പൗഡര്‍റൂം വീടിനുള്ളിലെ ഒരു ചെറിയ ഏരിയയാണ്. എങ്കിലും ലിവിങ്, ഡൈനിങ് ഏരിയകള്‍ക്കടുത്താകയാല്‍ എപ്പോഴും ഉപയോഗിക്കുന്ന മുറിയും കൂടിയായിരിക്കും. അതിനാല്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം

പൗഡര്‍ റൂം എന്ന വാക്കിന്റെ ഉല്പത്തിയന്വേഷിച്ചാല്‍ അത് 18ാംവിക്‌ടോറിയന്‍ കാലഘട്ടത്തിലാവും എത്തിനില്‍ക്കുക. വിഗുകള്‍ പൗഡര്‍ ചെയ്യാനായി ഉപയോഗിച്ചിരുന്ന ക്ലോസറ്റ് മുറികളായിരുന്നു അന്ന് പൗഡര്‍ റൂമുകള്‍. പൗഡര്‍ റൂം ഒരു മിനി ബാത്ത്‌റൂം ആണ്. സിങ്ക്, ടോയ്‌ലറ്റ് എന്നിവ മാത്രം അടങ്ങുന്ന വെറ്റ് ഏരിയ ഇല്ലാത്ത സ്ഥലം. ഒരു ഹാഫ് ബാത്ത് എന്നു പറയാം. ഒരു വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാവും ഈ ഏരിയ ഉണ്ടാവുക. വീട്ടുകാരുടെ സ്വകാര്യതയില്‍ കടന്നു കയറാതെ അതിഥികള്‍ക്ക് ഉപയോഗിക്കാനാണിത്. ചിലപ്പോഴൊക്കെ ഈ സംവിധാനം സ്റ്റെയര്‍കേസിനടിയിലും ഒരുക്കാറുണ്ട്. പൗഡര്‍ റൂമിന് ജനാലകള്‍ ഉണ്ടാകാറില്ല.

ഇന്ന് ഓരോ വീട്ടുടമയും തന്റെ സ്റ്റൈലും പ്രൗഢിയും പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി പൗഡര്‍ റൂമുകള്‍ നിരവധി ആക്‌സസറീസുകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാക്കാറുണ്ട്. പൗഡര്‍റൂമിനു വേണ്ടി മാത്രമായി ഇന്ന് നിരവധി നൂതന സംവിധാനങ്ങളും മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്. പുതിയ ഡിസൈനുകളിലുള്ള ഫിക്‌സ്ചറുകള്‍, പെഡസ്റ്റല്‍ സിങ്ക്, കസ്റ്റംമെയ്ഡ് ക്യാബിനറ്റുകള്‍, ഭിത്തിയലങ്കരിക്കാന്‍ വാള്‍ പീസുകള്‍, ആര്‍ട്ടു വര്‍ക്കുകള്‍ ഇതൊക്കെ ഇന്നു ഫാഷനായി മാറിയിട്ടുണ്ട്. അലങ്കാരങ്ങള്‍ എത്രയെങ്കിലുമാവാം. എന്നാല്‍ പൗഡര്‍റൂമിനു ചേരുന്നതാകാന്‍ എപ്പോഴും ശ്രദ്ധിക്കണം. സൗകര്യ പ്രദമായിരിക്കണം ഫിറ്റിങ്ങുകളും മറ്റു സാമഗ്രികളും. പൗഡര്‍ റൂം വീടിന്റെ തന്നെ ഫാഷനെ നിര്‍വ്വചിക്കുന്നു.
ഭംഗിയായി മടക്കിയ ഹാന്റ് ടവ്വലുകളോ റോളുകളായി ചുരുട്ടിയ നാപ്കിനുകളോ കാണാന്‍ ഭംഗിയുള്ള കെയ്ന്‍ ബാസ്‌ക്കറ്റുകളില്‍ വയ്ക്കാം. പേപ്പര്‍ ടൗവ്വലുകളാണെങ്കില്‍ വേസ്റ്റ് ബാസ്‌ക്കറ്റ് നിര്‍ബന്ധമായും കരുതണം. ഏതാനും മാഗസിനുകളോ, ന്യൂസ് പേപ്പര്‍ സപ്ലിമെന്റുകളോ ഒക്കെ ഭംഗിയുള്ള ഒരു റാക്കില്‍ അടുക്കിവയ്ക്കുന്നത് സ്വാഗതാര്‍ഹമാണ്. ചെറിയ ഓപ്പണ്‍ ഷെല്‍ഫുകള്‍ ആണ് അടച്ചു പൂട്ടിയവയേക്കാള്‍ നല്ലത്. ഇവയൊക്കെ പൗഡര്‍റൂമുകളെ കാലത്തിനിണങ്ങിയതും ആകര്‍ഷകവും ഫാഷനബിളും ആക്കും.


പൗഡര്‍റൂം വീടിനുള്ളിലെ ഒരു ചെറിയ ഏരിയയാണ്. എങ്കിലും ലിവിങ്, ഡൈനിങ് ഏരിയകള്‍ക്കടുത്താകയാല്‍ എപ്പോഴും ഉപയോഗിക്കുന്ന മുറിയും കൂടിയായിരിക്കും. അതിനാല്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. വ്യത്യസ്തമായ ഒരു വാഷ്‌ബേസിന്‍ കൊണ്ടോ കൗതുകകരമായോ രസകരമോ ആയ ഒരു അലങ്കാര വസ്തുവോ കൊണ്ട് മോടി കൂട്ടാം. പൗഡര്‍ റൂമില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ എപ്പോഴും ഓര്‍ക്കുക, സ്ഥലപരിമിതി ഉള്ള സ്ഥലം കൂടിയാണത്. അതിനാല്‍ ഒന്നും അധികമാകരുത്, അലങ്കാരങ്ങള്‍ പോലും. പൗഡര്‍റൂമില്‍ ഒരുപാടു സാമഗ്രികളില്‍ ഒരേസമയം ഫോക്കസ് ചെയ്യാതെ ഏതെങ്കിലും ഒരു ഏരിയ, ഒരു കളര്‍ ഇവയൊക്കെ ഫോക്കസ് ചെയ്യാം. ഉദാഹരണമായി വളരെ ബോള്‍ഡായ മൊസൈക് ടൈലുകള്‍ കൊണ്ടുള്ള ബാക്‌സ്പ്ലാഷ് ഏരിയയും ഫ്‌ളോറും കണ്ണിന് അരോചകമാകും. അതിനു പകരം ഒരു ഭിത്തി മാത്രം, ബാക്ക്‌സ്പ്ലാഷ് ഏരിയ മാത്രം ഹൈലൈറ്റ് ചെയ്യുക. അല്ലെങ്കില്‍ കൗണ്ടര്‍ ടോപ്പോ, വാനിറ്റി വാഷ്‌ബേസിനോ ഹൈലൈറ്റ് ചെയ്യുക. ബാക്കി തറയും ചുമരുമെല്ലാം സ്റ്റോണ്‍, മാര്‍ബിള്‍ ഗ്രനൈറ്റ് ഇവയിലേതെങ്കിലും കൊണ്ട് വളരെ സൗമ്യമായി അലങ്കരിക്കുക. വളരെ ശ്രദ്ധേയമായ ഒരു ഫ്‌ളോര്‍, സിങ്ക്, അല്പം വിചിത്രമായ ഒരു കണ്ണാടി, സീലിങ്, ലൈറ്റിങ് ഇവയൊക്കെ ശ്രദ്ധേയമാക്കാനുതകുന്ന മറ്റു ഘടകങ്ങളാണ്. എന്നാല്‍ വാട്ടര്‍ ഫോസെറ്റ്‌സ്, ക്ലോസറ്റ് തുടങ്ങിയവയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകുകയുമരുത്.
ക്യാബിനറ്റ് റാക്കുകള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എളുപ്പം ഉപയോഗിക്കാനാകണം. തിക്കുമുട്ടല്‍ ഉണ്ടാകരുത്. അതിഥികള്‍ക്കു വേണ്ടി മാത്രമുള്ള ഏരിയ ആണെങ്കിലും ഇന്ന് ഡിസൈനര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും ഏറെ പ്രിയമുള്ളൊരു സ്ഥലം കൂടിയാണ് പൗഡര്‍ റൂം. വീടിന്റെ പ്രൗഢിയും മഹിമയും വെളിവാക്കുന്ന അതിഥികളുടെ ഇടം- നമ്മുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റും.

Leave a Reply

Your email address will not be published. Required fields are marked *