നാടന്‍ചെടികളും, സ്വാഭാവിക പ്രകൃതിയും, കല്ലും, മണ്ണും, വെള്ളവും ചേര്‍ന്ന ലാന്റ്‌സ്‌കേപ്പും വീടിന്റെ പരിസരത്തെ ആകര്‍ഷകമാക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കനതിര്‍ത്തിയിലെ കാഞ്ഞിരപ്പള്ളിയന്ന മലയോര കാര്‍ഷിക മേഖലയിലെ ഈ വീട് നാടിനും പ്രകൃതിക്കുമിണങ്ങിയതു തന്നെ

അനേകം ചെറുകുന്നുകളും കയറ്റിറക്കങ്ങളും കഴിഞ്ഞ് റോഡ് വളഞ്ഞു പുളഞ്ഞ് വീണ്ടും മുന്നോട്ടു തന്നെ പോവുകയാണ്. ഒരു വശത്ത് റബ്ബര്‍ കാടുകള്‍ നിറഞ്ഞ മലനിരകള്‍, മറുവശത്ത് ആഴമുള്ള താഴ്‌വരകള്‍. പച്ചപ്പു നിറഞ്ഞ കുന്നുകള്‍ക്കും മലകള്‍ക്കുമിടയില്‍ ഏക്കറു കണക്കിന് പരന്നു കിടക്കുന്ന ഒരു ഭൂപ്രദേശം അതിനിടയില്‍ ഏതാണ്ട് ഒന്നരയേക്കര്‍ വരുന്ന ചെറു സമതല പ്രദേശം. അതില്‍ മുളച്ചു പൊന്തി വന്നപോലെ ഒരു വെളുത്ത സൗധം. വീടിന് തലപ്പാവു തീര്‍ത്തുകൊണ്ട് ചോക്ലേറ്റ് ബ്രൗണ്‍ നിറമുള്ള ഓടുകള്‍. ചുറ്റിനും കണ്ണോടിച്ചാല്‍ സമൃദ്ധമായ പച്ചപ്പിനിടയിലൂടെ അകലെയുള്ള മലനിരകള്‍ക്കിടയില്‍ ഒരു വെള്ളിവെളിച്ചം പോലെ ഒഴുകിയിറങ്ങുന്ന അരുവികളും, ചെറുവെള്ളച്ചാട്ടങ്ങളും ഒക്കെ കാണാം. കാണാന്‍ പറ്റില്ലെന്നാലും നാനാതരം പക്ഷികളുടെ ശബ്ദവും കേള്‍ക്കാം. നാടന്‍ ചെടികളും, സ്വാഭാവിക പ്രകൃതിയും, കല്ലും, മണ്ണും, വെള്ളവും ചേര്‍ന്ന ലാന്റ്‌സ്‌കേപ്പും വീടിന്റെ പരിസരത്തെ ആകര്‍ഷകമാക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കനതിര്‍ത്തിയിലെ കാഞ്ഞിരപ്പള്ളിയെന്ന മലയോര കാര്‍ഷിക മേഖലയിലെ ഈ വീട് നാടിനും പ്രകൃതിക്കുമിണങ്ങിയതു തന്നെ.
കുന്നുകയറി ഇറക്കമിറങ്ങി
കാഞ്ഞിരപ്പിള്ളി മുണ്ടക്കയം റൂട്ടിലെ പാറത്തോട് എന്ന ഗ്രാമത്തില്‍ 3350 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കൊച്ചിയില്‍ കലൂരിലുള്ള മെഡിവല്‍ ഡിസൈനേഴ്‌സിലെ ഇന്റീരിയര്‍ ഡിസൈനര്‍മാരായ സാജു പി. തോമസും രഘുമേനോനും ചേര്‍ന്നാണ്. വീട്ടുടമ ബിനുവിന്റെയും ഭാര്യ സീമയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടിന്റെ നിര്‍മ്മാണത്തില്‍ ഇരുകൂട്ടരുടെയും സഹകരണവും സൗഹൃദമനോഭാവവും ഏറെ സഹായിച്ചിട്ടുണ്ട്.
തട്ടുതട്ടായി കിടക്കുന്ന പ്ലോട്ടില്‍ പരിസ്ഥിതിക്കും ചുറ്റുപാടിന്റെ സ്വഭാവികതയ്ക്കും കോട്ടംതട്ടാതെയും ഭൂമിയുടെ നെഞ്ചുപിളര്‍ക്കാതെയുമാണ് നിര്‍മ്മിതി. മലയോരകര്‍ഷകനെന്ന നിലയില്‍ പ്രകൃതിയോടുള്ള നീതിപാലനം കൂടിയുണ്ടതില്‍. ഒന്നരയേക്കര്‍ വരുന്നതാണ് മുറ്റവും തൊടിയും. മതില്‍ കെട്ടിത്തിരിച്ച വാഹന പാതയും, നടപ്പാതയും അതിര്‍ത്തികള്‍ നിശ്ചയിക്കുന്നു. മുറ്റത്തെ ഗസേബുവിനുള്ളിലൂടെ മറ്റൊരു വഴിയും. ഭൂമിയുടെ ലെവല്‍ വ്യതിയാനമനുസരിച്ച് പണിതതു കൊണ്ടു തന്നെ രണ്ടു നിലയാണെങ്കിലും അത് പെട്ടെന്ന് മനസിലാവില്ല. മേല്‍ക്കൂരയില്‍ വിവിധ ലെവലുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേബിളുകള്‍ വീടിന്റെ പുറം കാഴ്ചയ്ക്ക് എടുപ്പു നല്‍കുന്നുണ്ട്.
നാടിനിണങ്ങിയ വീട്
നാടിനിണങ്ങിയ എന്നാല്‍ ആധുനിക സൗകര്യമുള്ള വീടാവണം തന്റേത് എന്ന് ഗൃഹനാഥനായ ബിനു ആദ്യമേ പറഞ്ഞിരുന്നു. അതിനാല്‍ ക്ലാസിക് ശൈലിയുടെ ചുവടുപിടിച്ചാണ് ഡിസൈനിങ് നടത്തിയിരിക്കുന്നത്. പൂമുഖവും വിശാലമായ ചുറ്റുവരാന്തയും തൂണുകളും കാഞ്ഞിരപ്പള്ളിക്കാരുടെ വീടു നിര്‍മ്മാണത്തിന്റെ മുഖമുദ്രയാണ്. അതിന് ഇവിടെയും മാറ്റമൊന്നുമില്ല. നാടന്‍ തേക്കുതടിക്കും കരിങ്കല്ലിനും ഈ പ്രദേശത്ത് പഞ്ഞമില്ലാത്തതിനാല്‍ അവയൊക്കെ വീടിന്റെ പരിസരത്തു നിന്നു തന്നെ ശേഖരിക്കുകയായിരുന്നുത്സത്സ ഡിസൈനര്‍മാര്‍ പറയുന്നു. അതിഥി ഏരിയയില്‍ ഇരിപ്പിടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. തേക്കുതടിയില്‍ തീര്‍ത്തിരിക്കുന്ന കണ്‍സോളും മിറര്‍ യൂണിറ്റുമെല്ലാം ക്ലാസിക് ശൈലിയുടെ ഏകദേശ പകര്‍പ്പു തന്നെ. കൂടാതെ സ്‌പോട്ട് ലൈറ്റിങ്ങിനും, എല്‍.ഇ.ഡി. ലൈറ്ററുകള്‍ക്കും പ്രാധാന്യമേറെ നല്‍കിയിട്ടുണ്ട്.
ഒരു മനുഷ്യായുസില്‍ ഒരു വീട്
ഒരു മനുഷ്യായുസില്‍ ഒരു വീട് മതി. പണിയുമ്പോള്‍ നന്നായിത്തന്നെ പണിയുക എന്നതായിരുന്നു ഗൃഹനാഥന്‍ ബിനുവിന്റെ പോളിസി. അതിനാല്‍ വേണ്ടത്ര സമയമെടുത്ത് 3 വര്‍ഷം കൊണ്ടാണ് ഔട്ട്ഹൗസ് ഉള്‍പ്പെടെയുള്ള വീടിന്റെ പണി തീര്‍ത്തത്. നാട്ടിന്‍പുറത്തുകാരനെങ്കിലും പുത്തന്‍ നിര്‍മ്മാണ രീതികളെക്കുറിച്ചും സങ്കേതികതകളെക്കുറിച്ചും അവഗാഹമുള്ള ഒരു പ്ലാന്ററായിരുന്നു ബിനു. അതിനാല്‍ ഞങ്ങളുടെ ഡിസൈനും പ്ലാനും ഒക്കെ അദ്ദേഹത്തിന് എളുപ്പം മനിലാക്കുവാനായി. എല്ലാ മുറികളുടെയും ത്രീഡി വ്യൂ ചെയ്തു കാണിച്ചു. പൊളിച്ചു പണിയലുകളും കൂട്ടിയോജിപ്പിക്കലും ഒന്നുമില്ലാതെ ഒരൊറ്റ പ്ലാനില്‍ തന്നെ വീടുപണി തീര്‍ത്തു ഡിസൈനര്‍മാരായ സാജുതോമസും രഘു മേനോനും പറയുന്നു.
നീളത്തിലാണ് വീടിന്റെ കിടപ്പ്. അകത്തളങ്ങള്‍ വിശാലവും അധികം ഫര്‍ണിച്ചര്‍ ഉപയോഗിക്കാത്തവയുമാണ്. അതാതിടങ്ങള്‍ക്ക് ചേരുംവിധമുള്ള ഇരിപ്പിടങ്ങളും, ഉപകരണങ്ങളും മാത്രം. ഡൈനിങ് ഏരിയയ്ക്കു സമീപം ഒരു പടി താഴ്ത്തി വുഡന്‍ ഫ്‌ളോറിങ്ങിന്റെ ഭംഗിയോടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം. ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ രണ്ട് ബെഡ്‌റൂമുകളും ഡൈനിങ് ഏരിയയും, കിച്ചനും ഉള്‍ക്കൊള്ളിച്ചു. അകത്തളത്തിന്റെ പ്രധാന ഫോക്കല്‍ പോയിന്റായിട്ടുള്ള വലിയൊരു പെബിള്‍ കോര്‍ട്ട്‌യാര്‍ഡും തേക്കുതടിയില്‍ തീര്‍ത്ത പിരിയന്‍ ഗോവണിയും ക്ലാസിക് ശൈലിയുടെ പിന്‍തുടര്‍ച്ചയാകുന്നു. സ്‌പോട്ട് ലൈറ്റുകളുടെ വിന്യാസം ഈ ഏരിയയ്ക്ക് ചന്തം പകരുന്നു. മുകള്‍നിലയില്‍ രണ്ട് ബെഡ്‌റൂമുകളും അപ്പര്‍ ലിവിങ് കം ഹോംതീയറ്ററും ഉണ്ട്. പ്ലോട്ടിന്റെ ലെവല്‍ വ്യതിയാനമനുസരിച്ചുള്ള നിര്‍മ്മിതി ആയതിനാല്‍ മുകള്‍നിലയിലെ ബെഡ്‌റൂമിന്റെ ബാല്‍ക്കണി തുറക്കുന്നത് അവിടുത്തെ മുറ്റത്തേക്കാണ്. അവിടുന്ന് വീണ്ടും ഒരുപടി കൂടി ഉയര്‍ന്നു പോകുന്നു പ്ലോട്ട്. ഇവിടെ മുറ്റവും തൊടിയും തൊടിയിലെ പാറക്കൂട്ടങ്ങളില്‍ തീര്‍ത്തിരിക്കുന്ന ഇരിപ്പിടവും ചേര്‍ന്ന് ഒരു സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പ്. വീടിന്റെ പിന്നാമ്പുറത്ത് ഉയര്‍ന്നു നില്‍ക്കുന്ന മതിലിലെ പാറക്കെട്ടിലൂടെ ജലധാരയൊഴുകിയിറങ്ങുന്ന കാഴ്ചയും നയനാനന്ദകരം തന്നെ.
സ്വകാര്യതയോടെ
ബെഡ്‌റൂമുകള്‍ വലിപ്പമേറിയവും അറ്റാച്ച്ഡ് ബാത്ത്‌റൂം, ഡ്രസിങ് ഏരിയ, സ്റ്റഡി ഏരിയ തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളുമടങ്ങിയവയാകുന്നു. ധാരാളം സ്റ്റോറേജ് സൗകര്യങ്ങളോടും എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ഉള്ള അടുക്കള കിഴക്കുദിക്കിനഭിമുഖമായി മുന്‍ഭാഗത്തു തന്നെയാണെങ്കിലും അത് അത്രയെളുപ്പം പുറത്ത് അറിയുകയില്ല. തൊട്ടടുത്തു തന്നെ വര്‍ക്കേരിയയും വര്‍ക്കിങ് കിച്ചനും. ഇവിടെ നിന്നും വീടിന്റെ അല്പം പുറകിലായുള്ള ഔട്ട് ഹൗസിലേക്ക് കടക്കാം. ഇങ്ങനെയൊരു ഔട്ട്ഹൗസ് സംവിധാനം ഉള്ളത് മൂലം വീട് വൃത്തിയോടെയും സ്വകാര്യതയോടെയും പരിപാലിക്കുവാന്‍ സഹായകരമാകുന്നുണ്ട് എന്ന് ഗൃഹനായിക സീമ പറയുന്നു.
ഒരു മനുഷ്യായുിന്റെ ആവശ്യങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസ്ഥിതിയോടും പ്രകൃതിയോടും ഇണങ്ങി നിന്നുകൊണ്ട്, പ്രകൃതി സൗന്ദര്യത്തെ ആവാഹിച്ചുകൊണ്ട് സാധ്യമാക്കുന്ന ഈ പാര്‍പ്പിടത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ മണ്ണിനെ സ്‌നേഹിക്കുന്ന ഈ മലയോരകര്‍ഷകന്‍ തയ്യാറായിരിക്കുന്നു. ആ കര്‍ഷകന്റെ മനമറിഞ്ഞ വീടിന്റെ ഡിസൈനര്‍മാര്‍ക്കും പ്രകൃതിയോടുള്ള ആ നീതിപാലനത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞിരിക്കുന്നു. മണ്ണും മനവും മനുഷ്യനും സമ്മേളിച്ചുകൊണ്ടുള്ള നീതിപൂര്‍വ്വമായ നിര്‍മ്മിതി.

Leave a Reply

Your email address will not be published. Required fields are marked *