February 11th, 2014
പ്ലോട്ടിനൊത്തൊരു സംരചന

ബിജു പി.ബി.

വൈറസ്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടവരും, കൗതുകമുള്ള കെട്ടിടങ്ങളെ ശ്രദ്ധിക്കുന്നവരും ഈ പേരിനെ പെട്ടെന്നു തന്നെ കൊട്ടാരസദൃശമായ ഒരു വീടുമായി ബന്ധിപ്പിക്കും. ഫെയര്‍ ഫാര്‍മ എന്ന സ്ഥാപനത്തിന്റെ ഉടമ മജീദിന്റെ കൊച്ചിയിലുള്ള 35000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടാണ് വൈറസ്. ഈയൊരു പ്രൗഢി അദ്ദേഹത്തിന്റെ മകളുടെ വീടിനും ഉണ്ടാകാതിരിക്കുമോ? 11000 സ്‌ക്വയര്‍ഫീറ്റില്‍ ഇതൊതുങ്ങിയത് മകള്‍ നജിലയ്ക്ക് വൈറസിനോളം വലിയ ഒരു വീടിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. എന്നാല്‍ സൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും നജിലാ ഹോമിലുമില്ല കുറവ്.

”വീടിനെ സംബന്ധിച്ചിടത്തോളം പ്ലോട്ട് പ്രധാനമാണ്. വീടു പണിയാന്‍ പ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍ ആ പ്ലോട്ട് അവിടെ പണിയാന്‍ ഉദ്ദേശിക്കുന്ന വീടിനെ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നത് പരമപ്രധാനമാണ്. ഒന്നുകില്‍ ഡിസൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആ പ്ലോട്ടിനെ മാറ്റിയെടുക്കുക. അല്ലെങ്കില്‍ പ്ലോട്ടിനനുസരിച്ച് ഡിസൈന്‍ മാറ്റുക എന്നീ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഡിസൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വീടിന് അനുസൃതമായി അല്പസ്വല്പം വ്യതിയാനങ്ങള്‍ പ്ലോട്ടില്‍ വരുത്തി. 3 നിലവീടാണ് പണിതതെങ്കിലും മുന്‍വശത്തുനിന്നും നോക്കുമ്പോള്‍ 2 നിലവീടാണെന്ന് തോന്നും. പുറകുവശത്തു നിന്നു നോക്കുമ്പോള്‍ 3 നില വീടാണ് എന്ന് തോന്നും വിധമാണ് സ്ട്രക്ചര്‍” വീടിന്റെ രൂപകല്പന നിര്‍വ്വഹിച്ച ബിജു പി.ബി. പറയുന്നു. ഗ്രൗണ്ട് ഫ്‌ളോറില്‍ മാത്രം പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും കൊടുത്തു. ഫസ്റ്റ് ഫ്‌ളോര്‍ റോഡ് ലെവലില്‍ നിന്നും ഉയര്‍ന്നിട്ടാണ്. വിശാലമായ ലാന്റ്‌സ്‌കേപ്പും കാര്‍പാര്‍ക്കിങ്ങും എല്ലാം വീടിന്റെ മുന്‍ഭാഗത്തെ ഗംഭീരമാക്കുന്നു. 31 സെന്റില്‍ റെക്ടാംഗുലര്‍ ആകൃതിയിലായിരുന്ന പ്ലോട്ടിന്റെ പകുതിഭാഗം വീടിനും പകുതിഭാഗം ലാന്റ്‌സ്‌കേപ്പിനും നല്‍കി. ഈ പ്രൗഢഗംഭീരമായ സൗധം ട്രഡീഷണല്‍ ആര്‍ക്കിടെക്റ്റായ ബിജു പി ബിയുടെ ഇഷ്ട ഡിസൈനുകളില്‍ ഒന്നായതില്‍ അത്ഭുതമില്ല. വീട്ടുടമസ്ഥ നജിലയുടെ ഭാവനാചാരുതയ്ക്ക് ഓരോ ഇടങ്ങളിലും ഇദ്ദേഹം സ്ഥാനം നല്‍കിയിട്ടുമുണ്ട്. ”എന്റെ വീടിന്റെ ഇന്റീരിയര്‍ ഞാന്‍ തന്നെ ഒരുക്കി. എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരുക്കിയതാണ് അകത്തളം.” നജില പറയുന്നു. ഇന്റീരിയര്‍ ഡിസൈന്‍ ലേഔട്ട് നല്‍കിയത് ബിജു പി.ബി. തന്നെയാണ്.

”ഭൂമി, അഗ്നി, ആകാശം, ജലം, വായു, പ്രകൃതിക്ക് സ്വാഗതമരുളിക്കൊണ്ട് പ്രകൃതിയുടെ അംശങ്ങളെ ഒരു കോര്‍ട്ട്‌യാര്‍ഡിനുള്ളില്‍ ആവാഹിക്കുകയാണ് ചെയ്തത്.” ബിജു പറയുന്നു.തടി ഉപയോഗിക്കാതെ സമകാലികശൈലിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. പ്രധാന കവാടത്തിലെ വാതില്‍ ഉള്‍പ്പെടെ എല്ലാ വാതിലുകള്‍ക്കും ബെല്‍ജിയം ഗ്ലാസ് പ്രത്യേക ആകൃതിയില്‍ നല്‍കിയിരിക്കുന്നത് ഡിസൈന്‍ തുടര്‍ച്ച നല്‍കുന്നു.

ഫാമിലി ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്‌യാര്‍ഡ് പ്രധാന ആകര്‍ഷണമാണ്. അടച്ചുകെട്ടിയ 4 ചുവരുകള്‍ക്കുള്ളിലും പ്രകൃതിയെ ആവാഹിക്കാമെന്ന് ഇവിടെ തെളിയിച്ചിരിക്കുന്നത് ആര്‍ട്ടിസ്റ്റ് ഷെഫീക്കാണ്.വളരെ ചെറിയ കാര്യമാണെങ്കിലും അതിന്റെ പൂര്‍ണതയിലെത്തണമെന്ന ശ്രദ്ധയോടെ ഓരോന്നും ഒരുക്കിയത് വീടിന്റെ ഓരോരോ ഇടങ്ങളിലും സ്പഷ്ടമാണ്. ആവര്‍ത്തനവിരസത തോന്നാത്തവിധം വീടിനകത്തെ ഓരോ ഭാഗങ്ങളും വ്യത്യസ്തങ്ങളായ തീമില്‍ ഒരുക്കിയതാണ് ഇന്റീരിയറിന്റെ സവിശേഷത. ”നജിലയുടെ മനസിലെ ലേഔട്ട് എനിക്ക് കൈമാറുമ്പോള്‍ സാങ്കേതികമായി അവ എല്ലാം സാധ്യമാക്കിക്കൊണ്ടുള്ള ഫൈനല്‍ ലേഔട്ടിന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ പരമ്പരാഗതശൈലി മാത്രം അനുവര്‍ത്തിച്ചു പ്രവര്‍ത്തിക്കാറുള്ള എന്റെ പതിവു ശൈലി വിട്ടുള്ള ഈയൊരു പരീക്ഷണം പരാജയമായിട്ടില്ലെന്നാണ് വിശ്വാസം”. ബിജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *