തൃശൂര്‍ മൃഗശാലയ്ക്ക് നേരെ എതിര്‍വശത്തുണ്ടായിരുന്ന മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്ലോട്ടിലാണ് ജിജി ഫ്രാന്‍സിസ് തന്റെ വ്യാപാരസ്ഥാപനത്തിന്റെ ഓഫീസ് പണിയാന്‍ തീരുമാനിച്ചത്. തൃശൂര്‍ നഗരത്തില്‍ നിന്നു 1 കിലോമീറ്റര്‍ മാറി ചെമ്പൂക്കാവില്‍ കിച്ചന്‍ ഷോറൂമിനായി കണ്ടെത്തിയ 10 സെന്റ് പ്ലോട്ടില്‍ തീര്‍ത്തും ഐക്കോണിക്കായതും നല്ല നോട്ടം കിട്ടുന്നതുമായ മട്ടില്‍ ഷോറൂം പണിയുന്നതില്‍ സംശയങ്ങള്‍ മാത്രമായിരുന്നു ജിജിക്ക.് ആ സംശയങ്ങള്‍ക്കെ ല്ലാം പരിഹാരം കണ്ടത് ആര്‍ക്കിടെക്റ്റ് ജാക്ക്ചാണ്ടി ഫ്രാന്‍സിസിന്റെ വരവോടെയാണ്. ഈ പ്ലോട്ടില്‍ 1300 സ്‌ക്വയര്‍ ഫീറ്റില്‍ ‘കോണ്‍ടെക് കിച്ചന്‍ ഇന്റീരിയേഴ്‌സ് & സൊല്ല്യൂഷന്‍സ് ഉയര്‍ന്നത് ചുറ്റുപാടുകള്‍ക്കിണങ്ങുന്ന രീതിയിലും ആരെയും ആകര്‍ഷിക്കുന്ന തരത്തിലും. വളഞ്ഞ മേല്‍ക്കൂരയുമായി സവിശേഷാകൃതിയിലുള്ള കെട്ടിടം ഒരുക്കിയെടുത്തത് ആര്‍ക്കിടെക്റ്റ് ജാക്ക് ചാണ്ടിയാണ്. നിറയെ മരങ്ങളുള്ള പ്ലോട്ടിനോട് നീതി പുലര്‍ത്തും വിധമാണ് കെട്ടിടം പണിതീര്‍ത്തിരിക്കുന്നത്.

ഘടനാ വൈവിധ്യത്തോടെ

ഘടനയിലെ വ്യത്യസ്തതയാണ് ഈ കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. അടുക്കളോപകരണങ്ങളുടെ ഷോറൂമായതിനാല്‍ ചിമ്മിനിയുടെ മാതൃകയില്‍ ആവാമെന്നായിരുന്നു ക്ലയന്റിന്റെ ആഗ്രഹം. അത്തരത്തിലൊരു ഡിസൈന്‍ സ്ഥിരം ശൈലിയാണെന്നു മാത്രമല്ല പ്ലോട്ടിനനുസൃതവുമല്ലാത്തതിനാല്‍ വ്യത്യസ്തമായ രീതിയില്‍ ഇതിനെ സമീപിക്കുകയായിരുന്നെന്ന് ആര്‍ക്കിടെക്റ്റ് പറയുന്നു. തീര്‍ത്തും നവീനമായ ഈ തീരുമാനമാണ് ഹൈപ്പര്‍ ബോളിക് പാരാബ്ലോയിഡ് ആകൃതിയില്‍ കെട്ടിടം പണിയാന്‍ ആര്‍ക്കിടെക്റ്റിനു കരുത്തേകിയത്.

ആറ് മീറ്റര്‍ ഉയരത്തില്‍ ഡബിള്‍ ഹൈറ്റില്‍ രണ്ട് വശങ്ങളും വളഞ്ഞുള്ള കെട്ടിടം ഒരുക്കിയെടുക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു.ണ്ടു വശത്തേക്കും വളയമുള്ള ഒരു ‘ഷെല്‍’ മാതൃക നല്‍കി കാലാവസ്ഥയ്ക്കനുയോജ്യമാം വിധം കെട്ടിടം തയ്യാറാക്കി. അതിനാല്‍ അകത്ത് കൂടുതല്‍ വ്യാപ്തി തോന്നിക്കുകയും ചുവര്‍ തന്നെ മേല്‍ക്കൂരയായി രൂപാന്തരപ്പെടുകയും ചെയ്തു. വെള്ളം കെട്ടി നില്‍ക്കാതെ പായലില്‍ നിന്നും പൂപ്പലില്‍ നിന്നും കെട്ടിടത്തെ സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള മാതൃകയായതു കൊണ്ടു എളുപ്പം സാധിക്കുന്നു.പ്രകൃതി സ്വയം നിശ്ചയിക്കുന്ന ആകൃതികളില്‍ നിന്ന് കടം കൊണ്ട് പണികഴിപ്പിച്ചതിനാല്‍ പ്രകൃതിയെ അനുകരിക്കുകയാണ് ഇവിടെ. എട്ട് മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരവുമുള്ള കെട്ടിടങ്ങള്‍ക്ക് 80 സെമീ ആഴമുള്ള ബീം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള രൂപമാതൃകയാകയാല്‍ മൂന്നര സെന്റീമീറ്റര്‍ മാത്രമുള്ള കനം കുറഞ്ഞ ഫെറോസിമന്റ് സ്ലാബുകള്‍ ഉപയോഗിച്ചു. ഇത് ചെലവു കുറച്ചെന്ന് മാത്രമല്ല ഇന്റീരിയറിനെ ആകര്‍ഷമാക്കുകയും ചെയ്തു.

സമയവും മെറ്റീരിയലുകളും കാശും പാഴാക്കാതെയാണ് ആര്‍ക്കിടെക്റ്റ് ഇതൊരുക്കിയത്. കോണ്‍ക്രീറ്റിന്റെ അളവുകുറയ്ക്കാന്‍ സഹായകമായത് അതിന്റെ ഘടന തന്നെ. അതിനാല്‍ കനം കുറഞ്ഞ ചുവരുകളാണ് കെട്ടിടത്തിനുള്ളത്. ഷട്ടര്‍ ഒഴിവാക്കി 2 ലെയര്‍ ചിക്കന്‍ മെഷും ഒരു ലെയര്‍ വെല്‍ഡഡ് മെഷും നല്‍കി അതിനുള്ളില്‍ കോണ്‍ക്രീറ്റ് സ്‌പ്രേ ചെയ്തു. സാധാരണയായി ഫോം വര്‍ക്കില്‍ ചെയ്തു വരുന്ന തട്ട് അടിക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കി. പോളിയുറീത്തീന്‍ പെയിന്റു നല്‍കി ആകര്‍ഷകമാക്കുന്നതോടൊപ്പം ചൂടിനെ പ്രതിരോധിക്കാനും വെള്ളം കെട്ടി നില്‍ക്കാതിരിക്കുന്നതിനുള്ള വഴിയും ഇതിലൂടെ കണ്ടെത്തി. വ്യത്യസ്തമായ രീതിയില്‍ ഈ സ്ട്രക്ചര്‍ നിര്‍മ്മിക്കാന്‍ ജാക്കിനു കൂട്ടായത് സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. അബ്ദുള്‍ കലാമാണ്.

ഒന്നും ഒന്നും മൂന്ന്

ഒറ്റ നിലയായി കാണപ്പെടുന്ന ഈ കെട്ടിടത്തിന് സവിശേഷതകളേറെയാണ്. മൂന്നു ലെവലുകളാണ് കെട്ടിടത്തിനുള്ളില്‍. കയറി ചെല്ലുന്നയിടം ഡിസ്‌പ്ലെ ഏരിയയാണ്. മുകളിലും താഴെയും സ്റ്റെയര്‍കേസ് നല്‍കി മറ്റ് ലെവലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. താഴെ ഡിസൈനിങ്ങും അഡ്മിനിസ്‌ട്രേഷനും, മുകളില്‍ ഡിസ്‌കഷന്‍ ഏരിയയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മുന്‍വശം പൂര്‍ണ്ണമായും ടഫന്‍ഡ് ഗ്ലാസ്സ് നല്‍കിയതിനാല്‍ നല്ലൊരു ഡിസ്‌പ്ലെ തന്നെയാണ് കാഴ്ച്ചക്കാര്‍ക്ക് ലഭിക്കുന്നത്. ഘടനാ വൈവിധ്യം കൊണ്ടും പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള വസ്തുക്കളെ കൊണ്ടും ആ വഴി കടന്നു പോകുമ്പോള്‍ ആരും ഒന്നു കയറിപ്പോകും.

എക്‌സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും മനോഹരമാക്കുന്നതില്‍ ആര്‍ക്കിടെക്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. യെല്ലോ ഓക്‌സൈഡും ഗ്രേ പെയിന്റും കൊണ്ട് ചെയ്തിട്ടുള്ള ഫ്‌ളോറിങ്ങും വ്യത്യസ്തമാണ്. ഇവിടെയൊരുക്കിയ ഇരിപ്പിടങ്ങളും മേശകളും എല്ലാം കന്റംപ്രറി ശൈലിയോട് നീതി പുലര്‍ത്തുന്നവയാണ്. കൂടാതെ മുകള്‍ നിലയുടെ ഭാഗമായ ചുമരില്‍ ചെയ്തിട്ടുള്ള മ്യൂറല്‍ പെയിന്റിങ്ങും ഈ ഏരിയയെ മനോഹരമാക്കുന്നു. വിനൈല്‍ ഷീറ്റ് വിരിച്ച സ്റ്റെയര്‍കേസ് എം.എസ് ബോക്‌സ് സെക്ഷനിലാണ് ഒരുക്കിയത്. ഇന്റീരിയര്‍ ഒരുക്കുന്നതില്‍ നേതൃത്വം നല്‍കിയത് ഇന്‍ട്രിക്‌സ് ഇന്റീരിയേഴ്‌സിലെ ഡിസൈനര്‍മാരായ ഫ്രാങ്കോയും, റെബിയുമാണ്.ആര്‍ക്കിടെക്റ്റ് ജാക്ക് പണിയുന്ന വീടുകള്‍ക്ക് കിച്ചന്‍ ഒരുക്കുന്നത് ജിജിയായതിനാല്‍ അദ്ദേഹത്തെ തന്നെ സ്ട്രക്ചറല്‍ ജോലി ഏല്‍പിക്കുകയായിരുന്നു. തന്റെ ഷോറൂമിന്റെ നിര്‍മ്മാണത്തില്‍ കൈമുദ്ര പതിപ്പിക്കാന്‍ തനിക്കായതില്‍ ജിജിയും ഏറെ സന്തോഷിക്കുന്നു.

നിര്‍മ്മാണ രീതികളും നിര്‍മ്മാണ സാമഗ്രികളും തമ്മില്‍ മിശ്രണം ചെയ്ത് പുതിയ തരത്തിലുള്ള നിര്‍മ്മാണ രീതിയുടെ സാധ്യതകള്‍ ആരായുന്ന ഒരു ഹൈബ്രിഡ് ബയോസ്ട്രക്ചര്‍ ആണിത്. ഈ പരീക്ഷണം ടെന്‍സൈല്‍ ഫാബ്രിക് ഘടനാരീതിയും, ഷെല്‍ രൂപത്തിലുള്ള നിര്‍മ്മാണ രീതിയും ചേര്‍ന്നാല്‍ ഉള്ള സാധ്യത പരിശോധിക്കും വിധമാണ്. വര്‍ത്തുളമായ കോണ്‍ക്രീറ്റ് ഘടനകള്‍ ഉണ്ടാക്കുന്ന നിര്‍മ്മാണപ്രക്രീയയെ ലഘൂകരിക്കാനിതു സഹായിക്കുന്നു. വ്യത്യസ്തങ്ങളായ സ്ഥല സൗകര്യങ്ങള്‍ സൃഷ്ടിക്കാനും സ്ട്രക്ചറലും സ്‌പെഷ്യലുമായ ഘടകങ്ങളുടെ രൂപപ്പകര്‍ച്ച സാധ്യമാക്കാനും ഇങ്ങനെ ചെയ്യുക വഴി വളരെ വ്യക്തമായ ഒരു ജ്യോമട്രിക്കല്‍ ഘടന രൂപപ്പെടുത്താനും ഈയൊരു സങ്കര പരീക്ഷണം വഴിവെയ്ക്കുന്നു. ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളായിരിക്കും ഏറ്റവും സങ്കീര്‍ണ്ണമായ രൂപഘടനകള്‍ സൃഷ്ടിക്കാന്‍ പ്രകൃതി പിന്തുടരുന്നത്. അതിനാല്‍ ലളിതമായ രീതികളിലൂടെ ഒരു സങ്കീര്‍ണ്ണ ഘടന വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് ഇവിടെയും നടന്നത്.

 

Comments are closed.