കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ജീവിച്ച് പിന്നീട് ഔദ്യാഗിക ജീവിതവുമായി പുറംനാടുകളില്‍ കറങ്ങി അവസാനം റിട്ടയര്‍മെന്റിനുശേഷം തിരിച്ചു നാട്ടിലെത്തി ശിഷ്ടകാലം സ്വസ്ഥജീവിതം നയിക്കുക; കീഴില്ലത്തുള്ള കുടുംബ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഇടയില്‍ പഴയ നാലുകെട്ടില്‍ ജീവിച്ച ഓര്‍മ്മകള്‍ക്ക് ഒരു പുതുഭാഷ്യം തീര്‍ക്കുക- ഉണ്ണികൃഷ്ണവാര്യര്‍ എന്ന വീട്ടുടമ അതാണാഗ്രഹിച്ചത്. തന്റെ നൊസ്റ്റാള്‍ജിക് ചിന്തകള്‍ക്ക് രൂപം പകരാന്‍ ഈ വീട്ടുടമ തെരഞ്ഞെടുത്തത് തിരുവനന്തപുരത്തെ ഇഗോ ഡിസൈന്‍ സ്റ്റുഡിയോവിലെ ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ സി വാര്യരെയാണ്.

100% പ്രകൃതിക്കിണങ്ങിയത്, തികഞ്ഞ സസ്റ്റയ്‌നബിലിറ്റി മുതലായ ആശയങ്ങള്‍ വച്ചുകൊണ്ടാണ് പഴയകാല നിര്‍മ്മിതിയായ നാലുകെട്ടിന്റെ നിര്‍മ്മാണ തത്ത്വങ്ങളെ പുതിയ കെട്ടിടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പണി തുടങ്ങുന്നതിനു മുമ്പായി ആര്‍ക്കിടെക്റ്റ് ഗൃഹനാഥന്റെ പഴയ നാലുകെട്ട് തറവാട് സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ കേട്ടിരുന്നു.

സുഖകരമായ അന്തരീക്ഷം

ചെങ്കല്ലുപയോഗിച്ചാണ് സ്ട്രക്ചറിന്റെ നിര്‍മ്മാണം. സ്റ്റീല്‍ ഉപയോഗിച്ച് ജനലുകളും വാതിലുകളും. നിര്‍മാണത്തില്‍ കുറച്ചു ആധുനിക മെറ്റീരിയലുകളും ചേര്‍ത്തു. ഭംഗിയേക്കാള്‍ ഉപരിയായി വീടിനകത്ത് സുഖകരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുവാനാണ് ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ ശ്രമിച്ചിരിക്കുന്നത്. പഴയകാല കൂട്ടുകുടുംബത്തിലെ പോലെ ധാരാളം ആളുകള്‍ക്ക് ഒരുമിച്ചു താമസിക്കുവാനുള്ള സൗകര്യങ്ങള്‍ ഈ വീടിനുള്ളിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാറ്റും വെളിച്ചവും സമൃദ്ധമായി വീടിനുള്ളില്‍ എത്തുന്നുണ്ട്. ഫാനിന്റെ
ആവശ്യം പോലും ഇല്ല. കുളിര്‍മയുള്ള അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണിവിടെ.
ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അകത്തളങ്ങളില്‍ നല്‍കിയിരിക്കുന്ന ഒന്നിലധികം കോര്‍ട്ട്‌യാര്‍ഡുകള്‍ വീടിനുള്ളില്‍ വെളിച്ചവും പച്ചപ്പും നിറയ്ക്കുന്നു. വെള്ളനിറമുള്ള പെയിന്റാണ് അകത്തളങ്ങള്‍ക്ക് തെരഞ്ഞെടുത്തത്. ഇത് കൂടുതല്‍ പ്രകാശം ലഭ്യമാക്കുന്നതിന് ഉപകരിക്കുന്നുണ്ട്. അകത്തളങ്ങള്‍ കൂടുതല്‍ വിശാലവും തുറസ്സായതും വെളിച്ചം നിറഞ്ഞതുമാക്കാന്‍ ഈ വെള്ളനിറം കൊണ്ട് സാധിച്ചിരിക്കുന്നു. ഓരോ ഇടത്തിനും ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യാപ്തമുള്ളതായും തോന്നിപ്പിക്കുന്നു.

പച്ചപ്പിന്റെ ആവിഷ്‌കാരം

വീടിന്റെ പരിസരത്തുനിന്നുമുള്ള മണ്ണുപയോഗിച്ച് വീടിന്റെ ടെറസില്‍ ഭൂമിയുടെ സാന്നിധ്യം തന്നെ ഉണ്ടാക്കിയെടുത്തിരിക്കുന്നു. ഒരു പച്ചപരവതാനി വിരിച്ചതുപോലെയാണ് വീടിന്റെ മേല്‍ക്കൂരയിപ്പോള്‍. ഈ സംവിധാനം വീടിനുള്ളിലെ
ചൂടിനെ വലിയൊരളവോളം കുറയ്ക്കാന്‍ സഹായിക്കുന്നു. വീടിന്റെ ചുറ്റിനും നല്‍കിയിരിക്കുന്ന വരാന്തയും ചൂടില്‍ നിന്നും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും വീടിനെ സംരക്ഷിച്ചു നിര്‍ത്തുന്നു.

പ്രധാന റോഡില്‍ നിന്നും കുറേ ഉള്ളിലേക്ക് ഒതുങ്ങിയാണ് വീടിരിക്കുന്നത്. വീടിന്റെ പിന്‍ഭാഗത്ത് തരിശുഭൂമിയാണ്. വീടിന്റെ മുന്നിലാകട്ടെ തേക്കിന്‍ തോട്ടവും. ഈ തേക്കിന്‍തോട്ടത്തിന്റെ ദൃശ്യഭംഗിയും വീട്ടിലേക്ക് എത്തിച്ചിരിക്കുന്നു. നാടന്‍ ചെടികളും പുല്ലും ചേര്‍ന്നുള്ള വളരെ സ്വാഭാവികമായ ലാന്‍ഡ്‌സ്‌കേപ്പ്. തൊട്ടടുത്ത പ്ലോട്ടിലെ മരക്കൂട്ടങ്ങളും ടെറസിലെ ഗാര്‍ഡനും കൂടിയാവുമ്പോള്‍ വീടും പ്രകൃതിയും ഒന്നായി മാറുന്ന അവസ്ഥാവിശേഷമാണ് സംജാതമാകുന്നത്. ‘എര്‍ത്ത് ക്യൂബ്’ എന്ന് ആര്‍ക്കിടെക്റ്റ് വിശേഷിപ്പിക്കുന്ന ഈ വീട് എല്ലാത്തരത്തിലും പഴമയുടെ നിര്‍മ്മാണവഴികളെ പുതുരീതിയില്‍ അവതരിപ്പിച്ചു കൊണ്ട് ഭൂമിയുടെ ഒരു പരിഛേദം പോലെ കാണപ്പെടുന്നു.
(ഡിസൈനര്‍ + ബില്‍ഡര്‍ മാഗസിന്റെ 2014 മാര്‍ച്ച് ലക്കത്തില്‍ ‘എര്‍ത്ത്ക്യൂബ്’ എന്ന പേരില്‍ ഈ വീട് പ്രസിദ്ധീകരിച്ചിരുന്നു. കൂടുതല്‍ ഫോട്ടോകള്‍ക്ക് www.designerpublications.com സന്ദര്‍ശിക്കുക)

Comments are closed.