June 25th, 2015
പ്രകൃതിയോടില്ല പിണക്കം

എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന മട്ടിലായിരുന്നു തൃശൂരിലെ മജോയുടെ വീട്. സൗകര്യങ്ങള്‍ നന്നേ കുറവ്, അകത്തളത്തില്‍ വെളിച്ചമില്ല, മുഖപ്പിന്റെ അഭംഗി, പ്രകൃതിയോടുള്ള പിണക്കം തുടങ്ങി കുറവുകള്‍ മാത്രം പ്രകടമാക്കുന്ന വീട്. അത് പാടേ പൊളിച്ച് പുതിയ വീട് വയ്ക്കാന്‍ ബഡ്ജറ്റ് ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വീട് പുതുക്കി പ്പണിയാന്‍ ഇദ്ദേഹം തീരുമാനിച്ചത്. കൈയ്യിലുള്ള കാശിനിണങ്ങുന്ന വീട് എന്ന ആശയുമായി നടക്കുന്ന വേളയില്‍ കൊച്ചിയിലെ ഔട്ട്‌ലിയര്‍ ആര്‍ക്കിടെക്റ്റ്‌സിലെ യുവ ആര്‍ക്കിടെക്റ്റുമാരായ സാഗര്‍, സജിത്ത്, അനൂപ് എന്നീ മൂവര്‍സംഘം ഡിസൈന്‍ ചെയ്ത ഒരു വീട് കണ്ട് ഇഷ്ട്ടപ്പെട്ട മജോ തന്റെ വീടുപണി ഈ മൂവര്‍സംഘത്തെ ഏല്‍പ്പിച്ചു. ആ വീടിനു മുമ്പുണ്ടായിരുന്ന പരിമിതികള്‍ എല്ലാം നികത്തി മാസങ്ങള്‍ക്കകം സമകാലികശൈലിയിലുള്ള വീടാണ് ഈ മൂവര്‍സംഘം അവിടെ സൃഷ്ടിച്ചത്.
സമകാലിക ഭംഗി
മുഖപ്പിന്റെ ഡിസൈന്‍ മൊത്തത്തില്‍ മാറ്റിയാണ് പുതുക്കിപ്പണിതിരിക്കുന്നത്. വീടിന്റെ പഴയ സ്ലോപ്പ്‌റൂഫ് എടുത്ത് മാറ്റി സമകാലികശൈലിയുടെ പ്രതീകങ്ങളായ പര്‍ഗോളയും ഗ്ലാസ്സ് സണ്‍ഷേഡും ഷോ വാളുമെല്ലാം കൊണ്ട് വീടിന്റെ പുറം കാഴ്ച്ച മനോഹരമാക്കി. കോണ്‍ക്രീറ്റില്‍ ചെയ്തിരുന്ന കാര്‍ പോര്‍ച്ചിനെ മുഴുവനായും പൊളിച്ചു. ഫാബ്രിക്കേറ്റ് രീതിയില്‍ പുതുക്കിപ്പണിത് കാര്‍പോര്‍ച്ചിനെ എലിവേഷനുമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
ഒരു നില കൂട്ടി
ഒരുനില വീടിനെ രണ്ട് നിലയാക്കി മാറ്റി എന്നതാണ് പുതുക്കിപ്പണിയലില്‍ ചെയ്ത പ്രധാനകാര്യം. വീടിന് ഒരു നില കൂട്ടിയപ്പോള്‍ 1200 സ്‌ക്വയര്‍ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുണ്ടായിരുന്ന വീടിന്റെ വിസ്തൃതി 2300 സ്‌ക്വയര്‍ഫീറ്റായി ഉയര്‍ന്നു. ”മൂന്ന് കിടപ്പുമുറികള്‍, ലിവിങ് കം ഡൈനിങ് റൂം, കിച്ചന്‍, സ്റ്റോര്‍ റൂം എന്നീ സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ചിലത് അടര്‍ത്തിമാറ്റുകയും അധികസൗകര്യങ്ങള്‍ മുകള്‍ നിലയോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തപ്പോള്‍ സ്ഥലവിസ്തൃതി കൂടുകയും കാറ്റും വെളിച്ചവും വീടിനുള്ളില്‍ ലഭ്യമാകുകയും ചെയ്തു.” ആര്‍ക്കിടെക്റ്റ്‌സ് സംഘം പറയുന്നു.
ഗ്രൗണ്ട് ഫ്‌ളോറില്‍ ഉണ്ടായിരുന്ന ഒരു ബെഡ്‌റൂം മുകള്‍നിലയിലേക്ക് മാറ്റുകയും പുതിയൊരു ബെഡ്‌റൂം കൂടി മുകള്‍ നിലയില്‍ ഒരുക്കുകയും ചെയ്തു. ആദ്യത്തെ ഒരു ബെഡ്‌റൂമിനെ ഗസ്റ്റ് ലിവിങ് സ്‌പേസാക്കി മാറ്റി. ലിവിങ് സ്‌പേസിന്റെ ഉയരം ഡബിള്‍ ഹൈറ്റിലായതിനാല്‍ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ലിവിങ് സ്‌പേസിലേക്ക് നോട്ടം എത്തുന്നുണ്ട്. രണ്ട് ചെറിയ ബെഡ്‌റൂമുകളെ ഒരുമിച്ചു കൂട്ടിച്ചേര്‍ത്താണ് അറ്റാച്ച്ഡ് ബാത്ത്‌റൂമോടു കൂടിയ വലിയ മാസ്റ്റര്‍ ബെഡ്‌റൂം രൂപപ്പെടുത്തിയെടുത്തത്.
ഹാളിനെ
പരിഷ്‌കരിച്ചപ്പോള്‍
ഡോര്‍ കം വിന്‍ഡോകളും പെബിള്‍ കോര്‍ട്ട്‌യാഡും കൊണ്ട് ഹാള്‍ ഏരിയ മനോഹരമാക്കി. കോര്‍ട്ട്‌യാഡില്‍ നിന്ന് മുകളിലേക്കുള്ള ഗോവണി കൊടുത്തിരിക്കുന്നതിനാല്‍ ഗോവണിക്കായി അധിക സ്ഥലം കണ്ടെത്തേണ്ടി വന്നില്ല. ഹാളിന്റെ ഒരു ഭാഗം പ്രെയര്‍റൂമായും മറുഭാഗം ഫാമിലി ലിവിങ് കം ഡൈനിങ് സ്‌പേസായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഡൈനിങ് സ്‌പേസിനോട് ചേര്‍ന്ന് വലിയ കണ്ണാടി വച്ച വാഷ് ഏരിയയ്ക്കും ഇടം നല്‍കി. സമകാലിക ശൈലിക്കിണങ്ങുന്ന ഫര്‍ണിച്ചര്‍ കൂടിയായപ്പോള്‍ ഒറ്റനോട്ടത്തില്‍ പഴയൊരു മുറി മോടികൂട്ടിയെടുത്തതാണെന്ന് ആരും പറയില്ല. ഹാളിന് എതിര്‍വശത്തുണ്ടായിരുന്ന പഴയ സ്റ്റോര്‍റൂം പൊളിച്ച് നീക്കി അവിടം ബെഡ് റൂമിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമായി മാറ്റി.
ധാരാളം സ്റ്റോറേജ് സൗകര്യങ്ങളോടെ പഴയ അടുക്കളയെ മോടി കൂട്ടുകയും വര്‍ക്കിങ് കിച്ചന്‍ കൂട്ടിയെടുക്കുകയും ചെയ്തപ്പോള്‍ കിച്ചനും കാലിക ഭംഗി കൈവന്നു. വൈറ്റ് ബ്രൗണ്‍ നിറങ്ങളുടെ സങ്കലനത്തിലാണ് കിച്ചന്റെ ഡിസൈന്‍. പിയു ഫിനിഷിലാണ് ക്യാബിനറ്റുകള്‍ തീര്‍ത്തിരിക്കുന്നത്. കൗണ്ടര്‍ ടോപ്പ് ബ്ലാക്ക് ഗ്രനൈറ്റ് കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ഓപ്പണ്‍ സ്‌പേസിനും, ജനാലകള്‍ക്കും, ഡോര്‍ കം വിന്‍ഡോകള്‍ക്കും പ്രാധാന്യം നല്‍കിയാണ് വീട് പുതുക്കിപ്പണിതിരിക്കുന്നത്. അതിനാല്‍ പ്രകൃതിഭംഗി അകത്തേയ്ക്കും എത്തുന്നുണ്ട്. മുറികള്‍ക്ക് എല്ലാം നല്ല വലുപ്പം വേണം, ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകണം, വീട് കാണാന്‍ ചന്തം വേണം എന്നിങ്ങനെയുള്ള ക്ലൈന്റിന്റെ ആവശ്യങ്ങളെല്ലാം പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് അനൂപും, സാഗറും, സജിത്തും മജോയുടെ വീട് പുതുക്കി പണിതിരിക്കുന്നത്. വീടിന്റെ അടിമുടി മാറ്റങ്ങള്‍ വരുത്തിയപ്പോഴും അധികച്ചെലവുകളും അനാവശ്യ ആര്‍ഭാടങ്ങളും ഒഴിവാക്കിയതിനാല്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്ന പുതിയൊരു വീട് സ്വന്തമാക്കാന്‍ മജോയ്ക്കും കുടുംബത്തിനും കഴിഞ്ഞു. പ്രകൃതിയോടു പിണങ്ങി നിന്നിരുന്ന വീടിപ്പോള്‍ പ്രകൃതിയോട് സല്ലപിച്ചുകൊണ്ടാണ് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *