November 1st, 2016
പ്രവൃത്തി പ്രധാനം

ഭൂമിയുടേയും നിര്‍മ്മാണ സാമഗ്രികളുടേയും പുനരുപയോഗം സാധ്യമാക്കി
5 ലക്ഷം രൂപയ്ക്ക് നവീകരണം
പൂര്‍ത്തിയാക്കിയ വീട്

മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍ എളുപ്പമാണ്. എന്നാല്‍, ഉപദേശകന്‍ തന്നെ അതിന്റെ അന്തഃസത്ത മനസിലാക്കി പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനം”. രോഹിത് പാലക്കല്‍ എന്ന യുവ ആര്‍ക്കിടെക്റ്റിന്റെ ആദര്‍ശവാക്യമാണിത്.

”പുതുതലമുറക്കാര്‍ വീടുപണിക്കായി ഒരുപാട് പണം ചെലവഴിക്കുന്നു. പക്ഷേ, ജോലി സംബന്ധമായ കാരണങ്ങളാലും മറ്റും പലപ്പോഴും ആ വീട്ടിലവര്‍ താമസിക്കാറില്ല. വര്‍ഷത്തിലൊരിക്കലോ മറ്റോ അവധിക്കാലത്ത് ദേശാടനക്കിളികളെ പോലെ കൂടണയും. അവധി കഴിഞ്ഞ് അവര്‍ തിരിച്ചു പോകുന്നതോടെ വീട് വീണ്ടും ഒരു ഷോപീസു പോലെ വെറുതെയങ്ങനെ കിടക്കും. ഭൂമിയുടെയും നിര്‍മ്മാണ സാമഗ്രികളുടെയും അമിതമായ ഉപയോഗവും ഊര്‍ജ്ജനഷ്ടവും മാത്രമാണ് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം. നവീകരണത്തിന്റെ പ്രാധാന്യം ഇവിടെയാണ്. ഭൂമിയുടേയും നിര്‍മ്മാണ സാമഗ്രികളുടേയും പുനരുപയോഗം സാധ്യമാകുന്നതും ഊര്‍ജ്ജ നഷ്ടമുണ്ടാക്കാത്തതുമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് കാലത്തിന്റെ ആവശ്യം” ആര്‍ക്കിടെക്റ്റ് രോഹിത് പറയുന്നു. ഇതു വെറുമൊരുപദേശമല്ല. ആര്‍ക്കിടെക്റ്റ് രോഹിത് സ്വന്തം വീടിനുവേണ്ടി നടപ്പിലാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ഈ വാക്കുകള്‍.

ഇനിയല്‍പ്പം ജീവിതം
ടൗണില്‍ തന്നെ സ്വന്തമായൊരു വീടെന്ന രോഹിത്തിന്റെ അച്ഛന്‍ പി.വി. ബാബുരാജിന്റെ സ്വപ്നം യഥാര്‍ത്ഥ്യത്തിലേക്ക് അടുത്തത് ഈയിടെയാണ്. ബിസിനസ്സ് സംബന്ധിയായ കാരണങ്ങളാല്‍ വര്‍ഷങ്ങളായി കോഴിക്കോട് ടൗണില്‍ താമസിച്ചു പോരുകയായിരുന്നു ബാബുരാജ്.
കോഴിക്കോട് പന്തീരാങ്കാവില്‍ 8 സെന്റ് സ്ഥലവും ഒരു പഴയ വീടും കൂടി വാങ്ങി. ബാക്കി മിച്ചമുള്ളത് 5 ലക്ഷം രൂപമാത്രം. അതിന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബഡ്ജറ്റില്‍ നിന്നും ഒരു രൂപ പോലും പാഴാക്കാതെ പരമാവധി നിര്‍മ്മാണ സാമഗ്രികള്‍ പുനരുപയോഗിച്ച് ആര്‍ക്കിടെക്റ്റ് രോഹിത് വീട് നവീകരിച്ചു. കൃത്യം അഞ്ച് ലക്ഷം രൂപയ്ക്ക് വീട് പുതുപുത്തനായി.

മുഖം മിനുക്കി
”അനാവശ്യമായവ പൊളിച്ചു നീക്കി വീട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ പറ്റുന്ന ഇടമാക്കി മാറ്റുകയെന്നതായിരുന്നു ആദ്യം ചെയ്തത്. പിന്നെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചില ചെറിയ മിനുക്കു പണികള്‍ നടത്തി”. ആര്‍ക്കിടെക്റ്റ് രോഹിത് പറയുന്നു.
ചെറിയ രീതിയിലുള്ള മേയ്ക്കപ്പുകള്‍ ചെയ്ത് വീടിന്റെ മുഖം മിനുക്കുവാനാണ് ആര്‍ക്കിടെക്റ്റ് ശ്രമിച്ചത്. വീടിന്റെ മുഖപ്പിന്റെ ഭാഗമായുണ്ടായിരുന്ന നീണ്ട സണ്‍ഷേഡ് പൊളിച്ചു മാറ്റി മുന്‍ഭാഗത്തെ ജനലുകള്‍ക്ക് മാത്രമായി ബോക്‌സ് ടൈപ്പ് സണ്‍ഷേഡ് കൊടുത്തു. വീടിന്റെ സ്‌ക്വയര്‍ ടൈപ്പിന് യോജിക്കാത്ത വിധത്തിലുള്ള ഷേപ്പിലായിരുന്നു മുന്‍പത്തെ സണ്‍ഷേഡ്.

അര്‍ത്ഥപൂര്‍ണ്ണത

പോര്‍ച്ചിന്റെ ഭാഗത്തുള്ള ഭിത്തിയുടെ മുകള്‍ഭാഗത്ത് വീണ്ടും ഒരു ലെയര്‍ കൂടി പ്ലാസ്റ്റര്‍ ചെയ്ത് അവിടെ ഗ്രൂവുകള്‍ കൊടുത്തു. ”ഭിത്തിയിലെ ടൈല്‍ ഒട്ടിക്കല്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ടൈലുകള്‍ ഒട്ടിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഭംഗി മാത്രമല്ല; കിഴക്ക് പടിഞ്ഞാറ് ദിശകളില്‍ നിന്നും ഭിത്തിയിലേക്ക് നേരിട്ടടിക്കുന്ന സൂര്യപ്രകാശത്തിനെതിരെ കവചമായി വര്‍ത്തിച്ച് മുറിയിലെ ചൂട് കുറയ്ക്കുകയെന്ന ധര്‍മ്മം കൂടി ക്ലാഡിങ് ടൈലുകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. എന്നാല്‍ ഈ വീട് വടക്ക് ദര്‍ശനമായാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ഭിത്തികള്‍ക്ക് അത്ര ശക്തമായി സൂര്യപ്രകാശം ഏല്‍ക്കില്ല. വീടിന് ഭംഗി കൂട്ടുന്നതിന്റെ ഭാഗമായും ഒരു എക്‌സ്ട്രാ കവചമെന്ന രീതിയിലും പ്ലാസ്റ്റര്‍ ചെയ്തു ഡിസൈന്‍ വര്‍ക്ക് ചെയ്‌തെന്നു മാത്രം”. ആര്‍ക്കിടെക്റ്റ് പറയുന്നു.
സിറ്റൗട്ടിലെ സൗകര്യങ്ങള്‍ കൂട്ടുന്നതിന്റെ ഭാഗമായി അവിടെ ഒരു ഇന്‍ബില്‍റ്റ് ഇരിപ്പിടം സ്ഥാപിച്ചു. മുന്‍പ് എം.എസ്. ഹാന്റ് റേലുകളായിരുന്നു ഇവിടെ. ഗ്രനൈറ്റ് ഇരിപ്പിടം കൊടുത്തതോടെ ”സിറ്റൗട്ട്” എന്ന പദത്തിന്റെ അര്‍ത്ഥത്തിന് പൂര്‍ണ്ണത കൈവരുകയായിരുന്നു. ഇരിപ്പിടത്തിനു താഴെ ഷൂ റാക്ക് കൂടി കൊടുത്തതോടെ സിറ്റൗട്ട് കൂടുതല്‍ ഫങ്ഷണലായി.

പുനരുപയോഗിച്ച്
”ജനലുകളും വാതിലുകളുമൊക്കെ റീപോളിഷ് ചെയ്‌തെടുത്തു. ആവശ്യമില്ലാത്ത വാതിലുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്. ലിവിങ് റൂമിലേക്ക് ഡൈനിങ്ങില്‍ നിന്നും കടക്കുന്ന വാതിലും അടുക്കള വാതിലും സ്റ്റോര്‍റൂം വാതിലുമൊക്കെ ഇപ്രകാരം ഒഴിവാക്കുകയായിരുന്നു. ആ വാതിലുകളുടെ മരം പുനഃരുപയോഗിച്ചാണ് സിറ്റൗട്ടിലെ ഷൂറാക്കും, ഗേറ്റിലെ മരം കൊണ്ടുള്ള പാനലിങും വാഷ് ഏരിയയിലെ കബോര്‍ഡുമൊക്കെ പണിതത്” ആര്‍ക്കിടെക്റ്റ് പറയുന്നു.
എക്സ്റ്റീരിയര്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മുറ്റവും സുന്ദരമാക്കേണ്ടതായി വന്നു. മുറ്റത്ത് കരിങ്കല്‍ സ്ലാബുകള്‍ വിരിച്ചു. അതിനിടയിലുള്ള ബഫല്ലോ ഗ്രാസുകള്‍ തനിയെ മുളച്ചതാണ്. മുന്‍ഭാഗത്തുള്ള മതില്‍ കൂടുതല്‍ ബലപ്പെടുത്തുന്നതിനായി ഒരു എക്‌സ്ട്രാ തൂണ്‍ കൊടുക്കേണ്ടതായുണ്ടായിരുന്നു. മതിലിന്റെ പകുതി പൊക്കം വരെ കല്ലുകെട്ടി തൂണ്‍ പണിതു. അതുവഴി അവിടം ചെടിച്ചട്ടികള്‍ കൂടി വയ്ക്കുവാനുള്ള ഒരു ഏരിയയായി മാറ്റുകയായിരുന്നു.

പൊളിച്ചു നീക്കി പുതുക്കി
”ലിവിങ്‌റൂം, ഡൈനിങ്, ബെഡ്‌റൂമുകള്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന പഴയ മോഡല്‍ ഷോക്കേസുകളുടെ സ്ലൈഡിങ് ഗ്ലാസ് ഷട്ടറുകളും പ്ലൈവുഡും പൊളിച്ചു നീക്കിയപ്പോള്‍ അവ ഓപ്പണ്‍ നിഷുകളായി മാറി. അവിടെ ഫ്രീസ്റ്റാന്റിങ് ആയുള്ള ഗ്ലാസ് ഡിസ്‌പ്ലേ യൂണിറ്റ് സ്ഥാപിച്ചു. ഇതുമൂലം വീടിന് ഭംഗി കൂടുന്നതോടൊപ്പം കൂടുതല്‍ വിസ്താരം ലഭിക്കുകയും ചെയ്തു.” രോഹിത് പറയുന്നു.
മുറിക്ക് കൂടുതല്‍ വിസ്താരവും സൗകര്യവും ലഭിക്കുന്നതിനായി ചില ഭിത്തികള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. സ്റ്റെയറിന്റെ ഭാഗത്തും വാഷ് ഏരിയയുടെ ഭാഗത്തുമുണ്ടായിരുന്ന വലിയ ആര്‍ച്ച് ഭിത്തികള്‍ പൊളിച്ചു മാറ്റി അത് പ്ലെയിന്‍ ആക്കി. വാഷ് ഏരിയയിലെ പഴയ മോഡല്‍ വാഷ്‌ബേസിന്‍ എടുത്തു മാറ്റി അവിടെ കബോഡ് പണിത് അതിനുമുകളിലായി കൗണ്ടര്‍ടോപ് വാഷ്‌ബേസിനും വലിയ കണ്ണാടിയും സ്ഥാപിച്ചപ്പോള്‍ ആ ഏരിയ കൂടുതല്‍ സുന്ദരമായി.
”പലപ്പോഴും സ്ത്രീകള്‍ കിച്ചനില്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാവാറുണ്ട്. അതൊഴിവാക്കാനായി അടുക്കള ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചു നീക്കി അവിടെ ഒരു ഓപ്പണിങ് കൊടുത്തു. കിച്ചനും ഡൈനിങും തമ്മിലൊരു ബന്ധം സാധ്യമായി. ഈ കൗണ്ടറിന്റെ ഭാഗമായി കിച്ചനിലൊരു ഐലന്റ് ടേബിളും കൊടുത്തിട്ടുണ്ട്. അമ്മ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ മറ്റുള്ള കുടുംബാംഗങ്ങള്‍ക്ക് അമ്മയുമായി ആശയവിനിമയം നടത്താനും അടുത്തിടപഴകുവാനുമൊക്കെ സാധിക്കും. വീട്ടിലെ ഏറ്റവും ലൈവ് ആയ ഏരിയയാണിവിടം” രോഹിത് അഭിപ്രായപ്പെടുന്നു.

ഉള്ളവ വേണ്ടവിധം
മുകള്‍നിലയിലെ സ്റ്റെയര്‍ ലാന്റിങ് ഏരിയ ഒരു ഹാളായിരുന്നു. മുന്‍പ് ഒരുപയോഗവുമില്ലാതെ കിടന്നിരുന്ന ആ ഹാളിന്റെ ഒരു ഭാഗം ആര്‍ക്കിടെക്റ്റ് രോഹിത് എന്റര്‍ടെയ്ന്റ്‌മെന്റ് ഏരിയയും; മറ്റൊരു ഭാഗം ഓഫീസ്‌റൂമിന്റെ സൗകര്യങ്ങളോടുകൂടിയ ഏരിയയുമാക്കി മാറ്റി. കോര്‍ണര്‍ ഷെല്‍ഫും, മ്യൂസിക് സിസ്റ്റവും മറ്റും ക്രമീകരിച്ചിരിക്കുന്ന ഷെല്‍ഫും ഓഫീസ് ഫര്‍ണിച്ചറും ക്യൂരിയോ ഷെല്‍ഫുമൊക്കെ ഇതിനുപകരിക്കും വിധം സജ്ജീകരിച്ചിരിക്കുന്നു.
ബാല്‍ക്കണി ഏരിയയിലെ ചാരുപടി അതുപോലെ തന്നെ നിലനിര്‍ത്തി. അവ റീപെയിന്റ് ചെയ്തു ഭംഗി കൂട്ടി. പുറത്തുനിന്നു നോക്കുമ്പോള്‍ വീടിന്റെ മൊത്തം എലിവേഷനുമായി ചേര്‍ച്ച തോന്നില്ല എന്ന കാരണം കൊണ്ട് അതൊഴിവാക്കാനായി ബാല്‍ക്കണി ഏരിയയില്‍ ചാരുപടികള്‍ മറഞ്ഞു നില്‍ക്കുംവിധം ബാംബൂ ബ്ലെന്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ താഴത്തെ നിലയിലെ മാര്‍ബിള്‍ ഫ്‌ളോറിങ് അതേപടി നിലനിര്‍ത്തി റീ പോളിഷ് ചെയ്തു. മുകള്‍ നിലയിലെ ടൈല്‍ ഫ്‌ളോറിങ്ങിന് മാറ്റമൊന്നും വരുത്തിയിട്ടില്ല.

പ്രകാശവും നിറവും
”പഴയ വീട്ടിലെ ലൈറ്റിങ്ങും ഇപ്രകാരമുള്ളതായിരുന്നു. ഈ വെളിച്ചം ചിലപ്പോഴെങ്കിലും പഴയ ഓര്‍മകളിലേക്ക് എന്നെ കൂട്ടികൊണ്ടു പോകാറുണ്ട്” രോഹിതിന്റെ അമ്മ സജിത ബാബു പറയുന്നു. വീടിനകം മുഴുവനും വാം ട്യൂബുകള്‍ ചൊരിയുന്ന പ്രഭയാല്‍ പൂരിതമാണ്. പണ്ടുകാലത്ത് വീടുകളിലുപയോഗിച്ചിരുന്ന ഇന്‍കാന്റീസന്റ് ലൈറ്റിന്റെ പ്രകാശത്തോട് സാദൃശ്യമുള്ള പ്രകാശം. എന്നാല്‍ ഇന്‍കാന്റീസന്റ്‌ലൈറ്റിനെ അപേക്ഷിച്ച് വൈദ്യുതി കുറവ് മതി എന്നതാണ് വാം ട്യൂബ് ലൈറ്റുകളുടെ ഗുണം. മുറികള്‍ അത്യാവശ്യം മാത്രം വലിപ്പമുള്ളവയാണ് അതുകൊണ്ട് പെയിന്റിങ്ങിനായി കടുംനിറങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. പ്രകൃതിയുമായി ചേര്‍ന്നു പോകുന്ന വെള്ള, ഗ്രേ നിറങ്ങള്‍ ഭിത്തിക്കും ജനലുകള്‍ക്ക് ബ്രൗണ്‍ നിറവുമാണുപയോഗിച്ചിരിക്കുന്നത്. ഇരുണ്ട നിറങ്ങള്‍ ഉപയോഗിച്ചാല്‍ മുറികള്‍ കൂടുതല്‍ ഇടുങ്ങിയതായി തോന്നും.

ഇങ്ങനെ കാര്യക്ഷമവും ബുദ്ധിപരവുമായ സമീപനം മുഖേന തന്റെ വീടിന്റെ നവീകരണം പൂര്‍ത്തിയാക്കിക്കൊണ്ട്, വെറും വാക്കുകളല്ല പ്രവൃത്തികളാണ് പ്രധാനം എന്ന് ആര്‍ക്കിടെക്റ്റ് രോഹിത് തെളിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *