December 8th, 2015
ബാത്‌റൂം ഡിസൈന്‍: അടിസ്ഥാനാശയങ്ങള്‍

 

ബാത്‌റൂമുകള്‍ ഗ്ലാമര്‍ റൂമുകളായി മാറിയിരിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുവാന്‍ നിരവധി ഉല്പന്നങ്ങളുണ്ട് വിപണിയില്‍. ആഡംബര ഹര്‍മ്യമായാലും സെമി ലക്ഷ്വറി വീടുകളാലും, സാധാരണ ബാത്‌റൂമായാലും ശരി തെരഞ്ഞെടുപ്പിലെ വൈവിധ്യം ഇന്ന് ഏറെ അത്ഭുതാവഹമാണ്. ഉത്പന്നങ്ങളില്‍ മാത്രമല്ല ഡിസൈനിങ്ങിന്റെ കാര്യത്തിലും ആഡംബരവും വൈവിധ്യവുമുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ കടന്നു വരവ് കുളിമുറിയെന്ന സങ്കല്പത്തെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു. ഒരു കരസ്പര്‍ശത്താല്‍ ആവശ്യങ്ങള്‍ എല്ലാം നടത്തുവാന്‍ കഴിയും വിധം ബാത്‌റൂമുകള്‍ സാങ്കേതിക മികവു പുലര്‍ത്തുന്നവയായി. ആഡംബര ഭവനങ്ങളിലെ ബാത്‌റൂമുകളെ മാറ്റി നിര്‍ത്തിയാലും ഈ മേഖലയില്‍ വിപ്ലവകരമായ ഒരു മുന്നേറ്റം തന്നെയാണ് വന്നിട്ടുള്ളത് എന്നു പറയുവാനാകും; ഉല്പന്നങ്ങളിലായാലും ഡിസൈനിലായാലും. അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനൊപ്പം ബാത്‌റൂമുകളെയും അണിയിച്ചൊരുക്കുന്ന രീതിയാണ് ഇന്നുള്ളത്. ഏതൊക്കെ നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലമുണ്ടെങ്കിലും ബാത്‌റൂമുകളുടെ നിര്‍മ്മാണത്തില്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കുകയും പ്ലാനിങ് ചെയ്യുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
പ്ലാനിങ് ഘട്ടത്തില്‍
ബാത്‌റൂം ഏതു ബഡ്ജറ്റിലുള്ളതാണെങ്കിലും ശരി ഡ്രൈ/വെറ്റ് ഏരിയ വേര്‍തിരിക്കണം. ആഡംബര ബാത്‌റൂമുകളെ സംബന്ധിച്ച് ഡിസൈന്‍ പരിമിതിയോ, ബഡ്ജറ്റ് പരിമിതിയോ ഇല്ല. അതിനാല്‍ സ്ഥല ലഭ്യതയനുസരിച്ച് ബാത്‌റൂം ഏരിയ വര്‍ദ്ധിപ്പിക്കാം. ബാത്‌റൂമിലേക്കാവശ്യമായ ഫിക്‌സ്ചറുകള്‍, മറ്റ് ബാത്‌റൂം ഉല്പന്നങ്ങള്‍ ഇവയൊക്കെ പ്ലാനിങ് ഘട്ടത്തില്‍ തന്നെ തീരുമാനിക്കുക. മുന്തിയ വിലയുടെ പലതരം ഉല്പന്നങ്ങള്‍ ഇന്നു വിപണിയില്‍ സുലഭമാണ്. ഉദാഹരണത്തിന് തെര്‍മോസ്റ്റാറ്റിക് മിക്‌സര്‍. ഇത് ഫിറ്റു ചെയ്യുകയാണെങ്കില്‍ ചൂടുവെള്ളവും പച്ചവെള്ളവും കൂടിച്ചേര്‍ന്ന് ഉപയോക്താവിനു പാകത്തിനുള്ള ചൂടില്‍ വെള്ളം ലഭ്യമാകും. പക്ഷേ ഷവറിന് ഇത് വേണമോ വേണ്ടയോ എന്ന് ആദ്യം തന്നെ തീരുമാനിച്ചിരിക്കണം.
അതുപോലെ റെയ്ന്‍ ഷവറിന്റെ കാര്യം, റെയ്ന്‍ ഷവറിനു അതിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെങ്കില്‍ ഹൈപ്രഷര്‍ ആവശ്യമുണ്ട്. പ്ലംബിങ് ലൈനില്‍ പ്രഷര്‍ പമ്പ് വേണമോ വേണ്ടയോ എന്നു തീരുമാനിക്കുവാന്‍ ഉപയോഗിക്കാന്‍ പോകുന്ന പ്രൊഡക്റ്റ്‌സിന്റെ കാര്യങ്ങളില്‍ മുന്‍കൂട്ടി തീരുമാനമെടുത്താലേ കഴിയൂ.
കണ്‍സീല്‍ഡായ ഫ്‌ളഷ് ടാങ്ക്, ഫ്‌ളഷ് വാല്‍വ് എന്നിവയ്ക്കാണ് ഇന്നു പ്രചാരം കൂടുതല്‍. വെറും മുക്കാല്‍ ഇഞ്ച് വലിപ്പമുള്ള ഫ്‌ളഷ് വാല്‍വുകള്‍ വരെ ഇന്നുണ്ട്. അവ എലഗന്റ് ലുക്ക് നല്‍കുന്നവയും ഏറെ ഉപയോഗപ്രദവുമാണ്. സെന്‍സര്‍ ഫോസെറ്റ്, ക്ലോസെറ്റ്, സെന്‍സര്‍ ടാപ്പ് എന്നിവ ആളുകളുടെ സാമീപ്യമറിഞ്ഞ്, സ്വയം അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവയാണ്. വിവിധ ഇഫക്റ്റുകളില്‍ വെള്ളം വീഴ്ത്തുവാനുള്ള ടെക്‌നോളജി ഉപയോഗിച്ചു നിര്‍മ്മിക്കുന്ന റെയ്ന്‍ ഷവറിനും, ഹൈടെക് ഷവര്‍ പാനലുകള്‍ക്കും പ്രചാരമേറെയുണ്ട്. അതുപോലെ ബാത്ടബ്, ഷവര്‍ ക്യൂബിക്കിള്‍ ജക്വസി എന്നിവയിലെല്ലാം വൈവിധ്യവും പുതിയ സാങ്കേതിക വിദ്യകളും എത്തിക്കഴിഞ്ഞു. ഇവയില്‍ ഏതെല്ലാം ഉപയോഗിക്കുന്നു എന്നുള്ളത് പ്ലാനിങ് ഘട്ടത്തില്‍ തന്നെ ഉറപ്പിക്കുക. അതനുസരിച്ച് പണികള്‍ നടത്തിയാല്‍ പൊളിച്ചു പണിയലുകള്‍ ഒഴിവാക്കാം. പൈപ്പിന്റെ തെരഞ്ഞെടുപ്പിലും ശ്രദ്ധിക്കാം. ഇത് സാമ്പത്തികനഷ്ടം ഒഴിവാക്കും.
സാധാരണ ബാത്‌റൂം ആയാലും സ്ഥല വിസ്തൃതിയും ആഡംബരവും ഉള്ളവയായാലും ശരി ഡ്രൈ/വെറ്റ് ഏരിയ പോലെ തന്നെ ചൂടുവെള്ളം വേണമോ വേണ്ടയോ എന്നും ആദ്യം തന്നെ തീരുമാനിക്കുക. കാരണം ചൂടുവെള്ളത്തിന്റെ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ച് പൈപ്പിന്റെ ഗുണഗണങ്ങളും തെരഞ്ഞെടുപ്പും മാറും. ചൂടുവെള്ളത്തിനായി സോളാര്‍ പാനലുകള്‍ ആണോ, സാധാരണ ഗീസറുകള്‍ ആണോ എന്നും ആദ്യമേ തീരുമാനിക്കുക. ഉപയോഗിക്കുവാനുള്ള എളുപ്പം നോക്കി വേണം ഫിക്‌സ്ചറുകള്‍ തെരഞ്ഞെടുക്കാന്‍. കോര്‍ട്ട്‌യാര്‍ഡും ചെടികളും എല്ലാമുള്ള തുറന്ന ബാത്‌റൂമുകള്‍ക്ക് ഷവര്‍ ഏരിയ ചെയ്യുമ്പോള്‍ എപ്പോഴും ഒരുപടി താഴ്ത്തി ചെയ്യുക. ആ ഭാഗം ടൈലുകളോ ഇഷ്ടമുള്ള മറ്റ് മെറ്റീരിയലുകളോ ഉപയോഗിച്ച് ഫ്‌ളോറിങ് ചെയ്താല്‍ വൃത്തിയായിരിക്കുവാന്‍ സഹായിക്കും. അല്ലാത്ത പക്ഷം ചുറ്റിനും ചെടികളും, ചരലും, മണ്ണും മറ്റുമുള്ളിടത്തേക്ക് ഷവറില്‍ നിന്നുമുള്ള വെള്ളം കൂടി വീണു തെറിച്ച് വൃത്തികേടാക്കുവാന്‍ സാധ്യതയുണ്ട്. ഓപ്പണ്‍ ബാത്‌റൂമുകളില്‍ വെള്ളം കൃത്യമായി ഒഴുകിപ്പോകുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം; പ്രത്യേകിച്ച് ഷവര്‍ ഏരിയയില്‍. വെള്ളം ഒഴുകി മറ്റിടങ്ങളിലേക്ക് പോകുവാന്‍ ഇടയാകരുത്. ചെറിയ ബാത്‌റൂമുകള്‍ ഡ്രൈ/വെറ്റ് ഏരിയ തിരിക്കുമ്പോള്‍ ഷവര്‍/വാഷ് ഏരിയ/ക്ലോസറ്റ് ഏരിയ എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞത് 80-90 സെ.മീ. വലിപ്പം ഉണ്ടായിരിക്കുവാന്‍ ശ്രദ്ധിക്കുക. ഒരു ഐഡിയല്‍ ബാത്‌റൂമിന്റെ വലിപ്പം 80-90 സെമീ ഷവര്‍ ഏരിയ. 80-90 സെമീ ക്ലോസറ്റ് ഏരിയ, 80-90 സെമീ വാഷ് ഏരിയ എന്നതാണ്.
ഡിസൈനിങ്ങിലെ വൈവിധ്യം
ബാത്‌റൂമുകളുടെ ഡിസൈനിങ്ങില്‍ വിപ്ലവകരമായ മുന്നേറ്റമാണ് ഇന്നുണ്ടായിരിക്കുന്നത്. ഹൈലൈറ്റ് ചെയ്ത ഭിത്തികളുടെയും കോര്‍ണര്‍ ഏരിയകളുടെയും കാലം കഴിഞ്ഞ് ഹൈടെക് ബാത്‌റൂമുകളുടെ യുഗത്തില്‍ എത്തി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ സൂര്യപ്രകാശവും ചെടികളും പച്ചപ്പും പെബിളുകളും കോര്‍ട്ട്‌യാഡുകളും എല്ലാം ഇത്തരം ബാത്‌റൂമുകള്‍ അലങ്കരിക്കുവാന്‍ തെരഞ്ഞെടുക്കുന്നു. ആകാശത്തിലേക്ക് തുറക്കുന്ന (ീുലി ീേ സ്യെ) ബാത്‌റൂമുകള്‍ ആണ് ഡിസൈനിങ് വിപ്ലവത്തില്‍ മുന്നില്‍ നില്ക്കുന്നത്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു കുളി പാസാക്കാം ഇത്തരം കുളിമുറികളില്‍. കോര്‍ട്ട്‌യാര്‍ഡും ചെടികളും എല്ലാമുള്ള പ്രകൃതിയോടിണങ്ങിയ ബാത്‌റൂമുകള്‍ക്ക് സ്ഥല വിസ്തൃതി പ്രധാനമാണ്. മുകള്‍ഭാഗം തുറന്ന ബാത്‌റൂമുകളില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ എളുപ്പം ഈര്‍പ്പം വലിഞ്ഞ് വൃത്തിയാകുന്നു, വായുപ്രവാഹം ഉള്ളതിനാല്‍ മണമോ, പൂപ്പലോ ഒന്നും ബാധിക്കുകയുമില്ല.
കുളിമുറിയില്‍ നിറങ്ങള്‍ കൊണ്ടും ലൈറ്റിങ് കൊണ്ടും വിസ്മയം തീര്‍ക്കാം. സംഗീതം കേട്ടുകൊണ്ട് നീരാടാം. കുളി ഒരാഘോഷമാക്കി മാറ്റുന്ന അവസ്ഥ. പച്ചപ്പു കൊണ്ട് ബാത്‌റൂം അലങ്കരിക്കുന്നതിന് ഇന്നും സുപ്രധാന സ്ഥാനം തന്നെയാണ് ഉള്ളത്. മുള, അധികം വെളിച്ചം വേണ്ടാത്ത ചെടികള്‍, ചെറിയ പൂക്കളുണ്ടാകുന്ന തരം ചെടികള്‍ എന്നിവയൊക്കെ ബാത്‌റൂമുകളിലേക്ക് തെരഞ്ഞെടുക്കാറുണ്ട്. നിലത്ത് ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കുവാന്‍ സൗകര്യമില്ലാത്ത ബാത്‌റൂമില്‍ ജനാലയുണ്ടെങ്കില്‍ അതില്‍, അല്ലെങ്കില്‍ വെന്റിലേഷന്റെ മുന്നില്‍ പടിപോലെ സ്ഥലമുണ്ടെങ്കില്‍ അവിടെയോ ചെടികള്‍ വച്ച് അലങ്കരിക്കുവാനാവും. ബാത്‌റൂമുകളെ ഗ്ലാമര്‍ നിറഞ്ഞ ഇടങ്ങളാക്കുന്നതില്‍ ഗ്ലാസ് പാര്‍ട്ടീഷനും ചെടികളും നാച്വറല്‍ ലൈറ്റിങ്ങും എല്ലാം തുല്യ പങ്കു വഹിക്കുന്നു.
പുതിയ ടെക്‌നോളജിയുടെ വരവ്
പുത്തന്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവു തന്നെയാണ് സാനിട്ടറി ഉപകരണങ്ങളില്‍ വിപ്ലവം തീര്‍ത്തിരിക്കുന്നത്. സെന്‍സര്‍ വഴി ആളുകളുടെ സാമീപ്യം അറിഞ്ഞു പ്രവര്‍ത്തിക്കുക; താപനില കൃത്യമായി സെറ്റു ചെയ്ത് വയ്ക്കുക; ആളുകളുടെ ഉപയോഗത്തിനും ഉപയുക്തതയ്ക്കും അനുസരിച്ച് എല്ലാം ക്രമീകരിക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കുക ഇതെല്ലാം ന്യൂ ജനറേഷന്‍ ഉത്പന്നങ്ങളുടെ പ്രത്യേകതകളാണ്. അത് ക്ലോസറ്റിന്റെ ആയാലും ഷവറിന്റെ ആയാലും. ബാത്‌റൂമുകളുടെ കാര്യത്തില്‍ സാധാരണക്കാരനെ സംബന്ധിച്ച് വിവിധ തരത്തിലും നിലവാരത്തിലും ഉള്ള ഉല്പന്നങ്ങള്‍ വിപണിയിലുണ്ട്. അവനവന്റെ ബഡ്ജറ്റിന് ഇണങ്ങുന്നവ തെരഞ്ഞെടുക്കാം. ഏത് റെയ്ഞ്ചിലുള്ള ഉല്പന്നങ്ങളും ഇന്നുണ്ട്. സാധാരണക്കാരനെ സംബന്ധിച്ച് അടിസ്ഥാനാവശ്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം; ആഡംബരത്തിനു രണ്ടാം സ്ഥാനമേ ഉണ്ടാവൂ. ലക്ഷ്വറി ഹോമുകള്‍ക്കും ഇതു തന്നെയാണ് ശരി. സ്വസ്ഥവും മനസ്സിനിണങ്ങിയതുമായ ഒരു ഇടമൊരുക്കുക എന്ന ആവശ്യത്തിനാണ് ഇവിടെ മുന്‍തൂക്കം.
കുറഞ്ഞ ജല ഉപഭോഗം
ജലത്തിന്റെ കുറഞ്ഞ ഉപഭോഗം കാഴ്ച വയ്ക്കുന്ന വിവിധ ഗ്രീന്‍ ഉല്പന്നങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ഒരു ഫ്‌ളഷിന് 4 ലിറ്റര്‍ വെള്ളം മാത്രം മതിയാകുന്ന ഫ്‌ളഷ് ടാങ്കുകള്‍, വാട്ടര്‍ലെസ് യൂറിനലുകള്‍, ഡ്യുവല്‍ ഫ്‌ളഷിങ് സിസ്റ്റം അതായത് ഒരു വാട്ടര്‍ ക്ലോസറ്റില്‍ ഒരു ഫ്‌ളഷിന് 3 ലിറ്റര്‍ അല്ലെങ്കില്‍ 6 ലിറ്റര്‍ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫ്‌ളഷുകളും ഇന്നു ലഭ്യമാണ്. ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക. ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കുടിവെള്ളത്തിന്റെ, ശുദ്ധജലത്തിന്റെ ലഭ്യത. മനുഷ്യര്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എത്ര ലിറ്റര്‍ ജലമാണ് നാം പാഴാക്കുന്നത്. വരും കാലങ്ങളില്‍ ജലത്തിന്റെ ഉപഭോഗം കുറയ്ക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്പന്നങ്ങള്‍ക്ക് പ്രചാരം ഏറി വരികയേയുള്ളൂ. നമ്മുടെ പ്രകൃതിയെ, പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ ഗ്രീന്‍ ഉല്പന്നങ്ങള്‍ എല്ലാ മേഖലകളിലും ഉണ്ടാവേണ്ടതുണ്ട്. അതിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് മനുഷ്യസമൂഹം ഇത്തരം ഉല്പന്നങ്ങളുടെ തെരഞ്ഞെടുപ്പിലേക്ക് കടന്നു വരികയും ചെയ്യണം.
(ലേഖകന്‍: ജി.ആര്‍ടെക് സര്‍വ്വീസസ്

പ്രൈ. ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്.)

 

Leave a Reply

Your email address will not be published. Required fields are marked *