Architect : Sunil John Anandashrami

March 15th, 2014
പുഴയും തൊടിയും വീടും

ചന്നംപിന്നം പെയ്തുകൊണ്ടിരിക്കുന്ന നേര്‍ത്ത കര്‍ക്കിടകമഴ വകവയ്ക്കാതെ പുഴയിലൂടെ ഒരു തോണിക്കാരന്റെ അലസഗമനം. ചുറ്റുമുള്ള മുളങ്കാടുകള്‍ പെയ്തുതീരുന്നതേയില്ല. കോണ്‍ക്രീറ്റ് പര്‍ഗോളകള്‍ക്കു മേല്‍ പടര്‍ന്നു കയറിപ്പോകുന്ന വള്ളിച്ചെടികള്‍ പുല്‍ത്തകിടിയില്‍ മഴത്തുള്ളികളാല്‍ ചുവന്ന മണ്‍വൃത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നേരം ഉച്ചയായെന്നതോര്‍മ്മിപ്പിക്കാത്ത മഴത്തണുപ്പിനെ വകഞ്ഞു മാറ്റാന്‍ കയ്യിലൊരു കപ്പ് ചൂടുകാപ്പിയുമായി പുഴയിലേക്ക് കണ്ണുംനട്ട് ഞാനിരിക്കുകയാണ്. പഞ്ചനക്ഷത്ര റിസോര്‍ട്ടിലൊന്നുമല്ല, ഒരു വീടിന്റെ പിന്‍വരാന്തയില്‍. ”എന്റെ വീടിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഫീല്‍ ഇതാണ്. നിങ്ങള്‍ ഒരു വിശ്രമസങ്കേതത്തിലെത്തിയെന്ന തോന്നല്‍ ഉള്ളില്‍ ഉളവാക്കാന്‍ കഴിയുക.” ഈ വീട്ടിലെ കുടുംബനാഥനും, വീടിന്റെ ആര്‍ക്കിടെക്റ്റുമായ സുനില്‍ ജോണ്‍ ആനന്ദാശ്രമി പറഞ്ഞു തുടങ്ങിയത് ആതിഥ്യ മര്യാദയുടേതായ തികഞ്ഞ ഊഷ്മളതയോടെ.
പകരം വയ്ക്കാനില്ല….
കൊച്ചിയിലെ ഇടപ്പള്ളിയില്‍ മുട്ടാര്‍ പുഴയുടെ തീരത്ത് ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം ആര്‍ക്കിടെക്റ്റ് സുനില്‍ ജോണ്‍ ആനന്ദാശ്രമി വാങ്ങിയിട്ടിട്ട് കുറച്ച് വര്‍ഷങ്ങളായിരുന്നു. കെട്ടിടം പെന്‍സില്‍ കൊണ്ട് കടലാസില്‍ വരയുംമുമ്പ്, കല്ലുകൊണ്ട് കെട്ടിത്തുടങ്ങുംമുമ്പ്, മനസ്സില്‍ അതങ്ങനെ മുഴുവന്‍ കെട്ടിത്തീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ള സുനിലിന് സ്വന്തം വീടിന്റെ ഡിസൈന്‍ ഉരുത്തിരിഞ്ഞു കിട്ടിയതും പുഴയോരത്തെ പ്ലോട്ടിലേക്കുള്ള പലനാള്‍ സന്ദര്‍ശനങ്ങള്‍ക്കും പുഴ നോക്കിയുള്ള ധ്യാനങ്ങള്‍ക്കും ശേഷംതന്നെ.

ആലുവ-ഇടപ്പള്ളി ബൈപ്പാസ് റോഡിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ നിപ്പോണ്‍ ടൊയോട്ട കമ്പനിയുടെ കളമശ്ശേരിയിലുള്ള കാര്‍ ഷോറൂം ശ്രദ്ധിക്കാതിരിക്കില്ല. സ്റ്റീലിന്റെയും ഗ്ലാസിന്റെയും ഈ സിഗ്‌സാഗ് കൊട്ടാരം ഒരുപക്ഷേ കേരളത്തിലിന്നുള്ള പല കാര്‍ ഷോറൂം ഡിസൈനുകളുടേയും മാര്‍ഗ്ഗദര്‍ശിയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും സമകാലികമായി നിലകൊള്ളുന്ന ആ ഡിസൈന്‍ ആര്‍ക്കിടെക്റ്റ് സുനിലിന്റേതാണ്. ”ആ ഷോറൂമിന്റെ ഡിസൈന്‍, എനിക്ക് സൈറ്റില്‍ ചെന്നു നിന്നപ്പോള്‍, പ്ലോട്ടിന്റെ പ്രത്യേക ആകൃതിക്കനുസരിച്ച് പെട്ടെന്ന് ഉള്ളില്‍ തോന്നിയ ഒന്നാണ്. നൂറു ശതമാനവും ഫങ്ഷണലാണ് ആ സ്ട്രക്ചര്‍. ഒരു ഉറുമ്പിന്റെ കണ്ണില്‍ കൂടി കാണുന്ന പോലൊരു ഡിസൈനാണ് ഒരറ്റം കൂര്‍ത്തു വരുന്ന ആ പ്ലോട്ടിനിണങ്ങുക എന്ന് തോന്നി. അതുപോലെ ഈ വീടിന്റെ ഡിസൈനിലും ശ്രദ്ധിച്ചത് പ്ലോട്ടിന്റെ അസുലഭ ഭാഗ്യങ്ങളെത്തന്നെ. പ്രധാനമായും വാട്ടര്‍ ഫ്രണ്ട് എന്ന മെച്ചം. റോഡില്‍ നിന്നകന്നു കിടക്കുന്ന പ്ലോട്ടിലാണ് വീടെന്നതിനാല്‍ വീടിന്റെ ഫ്രണ്ട് എലിവേഷന്‍ പ്രദര്‍ശിപ്പിക്കാന്‍ തക്കവിധം ഗംഭീരമാക്കണമെന്നത് പരിഗണനയില്‍ വന്നതേയില്ല. സ്ലോപ്‌റൂഫാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്കിണങ്ങുക. എന്നാല്‍ അത് ഓടിട്ട ചരിഞ്ഞ മേല്‍ക്കൂര തന്നെയാവണം എന്ന് എനിക്ക് നിര്‍ബന്ധമില്ലായിരുന്നു. ഒട്ടനവധി മെറ്റീരിയലുകളും ടെക്‌നോളജികളും വന്നുകഴിഞ്ഞു; വന്നു കൊണ്ടേയിരിക്കുന്നു. അവയെ യഥോചിതം പ്രയോഗിക്കലാണ് ഒരു ആര്‍ക്കിടെക്റ്റിന്റെ ധര്‍മം. പ്രകൃതിക്കിണങ്ങുന്നതും കാലത്തിനിണങ്ങുന്നതും – രണ്ടും ഒരുമിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇവിടെയുള്ളത്” തന്റെ പൊതു സംരചനാ സിദ്ധാന്തങ്ങള്‍ വീടിന്റെ കാര്യത്തിലും പ്രായോഗികമാക്കിയതെങ്ങനെയെന്ന് അദ്ദേഹം വിശദമാക്കി.
2800 സ്‌ക്വയര്‍ഫീറ്റുള്ള വീട് എല്ലാ അര്‍ത്ഥത്തിലും സുസ്ഥിര വാസ്തുകലയ്ക്കുദാഹരണമാക്കാം. എന്നാല്‍ സാമ്പ്രദായിക നിര്‍മ്മാണ രീതികളില്‍ നിന്ന് വീട് വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു. ആര്‍ക്കിടെക്റ്റിന്റെ രൂപകല്പനാ മുദ്ര പ്രകടമാക്കുന്ന വിധത്തിലുള്ള വ്യത്യസ്തങ്ങളായ ഘടനാ പരീക്ഷണങ്ങളാണ് ഈ വീട് കാഴ്ച വയ്ക്കുന്നത്. ഓരോ മെറ്റീരിയലും വളരെ ബോധപൂര്‍വ്വം തെരഞ്ഞെടുത്തിരിക്കുകയാണ് എന്ന് വ്യക്തം.
പ്രകൃതിക്ക് പ്രഥമ സ്ഥാനം
മരങ്ങളിടതൂര്‍ന്നു നില്‍ക്കുന്ന ഡ്രൈവ്‌വേയിലൂടെ വീടിന്റെ മുന്‍വശത്തേക്കെത്തുമ്പോള്‍ വീട് പരിസരത്തിനിണങ്ങാതെ എടുത്തുനില്‍ക്കുന്നതായി അനുഭവപ്പെടുകയേയില്ല. (മഴയും മരവും ഒന്ന് ഒതുങ്ങിതന്നിട്ട് നല്ലൊരു എലിവേഷന്‍ േഫാട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ രോഹിത് ജോണ്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.) എന്നാലോ, വീടെന്നു പറയുമ്പോള്‍ ഒരാളുടെ മനസ്സില്‍ ഓടിവരുന്ന പൂര്‍വമാതൃകകളെ ധൈര്യപൂര്‍വ്വം നിരാകരിക്കുകയും ചെയ്യുന്നുണ്ട് ഈ വീടിന്റെ ബാഹ്യരൂപം. ”വീടു പണി ആരംഭിക്കുന്നതിനു മുമ്പേ തന്നെ ലാന്റ്‌സ്‌കേപ്പിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ വീട്ടില്‍ താമസം തുടങ്ങുമ്പോഴേയ്ക്കും മരങ്ങളും ജലാശയവും എല്ലാം ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന് തോന്നി. കൃത്രിമത്വം അനുഭവപ്പെട്ടതേയില്ല.” ആര്‍ക്കിടെക്റ്റ് സുനില്‍ പറയുന്നു.
വീടിന് ചരിഞ്ഞ മേല്‍ക്കൂരയൊരുക്കിയിരിക്കുന്നത് ഭാരംകുറഞ്ഞ ജി.ഐ. ഷീറ്റുകൊണ്ടാണ്. പുറമേ നിന്നുള്ള ശബ്ദം പ്രതിരോധിക്കാനും അകത്തെ ചൂടുവായു പുറന്തള്ളാനും സഹായിക്കുന്ന വിധത്തില്‍ ലെയറുകളായിട്ടാണ് ക്ലിപ് ലോക്ക് സംവിധാനത്തിന്റെ സഹായത്തോടെ ഈ ഷീറ്റുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ട്രസ് വര്‍ക്കിനുപയോഗിച്ചത് പൊള്ളയായ മൈല്‍ഡ് സ്റ്റീല്‍ തണ്ടുകളാണ് എന്നതുകൊണ്ട് ഭാരക്കുറവ് ഉറപ്പാക്കാനായി. ട്രസ് വര്‍ക്കുകള്‍ കമ്പിവല (രവശരസലി ാലവെ) കൊണ്ട് പൊതിഞ്ഞ് ഫെറോസിമന്റ് പ്ലാസ്റ്ററിങ്ങ് ചെയ്തതു മൂലം വീടിന്റെ ഉള്‍ഭാഗത്തു നിന്ന് നോക്കുമ്പോള്‍ സുന്ദരമായി; മൊത്തം സ്ട്രക്ചര്‍ ഭാരം കുറഞ്ഞതായിരിക്കുകയും ചെയ്തു. മേല്‍ക്കൂരയുടെ ജോലികള്‍ പ്രീ ഫാബ്രിക്കേറ്റഡായതിനാല്‍ സൈറ്റില്‍ സമയം, പണം, പണി എന്നിവ ലാഭിക്കാനുമായി.
ഒരു ഭാഗത്ത് ഡബിള്‍ ഹൈറ്റിലും കൂടുതലാണ് സ്ട്രക്ചറിന്റെ ഉയരം. ഏകദേശം 18 അടി. ചൂടുകാലത്ത് ആവശ്യമെങ്കില്‍ തുറന്നുവയ്ക്കാവുന്ന തരത്തില്‍ പുറം ഭിത്തികളിലെ റൂഫിനോടടുത്തു വരുന്ന ഗ്ലാസിട്ട വലിയ വെന്റുകളും അകത്തെ ലൂവറുകളും ചൂടുവായുവിനെ പുറന്തള്ളുന്ന വിധത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ഈ വീടിനെ പ്രകൃതിക്കനുകൂലമാക്കുന്ന മറ്റൊന്ന് അത് പരിസ്ഥിതിയിലേല്‍പ്പിച്ചിട്ടുള്ളത് വളരെ ചുരുങ്ങിയ ആഘാതങ്ങള്‍ മാത്രമാണെന്നതു കൂടിയാണ്. കെട്ടിടനിര്‍മ്മാണത്തിന് തടി ഉപയോഗിച്ചിട്ടില്ലെന്നു തന്നെ പറയാം. റീസൈക്കിള്‍ ചെയ്യാവുന്ന സാമഗ്രികളായ സിന്തറ്റിക് വുഡ്, യു.പി.വി.സി. എന്നിവയാണ് തടിപ്പണികള്‍ ആവശ്യമായിടത്തൊക്കെ ഉപയോഗിച്ചിട്ടുള്ളത്. സ്വകാര്യത ആവശ്യമില്ലാത്ത കോമണ്‍ ഏരിയകളിലൊക്കെ സ്റ്റീല്‍ സ്റ്റഡുകളിലുറപ്പിച്ച ഗ്ലാസാണ് ഭിത്തികള്‍ക്കു പകരമാവുന്നത്. അടച്ചുകെട്ടിയ സ്‌പേസുകള്‍ പരമാവധി ഒഴിവാക്കിയും, ബാഹ്യപ്രകൃതിയെ വലിയ ജനാലകളിലൂടെ അകത്തേക്ക് ക്ഷണിച്ചുകൊണ്ടും ഓപ്പണ്‍ ഫീലിങ്ങ് നിലനിര്‍ത്തിയിരിക്കുന്നു. ഇന്റീരിയറിലെ കോര്‍ട്ട്‌യാര്‍ഡുകളും ജലാശയങ്ങളും ഇതിന് സഹായകരമാകുന്നു. അകത്തളങ്ങളിലെ സമൃദ്ധമായ പകല്‍ വെളിച്ചവും കാറ്റും അനാവശ്യമായ വൈദ്യുതി ഉപഭോഗത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.
ഉദ്ദേശ്യം മുന്‍നിര്‍ത്തി
ഓരോ സ്‌പേസും എന്തിനാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആ ഉദ്ദേശ്യം സഫലമാകുന്നുണ്ടോ എന്നതിനായിരിക്കണം ആര്‍ക്കിടെക്റ്റിന്റെ പ്രഥമശ്രദ്ധ എന്ന് സുനില്‍ വിശ്വസിക്കുന്നു. ഈ വീടിന്റെ സൗഭാഗ്യമെന്നത് വളപ്പിനോട് ചേര്‍ന്നൊഴുകുന്ന പുഴയാണ്. അവിടേയ്ക്ക് ദര്‍ശനം കിട്ടത്തക്ക വിധത്തില്‍ ഗസ്റ്റ് ലിവിങ്ങ്‌റൂം, പിന്‍ വരാന്ത, ബെഡ്‌റൂം എന്നിവ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിസൈനില്‍ ആര്‍ക്കിടെക്റ്റ് മുന്‍തൂക്കം നല്‍കിയത് ഈയൊരു ഘടകത്തിനു തന്നെ. എക്‌സ്റ്റീരിയറിലെ പുഴയുടെ ഒരു എക്‌സ്റ്റന്‍ഷന്‍ എന്ന പോലെ ലിവിങ്ങിനോടു ചേര്‍ന്നുള്ള ഫിഷ് പോണ്ട്, ഗ്ലാസ് ഭിത്തികളിലെ അക്വേറിയം- എല്ലാം ചേര്‍ന്ന് വീടിനകത്തും ജലസാന്നിദ്ധ്യം കൊണ്ടുവന്നിരിക്കുന്നു. പാരലല്‍ മാതൃകയില്‍ നീളന്‍ ഇടനാഴിപോലെ അടുക്കള ഒരുക്കിയതിനാല്‍ അടുക്കള ജോലികള്‍ക്ക് ‘ഒന്നു നിന്നുതിരിയേണ്ട’ ആയാസമേയുള്ളൂ. ബെഡ്‌റൂമുകളുടെ ഇടഭിത്തികള്‍ സൃഷ്ടിച്ചിരിക്കുന്നത് ഇരു പുറവുമായി വരുന്ന സ്‌റ്റോറേജ് കബോഡുകള്‍ കൊണ്ടാണ്. എവിടെയും മുന്‍തൂക്കം ഉപയുക്തതയ്ക്കു തന്നെ. ഫ്‌ളോറിങ്ങിനുപയോഗിച്ചിട്ടുള്ള ഇളം പച്ച നിറത്തിലുള്ള ഇറ്റാലിയന്‍ മാര്‍ബിള്‍ വരെ മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കിടെക്റ്റ് സുനിലിനുള്ള വിഭിന്നാഭിരുചി ഓര്‍മ്മിപ്പിക്കാതിരിക്കില്ല.
വീടിന്റെ കിഴക്കു ഭാഗത്തെ വളപ്പിനകത്തു കൂടിയും ഒഴുകുന്നുണ്ട് പുഴയുടെ കൈവഴിപോലെ ഒരു ചെറിയ കൈത്തോട്. യഥാര്‍ത്ഥത്തില്‍ അതൊരു മഴവെള്ള സംഭരണിയാണ്; ഗാര്‍ഡനിങ്ങിനുള്ള വെള്ളം കണ്ടെത്തുന്നത് ഇവിടെ നിന്നുമാണ്. വീടിന്റെ പുറകുവശത്തെ വരാന്തയോടു ചേര്‍ന്നുള്ള നിറയെ വള്ളിപടര്‍പ്പുകളുള്ള കോണ്‍ക്രീറ്റ് പര്‍ഗോളകള്‍ ലാന്റ്‌സ്‌കേപ്പിന്റെ ഭംഗിയാസ്വദിച്ചിരിക്കാവുന്ന സ്വകാര്യതയുള്ള ഒരു വിശ്രമ സങ്കേതമാണ്.
വീട്ടിലെത്തുന്ന അതിഥികള്‍ക്കായി പ്രത്യേകം പണിതിരിക്കുന്ന ഔട്ട് ഹൗസും വീടിന്റെ അവിഭാജ്യ ഘടകമാണ്. ഇതിന്റെ ഡിസൈന്‍ തനത് കേരളീയ വാസ്തുവിദ്യാശൈലിയിലാണ്. ഓടിട്ട ചരിഞ്ഞ മേല്‍ക്കൂരയും, വുഡ് ഫിനിഷും എല്ലാം ഇതിന്റെ സൂചനകള്‍ തരുന്നു. പ്രധാന വീട്ടില്‍ നിന്ന് വ്യത്യസ്തമായി കടുംനിറങ്ങളും, ആര്‍ക്കിടെക്റ്റിന്റെ സ്വന്തം പെയിന്റിങ്ങുകളും, പരമ്പരാഗത ഫര്‍ണിച്ചറുമൊക്കെയായി ഗ്രാമ്യഭംഗിയാണ് ഈ ഔട്ട്ഹൗസിനുള്ളത്. പലപ്പോഴും ആര്‍ക്കിടെക്റ്റ് സുനിലിന്റെ ഡിസൈന്‍ സ്റ്റുഡിയോ ആകാറുള്ളത് ശാന്തസുന്ദരമായ ഈ കൊച്ചുവീടിന്റെ വരാന്തയാണ്.
മഴയൊന്നു മാറി മദ്ധ്യാഹ്‌നസൂര്യന്‍ അല്‍പം തെളിഞ്ഞതോടെ തൊടിയിലും പുറത്തുമായി ഞങ്ങളുടെ ഫോട്ടോ ഷൂട്ട് സജീവമായി. നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞ് ഒരു റിസോര്‍ട്ടിന്റെ അന്തരീക്ഷത്തിലെത്തിയ സന്തോഷത്തോടെ തൊടിയില്‍ ചുറ്റിനടക്കാനായി ഞങ്ങളുടെ ശ്രമം. എന്നാല്‍വീട്ടിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് പുഴ നീന്തിയെത്തുന്ന പെരുമ്പാമ്പ് എന്ന് ആര്‍ക്കിടെക്റ്റ് സുനില്‍ സാന്ദര്‍ഭികമായി പറഞ്ഞതോടെ ധൈര്യശാലികളെല്ലാം വീടിനകത്തെത്തി!
ഇങ്ങനെ പ്രകൃതിയോടും ജീവജാലങ്ങളോടും കൂട്ടുകൂടിക്കൊണ്ട്, കാലാവസ്ഥയേയും പാരമ്പര്യത്തേയും ബഹുമാനിച്ചുകൊണ്ട്, എന്നാല്‍ ആര്‍ക്കിടെക്ചറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഒരു വീട്. ഇതുതന്നെയാണ് ആര്‍ക്കിടെക്റ്റ് സുനില്‍ ജോണ്‍ ആനന്ദാശ്രമിയുടെ സ്വന്തം ശൈലിയും.

 

Leave a Reply

Your email address will not be published. Required fields are marked *