പഴയ പത്രക്കടലാസുകൊണ്ട് തോണിയും വിമാനവുമൊക്കെ ഉണ്ടാക്കുന്നതില്‍
പുതുമയൊന്നുമില്ല.  ഉണ്ടാക്കുന്നത് പേപ്പര്‍ വിളക്കുകളും ഹാങ്ങിങ് ഡൂമുകളുമാണെങ്കില്‍
ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ വരെ  കൗതുകമുണരുകയായി..

ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും വരവറിയിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍. ലോബി മുതല്‍ അകത്തളം വരെ തൂങ്ങിയാടുന്ന നക്ഷത്രങ്ങളും മറ്റ് അലങ്കാരങ്ങളും. ഇവ ഓരോന്നും കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലെത്തുന്ന ഏതൊരു സന്ദര്‍ശകരെയും ഒരു നിമിഷം പിടിച്ചു നിര്‍ത്താതിരിക്കില്ല. പ്ലാസ്റ്റിക്കോ, ഫൈബറോ പുതിയ ഏതോ മെറ്റീരിയലോ ആണെന്ന് കരുതി അടുത്തുചെന്നാലേ മനസ്സിലാകൂ ഇത് വെറും ‘പത്രക്കടലാസ്’ ആണെന്ന്.

പഴയ പത്രക്കടലാസുകൊണ്ട് തോണി യും വിമാനവുമൊക്കെ ഉണ്ടാക്കുന്നതില്‍ പുതുമയൊന്നുമില്ല. ഉണ്ടാക്കുന്നത് പേപ്പര്‍ വിളക്കുകളും ഹാങ്ങിങ് ഡൂമുകളുമാണെങ്കില്‍ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ വരെ കൗതുകമുണരുകയായി. കടലാസുകള്‍ കൊണ്ട് വിവിധയിനം ഉത്പന്നങ്ങള്‍ നിര്‍മിച്ച് ഏവര്‍ക്കും കൗതുകമാവുകയാണ് കണ്ണൂര്‍ സ്വദേശി അനീഷ് ജോസഫ്. പഴയ കടലാസുകള്‍ കൊണ്ട് ‘എന്തും’ നിര്‍മിക്കാമെന്ന് തന്റെ കരവിരുതിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. പത്രങ്ങള്‍, ഫോട്ടോകള്‍, ഉപയോഗശൂന്യമായ തടിക്കഷ്ണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം അനീഷിന് പ്രിയമാണ്. കാരണം ഓരോ പാഴ്‌വസ്തുവിനും പുതുജീവനെ ജനിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

വില്ലിങ്ടണ്‍ ഐലന്റിലെ സി ജി എച്ച് എര്‍ത്ത് ഗ്രൂപ്പിന്റെ ഹോട്ടലില്‍ (കാസിനോ) ഹൗസ് കീപ്പര്‍ മാനേജരായി ജോലി ചെയ്യുകയാണ് അനീഷ്. ക്രിസ്തുമസ് ആഘോഷത്തിന് വര്‍ണ്ണശോഭ പരത്താന്‍ ഫോര്‍ട്ടുകൊച്ചിയിലെ രക്ഷാ സ്‌കൂളുമായി ഒത്തു ചേര്‍ന്ന് കാസിനോ ഹോട്ടലില്‍ തന്നെയാണ് അനീഷ് പേപ്പര്‍ ക്രാഫ്റ്റ്‌സ് ഡിസൈന്‍ ചെയ്തത്. എല്ലാ അര്‍ത്ഥത്തിലും ‘ഇക്കോ ഫ്രണ്ട്‌ലി’യായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന കാസിനോ ഹോട്ടലിന് എല്ലാ വര്‍ഷവും അനീഷിന്റെ ക്രിസ്തുമസ് സമ്മാനമാണ് ഈ കടലാസു നക്ഷത്രങ്ങള്‍. ഇദ്ദേഹത്തിന് സഹായികളായത് രക്ഷാ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. മാസങ്ങള്‍ക്കു മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കടലാസുകള്‍ കൊണ്ടുള്ള വിളക്കുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും നിര്‍മാണരീതിയെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ഒരു മാസമെടുത്താണ് അവര്‍ ഈ ഡെക്കറേഷനുകള്‍ നടത്തിയത്. വളരെ ശ്രമകരമായ ഈ ജോലി സൂക്ഷ്മതയോടെയും കൃത്യനിഷ്ഠയോടെയും ചെയ്തു തീര്‍ക്കാന്‍ കാണിച്ച വിദ്യാര്‍ത്ഥികളുടെ ശ്രമം പ്രശംസനീയമാണ്.

കടലാസുകള്‍ മടക്കിയും ചുരുട്ടിയും വിവിധ രൂപങ്ങള്‍ മെനഞ്ഞെടുക്കുകയാണ് ആദ്യപടി. അതിനുശേഷം ചുവരില്‍ പൂശുന്ന നിറങ്ങളും, ഫാബ്രിക് പെയിന്റുകളും അതിന്‍മേല്‍ സ്‌പ്രേ ചെയ്‌തെടുക്കുന്നു. മിക്ക ക്രാഫ്റ്റുകളുടെയും നിര്‍മാണം വളരെ ലളിതവും സുതാര്യവുമാണ്.
തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് ഇക്കോ ഫ്രണ്ട്‌ലിയായ വസ്തുക്കള്‍കൊണ്ട് അനീഷ് കാസിനോ ഹോട്ടലിനെ അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതു പോലെ തന്നെ ഉപയോഗശൂന്യമായ കുപ്പികളും കടലാസുകളും കൊണ്ടാണ് അനീഷ് അലങ്കാരമൊരുക്കിയത്. നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീകള്‍, ലാംപ് ഷേയ്ഡുകള്‍, ഹാങ്ങിങ് ഡൂമുകള്‍, റീത്തുകള്‍, ബൗബ്ള്‍സുകള്‍ എന്നിവയാണ് ക്രിസ്തുമസിനെ വരവേല്‍ക്കാനായി ഇവിടെ നിറശോഭയോടെ കാത്തു നില്‍ക്കുന്നത്. വര്‍ണ്ണങ്ങള്‍ മിന്നി മായുന്ന നൂറായിരം കടലാസ് നക്ഷത്രങ്ങളാണ് അനീഷിന്റെയും കൊച്ചു കൂട്ടുകാരുടെയും കരവിരുതില്‍ ഉടലെടുത്തിരിക്കുന്നത്.

പ്രകൃതിക്കിണങ്ങിയ പേപ്പര്‍ ക്രാഫ്റ്റുകള്‍ നിര്‍മിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ഏവര്‍ക്കും മാതൃകയാവുകയാണ് അനീഷ്. ക്രിസ്തുമസിനും പുതുവത്സരത്തിനും മാത്രമല്ല എപ്പോഴും എവിടെയും ചെലവു കുറഞ്ഞ രീതിയില്‍ മികച്ച അലങ്കാരമൊരുക്കാന്‍ പേപ്പര്‍ ക്രാഫ്റ്റുകള്‍ക്കാവും. ഒപ്പം മനസ്സുകള്‍ പ്രകാശപൂരിതമാക്കാനും ഇതിനാല്‍ സാധിക്കും.
മറ്റുള്ള അലങ്കാര വിളക്കുകളെ അപേക്ഷിച്ച് വെറും 10% മാത്രം ചെലവു വരുന്ന ഈ ന്യൂസ് പേപ്പര്‍ ക്രാഫ്റ്റുകളെ രക്ഷാസ്‌കൂളിന് പരിചയപ്പെടുത്തിയത് അനീഷിന്റെ സാമൂഹിക പ്രതിബദ്ധതയാണ്. ചെയ്ത ജോലിക്ക് പ്രതിഫലമായി കാസിനോ ഹോട്ടലില്‍ നിന്നു നല്‍കിയ കാശ് ഹുണ്ഡിക പെട്ടിയില്‍ ഇവര്‍ സൂക്ഷിക്കുന്നത് വിദ്യ അഭ്യസിപ്പിച്ചു കൊടുത്ത ഗുരുവിനുള്ള ഗുരുദക്ഷിണ മാത്രമായല്ല, തങ്ങളുടെ കയ്യൊപ്പ് ഭൂമിയില്‍ പതിപ്പിച്ചതിനുള്ള നന്ദിസൂചകമായിട്ടു കൂടിയാണ്.
(ചിത്രങ്ങള്‍ക്ക് കടപ്പാട് :
അനീഷ് ജോസഫ്, കാസിനോ ഹോട്ടല്‍)

Leave a Reply

Your email address will not be published. Required fields are marked *