ഒറ്റനോട്ടത്തില്‍ പഴയൊരു ബ്രിട്ടീഷ് ബംഗ്ലാവ്. നീളന്‍ തൂണുകള്‍, വലിയ ജനാലകള്‍, ആംഗലേയ ശൈലി അനുസ്മരിപ്പിക്കുന്ന തൂക്കുവിളക്കുകള്‍. ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്ന പഴയ തറവാടുകളുടെയും എസ്റ്റേറ്റ് ബംഗ്ലാവുകളുടെയും സാന്നിധ്യം മലപ്പുറത്തുള്ളതിനാല്‍ എത്തിപ്പെട്ടത് ഏതോ ബ്രിട്ടീഷ് ബംഗ്ലാവിന്റെ മുന്നിലാണോ എന്നു ശങ്കിച്ചു പോയാലും കുറ്റംപറയാനാവില്ല. വീടിന്റെ പ്രവേശനകവാടത്തില്‍ നിന്ന് അകത്തളത്തിലേക്ക് കടന്നാലോ? വെള്ളക്കാരുടെ വാസ്തുകലയുടേതായ പ്രൗഢഗംഭീരമായ കാഴ്ച വിരുന്ന്. 30 ഡിഗ്രി ചരിവുള്ള സ്ലോപ് റൂഫുമായി കൂറ്റന്‍ സിറ്റിങ് റൂം. രാജകീയമായ മരഗോവണി. വലിയ അലങ്കാര തൂക്കു വിളക്കുകള്‍.
ഇതൊരു ബംഗ്ലാവാണെന്ന് ആദ്യകാഴ്ചയില്‍ തെറ്റിദ്ധരിക്കാത്തവര്‍ കാണില്ല. കാരണം വീടിന്റെ മുക്കിലും മൂലയിലും വരെ കൊളോണിയല്‍ ശൈലിയുടെ പിന്തുടര്‍ച്ചയുണ്ട്. ”പുല്ലംകോട് എസ്റ്റേറ്റ് ബംഗ്ലാവു പോലൊരു വീട്. അത് മാത്രമായിരുന്നു ഒരു വീടിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയ നാള്‍ മുതല്‍ മനസിലുണ്ടായിരുന്നത്” വീട്ടുടമ അസ്‌ലാം പറയുന്നു.
ബംഗ്ലാവ് വീടെന്ന അസ്‌ലാമിന്റെ ആഗ്രഹം സാധ്യമാക്കാന്‍ നിയുക്തനായ ഡിസൈനര്‍ അലവി കെ താരിയ്ക്കാകട്ടെ ഇതുപോലെ വ്യത്യസ്തമായ ശൈലിയില്‍ ഒരു വീട് ഡിസൈന്‍ ചെയ്യുക എന്നത് നീണ്ട നാളത്തെ ഒരു ആഗ്രഹവുമായിരുന്നു. ഒരു വര്‍ഷം കൊണ്ടാണ് അലവി കെ താരി അസ്‌ലാമിന്റെ സ്വപ്നമഹല്‍ ഒരുക്കിയത്.
പച്ച പുതച്ചതിന്‍ ഭംഗി
മരച്ചീനിയും വാഴയും തെങ്ങും നിറഞ്ഞു നില്‍ക്കുന്ന വയല്‍ക്കരയില്‍ നീളത്തിലായിരുന്നു പ്ലോട്ട്. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് നീളത്തില്‍ തന്നെയാണ് വീടിന്റെ ഡിസൈന്‍. വീടിന്റെ ഏത് മൂലയില്‍ നിന്ന് നോക്കിയാലും ഒരേ വ്യൂ കിട്ടാന്‍ സിമട്രിക്കല്‍ ശൈലി അവലംബിച്ചിരിക്കുന്നു. വീടിന്റെ പാര്‍ശ്വവീക്ഷണം ആസ്വാദ്യകരമാക്കാന്‍ ഉദ്യാനം ഒരു വശത്തായാണ് ഒരുക്കിയിരിക്കുന്നത്. മുറ്റത്തുണ്ടായിരുന്ന തെങ്ങുകളൊന്നും വെട്ടിമാറ്റാതെ അവയുടെ ഇടയില്‍ പുല്ല് നട്ടുപിടിപ്പിച്ചാണ് പൂന്തോട്ടം ഉണ്ടാക്കിയിരിക്കുന്നത്. പച്ചപ്പും, വ്യത്യസ്തമായ ഡിസൈന്‍ നയവും കൊണ്ട് അസ്‌ലാമിന്റെ വീട് ആകര്‍ഷകമായിരിക്കുന്നു. വീടിനെ പ്രൗഢമാക്കാന്‍ ഡിസൈനര്‍ ചെയ്ത ആദ്യപടി തറ രണ്ടടി ഉയരത്തില്‍ നിര്‍മ്മിക്കുക എന്നതായിരുന്നു. പിന്നീടങ്ങോട്ട് ഉയരം വീടിന്റെ പ്രധാന ഘടകങ്ങളിലൊന്നായി. നാല് മീറ്റര്‍ ഉയരമുണ്ട് വീടിന്റെ പ്രധാന വാതിലിന്. സാധാരണ ഉയരത്തേക്കാള്‍ രണ്ട് മടങ്ങ് ഉയരത്തിലാണ് സിറ്റിങ് റൂമിന്റെ ഭിത്തിയും നിര്‍മ്മിച്ചിട്ടുള്ളത്.
സ്വകാര്യതയുടെ
ചിറകേറി
വീടിന്റെ സ്ട്രക്ച്ചറല്‍ ഡിസൈനിനാണ് ഡിസൈനര്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ അത്യാവശ്യത്തിന് മാത്രമേ ഫര്‍ണിച്ചര്‍ ഉപയോഗിച്ചിട്ടുള്ളു. മോഡേണിസം പിന്തുടരാത്തതു കൊണ്ട് തന്നെ കുറച്ച് സ്ഥലത്തു മാത്രമേ ജിപ്‌സം സീലിങ് ചെയ്തുള്ളൂ. സീലിങ് ആവശ്യമില്ലാത്ത കൊളോണിയല്‍ ശൈലിയിലാണ് റൂഫ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധമാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. രണ്ട് ലെവലായിട്ടാണ് വീട്. ലിവിങ് റൂമിനു പിറകിലായാണ് ഡൈനിങും കിച്ചനും ബെഡ് റൂമുകളും ഫാമിലി ലിവിങുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ലിവിങ് റൂമില്‍ നിന്ന് കൊളോണിയല്‍ ശൈലിയില്‍ ഒരു ഗംഭീരന്‍ മരഗോവണി നല്‍കിയതിനാല്‍ ഭംഗിയും ഒപ്പം സ്വകാര്യതയും ലഭ്യമായി. ലിവിങ് റൂമില്‍ ഇരുന്നാല്‍ വീടിനുള്ളിലേക്കുള്ള കാഴ്ച ഈ വലിയ ഗോവണി മറയ്ക്കുന്നു. ഗോവണിയുടെ അടിയിലാണ് വാഷ് ഏരിയ. സ്റ്റോണ്‍ ക്ലാഡിങ് കൊണ്ടാണ് വാഷ് ഏരിയയുടെ ഭിത്തി മനോഹരമാക്കിയിരിക്കുന്നത്. പരമ്പരാഗത മുസ്ലീം കുടുംബമായതിനാല്‍ സ്ത്രീകള്‍ക്ക് സ്വകാര്യത വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു എന്ന് അലവി കെ താരി പറഞ്ഞു.
പത്തരമാറ്റ് തിളക്കം
ഇന്റീരിയറില്‍ വൈദ്യുത ലൈറ്റുകള്‍ ധാരാളമുണ്ടെങ്കിലും അവയുടെ സേവനം വളരെ കുറച്ചു സമയം മാത്രമേ ആവശ്യമുള്ളു. പ്രകൃതിദത്ത വെളിച്ചം വീടിനുള്ളിലേക്ക് പരമാവധി കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ജനാലകളുടെ ക്രമീകരണം. ജനാലകളുടെ ഉള്ളിലൂടെ വിരുന്നെത്തുന്ന സൂര്യപ്രകാശം വീടിനെ ദിവസം മുഴുവന്‍ പ്രകാശപൂരിതമാക്കുന്നു. മാത്രമല്ല, ഏതു മുറിയിലെ ജനാല തുറന്നാലും പുറത്തെ വയലേലകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ അവസരവുമുണ്ട്. കര്‍ട്ടനുകള്‍ക്ക് പകരം ബ്ലൈന്റുകളാണ് ജനാലകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ജനാല തുറന്നില്ലെങ്കില്‍ കൂടി ബ്ലൈന്റിനുള്ളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മൂലം വീടിനകം എപ്പോഴും തിളങ്ങി നില്‍ക്കും. തറയൊരുക്കാന്‍ ഇറക്കുമതി ചെയ്ത ഒമാന്‍ മാര്‍ബിള്‍ കൂടിയായപ്പോള്‍ വീടിനു തിളക്കമേറുന്നു. വെളിച്ചവും മിന്നിത്തിളക്കവും ചേര്‍ന്ന് വീടിനുള്ളില്‍ സദാ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു.
ഗള്‍ഫിലെ ഏറെക്കാലത്തെ ജോലിയില്‍ നിന്നുള്ള സമ്പാദ്യം സ്വരുക്കൂട്ടിവച്ചാണ് അസ്‌ലാം തന്റെ വീട് പണിതത്. കൊളോണിയല്‍ ശൈലിയില്‍ ഒരു വീടെന്ന അസ്‌ലാമിന്റെ ആഗ്രഹത്തിനും ഏതാണ്ട് അത്രയും കാലത്തെ പഴക്കമുണ്ട്. അകത്തളത്തില്‍ ഒരുക്കിയ മെഴുകുതിരി സ്റ്റാന്റില്‍ വരെ കൊളോണിയല്‍ സ്പര്‍ശം കൊണ്ടുവന്നു കൊണ്ട് ഡിസൈനര്‍ അലവി കെ താരിയും തന്റെ ക്ലൈന്റിന്റെ ആയുഷ്‌ക്കാല മോഹത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *