മുംബൈയില്‍ താമസമാക്കിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കാളിദാസ് മേനോനും കുടുംബവും സ്വന്തം നാടായ തൃശ്ശൂരില്‍ കുറച്ച് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചത് ഏറെ പ്രതീക്ഷകളോടെയാണ്. പക്ഷേ, പണി പാതി വഴിയില്‍ മുടങ്ങി. പ്ലാനും ആഗ്രഹങ്ങളും തമ്മില്‍ ഒക്കാത്തതാണ് കാരണം.വീടു പണി പൂര്‍ത്തിയാക്കാന്‍ നല്ലൊരു ഡിസൈനറെ അന്വേഷിച്ച് മടുത്ത കാളിദാസ് തിരിച്ച് മുംബൈയ്ക്ക് വണ്ടി കയറിയെങ്കിലും ഭാര്യ ജ്യോതി ലക്ഷ്മിക്ക് തിരിച്ച് പോകാന്‍ മനസ്സ് അനുവദിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്ത് വഴിയാണ് ജ്യോതി ലക്ഷ്മി തൃശൂരിലെ സ്‌പേസ്ട്യൂണ്‍ എന്ന സ്ഥാപനവുമായി പരിചയപ്പെടുന്നത്. വീടു പണിക്കിടെ സംഭവിച്ച പിഴവുകളും മനസ്സിലെ ആഗ്രഹങ്ങളും ആശയങ്ങളും ജ്യോതി ലക്ഷ്മി അവരെ അറിയിച്ചു. സ്‌പേസ് ട്യൂണ്‍സിന്റെ സാരഥികളായ ആന്റോ തോമസിനും ശാന്തിപ്രസാദിനും ശൈലജ രമേഷിനും അനവധി വീടുകള്‍ ഡിസൈന്‍ ചെയ്ത് പരിചയം ഉണ്ടെങ്കിലും പാതി വഴിക്ക് നിന്നുപോയ ഒരു വീടു പണി ഏറ്റെടുത്ത് നടത്തുക എന്നത് പുതിയൊരു അനുഭവമായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഇവര്‍ കാളിദാസിന്റെയും കുടുംബത്തിന്റെയും സ്വപ്‌ന ഗേഹം പണി തീര്‍ത്തു. ”രണ്ട് നില വേണം. ടോയ്‌ലറ്റ് അറ്റാച്ച്ഡ് ആയ മൂന്ന് ബെഡ് റൂമുകള്‍ ഉണ്ടായിരിക്കണം. പൂജാമുറി മുംബൈയില്‍ കാണുന്ന രീതിയിലായിരിക്കണം എന്നിങ്ങനെ ചെറിയ നിര്‍ബന്ധങ്ങളേ ക്ലൈന്റിന് ഉണ്ടായിരുന്നുള്ളൂ.” ഡിസൈനര്‍ ആന്റോ തോമസ് പറയുന്നു.
ലിവിങ് ഏരിയ ഹൃദയഭാഗം
മുംബൈയില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് പരിഷ്‌കാരമുള്ള വീട് വേണമെന്ന് കാളിദാസിന് നിര്‍ബന്ധമായിരുന്നു. അതിനാല്‍ വീടിന്റെ മുക്കിലും മൂലയിലും സമകാലീന ശൈലിയുടെ പിന്തുടര്‍ച്ചയുണ്ട്. ടെക്‌സ്ചര്‍ ഫിനിഷ് ചെയ്ത ചുമരുകളില്‍ നിഷുകള്‍ നിര്‍മ്മിച്ച് സിറ്റൗട്ടിന്റെ ഡിസൈന്‍ ആകര്‍ഷകമാക്കി. ധാരാളം ഓപ്പണ്‍ സ്‌പേസ് എന്ന നയത്തില്‍ ഡിസൈന്‍ ചെയ്ത ലിവിങ് കം ഡൈനിങ് റൂമാണ് ഈ വീടിന്റെ ഹൃദയ ഭാഗം. കാരണം, ലിവിങ്, ഡൈനിങ്, കോര്‍ട്ട്‌യാര്‍ഡ്, പൂജാമുറി ഇവയെല്ലാം ഒത്തു ചേരുന്നിടമായാണ് ഡിസൈനര്‍ ഈ ഏരിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ രണ്ട് നീളന്‍ ജനാലകള്‍, മ്യൂറല്‍ പെയിന്റിങ്, നിഷുകള്‍ എന്നിവയ്‌ക്കെല്ലാം ലിവിങ് സ്‌പേസില്‍ ഇടം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ പുറത്തെ ലാന്‍ഡ്‌സ്‌കേപ്പിലേക്ക് തുറക്കുന്ന ഒരു വാതിലുമുണ്ട്. വെള്ള, ബ്രൗണ്‍, ഗോള്‍ഡന്‍ നിറങ്ങളുടെ സങ്കലനമാണ് ഈ മുറി.
ലിവിങ് റൂമിനും ഡൈനിങ് റൂമിനും ഇടയിലാണ് കോര്‍ട്ട്‌യാര്‍ഡ് ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് യാര്‍ഡിന്റെ ഒരു ഭിത്തി സ്‌റ്റോണ്‍ ക്ലാഡ് ചെയ്ത് നിഷുകള്‍ നിര്‍മ്മിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കോര്‍ട്ട്‌യാര്‍ഡില്‍ നട്ടുപിടിപ്പിച്ച മുളം ചെടികളും ആര്‍ട്ടിഫിഷല്‍ പുല്ലും കോര്‍ട്ട് യാര്‍ഡിനെ ഹരിതാഭമാക്കുന്നു. ലിവിങ് റൂമിനും ഡൈനിങ് റൂമിനും ഇടയിലെ പാര്‍ട്ടീഷന്‍ വിടവ് നികത്തുന്നതും ഇവിടുത്തേക്ക് വെളിച്ചം എത്തിക്കുന്നതും കോര്‍ട്ട്‌യാര്‍ഡാണ്. ആറു പേരെ ഉള്‍ക്കൊള്ളുന്ന ഡൈനിങ് സ്‌പേസാണ് ഇവിടുത്തേത്. മഹാഗണി മരത്തില്‍ തീര്‍ത്ത മോഡേണ്‍ ടേബിള്‍ സെറ്റാണ് ഡൈനിങ് റൂമിന് ആധുനിക ഭംഗി നല്‍കുന്നത്. ഡൈനിങ് റൂമിന്റെ ഇടത് വശത്തായി വാഷ് കൗണ്ടര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വലതു വശത്താണ് പൂജാ മുറിയുടെ സ്ഥാനം. ഡൈനിങ്‌റൂമില്‍ നിന്നും തറ ഒരു ലെവല്‍ ഉയര്‍ത്തി അവിടെയാണ് പൂജാ മുറി ഒരുക്കിയിരിക്കുന്നത്. മുംബൈയിലൊക്കെ ചെയ്യാറുള്ളതുപോലെ ഒരു കൊച്ച് അമ്പലത്തിന്റെ രൂപത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നാല് തൂണുകളോട് കൂടിയതാണ് പൂജാ മുറി.
അല്പം ആഡംബരം
ബെഡ്‌റൂമുകളില്‍ അല്പം ആംഡംബരമായാല്‍ കൊള്ളാമെന്ന ക്ലൈന്റിന്റെ ആഗ്രഹം ഡിസൈനര്‍ നിറവേറ്റിയത് അതിന്റെ കെട്ടിലും മട്ടിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയാണ്. ബെഡ്‌റൂമുകളിലെ ലൈറ്റിങും സീലിങും കളര്‍ കോമ്പിനേഷനുകളുമാണ് കിടപ്പു മുറികളെ സുന്ദരമാക്കുന്നത്. ജിപ്‌സവും വെനീറും കൊണ്ടാണ് സീലിങ് . ഇന്‍ഡയറക്ട് ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളുമാണ് ബെഡ്‌റൂമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മറൈന്‍ പ്ലൈവുഡില്‍ തീര്‍ത്ത ധാരാളം വാഡ്രോബുകളും ഡ്രസിങ് ഏരിയയും ഓരോ ബെഡ് റൂമുകളിലുമുണ്ട്. മാത്രമല്ല ടി വി യുണിറ്റിനും കിടപ്പുമുറികളില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. ഇളം മഞ്ഞ, ചുവപ്പ്, വയലറ്റ് എന്നീ കളര്‍ തീമിലാണ് മൂന്ന് കിടപ്പു മുറികളും. മഞ്ഞ കലര്‍ന്ന നിറത്തിലാണ് മാസ്റ്റര്‍ ബെഡ് റൂം. ഇളം നിറത്തിലെ ഇന്‍ബില്‍റ്റ് കട്ടിലിന്റെ ഹെഡ് ബോഡ് വരുന്ന ഭിത്തിക്ക് കടുംനിറം നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഹെഡ് ബോഡിന്റെ ഇരു വശങ്ങളിലും നിഷുകള്‍ക്കും ഇടം കൊടുത്തിരിക്കുന്നു. വയലറ്റ്, വെളുപ്പ് നിറങ്ങളുടെ പ്രസരിപ്പിലാണ് ഒരു കിടപ്പു മുറി. വയലറ്റ് നിറത്തിലെ ഇന്‍ബില്‍റ്റ് കട്ടിലിന്റെ ഹെഡ് ബോഡിന് കടും വയലറ്റ് നിറം നല്‍കി അതിനുള്ളില്‍ വെളുത്ത ചെറിയ രണ്ട് ബോക്‌സുകള്‍ കൊടുത്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ചുവപ്പ് നിറമാണ് അടുത്ത കിടപ്പു മുറിയുടെ നിറത്തിന് ആധാരം. ചുവപ്പ് നിറത്തിലെ ഇന്‍ബില്‍റ്റ് കട്ടിലിന്റെ ഹെഡ് ബോഡ് ഒരു സൈഡിലായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെഡ് ബോഡില്‍ ഒരു വശത്ത് ഗ്ലാസ് ഇടുകയും മറുവശത്ത് ക്രോക്കറി ഷെല്‍ഫ് സ്ഥാപിക്കുകയും ചെയ്തു.
പുള്‍ ഔട്ട് സ്‌റ്റോറേജ് യൂണിറ്റുകളാണ് ഈ അടുക്കളയെ ശ്രദ്ധേയമാക്കുന്നത്. കിച്ചന്‍ കാബിനറ്റുകള്‍ എല്ലാം പ്ലൈവുഡില്‍ വെനീര്‍ ഫിനിഷിങോടെ നിര്‍മ്മിച്ചിരിക്കുന്നു. 330 സെന്റീ മീറ്റര്‍ ഉയരത്തിലാണ് അടുക്കളയുടെ തറ. അതുകൊണ്ട് 280 സെന്റീ മീറ്റര്‍ ഉയരത്തില്‍ കാബിനറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. കാബിനറ്റുകളെ ബോട്ടം യൂണിറ്റ്, അപ്പര്‍ യൂണിറ്റ്, ലോഫ്റ്റ് ഏരിയ എന്നിങ്ങനെ മൂന്നായി ഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് കാബിനറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ, കാബിനറ്റുകളുടെ ഡോറുകള്‍ തേക്കിന്റെയും വെനീറിന്റെയും ഷേഡുകള്‍ കൊടുത്ത് വ്യത്യസ്തമാക്കിയിരിക്കുന്നു.ഗ്രനൈറ്റ് ഉപയോഗിച്ചാണ് കൗണ്ടര്‍ ടോപ്പ്. സ്ഥലം ഒട്ടും പാഴാക്കാതെ യു ഷേപ്പിലാണ് അടുക്കളയുടെ ഡിസൈന്‍.
മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വണ്ടികയറുമ്പോള്‍ മനസ്സില്‍ നിനച്ചൊരു വീട് തന്നെയാണോ തന്നെ കാത്തിരിക്കുന്നത് എന്ന് കാളിദാസിന് ആകാംഷയുണ്ടായിരുന്നു. തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം വീട്ടിലെ എല്ലാവരുടെയും ഇഷ്ടങ്ങള്‍ കൂടി കോര്‍ത്തിണക്കിയാണ് സ്‌പേസ് ട്യൂണ്‍സ് വീട് ഒരുക്കിയിരിക്കുന്നത് എന്ന് കാളിദാസ് പറയുമ്പോള്‍ ഈ കുടുംബത്തിന്റെ മനസ്സിനിണങ്ങിയ വീടെന്ന സ്വപ്നം സാക്ഷാത്കാരത്തില്‍ പങ്കാളിയായതിന്റെ സന്തോഷത്തിലാണ് ഡിസൈനര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *