കൃത്യമായ പ്ലാനിങ്, പ്രാദേശിക നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഡിസൈനറും ക്ലൈന്റും തമ്മിലുള്ള പരസ്പര ധാരണ- ഈ മൂന്ന് കാര്യങ്ങള്‍ പാലിച്ചാല്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീട് സ്വന്തമാക്കാം.

കുറച്ച് കാശ്, കൂടുതല്‍ ഭംഗി എന്ന നയമാണ് ചേര്‍ത്തല സ്വദേശി ജേക്കബിന്റെ വീടിന് ആധാരമായത്. സമകാലിക ശൈലിക്ക് മോടി കൂട്ടുന്ന പര്‍ഗോള, ക്ലാഡിങ് തുടങ്ങിയ പരീക്ഷണങ്ങള്‍ വരെ സ്ട്രക്ചറില്‍ ഉള്‍പ്പെടുത്തിയിട്ടും ജേക്കബിന് വീടിന്റെ സ്ട്രക്ചര്‍ വര്‍ക്കില്‍ ചെലവായത് 20 ലക്ഷം രൂപ മാത്രമാണ്.
ഹ്മഹ്നകൃത്യമായ പ്ലാനിങ്, ലോക്കല്‍ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഡിസൈനറും ക്ലൈന്റും തമ്മിലുള്ള പരസ്പര ധാരണ- ഈ മൂന്ന് കാര്യങ്ങള്‍ പാലിച്ചാല്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വീട് സ്വന്തമാക്കാംത്സത്സ എന്ന് ജേക്കബിന്റെ വീട് ഡിസൈന്‍ ചെയ്ത മെല്‍ബിന്‍ അസോസിയേറ്റ്‌സിലെ ഡിസൈനര്‍ മെല്‍ബിന്‍ ജെയിംസ് അഭിപ്രായപ്പെടുന്നു.
16 സെന്റ് പ്ലോട്ടില്‍ 1600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. എലിവേഷനില്‍ ടെക്‌സ്ചര്‍ വര്‍ക്കും സ്റ്റോണ്‍ ക്ലാഡിങ്ങും പര്‍ഗോള ഡിസൈനിങ്ങും കൊണ്ടുവന്നപ്പോള്‍, ജനാലകളുടെ മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കി. മാത്രമല്ല ചെലവുകുറഞ്ഞ മെറ്റീരിയലുകളാണ് നിര്‍മ്മാണത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ സൗന്ദര്യം കൂടിയപ്പോഴും ചെലവ് ഏറിയില്ല.
സിമന്റ്കട്ടകള്‍ കൊണ്ടാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. ഇവ പ്ലാസ്റ്ററിങ് ചെയ്ത് പെയിന്റ് അടിച്ചിരിക്കുന്നു. ഡൈനിങ് കം ലിവിങ് സ്‌പേസിലെ ഭിത്തിയില്‍ ജനാലകള്‍ക്ക് പകരം ചതുരത്തില്‍ വലിയ നിഷുകള്‍ നല്‍കി ഓരോ നിഷിനും വിവിധ നിറങ്ങളിലുള്ള പെയിന്റ് നല്‍കിയിരിക്കുന്നു. ജനാല ഒഴിവാക്കിയുള്ള ഈ ഡിസൈന്‍ നയം ഭംഗി കൂട്ടി; ഒപ്പം ചെലവു ചുരുക്കാനും കാരണമായി. അതുവഴി അകത്തളങ്ങള്‍ കൂടുതല്‍ ഓപ്പണാക്കുവാനും കഴിഞ്ഞിരിക്കുന്നു.
രണ്ട് നിലകളിലായി 3 ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍, ലിവിങ് കം ഡൈനിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നീ സ്ഥലസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ധാരാളം സ്റ്റോറേജ് സൗകര്യങ്ങളോടെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. പ്ലൈവുഡില്‍ ഡിസൈന്‍ ചെയ്ത ക്യാബിനറ്റുകള്‍ പെയിന്റടിച്ച് മനോഹരമാക്കിയിരിക്കുന്നു.
സൗകര്യങ്ങളും സൗന്ദര്യവും വെട്ടിച്ചുരുക്കാതെയാണ് ഡിസൈനര്‍ മെല്‍ബിന്‍ ഈ വീട് പൂര്‍ത്തീകരിച്ചിരിക്കുന്നത്. അകത്തളങ്ങളുടെ ഡിസൈനിങ്ങിനും ഫിനിഷിങ്ങിനുമായി ആറുലക്ഷം രൂപ വേറെയും ചെലവായിട്ടുണ്ട് ഈ വീടിനുവേണ്ടി. കോസ്റ്റ് എഫക്റ്റീവായ മെറ്റീരിയലുകളും പുത്തന്‍ ആശയങ്ങളും ഡിസൈനിങ്ങില്‍ കൊണ്ടുവന്നത് കൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിനുള്ളില്‍ വീടുപണി പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *