ഒരു അടുക്കള എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നത് ആര്‍ക്കിടെക്‌റ്റോ, ഇന്റീരിയര്‍ ഡിസൈനറോ ആരുമല്ല. ഏതൊരു വീട്ടിലെയും വീട്ടമ്മയാണ്. സ്വന്തം വീട്ടില്‍ എന്തൊക്കെ പാചകരീതികളാണ് ഉള്ളത്, ജീവിതരീതി എങ്ങനെയാണ് എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ മറ്റാരേക്കാളും അറിയുന്നത് അടുക്കള കൈകാര്യം ചെയ്യുന്ന വീട്ടമ്മയ്ക്കു തന്നെയാണ്. ഇതെല്ലാം മനസ്സിലാക്കിയ ശേഷം ഒരു ആര്‍ക്കിടെക്റ്റിന്റെയോ ഡിസൈന്‍ പ്രൊഫഷണലിന്റെയോ സഹായം തേടുക. കിച്ചന്റെ ഡിസൈനിങ്ങില്‍ പ്ലാനിങ് ഘട്ടം തന്നെയാണ് പരമപ്രധാനം. മോഡുലാര്‍ കിച്ചനുകളില്‍ തന്നെ 10 വര്‍ഷം മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന സ്ഥിതിയും, ഇന്നത്തെ സ്ഥിതിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നമ്മുടെ ലൈഫ് സ്റ്റൈലില്‍ വന്ന മാറ്റമാണ് ഇത്. ഓപ്പണ്‍ ശൈലിക്ക് ഇന്ന് ഏറെ പ്രചാരവും പ്രാധാന്യവുമുണ്ട്. കന്റംപ്രറി ശൈലിയിലാണ് ‘ഓപ്പണ്‍’ കിച്ചന്‍ സാധ്യമാകുന്നത്. ഒരു ട്രഡീഷണല്‍ ഡിസൈനില്‍ അല്ലെങ്കില്‍ സെമി മോഡുലാര്‍ രീതിയില്‍ ഒരിക്കലും ഓപ്പണ്‍ കിച്ചന്‍ ഫലപ്രദമാകില്ല. ഡിസൈന്‍ സാധ്യതകളെക്കുറിച്ചുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും വന്നു കഴിഞ്ഞിട്ടുണ്ട്. അതാണ് കന്റംപ്രറി ശൈലിയിലേക്കുള്ള കൂടുമാറ്റം ദ്രുതഗതിയിലാക്കിയത്. തങ്ങള്‍ക്കുവേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുവാനും, എളുപ്പം മാറ്റം വരുത്തുവാനും പറ്റിയ സാധ്യതകള്‍ ഉള്ളത് കന്റംപ്രറി ശൈലിയിലാണെന്ന് വരുമ്പോള്‍ കന്റംപ്രറി ശൈലിയുടെ പ്രതിനിധിയായ തുറന്ന അടുക്കളകളെ മുന്നില്‍ കണ്ടു കൊണ്ടാണ് വീടിന്റെ തന്നെ ഡിസൈനിങ്ങും പ്ലാനിങ്ങും ഒക്കെ നടത്തേണ്ടത്.
ഓപ്പണ്‍ കിച്ചന്‍: ഗുണദോഷങ്ങള്‍
വളരെയധികം കുക്കിങ് നടക്കുന്ന ഒരു വീടാണെങ്കില്‍ അതായത് വറുക്കലും പൊരിക്കലും, മസാലകള്‍ ധാരാളം ഉപയോഗിച്ചുള്ള പാചകരീതികള്‍, കൂടുതല്‍ അളവിലുള്ള പാചകം ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉള്ള ഒരു വീട്ടില്‍ തുറന്ന അടുക്കളയാണെങ്കില്‍ ചിലപ്പോള്‍ മണവും, പുകയും മറ്റും വീടിനുള്ളില്‍ മറ്റിടങ്ങളിലേക്ക് കടന്നു വരുവാനും ചിലപ്പോഴെങ്കിലും അലോസരമായി തോന്നുവാനും ഇടയുണ്ട്. രണ്ട് അടുക്കളകള്‍ ഉള്‍പ്പെടുത്തുവാന്‍ സ്ഥലവും ബഡ്ജറ്റും അനുവദിക്കുന്നുണ്ടെങ്കില്‍ ചെറിയ രീതിയിലുള്ള പാചകത്തിനു മാത്രമായുള്ള പാന്‍ട്രികിച്ചന്‍ ഓപ്പണായി പ്ലാന്‍ ചെയ്യുക. വര്‍ക്കിങ് കിച്ചന്‍ ഭിത്തിയും വാതിലും കൊടുത്തു ഡിസൈന്‍ ചെയ്യുക. ഓപ്പണ്‍ കിച്ചനില്‍ ചിമ്മിനി, എക്‌സ്‌ഹോസ്റ്റ് ഇവയൊക്കെ കൃത്യമായി സ്ഥാനം നേടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
കൃത്യമായും വൃത്തിയായും പരിപാലിക്കുന്ന സ്വഭാവമുള്ളവര്‍ക്കേ ഓപ്പണ്‍ കിച്ചന്‍ യോജിക്കൂ എന്ന് പ്രത്യേകം ഓര്‍ക്കുക. അടുക്കള സാമഗ്രികള്‍ വലിച്ചു വാരിയിടുകയും, പാത്രങ്ങള്‍ കഴുകാതെയിടുകയും ഒക്കെ ചെയ്ത് അടുക്കളയില്‍ നിന്നും ദുര്‍ഗന്ധവും പാറ്റയുടെ ശല്യവും ഒക്കെ ഉണ്ടാവുകയും ചെയ്താല്‍ ആ വീടിന്റെ അന്തരീക്ഷമാകെ അലങ്കോലമാകാന്‍ അതു മതി. വൃത്തിയായും ശുചിയായും കൃത്യമായും പരിപാലിക്കുവാന്‍ (ക്ലീന്‍, നീറ്റ്, വെല്‍ മെയിന്റയിന്‍ഡ്) ബുദ്ധിമുട്ടാണെങ്കില്‍ ഓപ്പണ്‍ കിച്ചന്‍ സ്വീകരിക്കാതിരിക്കുക.
ഒരു ഉദ്യോഗസ്ഥയായ വീട്ടമ്മയ്ക്ക് ഓപ്പണ്‍ കിച്ചന്‍ ഏറെ പ്രയോജനം ചെയ്യും. വൈകുന്നേരങ്ങളിലെ പാചകസമയത്ത് കുട്ടികളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാനാകും. ഒരു ലാപ്‌ടോപ്പിനുള്ള സ്ഥാനം നല്‍കിയാല്‍ ഇടയ്ക്ക് മെയില്‍ നോക്കാം. ഫാമിലി ലിവിങ് തൊട്ടടുത്തെങ്കില്‍ ടി.വി. കണ്ടു കൊണ്ട് പാചകം ചെയ്യാം. വീട്ടില്‍ ഗസ്റ്റുകളുണ്ടെങ്കില്‍ തുറന്ന അടുക്കളയാവുമ്പോള്‍ അവരെ ശ്രദ്ധിക്കാം. കുടുംബാംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാണ്. ഇങ്ങനെ നാനാവിധമായ കാര്യങ്ങള്‍ ഒരേസമയം ചെയ്യുവാനും ശ്രദ്ധിക്കുവാനും ഓപ്പണ്‍ കിച്ചനില്‍ സാധിക്കുന്നു.
എന്നാല്‍ ഉദ്യോഗസ്ഥയല്ലാത്ത, കൂടുതല്‍ സമയം അടുക്കളയില്‍ മാത്രമായി ചെലവഴിക്കാനിഷ്ടപ്പെടുന്ന ഒരു വീട്ടമ്മയ്ക്ക് ചിലപ്പോള്‍ ഒരു തുറന്ന അടുക്കള ആവശ്യമുണ്ടാകില്ല. അവരുടെ പാചക രീതിയും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും; ജീവിതരീതി വേറെയായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഓപ്പണ്‍ കിച്ചന്‍ എന്ന സങ്കല്പം വ്യക്തികളെ ആശ്രയിച്ചിരിക്കും. ഇന്നത്തെ കാലത്ത് ഓപ്പണ്‍ കിച്ചന്‍ കൂടുതല്‍ സൗകര്യപ്രദമാണ്. എന്നാല്‍ ഇതൊരു നിര്‍ബന്ധമാണ്, എന്ന് ശഠിക്കാനാവില്ല.
മെറ്റീരിയലുകള്‍ എന്തൊക്കെ?
അടുക്കളയിലെ കബോഡുകള്‍, ഷട്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ന് നിരവധി മെറ്റീരിയലുകള്‍ ഉണ്ട്. കബോഡുകള്‍ക്ക് സ്റ്റീല്‍, അലുമിനിയം, മറൈന്‍ ഗ്രേഡ് പ്ലൈവുഡ്, മള്‍ട്ടിവുഡ് എന്നിവയും ഷട്ടറുകള്‍ക്കാണെങ്കില്‍ ലാമിനേറ്റ്ഡ് മറൈന്‍പ്ലൈ, പെയിന്റഡ് പ്രീ ലാമിനേറ്റ് എംഡിഎഫ്, വെനീര്‍, പിവിസി മെം ബ്രെയ്ന്‍, അക്രിലിക്, ലാക്വര്‍ ഫിനിഷ് എന്നിങ്ങനെ ഒട്ടനവധി ഇനങ്ങളും തരങ്ങളും ഉണ്ട്. ബഡ്ജറ്റ് പരിമിതമാണെങ്കില്‍ പ്രീലാമിനേറ്റ് എംഡിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്. ഇതൊന്നുമല്ലാതെ ട്രഡീഷണല്‍ രീതിയില്‍ തേക്ക് മുതലായ നാച്വറല്‍ വുഡും ഉപയോഗിക്കാം. പോളിഷിങ് ഉള്‍പ്പെടെയുള്ള ലേബര്‍ ചാര്‍ജ് നോക്കുമ്പോള്‍ ഇത് വളരെ ചെലവേറിയതാണ്. അലുമിനിയം, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഷെല്‍ഫുകളും ഷട്ടറുകളും ഏറെ നാള്‍ ഈടു നില്‍ക്കുന്നവയാണ്. മേല്‍പ്പറഞ്ഞവയൊക്കെ ഇന്നു പ്രചാരത്തിലുള്ളവയും, സ്ഥിരോപയോഗത്തിനു യോജിച്ചവയുമാണ്. വാട്ടര്‍ പ്രൂഫായിട്ടുള്ളത്, മോയ്‌സ്ചര്‍ തടയുന്നത് എന്നിങ്ങനെ പലവിധ അധികഗുണങ്ങളും ഉള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
കൗണ്ടര്‍ടോപ്പിന് അടുത്ത കാലം വരെ ഗ്രനൈറ്റാണ് പരക്കെ ഉപയോഗിച്ചിരുന്നത്. എങ്കില്‍ ഇപ്പോള്‍ വിട്രിഫൈഡ് സ്ലാബുകളും വ്യാപകമായിട്ടുണ്ട്. 2ഃ4, 4ഃ6 തുടങ്ങി ആവശ്യമുള്ള അളവിനനുസരിച്ച് ഇവ ലഭ്യമാണ്. കൊറിയനും ഏറെ പ്രചാരമുള്ളവ തന്നെ. ഗ്രനൈറ്റിനെ പിന്‍തള്ളി വിട്രിഫൈഡ് സ്ലാബുകള്‍ മുന്നേറുവാനുള്ള കാരണം ഗ്രനൈറ്റില്‍ ഡാര്‍ക്ക് ഷേഡുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ്. വിട്രിഫൈഡ്, കൊറിയന്‍ എന്നിവയില്‍ ഏതു ലൈറ്റ് ഷേഡും കളറും ലഭിക്കും. അടുക്കളയ്ക്ക് കൂടുതല്‍ തെളിച്ചവും, മിഴിവും, വൃത്തിയാക്കുവാനുള്ള എളുപ്പവും ഉണ്ട് എന്നത് ആളുകളെ ഈ മെറ്റീരിയലുകളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
പണവും ഗുണവും
കിച്ചന്‍ ഡിസൈനിങ്ങില്‍ ബഡ്ജറ്റ് സുപ്രധാന ഘടകമാണ്. ബഡ്ജറ്റ് പരിമിതിയില്ലാത്തവര്‍ക്ക് ബ്രാന്റഡ് മോഡുലാര്‍ കിച്ചനുകള്‍ റെഡിമെയ്ഡായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഫലപ്രദവും ഗുണമേന്മയേറിയതുമായ മുന്തിയ ഇനങ്ങള്‍ ഇന്ന് കേരളത്തില്‍ എവിടെ വേണമെങ്കിലും എത്തിച്ച് ഉറപ്പിച്ചു തരുന്ന കമ്പനികള്‍ ഉണ്ട്. പക്ഷേ മുക്കാല്‍ പങ്ക് ആളുകളും ഇപ്പോഴും ചെയ്യുന്നത് കിച്ചന്‍ മോഡ്യൂളുകള്‍ അടുക്കളയുടെ ലേഔട്ടിനനുസരിച്ച് ആവശ്യാനുസരണം പണിയുകയോ, വാങ്ങിക്കുകയോ ചെയ്ത്, ചാനലുകള്‍, ഹിഞ്ചസ്, ഹാന്റിലുകള്‍ തുടങ്ങിയ ഫിറ്റിങ്ങുകള്‍ പ്രത്യേകം വാങ്ങി മോഡുലാര്‍കിച്ചന്‍ സെറ്റു ചെയ്യുകയാണ്. ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം കയ്യിലുള്ള ബഡ്ജറ്റിനനുസരിച്ച് സാധനങ്ങള്‍ തെരഞ്ഞെടുത്തു വാങ്ങാം. ഇങ്ങനെ ചെയ്യുമ്പോള്‍ പക്ഷേ, ഗുണമേന്മയുള്ള പുള്‍ഔട്ടുകളും വിജാഗിരികളും, ചാനലുകളും, ഹാന്റിലുകളും മറ്റും തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ മറ്റു സാമഗ്രികളുടെ ഗുണം കൂടി ഫലപ്രദമാകില്ല. ഉദാഹരണമായി കബോഡുകള്‍ക്ക് മറൈന്‍പ്ലൈ, ഷട്ടറുകള്‍ക്ക് പ്രീലാമിനേറ്റ് എം.ഡി.എഫ്. എന്നിവ തെരഞ്ഞെടുത്ത് ഉള്ളിലെ ഫിറ്റിങ്ങുകള്‍ ബ്രാന്റഡ് കമ്പനികളുടേത് സെലക്റ്റു ചെയ്യാന്‍ വിവിധ ഓപ്ഷനുകള്‍ ഉണ്ട്. ഏതും ഗുണമേന്മയുള്ളതും ഈടുനില്‍ക്കുന്നതുമായവ നോക്കി തെരഞ്ഞെടുക്കുക. ബ്രാന്റഡ് റെഡിമെയ്ഡ് കിച്ചന്‍ കമ്പനികള്‍ക്ക് ഏതു സ്‌പേസിനും ഇണങ്ങുന്ന തരം പുള്‍ഔട്ടുകള്‍ ഉണ്ടാവും. പല കിച്ചനിലും കോര്‍ണര്‍ സ്‌പേസ് ഫലപ്രദമായി ഉപയോഗിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഏതു സ്‌പേസിനും കോര്‍ണറിനും ഇണങ്ങിയതരം പുള്‍ഔട്ടുകളും കോര്‍ണര്‍ യൂണിറ്റുകളും ബ്രാന്റഡ് കമ്പനികളുടെ പക്കല്‍ ഉണ്ട്. ചെറിയ അടുക്കളകള്‍, ഫ്‌ളാറ്റിലെ അടുക്കളകള്‍ എന്നിവിടങ്ങളില്‍ ഇത് ഗുണം ചെയ്യും. കിച്ചന്‍ വളരെ ചെറുതാണെങ്കിലും അതിന് പൂര്‍ണ്ണ ഉപയുക്തത കൊണ്ടുവരുവാനാകും. എന്നാല്‍ യാതൊരു പ്ലാനിങ്ങുമില്ലാതെ കണ്ണുമടച്ച് പോയി വാങ്ങുന്ന അടുക്കളസാമഗ്രികള്‍ പലപ്പോഴും വേസ്റ്റാവുന്നതായി കണ്ടിട്ടുണ്ട്. ഇവിടെയാണ് സ്‌പേസ് പ്ലാനിങ്ങിന്റെ പ്രാധാന്യം.
എന്ത്? എവിടെ?
കൃത്യമായ വര്‍ക്കിങ് ട്രയാംഗിള്‍ (സിങ്ക്, ഫ്രിഡ്ജ്, കുക്കിങ് റേഞ്ച്) പാലിക്കുക എന്നത് ഡിസൈനിലെ അടിസ്ഥാന തത്ത്വമാണ്. എന്നാല്‍ ഇന്നത്തെ നിര്‍മ്മാണ രീതിയനുസരിച്ച്, ഡിസൈനിനനുസരിച്ച് പലപ്പോഴും വര്‍ക്കിങ് ട്രയാംഗിള്‍ മാറിയേക്കാം. ഫ്‌ളാറ്റുകളിലും മറ്റും ജനാലയുടെ സ്ഥാനം, എക്‌സ്‌ഹോസ്റ്റിന്റെ സ്ഥാനം ഇവയൊക്കെ പരിഗണിക്കുമ്പോള്‍ വര്‍ക്കിങ് ട്രയാംഗിളിന് ചെറിയ മാറ്റങ്ങള്‍ ഒക്കെ വരാറുണ്ട്. പ്രത്യേകിച്ച് രണ്ട് കിച്ചന്‍ സാധാരണമായിക്കഴിഞ്ഞ ഇന്നത്തെ കാലത്ത്. അതിനാല്‍ കിച്ചന്‍ ഡിസൈനിങ്ങില്‍ നൂറുശതമാനം ‘പെര്‍ഫെക്റ്റ്’ എന്നുള്ളത് സാഹചര്യമനുസരിച്ച് ‘കയ്യെത്തും ദൂരത്ത്’ എന്നായി മാറിയിട്ടുണ്ട്. സാഹചര്യമനുസരിച്ച്, സ്ഥലത്തിനനുസരിച്ച് ഘ ,ഇ, ഡ ഐലന്റ് എന്നിവ കൂടാതെ ഏതു ഡിസൈനും സ്വീകരിക്കാം. അതിനനുസരിച്ച് വര്‍ക്കിങ് ട്രയാംഗിളിലും ചില പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നുമാത്രം.
ആയുസ്സ് എത്രത്തോളം?
ഏതൊരു സാമഗ്രിയുടെയും ആയുര്‍ദൈര്‍ഘ്യം ഇത്ര വര്‍ഷമെന്ന് ഉറപ്പിച്ചു പറയാനാവില്ല. കാരണം ഉപയോഗിക്കുന്ന രീതിയനുസരിച്ച്, കൈകാര്യം ചെയ്യലിന്റെ രീതിയനുസരിച്ച് ആയിരിക്കും മെറ്റീരിയലിന്റെ ഈട്. ചിലര്‍ക്ക് വളരെ പരുക്കനായ ഉപയോഗ രീതികളാവും. വളരെ സോഫ്റ്റ് ക്ലോസിങ് ആയ പുള്‍ഔട്ടുകള്‍ കാലുകൊണ്ടും മറ്റും ശക്തിയില്‍ തട്ടിയടക്കുമ്പോള്‍ അവയ്ക്ക് എളുപ്പം കേടുപാടുകള്‍ വന്നു കൂടുന്നു. പുള്‍ ഔട്ടുകളും, ഷെല്‍ഫുകളും, ഡ്രോയറുകളും തന്നെ പിവിസി കോട്ടഡ്, സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ എന്നിങ്ങനെ രണ്ടുതരം മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മ്മിച്ചവ ഉണ്ട്. ഇതില്‍ പിവിസി കോട്ട് ഉള്ളവയ്ക്ക് 10 വര്‍ഷം ആയുസ്സ് പറയുമ്പോള്‍, സ്റ്റെയ്ന്‍ലെസ് സ്റ്റീലിന് ജീവിതകാലം മുഴുവനാണ് ആയുസ്സ്. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ഒരു മോഡുലാര്‍ കിച്ചന്റെ മൊത്തം ആയുര്‍ ദൈര്‍ഘ്യം ഇത്രവര്‍ഷം എന്ന് പറയാനാവില്ല.
മെയിന്റനന്‍സിന്റെ കാര്യം പറയുമ്പോള്‍ എളുപ്പം കേടുപാടുകള്‍ വരുന്നത് കൗണ്ടര്‍ടോപ്പ്, ഷട്ടറുകള്‍, ഫിറ്റിങ്ങുകള്‍ എന്നിവയ്ക്കാണ്. നല്ല ഫിനിഷിങ്ങ് ഉള്ള മെറ്റീരിയല്‍ കൗണ്ടര്‍ ടോപ്പിന് ഉപയോഗിച്ചാല്‍ പോറലും പാടുകളും വീഴാന്‍ സാധ്യത കുറവാണ്. തുടച്ചാല്‍ പൂര്‍ണ്ണമായും വൃത്തിയാകും. വാട്ടര്‍ പ്രൂഫ്, പോറലും കറയും പിടിക്കാത്തവ എന്നീ ഗുണങ്ങള്‍ ഉള്ളവ നോക്കി തെരഞ്ഞെടുക്കാം. ഷട്ടറുകള്‍ക്ക് പെയിന്റ് അല്ലെങ്കില്‍ പോളിയൂറിത്തീന്‍ കോട്ട്, ലാമിനേറ്റ് എന്നിവ നല്‍കിയാല്‍ കേടുപാടുകള്‍ വരില്ല. ഫിറ്റിങ്ങുകള്‍ പരമപ്രധാനമാണ്. പുള്‍ഔട്ടുകളുടെ എണ്ണത്തിലും മറ്റും വിട്ടുവീഴ്ചയ്ക്കു തയ്യാറായാലും, ഹാര്‍ഡ്‌വെയര്‍ ഫിറ്റിങ്ങുകള്‍ മെച്ചപ്പെട്ട കമ്പനികളുടെ ഈടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളാകണം. ഇങ്ങനെ പ്ലാനിങ് ഘട്ടം മുതല്‍ പര്‍ച്ചേസ് ഘട്ടം വരെ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ അടുക്കള പുതിയതും കാലത്തിനൊത്തതുമാവും.

Leave a Reply

Your email address will not be published. Required fields are marked *