നിലവിലുണ്ടായിരുന്ന തറവാട് വീട് പൊളിച്ച് അതിന്റെ സാധന സാമഗ്രഗികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ വീട്

 

ഇദരീസിന് മാതാപിതാക്കളോടുള്ള അഗാധമായ സ്‌നേഹ വും കലയോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരു പോലെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കോഴിക്കോട് മാങ്കാവിലുള്ള പാരന്റ്‌സ് എന്ന വീട്. തന്റെ സ്വപ്നഗേഹത്തിന് ഇങ്ങനെയൊരു പേരു തെരഞ്ഞെടുത്തതില്‍ നിന്നു തന്നെ മനസിലാക്കാം ഇദ്ദേഹത്തിന് മാതാപിതാക്കളോടുള്ള സ്‌നേഹം. വീടിനുള്ളിലേക്ക് കടന്നാല്‍ ചുറ്റുമതില്‍ തൊട്ടു തുടങ്ങുകയായി കഥയും കലയും. ഈ വീടിന്റെ ഓരോരോ സാധനസാമഗ്രികള്‍ക്കും പറയാനുണ്ട് ഓരോരോ കഥകള്‍. വീട്ടുടമ ഇദരീസ് തന്റെ വീടിനെ ഫ്യൂഷന്‍ ഹോം എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന തറവാട് വീട് പൊളിച്ച് അതിന്റെ സാധനസാമഗ്രികള്‍ ഉപയോഗിച്ച് പുതിയ വീട് നിര്‍മ്മിക്കുകയാണ് ഇദ്ദേഹം ചെയ്തത്. കയ്യിലുള്ള സാധന സാമഗ്രികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് തന്റെ മനിലുള്ളതുപോലെ ഒരു വീട് പണിയുന്നതിന് പലരേയും സമീപിച്ചുവെങ്കിലും അത്തരത്തിലൊന്ന് വിഭാവനം ചെയ്യാന്‍ ആരും മെനക്കെട്ടില്ല എന്ന് ഇദരീസ് പറയുന്നു. അങ്ങനെ വീടിന്റെ ബേസിക് പ്ലാന്‍ അംഗീകാരമുള്ള ഒരു എഞ്ചിനീയറില്‍ നിന്ന് തയ്യാറാക്കി വാങ്ങി. തൊഴിലാളികളെ നേരിട്ട് തന്നെ ഏര്‍പ്പാടാക്കി സ്വന്തം ഇഷ്ടപ്രകാരം ചെയ്‌തെടുക്കുകയായിരുന്നു.
ഷര്‍ട്ടില്‍ തുടങ്ങാം
കഥയുടെ തുടക്കം പ്രവേശന കവാടത്തില്‍ നിന്നു തന്നെ ആവാം പൊളിച്ചെടുത്ത തറവാട് വീടിന്റെ ചെങ്കല്ലുകള്‍ ഉപയോഗിച്ച് തീര്‍ത്ത മതില്‍. ഇരുമ്പു ഗേറ്റിനാകട്ടെ മറ്റെങ്ങും കാണാത്തൊരു ഡിസൈന്‍. ഒരു ഷര്‍ട്ട് മടക്കി വച്ചതുപോലെ. ഇരുമ്പു പൈപ്പുകൊണ്ടാണിത് തീര്‍ത്തിരിക്കുന്നത്.
വീടിന് മുന്നിലും പുറകിലും ധാരാളം സ്ഥല സൗകര്യമുണ്ട്. ലാന്‍ഡ്‌സ്‌കേപ്പും വിശാലമാണ്. ട്രീറ്റ് ചെയ്ത യൂക്കാ ലിപ്‌സ് മരത്തടികള്‍ ഉപയോഗിച്ചാണ് ലാന്‍ഡ്‌സ്‌കേപ്പിലെ അലങ്കാരങ്ങള്‍. സാധാരണ കോണ്‍ക്രീറ്റ് പൈപ്പുകള്‍ കൃത്യമായി മുറിച്ച് ആംഗ്ലേയറിന് മുകളില്‍ തിരിച്ചും മറിച്ചും ഇട്ടപ്പോള്‍ അതൊരു പ്രത്യേക ഡിസൈനായി. പൈപ്പാണ് എന്ന് അത്രയെളുപ്പം ആര്‍ക്കും മനസിലാവില്ല. പുതിയ തരം ഓടാണോ എന്ന് പലരും ചോദിക്കാറുണ്ടത്രേ.
കോണ്‍ക്രീറ്റ്‌പൈപ്പിന് ഉള്ളില്‍ സിമന്റ് ചാന്ത് നിറച്ച് സ്ഥാപിച്ചിട്ടുള്ള തൂണിന് അല്പം നിറം കൂടി നല്‍കിയപ്പോള്‍ ഉറപ്പും ഭംഗിയും ഇരട്ടിയായി. ഫാള്‍സ് സീലിങ്ങിലെ അലങ്കാരങ്ങള്‍ പെയിന്റിങ് ബ്രഷിനെ അനുസ്മരിപ്പിക്കുന്ന യൂക്കാലിപ്റ്റസ് സ്റ്റിക്കുകള്‍ കൊണ്ടാണിതും ഒരുക്കിയിരിക്കുന്നത്.
അതിഥി ഏരിയയില്‍ സോഫയ്ക്ക് പുറമെ പ്ലൈവുഡില്‍ ഡിസൈന്‍ ചെയ്ത് എടുത്തിരിക്കുന്ന ടീപ്പോയും ഇരിപ്പിടങ്ങളുമാണ്. ഇത്തരം 150 ഇരിപ്പിടങ്ങളോളം ഗൃഹനാഥന്‍ പണിതു സൂക്ഷിച്ചിട്ടുണ്ട്. വീട്ടില്‍ അതിഥികള്‍ കൂടുതലുള്ളപ്പോള്‍, പാര്‍ട്ടി നടക്കുമ്പോള്‍, ഒക്കെ ഇത്തരം ഇരിപ്പിടങ്ങള്‍ പ്രയോജനപ്പെടുന്നു. പ്ലൈവുഡില്‍ കാര്‍വ് ചെയ്ത് എടുത്തവയാണിത്. ലിവിങ് ഏരിയയുടെ ഭിത്തിയലങ്കരിക്കുന്നതും പ്ലൈവുഡില്‍ ചെയ്തിരിക്കുന്ന കര്‍വിങ് വര്‍ക്കുതന്നെ. പണ്ടുകാലത്തെ റിക്ഷാ വണ്ടിയുടെ മാതൃകയാണ് ചുവരലങ്കാരത്തിന്.
വ്യത്യസ്തം ഈ ഫര്‍ണിഷിങ്
തന്റെ പിതാവ് ഏറെക്കാലം ഉപയോഗിച്ചിരുന്ന കട്ടില്‍ എങ്ങനെ ഒരു ആര്‍ട്ട് പീസായി സൂക്ഷിക്കാം എന്നുള്ള ആലോചനയില്‍ നിന്നാണ് ഗൃഹനാഥന്‍ ഇങ്ങനെയൊരു ഡൈനിങ് ടേബിള്‍ കണ്ടെത്തിയത്. പഴമയുടെ പ്രൗഢി പേറുന്ന കട്ടിലിന്റെ മുകളില്‍ ഗ്ലാസിട്ട് ഡൈനിങ് ടേബിളാക്കി മാറ്റി. പ്ലൈവുഡ് കാര്‍വ് ചെയ്ത് ചുറ്റിനും ആവശ്യമുള്ള ഇരിപ്പിടങ്ങളും തീര്‍ത്തപ്പോള്‍ കട്ടില്‍ നല്ലൊരു ഊണുമേശയായി മാറി.
ഉപ്പിട്ട് ട്രീറ്റ് ചെയ്‌തെടുത്ത കമ്പം കയറാണ് സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയില്‍. സ്റ്റെയര്‍ കേസ് കയറി മുകളിലേക്ക് ചെല്ലുമ്പോള്‍ അവിടെയുമുണ്ട് കെട്ടുവള്ളം തുടങ്ങിയ കാഴ്ചകള്‍ പലതും. സ്റ്റെയര്‍കേസിന്റെ സ്റ്റെപ്പുകള്‍ വുഡു കൊണ്ട് പൊതിഞ്ഞവയാണ്.
ഈ വീട്ടിലെ വാഷ്‌ബേസിനുകള്‍ വരെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. പഴയ ഉരല്‍, തയ്യല്‍ മെഷീന്റെ ഭാഗങ്ങള്‍, ഫ്രൈയിങ് പാന്‍ എന്നിവയെല്ലാമുപയോഗിച്ചാണ് ഇവിടെ വിവിധയിടങ്ങളില്‍ ഹാന്‍ഡ്‌വാഷ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ കൈ തുടയ്ക്കുവാനുള്ള ടവ്വല്‍ ഹാന്‍ഡിലിലും ഉണ്ട് ഒരു ഡിസൈന്‍ വൈവിധ്യം. പാന്റ്  മാതൃകയിലുള്ള ഈ ഡിസൈന്‍ തടിയില്‍ കൊത്തിയെടുത്തതാണ്.
വീടിന്റെ പുറത്ത് മുന്‍ഭാഗത്തായി ധാരാളം ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങള്‍ തീര്‍ത്തിരിക്കുന്നു. കൂടാതെ പ്ലൈവുഡില്‍ തീര്‍ത്തിരിക്കുന്ന ഭംഗിയൊത്ത സ്റ്റൂളുകള്‍ വേറെയും; ഇരിപ്പിടങ്ങള്‍ക്ക് ഈ വീട്ടില്‍ കുറവില്ല. ഇന്‍ബില്‍റ്റ് ഇരിപ്പിടത്തോടു ചേര്‍ന്നുള്ള തബലയുടെ രൂപത്തിലുള്ള ഈ ആര്‍ട്ട്‌വര്‍ക്ക് തടിയില്‍ തീര്‍ത്തവയാണ്.
വെണ്‍മയോടെ അകത്തളം
കിടപ്പുമുറികള്‍ക്ക് വെണ്‍മയുടെയും വുഡന്‍ ബ്രൗണ്‍ യെല്ലോ നിറങ്ങളുടെയും പ്രതിഫലനമാണ്. ഫര്‍ണിഷിങ് ഇനങ്ങളില്‍ മാത്രം കളര്‍ഫുള്‍, നിറങ്ങള്‍ കാണാം. വുഡുകൊണ്ടു തന്നെ കട്ടിലിന്റെ ഹെഡ്‌ബോഡിനോടു ചേര്‍ന്ന ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഫാള്‍സ് സീലിങ്ങും വാംലൈറ്റും കിടപ്പുമുറികള്‍ക്ക് ഭംഗിയേകുന്നു.
വെളുപ്പ് നിറത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് അടുക്കളയുടെ ഡിസൈന്‍. ഭിത്തിയിലെ ഡിസൈനിങ് നയം അടുക്കളയ്ക്ക് കൂടുതല്‍ എടുപ്പ് നല്‍കുന്നു. വര്‍ക്കിങ് കിച്ചനും മോഡുലാര്‍ കിച്ചനും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.
തന്റെ പിതാവ് ഉപയോഗിച്ചിരുന്ന ചാരുകസേര പുസ്തകങ്ങള്‍, തുടങ്ങിയവയെല്ലാം ഇദ്ദേഹം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഗ്രാമീണ പുസ്തകശാലകളെ അനുസ്മരിപ്പിക്കുന്ന വിധം ബഞ്ചും ഡസ്‌ക്കുമൊക്കെയാണ് ഇവിടുത്തെ മറ്റ് ഇരിപ്പിടങ്ങള്‍.
സ്വന്തം ആശയമനുസരിച്ച് സങ്കല്പങ്ങള്‍ക്കനുസരിച്ച് വീട്ടുടമയായ ഇദരീസ് സ്വയം ഡിസൈന്‍ ചെയ്ത ഈ വീടിന് ഡിസൈന്‍ സിദ്ധാന്തങ്ങളുടെ പിന്തുണയില്ല. കലാവാസനയുടെ മേമ്പൊടി ഉണ്ടുതാനും. ഇതേക്കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളത് എന്റെ ആശയങ്ങള്‍ വിദഗ്ധരായ പലതരം തൊഴിലാളികളെ ഏര്‍പ്പെടുത്തി സാക്ഷാത്ക്കരിക്കുയായിരുന്നു. ഇതൊരു സഹകരണാടിസ്ഥാനത്തിലുള്ള, സംതൃപ്തിയുള്ള ജോലിയായിരുന്നു. ഞാന്‍ മാത്രം വിചാരിച്ചാല്‍ ഒരിക്കലും ഇങ്ങനെയൊരു വീടു തീര്‍ക്കാനാവില്ല. അനവധി പേര്‍ എന്നോട് സഹകരിക്കുകയും എന്റെ ആശയങ്ങള്‍ മനിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് കൈവന്ന വിജയമാണിത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ പഠനമുണ്ട്, നിരീക്ഷണമുണ്ട്, കാത്തിരിപ്പുണ്ട്, പ്രതീക്ഷയുണ്ട്. മറ്റ് എല്ലാമുണ്ട്. വീടുപണി തീര്‍ത്തു ഗൃഹപ്രവേശം നടത്തിയപ്പോള്‍ അതില്‍ സന്നിഹിതരായിരുന്നവര്‍ പറഞ്ഞ നല്ല വാക്കുകള്‍ ഇദരീസിന് വലിയൊരു അംഗീകാരമായി. ഇത് എന്റെ സ്വപ്നഗേഹമാണ്- ഇതിന് വിലയിടാനാവില്ല. അതുകൊണ്ട് എനിക്ക് ഈ വീടിന് കൃത്യമായൊരു ചെലവു പറയാനാവില്ല. നിയതമായൊരു ചട്ടക്കൂട്ടില്‍ അല്ലെങ്കിലും കലാംശങ്ങളെ അവസരത്തിനൊത്ത് ഉപയോഗിച്ച് ചെയ്ത് പണി തീര്‍ത്ത മനോഹരമായ വീട്.

 

Leave a Reply

Your email address will not be published. Required fields are marked *