• Jul 3, 2018
  • admin
  • Comments Off on പാര്‍ട്ടീഷനുകള്‍; ഉപയോഗവും സൗന്ദര്യവും
  • Designer + Builder, Interior
  • 123 Views

ഒരു വീടിന്റെ ലിവിങ് കം ഡൈനിങ് സ്‌പേസോ, ഡൈനിങ് കം കിച്ചന്‍ ഏരിയയോ മാത്രമല്ല പാര്‍ട്ടീഷന്‍ നല്‍കി വേര്‍തിരിക്കാവുന്നത്. വീടിന്റെ മറ്റു ചിലയിടങ്ങളിലും ഇത്തരം പാര്‍ട്ടീഷനുകള്‍ ഉപയോഗിച്ച് സ്ഥലം ആവശ്യാനുസൃതം വേര്‍തിരിക്കാവുന്നതാണ്. അതിലൊന്നാണ് കുട്ടികളുടെ മുറി. കുട്ടികളുടെ മുറിയില്‍ ഉചിതമായ സ്ഥലത്ത് പാര്‍ട്ടീഷന്‍ നല്‍കുന്നതു വഴി ആ സ്‌പേസ് ഒരു ഫങ്ഷണല്‍ ഫണ്‍ സ്‌പേസാക്കി മാറ്റാനാകും.

 

കിഡ്‌സ്‌റൂമിനു പാര്‍ട്ടീഷന്‍ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് അതിന്റെ ക്രമീകരണം. രണ്ടുപേര്‍ ഉപയോഗിക്കുന്ന മുറിയിലെ പാര്‍ട്ടീഷന്‍, കുട്ടികള്‍ക്ക് സ്വകാര്യത നല്കുന്നതും സ്വസ്ഥവും ഇടുങ്ങിയതല്ലാത്തതുമാകണം. ഇത്തരം പാര്‍ട്ടീഷനുകള്‍ കുട്ടികളില്‍ അവരവരുടെ ഭാഗം അടുക്കും ചിട്ടയുമുള്ളതായി വയ്ക്കാനുള്ള ഉത്തരവാദിത്വം ഉണ്ടാക്കിയെടുക്കും.

കുട്ടികളുടെ പ്രായത്തിനനുസരിച്ച്, ഇന്റീരിയര്‍ ഡെക്കോറിനോടിണങ്ങുന്ന, ഉപയുക്തവും ആകര്‍ഷകവുമായ പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കാം. ഇരുഭാഗവും തുറന്ന ബുക്ക് ഷെല്‍ഫുകളും റാക്കുകളും എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ബുക്ക് ഷെല്‍ഫുകള്‍ പാര്‍ട്ടീഷനാക്കുന്നതു വഴി കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റ് അവശ്യസാധനങ്ങളും വൃത്തിയായി അടുക്കി വയ്ക്കാനാകും. ഇങ്ങനെ ഉപയോഗപ്രദമായ ഒരു ഫര്‍ണിച്ചര്‍ ‘സെമി-വിസിബിള്‍’ പാര്‍ട്ടീഷനായി മാറ്റാം.

 

കുട്ടികളുടെ മുറിയില്‍ താല്‍ക്കാലികമായുള്ള പാര്‍ട്ടീഷന്‍ നല്കുകയാണ് ഉചിതം. കുട്ടികള്‍ വലുതാകുമ്പോള്‍ കൂടുതല്‍ സ്ഥലസൗകര്യം വേണ്ടി വരുന്നതിനാലാണിത്. കുട്ടികളുടെ മുറിയില്‍ ഗ്ലാസിനേക്കാള്‍ നല്ലത് ജിപ്‌സം പാര്‍ട്ടീഷനുകള്‍ നല്കുകയാണ്. ഭംഗിയുള്ള കര്‍ട്ടനുകളും പാര്‍ട്ടീഷനുകളായി ഉപയോഗിക്കാം. ഫ്‌ളോര്‍ ടു സീലിങ് കര്‍ട്ടനുകള്‍ സൗകര്യപ്രദമായ പാര്‍ട്ടീഷനാണ്.

വിവിധതരം മെറ്റീരിയലുകളില്‍ വ്യത്യസ്തമായ നിറത്തിലും പാറ്റേണിലും ഇന്ന് കര്‍ട്ടനുകള്‍ ലഭ്യമാണ്. ആകര്‍ഷകമായ കര്‍ട്ടന്‍ ടൈ-ബാക്കുകള്‍ കൊണ്ട് കര്‍ട്ടനുകള്‍ മനോഹരമാക്കുന്നതിനപ്പുറം വെളിച്ചം ക്രമീകരിക്കാനും സാധിക്കും. ഫോള്‍ഡിങ് സ്‌ക്രീനുകളും കുട്ടികളുടെ മുറിയില്‍ പാര്‍ട്ടീഷനായി ഉപയോഗിക്കാം. ഇവ അലങ്കാരമായും മാറ്റാം. ടീനേജുകാരുടെ ബെഡ്‌റൂമിലാണ് ഫോള്‍ഡിങ് സ്‌ക്രീനുകള്‍ ഏറ്റവും അനുയോജ്യം. അവര്‍ക്ക് വേണ്ടത്ര സ്വകാര്യത നല്‍കാന്‍ ഇതുവഴി സാധിക്കും. കുട്ടികളുടെ മുറിയില്‍ ഒരു ഒട്ടോമാനോ ലൗഞ്ച് ചെയറോ വേണ്ടവിധം ക്രമീകരിച്ചാല്‍ അതൊരു പാര്‍ട്ടീഷനായും ‘റീഡിങ് സ്‌പേസ്’ ആയും ഉപയോഗിക്കാം.

കിഡ്‌സ്‌റൂമിനു മാത്രമല്ല, മാസ്റ്റര്‍ ബെഡ്‌റൂമുകള്‍ക്കും പാര്‍ട്ടീഷന്‍ നല്‍കാം. വിശാലമായ മാസ്റ്റര്‍ ബെഡ്‌റൂമുകളില്‍ ടിവിക്കും, വായനക്കും, ഒരുങ്ങാനും, വിശ്രമിക്കാനും എല്ലാം കൃത്യമായി ഇടം തിരിക്കാവുന്നതാണ്. വാഡ്രോബിനോട് ചേര്‍ന്ന് ഒരു ഫോള്‍ഡിങ് സ്‌ക്രീന്‍ വച്ചാല്‍ ബെഡ്‌റൂമില്‍ തന്നെ ഡ്രസ്സിങ്ഏരിയ ഒരുക്കാം. ഇത്തരത്തില്‍ ഫോള്‍ഡിങ് സ്‌ക്രീന്‍ ഉപയോഗിച്ച് കിടപ്പുമുറിയില്‍ ഓഫീസ്‌സ്‌പേസും തിരിക്കാം.

ബുക്ക്‌ഷെല്‍ഫ് പോലൊരു ഫര്‍ണിച്ചര്‍ പീസ് കൊണ്ട് സുന്ദരമായി ബെഡ്‌റൂമില്‍ ഒരു ഓഫീസ്‌സ്‌പേസ് വേര്‍തിരിച്ചെടുക്കാം. ചെസ്റ്റ് ഓഫ് ഡ്രോയേഴ്‌സ്, ഡ്രെസ്സര്‍, ചെയ്‌സ് ലോഞ്ച് എന്നിവയും ഇത്തരം പാര്‍ട്ടീഷനുവേണ്ടി ഉപയോഗിക്കാം. ഇവ ബെഡ്‌റൂമിനു ഭംഗി കൂട്ടുക മാത്രമല്ല, ഫോട്ടോ ഫ്രെയിമുകള്‍ വയ്ക്കാനും കൗതുകവസ്തുക്കള്‍ വയ്ക്കാനുമായി ഉപയോഗിക്കാം.

കിടപ്പുമുറിയില്‍ ചെടികള്‍ വയ്ക്കുന്നത് ഉചിതമാണോ എന്നത് തര്‍ക്കവിഷയമാണ്. രാത്രികാലങ്ങളില്‍ ചെടികള്‍ ശ്വസിക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവ് മുറിയില്‍ കുറയുമെന്നത് ഇതിന്റെ ശാസ്ത്രീയവശമാണ്. എന്നിരുന്നാലും ചെടികള്‍ പകല്‍ സമയത്ത് വായു ശുദ്ധീകരിക്കും. ആ നിലയ്ക്ക് ബെഡ്‌റൂമില്‍ ഒരു സ്വകാര്യ ലിവിങ് റൂമിന്റേതായ സ്‌പേസ് വേര്‍തിരിക്കാന്‍ ‘ഗ്രീന്‍വാള്‍’ ഉപയോഗിക്കാം. വയര്‍മെഷില്‍ വളര്‍ത്തുന്ന ചെടികള്‍ പച്ചപ്പു നിറഞ്ഞ ഒരു പാര്‍ട്ടീഷന്‍ എന്നതിലുപരി വായു ശുദ്ധീകരിക്കുകയും ശബ്ദം വലിച്ചെടുക്കുകയും വായുവില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. കൃത്യമായി പരിപാലിച്ചാല്‍ അതീവ സുന്ദരമായ ഒരു പാര്‍ട്ടീഷനാക്കാം ‘ഗ്രീന്‍ വാള്‍’.

പാര്‍ട്ടീഷനുകള്‍ ഒരു മുറിയെ ഭാഗിക്കുക മാത്രമല്ല; ആ മുറിക്ക് സവിശേഷമായ സ്വഭാവവും പകരുന്നു. ഇവ ഒരു പരിധിവരെ സ്വകാര്യത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യസ്‌പേസില്‍ ഉപയോഗപ്രദമായ വേര്‍തിരിവുകള്‍ നടത്തുമ്പോള്‍ ശ്രദ്ധയോടെയുള്ള പ്ലാനിങ്ങും, ഏതുതരം പാര്‍ട്ടീഷന്‍ ഉപയോഗിക്കണം എന്ന കൃത്യമായ തീരുമാനവും അനിവാര്യമാണ്.

Comments are closed.