എഞ്ചിനീയറിങ് പഠനത്തിനുശേഷം ഐടി പാര്‍ക്കുകളിലെ മുഷിപ്പന്‍ ജോലിയ്ക്കുവേണ്ടി മാത്രം ജീവിതം പണയപ്പെടുത്തുന്ന കേരളത്തിലെ യുവതലമുറയില്‍ ഒരു വ്യത്യസ്തമായ മുഖമായിരിക്കും ഗീതു എലിസബത്ത് ജോസ് എന്ന കാഞ്ഞിരപ്പള്ളിക്കാരിയുടേത്. തിരക്കുപിടിച്ച പഠനത്തിനിടെ മറന്നു പോയേക്കാവുന്ന കലാജീവിതത്തെ ഗീതു മുറുകെപ്പിടിക്കുന്നത് ബ്രഷുകളും ചായങ്ങളും തെളിക്കുന്ന വഴിയിലൂടെയാണ്. ഇന്റീരിയര്‍ ഡിസൈനിങ് പഠനത്തിനിടയിലും ചിത്രരചനയ്ക്കു സമയം കണ്ടെത്തുന്ന ഗീതുവിന്റെ ചിത്രങ്ങളില്‍ തെളിഞ്ഞുകാണുന്നത് പ്രകൃതിയുടെ പച്ചപ്പും ആകാശനീലിമയും.
പഠനത്തിരക്ക് തുടങ്ങിയിട്ട് വര്‍ഷം അധികമായിട്ടില്ലെങ്കിലും അതിനു മുന്‍പ് ഒരിക്കലും ചിത്രരചനയെ ഇത്രയധികം ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് ഗീതു പറയുന്നു. പ്ലസ്ടു പഠനകാലത്താണ് ഗീതു ഓയില്‍ പെയിന്റിങ്ങില്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പോര്‍ട്രയ്റ്റുകള്‍ വരച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നെ ഓയില്‍ പെയിന്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജഗിരി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങ് ബിരുദത്തിനു ശേഷം ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റീരിയര്‍ ഡിസൈന്‍ പഠനത്തിലൂടെ ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട മേഖലയിലേക്കു തിരികെ വന്നിരിക്കുകയാണ് ഗീതു. വരയും സാങ്കേതികത്വവും സമ്മേളിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ്ങിലാണ് ഇപ്പോള്‍ ഈ ചെറുപ്പക്കാരിയുടെ ശ്രദ്ധ.
ജീവിതത്തിന്റെ വസന്തം ക്യാന്‍വാസില്‍ പകര്‍ത്തുന്ന ഗീതുവിന് എന്നും ചിത്രകലയോട് പ്രണയമാണ്. ജൂലൈ 8 മുതല്‍ 12 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ ഗീതുവിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. വീടിനു സമീപത്തെ പള്ളിയുടെ പുതിയ പാരിഷ് ഹാളിന്റെ ഇന്റീരിയറിനു വേണ്ടി ഒരുക്കിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തില്‍ ഏറെയും.
ഇന്ന് കോളേജിലെ സുഹൃത്തുക്കളും അധ്യാപകരും മാതാപിതാക്കളുമൊക്കെ മുഴുവന്‍ പിന്തുണയുമായി ഗീതുവിനൊപ്പമുണ്ട്. പ്രദര്‍ശനസംഘാടനത്തിനും മറ്റും ഇളയ സഹോദരി രമ്യയാണ് ഗീതുവിന്റെ വലംകൈ. കാഞ്ഞിരപ്പള്ളി പഴയിടം സ്വദേശിയായ ജോസഫ് സെബാസ്റ്റ്യന്റെയും ടെസി ജോസഫിന്റെയും മകളാണ് ഈ യുവകലാകാരി.

Leave a Reply

Your email address will not be published. Required fields are marked *