെട്ട് എന്ന ആശയത്തെ നവീനാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിക്കൊണ്ടാണ് വീട് പണിതിരിക്കുന്നത്. തിരുവനന്തപുരത്തെ ടി.പി.വി. ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് വര്‍ഗ്ഗീസ് പണിക്കരാണ് ‘വില്ല സബീന’യുടെ ശില്പി.
കാലാനുസൃതമായ ശൈലി
പരമ്പരാഗത ശൈലിയിലുള്ള നാലുകെട്ടു നിര്‍മ്മിതികള്‍ താപനിയന്ത്രണത്തിന്റെയും വെളിച്ചക്രമീകരണത്തിന്റെയും ഏറ്റവും മികച്ച മാതൃകകളാണ്. ‘വില്ല സബീന’ കാലാനുസൃതമായ ഭേദഗതിക്കടിസ്ഥാനമായാണ് നിര്‍വചിച്ചിരിക്കുന്നത്. ഒത്ത നടുക്കല്ലാതെ നടുമുറ്റം എന്നത് വീടിന്റെ ഒരു വശത്തേക്കു മാറ്റിയാണ് ആസൂത്രണം ചെയ്തത്. തന്മൂലം പരമ്പരാഗത നാലുകെട്ടുകളിലേതു പോലെ ഒറ്റനിലയിലല്ല വീടിന്റെ മുറികള്‍ വരുന്നത്. മറിച്ച് രണ്ടു നിലകളിലായി വിഭജിച്ചിരിക്കുന്നു. സ്ഥലത്തിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും പ്രധാന പരിഗണനകളാണെന്നതു കൊണ്ട് രണ്ടു നിലകളിലേക്കുള്ള ഈ രൂപമാറ്റം സാധൂകരിക്കത്തക്കതാണ്.
സ്റ്റെയര്‍കേസ്, കോര്‍ട്ട്‌യാര്‍ഡിനോടു ചേര്‍ന്ന് അതിന് ഒരു ത്രിമാനസ്വഭാവം നല്‍കിക്കൊണ്ട് തിരിഞ്ഞു കയറിപ്പോവുകയാണ്. ഈ ഏരിയ സ്റ്റാക്ക് വെന്റിലേഷന്‍ വഴി വായുസഞ്ചാരം ഉറപ്പാക്കുന്നു. വര്‍ത്തുളാകൃതിയില്‍ ഘട്ടം ഘട്ടമായാണ് സ്റ്റെയര്‍കേസ് നല്‍കിയിരിക്കുന്നത്. അകത്തും പുറത്തും കോര്‍ട്ട്‌യാര്‍ഡുകളാല്‍ സമൃദ്ധമായ വീടിനുള്ളിലേക്ക് ഗ്ലാസ് ഭിത്തികള്‍ വഴിയും ഓപ്പണിങ്ങുകള്‍ വഴിയും പുറത്തെ കാഴ്ചകള്‍ എത്തിച്ചിട്ടുണ്ട്. ബാത്ത്‌റൂമുകളില്‍ പോലും കോര്‍ട്ട്‌യാര്‍ഡിന്റെ സാന്നിധ്യമുണ്ട്. ഹരിതാശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മട്ടില്‍ പരമ്പരാഗത ശൈലിക്ക് ഒരു ആധുനികഭാഷ്യമാണിത്. നിലവിലുണ്ടായിരുന്ന പഴയ വീടിന്റെ സാമഗ്രികള്‍ ഒട്ടുമിക്കവയും ആര്‍ക്കിടെക്റ്റ് വര്‍ഗ്ഗീസ് പണിക്കര്‍ ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു. ലിവിങ്, ഡൈനിങ് ഏരിയകള്‍, അടുക്കള തുടങ്ങി അകത്തളങ്ങളിലെ മിക്കവാറും സ്ഥലങ്ങളില്‍ നിന്ന് പുറത്തെ പച്ചപ്പിലേക്ക് കാഴ്ച കിട്ടും വിധമാണ് മുറികളുടെ രൂപകല്പന.
ഹരിതാശയങ്ങള്‍
സ്റ്റെയര്‍കേസിന്റെ ഭാഗത്ത് നല്‍കിയിരിക്കുന്ന വെളിച്ച ക്രമീകരണ സംവിധാനം വീടിനുള്ളില്‍ നാച്വറല്‍ ലൈറ്റ് സമൃദ്ധമായി എത്തിക്കുന്നുണ്ട്. ഭിത്തികള്‍ പലതും വുഡും ഗ്ലാസും ക്ലാഡിങ് മെറ്റീരിയലുകളും ഒക്കെ ഉപയോഗിച്ച് ഫീച്ചര്‍ വാള്‍ ആയാണ് നിര്‍മ്മിച്ചിട്ടുള്ളത്. അകത്തളങ്ങളിലെ ഡിസൈന്‍ എലമെന്റായി മാറുന്ന സ്റ്റെയര്‍കേസ് വഴി മുകളിലേക്ക് കയറുമ്പോഴും പുറത്തെ ഹരിതാഭമായ കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. 3020 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ ഏരിയ. വില്ലയുടെ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്ന ശൈലിയും, രീതികളും, സാമഗ്രികളും എല്ലാം പരിഗണിക്കുമ്പോള്‍ ഇതൊരു ഹരിതഗേഹം തന്നെ. 2013-ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ മികച്ച ആര്‍ക്കിടെക്റ്റിനുള്ള സില്‍വര്‍ ലീഫ് അവാര്‍ഡിന് അര്‍ഹമായതാണീ പ്രോജക്റ്റ്. 2013-ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ സൗത്ത് സോണ്‍ മേഖലയില്‍ റസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ ഇന്‍ ഇന്‍ഡിപെന്‍ഡന്റ് വില്ല വിഭാഗത്തിലും, 2014-ലെ എന്‍ഡിടിവി ഡിസൈന്‍ ആന്‍ഡ് ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിനും ഈ വീടിന് നോമിഷന്‍ ലഭിച്ചു.
പരമ്പരാഗത ശൈലിയിലുള്ള വീടെന്ന ആശയത്തെ മിതത്വത്തിലൂന്നി നിന്നു കൊണ്ട് അതിന്റെ സ്വതസിദ്ധമായ സവിശേഷതകളൊന്നും വിട്ടുപോകാതെ സമകാലിക ശൈലിയിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീട്. പ്രകൃതിയുമായും ചുറ്റുപാടുമായും ഇഴുകിച്ചേരുന്ന ഒന്നാണ് ഏറ്റവും മികച്ച രൂപകല്പന എന്ന അടിസ്ഥാനത്തിലൂന്നി പ്രകൃതിസൗഭാഗ്യങ്ങളെ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഡിസൈന്‍ സാധ്യമാക്കണമെന്ന നിശ്ചയമാണ് ഈ വീടിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *