പുനര്‍രൂപകല്‍പ്പന മുതല്‍ പുനര്‍നിര്‍മ്മാണം വരെ- കോവിഡ് പ്രഹേളികയുടെ പശ്ചാത്തലത്തില്‍ : ആര്‍ക്കിടെക്റ്റ് വിജിത്ത് ജഗദീഷ്

അജ്ഞാതമായ കാരണങ്ങളാല്‍ സമകാലിക ശൈലിയുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. പുത്തന്‍ തിരിച്ചറിവുകള്‍ക്ക് മാത്രമേ പ്രക്ഷുബ്ധവും അനിശ്ചിതവുമായ ഈ അവസ്ഥയില്‍ നമ്മെ രക്ഷിക്കാനാകൂ. ഒരു വ്യക്തിക്ക് സ്വസ്ഥമായിരുന്നു ജോലി ചെയ്യാന്‍ ചുരുങ്ങിയത് 200 ചതുരശ്രയടി സ്ഥലമെങ്കിലും വേണമെന്നതാണ് ഓഫീസ് രൂപകല്‍പ്പനയുടെ അടിസ്ഥാന മാനദണ്ഡം. സ്ഥലപരിമിതി മൂലം ഇതിന്റെ നാലിലൊന്ന് സ്ഥലത്ത് സുസജ്ജമായ ഓഫീസ് സ്‌പേസ് ക്രമീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ആര്‍ക്കിടെക്റ്റുകള്‍ ഇന്ന്. ഓഫീസുകള്‍ മാത്രമല്ല നഗരങ്ങളിലെ വാസയോഗ്യമായ ഇടങ്ങളെല്ലാം ജനപ്പെരുപ്പവും വാഹനങ്ങളുടെ തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുകയാണിന്ന്. ഷോപ്പിങ് മാളുകള്‍, തെരുവുകള്‍, ഹോട്ടലുകള്‍, കഫറ്റീരിയകള്‍ എന്നിവയിലെല്ലാം മിതമായ സ്ഥലത്ത് പരമാവധി ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ട അവസ്ഥയാണ്. സാധാരണയായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതും സാര്‍വത്രികമായി രൂപകല്‍പ്പന ചെയ്യപ്പെടുന്നതും ഇത്തരം ഇടങ്ങളാണ്. ചില വീഡിയോ ഗെയിമുകളിലെ പോലെ മതിലിനപ്പുറത്തു എന്താണുള്ളതെന്നതിനെ കുറിച്ച് നാം തികച്ചും അജ്ഞരാണ്. വഴിത്തിരിവുകളെ പറ്റി വ്യക്തതയില്ലാത്തതിനാല്‍ കൃത്യമായി തയ്യാറെടുക്കാനും നമുക്ക് കഴിയില്ല. മുന്നറിയിപ്പില്ലാതെ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരാകാത്ത നമുക്ക് ആ അജ്ഞാതശത്രുവിന്റെ കാരുണ്യത്തിനു വേണ്ടി അനന്തമായി കാത്തിരിക്കാനേ കഴിയൂ.

അക്ഷരാര്‍ത്ഥത്തില്‍ ശിക്ഷയായി തീര്‍ന്ന ലോക്ക്ഡൗണ്‍ ദിനങ്ങള്‍ അനിശ്ചിതമായി നീളുമ്പോള്‍ വീടുകളില്‍ തന്നെ കഴിച്ചുകൂട്ടാന്‍ നാം നിര്‍ബന്ധിതരാവുകയാണ്. ഈ വൈറസ് ബാധയ്ക്കു മുന്‍പ് ഏറെ അഭിമാനത്തോടെ നാം യാഥാര്‍ഥ്യമാക്കിയ സമകാലിക ആശയങ്ങളും മറ്റ് ചുറ്റുപാടുകളും കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് നാം ഇന്ന് മനസ്സിലാക്കി കഴിഞ്ഞു. രോഗം മൂലം അഹങ്കാരവും ദുരഭിമാനവുമെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ നവീകരണത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും മാത്രമേ ഉയിര്‍ത്തെഴുന്നേല്‍ക്കാനാകൂ എന്ന് നാം മനസ്സിലാക്കി. നമ്മുടെ ജീവിതചര്യകളും ചുറ്റുപാടുകളും പുനക്രമീകരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനം.

സാമൂഹിക അകലം പാലിക്കല്‍, ശുചിത്വം പാലിക്കലും നടപ്പിലാക്കലും, യാത്ര, പൊതു ചടങ്ങുകള്‍, ആശയവിനിമയം എന്നിവയിലെ നിയന്ത്രണങ്ങള്‍, അഭിവാദന രീതികളില്‍ വന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ഡിസൈന്‍ തത്ത്വങ്ങള്‍ക്കു വെല്ലുവിളിയാകും. പഴയ ചില ശീലങ്ങളുടെ പ്രസക്തി ഏറുകയും ചെയ്തു. നൂതനമായ ഈ മാനദണ്ഡങ്ങള്‍ ഭാവിയെ വേറിട്ട രീതിയില്‍ വീക്ഷിക്കാനും അവലോകനം ചെയ്യാനും നമ്മെ പ്രേരിപ്പിക്കും. ലോകത്തിനു തന്നെ പ്രഹേളികയായി മാറിയ ഈ കാലഘട്ടം ആര്‍ക്കിടെക്റ്റുകള്‍ പാഴാക്കിക്കളയരുത്. ശുദ്ധവായു, ഹരിതാഭമായ ഇടങ്ങള്‍, സൗകര്യപ്രദവും സുരക്ഷിതവുമായ തൊഴിലിടങ്ങള്‍, ശുചിത്വമുള്ള നടപ്പാതകള്‍, ആള്‍ക്കൂട്ട നിയന്ത്രണം എന്നിങ്ങനെ നാം സൗകര്യപൂര്‍വ്വം അവഗണിച്ച പല അടിസ്ഥാന ആവശ്യങ്ങളും ഇന്ന് അത്യാവശ്യങ്ങളായി തീര്‍ന്നിരിക്കുകയാണ്.

സാമൂഹ്യ അകലം പാലിക്കല്‍, ശീതീകരണിയില്‍ മേല്‍ത്തരം എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കല്‍, പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ അധികം വായുകണികകള്‍ ഇല്ലാത്ത ശുദ്ധവായുവും മികച്ച വായു സഞ്ചാരവും ഉറപ്പാക്കല്‍, ടോയ്‌ലറ്റുകളില്‍ വായുകുമിളകളെ ചെറുക്കാന്‍ ശേഷിയുള്ള എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, അകത്തളത്തില്‍ സ്വയം വൃത്തിയാക്കാന്‍ ശേഷിയുള്ള ടെക്‌സ്ചറുകളും പ്രതലങ്ങളും ഉള്‍പ്പെടുത്തല്‍, കാത്തിരിക്കാനും വിശ്രമിക്കാനും ജോലിചെയ്യാനുമുള്ള സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കല്‍, മേന്മയും കൃത്യതയുമുള്ള ഉല്‍പ്പന്നങ്ങളും രീതികളും ശീലമാക്കല്‍ എന്നിങ്ങനെ തൊഴിലിടങ്ങള്‍ പുനക്രമീകരിക്കാനുള്ള വഴികളും സാദ്ധ്യതകളും അനന്തമാണ്. ഹരിതാഭമായ ഇടങ്ങളും, വിശാലമായ ബാല്‍ക്കണികളും, നടപ്പാതകളും, പൊതു ശൗചാലയങ്ങളും ഉള്‍പ്പെടുത്തിയും പൊതു/സ്വകാര്യ ഗതാഗതം പുനഃക്രമീകരിച്ചും വേണം നഗരങ്ങള്‍ പുതുതായി രൂപകല്‍പ്പന ചെയ്യാന്‍. വീട്, ജോലി സ്ഥലം, വിനോദ കേന്ദ്രം എന്നിങ്ങനെ നഗരത്തിലെ ഏതിടവും പുതുക്കിയെടുക്കുമ്പോള്‍ അവയ്ക്കു ചുറ്റുമുള്ള ജൈവവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നാം മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്.

ഷോപ്പിങ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, തീയേറ്ററുകള്‍ എന്നിവ പോലെ ആളുകള്‍ ഒത്തുകൂടാനിടയുള്ള പ്രദേശങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴുണ്ടാകുന്ന പുതിയ വെല്ലുവിളികള്‍ നേരിടാനും ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാനുമുതകുന്ന നൂതന ഡിസൈനുകളും ആശയങ്ങളും വികസിപ്പിച്ചെടുത്തേ മതിയാകൂ. ഒരു പക്ഷേ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാമുഖ്യം ലഭിക്കത്തക്ക വിധത്തില്‍ ഡിസൈനിന്റെ അടിസ്ഥാന തത്വങ്ങള്‍ പൊളിച്ചെഴുതേണ്ടി വന്നേക്കാം.

കോവിഡാനന്തര ലോകത്ത് നാം ഒരുമിച്ച് മുന്നേറുമ്പോള്‍, ഈ സ്തംഭനാവസ്ഥയോട് പോരാടിയ നിരവധി നായകന്മാരോടൊപ്പം ജീവിക്കാനും ജോലിചെയ്യാനുമുള്ള ഒരു പുതിയ സുരക്ഷിത ലോകത്തെ പുനര്‍നിര്‍മ്മിക്കുന്നതിനും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും ആര്‍ക്കിടെക്റ്റുകള്‍ക്കും നാം നന്ദി പറയേണ്ടതുണ്ട്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് വിജിത്ത് ജഗദീഷ് വിജിത്ത് ജഗദീഷ് ആര്‍ക്കിടെക്റ്റ്‌സ് ആര്‍ക്കിടെക്ചര്‍ & കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ്, കൊച്ചി

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*