July 1st, 2015
മണ്ണുകൊണ്ടുള്ള ഹരിതഭവനങ്ങള്‍

ആദിവാസികള്‍ക്ക് മാത്രമല്ല, നമ്മുടെ ഗ്രാമീണ മേഖലകളിലും മണ്ണ് ഒരു പുതിയ നിര്‍മ്മാണ വസ്തുവല്ല. മറിച്ച്, അതൊരു പരമ്പരാഗത നിര്‍മ്മാണ വസ്തുവായി നമ്മുടെ ജീവിതത്തിലും സംസ്‌ക്കാരത്തോടും ചേര്‍ത്ത് ഏറ്റവും കരുതലോടെ കാണുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. വീടിന്റെ ചുമരിനായി മുളയും മണ്ണും ഉപയോഗിക്കുന്ന നിര്‍മ്മാണ രീതി ഇപ്പോഴും അവര്‍ക്കറിയാം. വയനാട്ടിലെ കുറിച്യരും മുള്ളകുറുമരും അടിയരും പണിയരും കാട്ടുനായ്ക്കരും ഊരാളികുറുമരുമെല്ലാം അവരവരുടേതായ രീതിയില്‍ മണ്ണും മുളയും ഉപയോഗിച്ച് വീടുകള്‍ കെട്ടി അതില്‍ ജീവിച്ചു പോന്നവരാണ്. കേരളത്തിന്റെ മറ്റ് ആദിവാസി മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. വയനാട്ടിലെ അത്തിക്കൊല്ലി കുറിച്യ തറവാട്ടിലെ രാമചന്ദ്രന്‍ പറയുന്നത് അവര്‍ ഇപ്പോഴും താമസിച്ചു കൊണ്ടിരിക്കുന്ന വലിയ മണ്‍വീടിന്റെ പഴക്കം എത്രയുണ്ടെന്ന് കൃത്യമായി അറിയില്ല എന്നാണ്. ഏതാണ്ട് 120 ലേറെ വര്‍ഷം പഴക്കമാണ് ആ വീടിന് അദ്ദേഹം കണക്കാക്കുന്നത്.
യഥാര്‍ത്ഥത്തില്‍, ഇഷ്ടികയിലും സിമന്റിലുമുള്ള വീടുകള്‍ വ്യാപകമായി നടപ്പിലാക്കിയതോടുകൂടി സ്വാഭാവികമായി വികസിക്കേണ്ടിയിരുന്ന ആദിവാസി മണ്‍വീടു നിര്‍മ്മാണ സാങ്കേതികവിദ്യ നിലച്ചുപോവുകയും പൊതുവേ ആദിവാസി സംസ്‌ക്കാരത്തിന്റെ നേര്‍ക്കുണ്ടായ മുഖ്യധാരാ കടന്നുകയറ്റങ്ങളുടെ ഭാഗമായി മണ്‍വീടിന്റെ ഓര്‍മ്മകള്‍ തന്നെ വിസ്മൃതിയിലാവുകയുമാണ് ചെയ്തത്.
കാലാവസ്ഥാ വ്യതിയാനവും ഗ്രീന്‍ ആര്‍ക്കിടെക്ചര്‍
ടെക്‌നോളജിയും
കാര്‍ബണ്‍ ഫുട്പ്രിന്റ് ഇല്ലാത്തതും, പ്രകൃതിയോടിണങ്ങി നില്‍ക്കുന്നതുമായ മണ്‍വീടുകള്‍ ഭവനനിര്‍മ്മാണ മേഖലയിലാകെയും ആദിവാസി, ഗ്രാമീണ വികസനത്തില്‍ വിശേഷിച്ചും മാതൃകയായി സ്വീകരിക്കപ്പെട്ടതായ അടിയന്തര സന്ദര്‍ഭമാണിത്. എന്നാല്‍ വര്‍ദ്ധിച്ച ഉപഭോഗ, വിപണി തന്ത്രങ്ങളുടെ കയ്യേറ്റത്താല്‍ മണ്ണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുള്ള പുതിയ നിര്‍മ്മാണ വസ്തുക്കളുടെ യഥാര്‍ത്ഥ കാലാവധി നമുക്കറിയുകയില്ല. അവയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം കനത്തതാണ്. പുതിയ നിര്‍മ്മാണ വസ്തുക്കളുടെ ആയുസ്സ് തീരുമ്പോള്‍ ഡിസ്‌പോസല്‍ വളരെ ദുഷ്‌ക്കരവുമാണ്. ആദിവാസികള്‍ക്കും, ഇടത്തരക്കാര്‍ക്കും ഗ്രാമത്തിലും നഗരത്തിലും മണ്ണ് കിട്ടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഈ ടെക്‌നോളജിയെ പൂര്‍ണ്ണമായും ആശ്രയിക്കാവുന്നതാണ്. ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ടെക്‌നോളജി ഒരു പുതിയ കണ്ടുപിടുത്തമല്ല. പരമ്പരാഗതമായ നിര്‍മ്മാണ രീതിയാണിത്. മണ്ണിന്റെ ഉറപ്പ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാലം തെളിയിച്ചിട്ടുള്ള ഉറപ്പും ഭംഗിയും പരിസ്ഥിതി സൗഹൃദ സ്വഭാവവും മണ്ണിനെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളായി കണക്കാക്കാന്‍ കഴിയും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങളുടെ ഭാഗമായി അന്തരീക്ഷോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും വിശേഷിച്ച്, പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണികളുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മണ്‍വീടുകളുടെ നിര്‍മ്മാണം ഇത്തരം പ്രദേശങ്ങളില്‍ പാരിസ്ഥിതിക സുസ്ഥിരതക്ക് നല്‍കുന്ന സംഭാവന വലുതാണ്. ഭൂമിശാസ്തരപരമായ പ്രത്യേകതകളും പാരിസ്ഥിതികവും സാംസ്‌ക്കാരികവും വിഭവസംബന്ധവുമായ ആഘാതങ്ങളും മനസ്സിലാക്കിക്കൊണ്ടു വേണം ഇനിയുള്ള കാലം സര്‍ക്കാരുകള്‍ ഭവനനിര്‍മ്മാണ പദ്ധികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. പ്രകൃതി സൗഹൃദപരമായ വീടുകളുടെ പ്രസക്തി, പരിചയവും അടുപ്പവുമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ചുറ്റും സുലഭമായി കിട്ടുന്ന മണ്ണ് തുടങ്ങിയവ ഹരിതഭവനനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. വീടു നിര്‍മ്മാണത്തിനുള്ള മറ്റു പ്രകൃതി വിഭവങ്ങളായ കരിങ്കല്‍, മണല്‍ തുടങ്ങിയവയുടെ ഉപഭോഗം ഇന്ന് പ്രകൃതിക്ക് താങ്ങാവുന്നതിലും കൂടുതലായിരിക്കുന്നു. കുളം, പാടം, റോഡ് എന്നിവ നികത്താനായി കുന്നുകളിടിക്കുകയും മണ്ണെടുക്കുകയും മറ്റും ചെയ്യുന്നത് മണ്ണിന്റെ വിഭവത്തിന്‍മേലുള്ള അതിയായ ശോഷണത്തിനു വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, വീടു നിര്‍മ്മാണത്തിനു വേണ്ടി മണ്ണെടുക്കുന്നതില്‍ തീര്‍ച്ചയായും സര്‍ക്കാരിന് സുസ്ഥിര വിഭവ വിനിയോഗം ഉറപ്പാക്കാനാവും. കാരണം, വീടു നിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന മണ്ണിന്റെ അളവ് മറ്റു നിര്‍മ്മാണ വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.
ഹരിതഭവന പദ്ധതി
വയനാട് ജില്ലയില്‍ മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കൈരളി ആദിവാസി ഊരില്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടപ്പിലാക്കിയ ഹരിതഭവന പദ്ധതിയിലൂടെ 10 മണ്‍വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയുണ്ടായി. 2012 ആഗസ്റ്റ് മുതല്‍ 2013 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വയനാട് ജില്ലയിലെ മുപ്പൈനാട് പഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കൈരളി ആദിവാസി ഊരില്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ഹരിതഭവന പദ്ധതി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നുമില്ലാത്ത ഈ ഊരില്‍ താല്‍ക്കാലികമായി മണ്ണുകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ച കൂരകളില്‍ 80 കുടുംബങ്ങള്‍ താമസിച്ചു വരികയായിരുന്നു. സാനിറ്റേഷന്‍ സൗകര്യങ്ങളില്ല. കുന്നുകള്‍ക്കിടയിലുള്ള താഴ്‌വരകളില്‍ കുഴിച്ചുണ്ടാക്കിയ പരമ്പാരഗത കേണികളാണ് കുടിവെള്ള സ്രോതസ്സുകള്‍. ഊരിന്റെ ഒരു ഭാഗത്തു നിന്നുത്ഭവിച്ച് ഊരിനകത്തു കൂടി പുറത്തേക്കൊഴുകിപ്പോകുന്ന വീതി കുറഞ്ഞ ഒരു തോടും മറ്റൊരു തുറന്ന കേണിയുമാണ് കുളിക്കാനും അലക്കാനുമായി ഊരിലെ മുഴുവന്‍ കുടുംബങ്ങളും ആശ്രയിക്കുന്ന ജലസ്രോതസ്സുകള്‍. ഇവിടെ ആകെയുള്ള 80 കുടുംബങ്ങളില്‍ 60 കുടുംബങ്ങള്‍ പണിയ വിഭാഗത്തിലും 20 കുടുംബങ്ങള്‍ തച്ചനാടന്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നു.
ഉപജീവന മാര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി കൈരളി ഊരില്‍ ഒരു കോമണ്‍ ഫെസിലിറ്റി സെന്ററും കൂണ്‍ കൃഷിക്കുള്ള കെട്ടിടവും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ടെക്‌നോളജി പരിചയപ്പെടുത്താന്‍ അവസരമുണ്ടായത്. മൂന്നു കുന്നുകളിലും അതിന്റെ താഴ്‌വരകളിലുമായി 32 ഹെക്ടര്‍ വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്ന ഈ വനഭൂമിയില്‍ മറ്റൊരു നിര്‍മ്മാണ സാങ്കേതികവിദ്യയും പ്രായോഗികമല്ല എന്നതായിരുന്നു ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ടെക്‌നോളജി നടപ്പിലാക്കാനുണ്ടായ കാരണം. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘വാസ്തുകം’ ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്‌സ് ഗ്രൂപ്പിന്റെ സാരഥി പി.കെ. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് കൈരളി ഊരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ‘വാസ്തുകം’ നല്‍കിയ സാങ്കേതിക വൈദഗ്ധ്യ പരിശീനത്തിലൂടെ 457 ചതുരശ്ര അടിയുള്ള കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ അടിത്തറയും ചുമരും നിര്‍മ്മിച്ചത് ഊരില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമടങ്ങുന്ന പത്തു പേരുടെ സംഘമായിരുന്നു.
മുന്‍കാല വീടുനിര്‍മ്മാണ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയായതുകൊണ്ട് മണ്‍വീടുകളുടെ നിര്‍മ്മാണ വിദ്യ ആദിവാസികള്‍ക്ക് അവരുടേതായ രീതിയില്‍ പരിചിതമാണ്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പത്തു വീടുകള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും ഫണ്ടുമാണ് സ്വാമിനാഥന്‍ ഫൗണ്ടേഷന് പട്ടിക വര്‍ഗ്ഗവികസന വകുപ്പിന്റെ ഭാഗത്തു നിന്ന് ലഭിച്ചത്. അതാത് വീട്ടുവളപ്പില്‍ നിന്നു തന്നെയാണ് അവരുടെ വീടിനാവശ്യമുള്ള മണ്ണെടുത്തത്. ഈ ഊരില്‍ വീടുകള്‍ക്ക് കരിങ്കല്ലിന്റെ തറ കെട്ടുക എന്നത് അസാധ്യമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഭൂമിശാസ്ത്രവും ഗതാഗതസൗകര്യമില്ലായ്മയും കരിങ്കല്ല് തലയിലേറ്റി കൊണ്ടുവരിക എന്ന അതി വിഷമകരമായ കാര്യവും അതിനുള്ള അധിക പണമില്ലായ്മയും തുടങ്ങി പലവിധ കാരണങ്ങളാല്‍ കല്ല് ഒഴിവാക്കിക്കൊണ്ട്, തറ മണ്ണില്‍ തന്നെ പണിയുന്നതിനുള്ള സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ഈ പുതിയ ആശയത്തിനും ടെക്‌നോളജിക്കും ലഭിച്ച അംഗീകാരം കേരളത്തില്‍ ആദ്യമായി ഇത്തരത്തിലുള്ള നൂതനമായ പരീക്ഷണം വിജയകരമായി നടപ്പിലാക്കുന്നതിന് സഹായിച്ചു.
മണ്ണ് മാത്രം
മണ്ണിടിച്ചിടിച്ച് പണിയുന്ന വിദ്യ ഉപയോഗിച്ചാണ് തറയുണ്ടാക്കിയത്. ഒരു ശതമാനം സിമന്റ് ഇടിക്കുന്ന മണ്ണില്‍ ചേര്‍ക്കുന്നുണ്ട്. ചിതല്‍ വരാതിരിക്കാനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മുഴുവന്‍ പ്രയോഗിക്കുന്നു. മണ്ണുകൊണ്ട് തന്നെ ചുമരുണ്ടാക്കുന്നു. മണ്ണിന്റെ സ്വഭാവമനുസരിച്ച്, കളിമണ്ണ് അംശം കൂടുതലാണെങ്കില്‍ ഉമി, മണല്‍ എന്നിവ ചേര്‍ത്ത് വിള്ളല്‍ കുറക്കുന്നു. മേല്‍ക്കൂരയുടെ ഭാരം താങ്ങാനുള്ള ശക്തി ആവശ്യമായി വരുന്നു എന്നുള്ളതാണ്. പല രീതികളില്‍ ചുമര്‍ പണിയാം. മണ്ണുരുളകള്‍ ഒരടുക്കിനു മേലെ മറ്റൊരടുക്ക് എന്ന നിലയില്‍ അടിച്ചു വെയ്ക്കുന്ന രീതിയും വീതിയുള്ള മണ്ണുരുളകള്‍ വെച്ചു പണിയുന്ന രീതികളുമുണ്ട്. പച്ച ഇഷ്ടിക പിടിച്ച് നിഴലിലുണക്കി ഉപയോഗിക്കുന്ന മറ്റൊരു രീതിയുണ്ട്. റാമ്ഡ് എര്‍ത്ത് മറ്റൊരു രീതിയാണ്. ചുമരിന്റെ വീതി കൂട്ടുന്നതിനനുസരിച്ച് മൂന്നോ നാലോ നിലകളില്‍ വരെ മണ്‍വീടുകള്‍ പണിയാം കൈരളി ഊരില്‍ 357 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളുടെ ചുമരുകള്‍ മണ്ണുരുളകള്‍ അടിച്ചടിച്ചാണ് പണിതെടുത്തത്.
ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന വിധത്തില്‍ ജനാലകളുള്ള വീടുകളുടെ മേല്‍ക്കൂരക്ക് ഒന്നുകില്‍ കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഓട് എന്ന തെരഞ്ഞെടുപ്പ് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. വനത്തിനുള്ളില്‍ പണിയുന്ന വീടിന് കോണ്‍ക്രീറ്റ് അനുകൂലമല്ലാത്തതിനാലും അതിന്റെ തുടര്‍ന്നുള്ള മെയിന്റനന്‍സ് ബുദ്ധിമുട്ടേറിയതായതുകൊണ്ടും മാംഗ്ലൂര്‍ ടൈല്‍സ് മേല്‍ക്കൂര പാകാന്‍ ഉപയോഗിച്ചു. നല്ല ഉറപ്പുള്ളതെന്ന് കാലം തെളിയിച്ചിട്ടുള്ള തെങ്ങ് മേല്‍ക്കൂരയ്ക്കുള്ള മരത്തിനായി തെരഞ്ഞെടുത്തു. വാതിലുകള്‍ക്കും ജനലുകള്‍ക്കും പ്രാദേശികമായി ലഭിക്കുന്ന, ഉറപ്പുള്ള, വലിയ വിലയില്ലാത്ത തേന്‍പാവ് ഉപയോഗിച്ചു.
പ്ലാസ്റ്ററിംഗില്‍ പരുക്കനും മിനുസവുമുള്ളതുമായ മണ്ണ് തേപ്പുണ്ട്. ഈ ഊരില്‍ തന്നെയുള്ള പല നിറങ്ങളിലുള്ള മണ്ണ് അതിനായി തെരഞ്ഞെടുത്തു. വിഷാംശമുള്ള പെയിന്റുകളുടെ നിറങ്ങളേയും ഭംഗിയേയും വെല്ലുന്ന മണ്ണിന്റെ സ്വാഭാവിക നിറങ്ങളും ഭംഗിയും ജൈവികതയും ചേര്‍ന്ന, മനോഹരമായ ചുമരുകള്‍ ഈ വീടുകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ഈ പ്ലാസ്റ്ററിങ്ങിനെ വെല്ലുന്ന ഭംഗി മറ്റെവിടെയും കണ്ടെത്താനാവില്ല. മുറികളുടെ നിലം പരമ്പരാഗതമായ തരത്തില്‍ പലതരം നിറങ്ങളുള്ള ഓക്‌സൈഡിലാണ് ചെയ്തിരിക്കുന്നത്. വീടിനോട് ചേര്‍ന്ന് പിന്നിലായി പുറത്തു നിന്ന് വാതില്‍ തുറക്കാവുന്ന വിധത്തില്‍ ടൈല്‍സ് പതിച്ച ഭംഗിയും സൗകര്യമുള്ള ടോയ്‌ലറ്റും ഓരോ വീടിനുമുണ്ട്. ഇ എല്‍ സി ബി യടങ്ങുന്ന ഇലക്ട്രിക്കല്‍ വയറിങ്ങും വീടുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
അദ്ധ്വാനക്കൂടുതലുള്ള നിര്‍മ്മാണ വിദ്യയാണിത്. എന്നാല്‍, മറ്റു നിര്‍മ്മാണ സാമഗ്രികള്‍ക്ക് ചെലവാക്കേണ്ടി വരുന്ന അധികതുകയ്ക്കു പകരം സ്വന്തം വീടിന്റെ പണിയിലേര്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ക്കും അതേ ഊരിലെ മറ്റ് ആദിവാസികള്‍ക്കും തന്നെയാണ് ആ തുകയുടെ ഏറിയ പങ്കും കിട്ടിയത് എന്നതാണ് ഈ വീടുനിര്‍മ്മാണത്തിന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം വീടുപണിയിലേര്‍പ്പെടുന്ന പുരുഷന് 300 രൂപ കൂലിയിനത്തിലും 50 രൂപ ഭക്ഷണത്തിനുമടക്കം ദിവസവും 350 രൂപ കിട്ടുന്നു. സ്ത്രീകള്‍ക്ക് 250 രൂപയും കഴിഞ്ഞ ഏഴു മാസക്കാലം പത്തു വീടുകളിലെ ഓരോ വീട്ടില്‍ നിന്നും രണ്ടു മുതല്‍ ഏഴു വരെ അംഗങ്ങള്‍ സ്വന്തം വീടുകളുടെ പണിയെടുത്ത് വരുമാനമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, സ്വന്തം വീടിന്റെ പണിയിലേര്‍പ്പെടുന്നത് അവര്‍ക്ക് മണ്‍വീടു പണിയില്‍ വൈദഗ്ധ്യ പരിശീലനം ലഭിക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു. ഓട്, മരം, ഇഷ്ടിക, സിമന്റ്, എം സാന്റ് തുടങ്ങി മറ്റ് അവശ്യ നിര്‍മ്മാണ വസ്തുക്കളുടെ ലീഡിങ്, വെള്ളം കൊണ്ടു വരല്‍ തുടങ്ങി എല്ലാ പണികളും ആദിവാസികള്‍ തന്നെയാണ് ഏറ്റെടുത്ത് ചെയ്തത്. കല്ലിലും സിമന്റിലുമുള്ള പണികളില്‍ നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ പങ്കാളിത്തത്തോടെ നിര്‍മ്മാണത്തിലേര്‍പ്പെടാവുന്ന വീടുനിര്‍മ്മാണ പദ്ധതി കൂടിയാണിത്. സ്വന്തം അദ്ധ്വാനത്തില്‍ പണിത വീടുകള്‍ എന്ന വൈകാരികാടുപ്പവും ഉടമസ്ഥതാ ബോധവും സന്തോഷവും ഇവിടെ പ്രകടമായി കാണാനാവുകയും ചെയ്യുന്നു.
ഇണങ്ങുന്ന വീട്
357 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണിത വീടിന് സാമാന്യം സൗകര്യമുള്ള ഒരു കിടപ്പുമുറി വിവിധോദ്ദേശ്യങ്ങളോടു കൂടിയ വലിയ ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവയാണുള്ളത്. ഇതില്‍ മള്‍ട്ടി പര്‍പ്പസ് റൂമിനെ രണ്ടായി തിരിച്ച് മൊത്തം മൂന്നു ചെറിയ മുറികളോടും അടുക്കളയോടും കൂടിയ സൗകര്യങ്ങളാണ് പ്രൊപ്പോസലില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പത്തു കുടുംബങ്ങളും ആവശ്യപ്പെട്ടത് മള്‍ട്ടി പര്‍പ്പസ് റൂം രണ്ടായി തിരിക്കേണ്ടതില്ലെന്നും വലിയ ഹാള്‍ ആയി നിലനിര്‍ത്തിയാല്‍ മതിയെന്നുമായിരുന്നു. സമാനമായി, വീടിനുള്ളിലെ അടുക്കളയെ സംബന്ധിച്ചും അവര്‍ക്ക് സ്വന്തമായ മുന്‍ഗണനകളും തീരുമാനവുമുണ്ടായിരുന്നു. ഹരിതഭവന ഗുണഭോക്തൃസമിതി മീറ്റിങില്‍അവര്‍ ഒറ്റകെട്ടായി ഇത്തരം കാര്യങ്ങള്‍ ‘വാസ്തുകവുമായി’ ചര്‍ച്ച ചെയ്യുകയും ഒരുമിച്ച് തീരുമാനമെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. അടുക്കള മുറിയില്‍ അടുപ്പു വെയ്ക്കാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല. പുറത്ത് അടുക്കളയുണ്ടാക്കി പാചകം ചെയ്യുന്ന സംസ്‌ക്കാരവും രീതികളുമാണ് അവര്‍ പിന്തുടരുന്നത്. ഓരോ വിഭാഗം ആദിവാസികള്‍ക്കും ഓരോ തരത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളും സംസ്‌ക്കാരങ്ങളും അവരുടേതായ അറിവുകളും അഭിപ്രായങ്ങളുമുണ്ട്. ആദിവാസി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും അവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്കനുകൂലമായ തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ടതുണ്ട് എന്ന വലിയ അനുഭവ പാഠമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.
വെള്ളം കെട്ടി നില്‍ക്കാത്ത ഉയര്‍ന്ന സ്ഥലങ്ങളില്‍ വേണം മണ്‍വീടുകള്‍ നിര്‍മ്മിക്കേണ്ടത്. മണ്‍വീടു നിര്‍മ്മാണത്തിന്റെ ഒരേയൊരു പരിമിതി മണ്‍സൂണ്‍ കാലത്ത് മണ്‍വീടു നിര്‍മ്മാണം പറ്റുകയില്ല എന്നതാണ്. മണ്‍വീടു നിര്‍മ്മിക്കുന്നതിനു വേണ്ടി വെള്ളം വളരെയധികം ആവശ്യമായി വരുന്നുവെങ്കിലും വീടു പണിതു കഴിഞ്ഞാല്‍ വെള്ളം മണ്‍വീടിന്റെ ശത്രുവാണ്. ചുമരില്‍ വെള്ളം തട്ടാതിരിക്കാനുള്ള കരുതലിനായി ചുറ്റും ഇളം തിണ്ണ കെട്ടുന്നത് ഏറ്റവും ഫലപ്രദമാണ്. പത്തു വീടുകള്‍ക്കുമുള്ള ഇളം തിണ്ണകള്‍ അവരുടെ തന്നെ മുന്‍കയ്യിലാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, നിലവിലുള്ള 350 സ്‌ക്വയര്‍ ഫീറ്റ് എന്ന സര്‍ക്കാരിന്റെ നിബന്ധനക്കകത്തു നിന്നു കൊണ്ടു തന്നെ ഓരോ വീട്ടിലുമുള്ള അംഗങ്ങളുടെ എണ്ണവും ആവശ്യവും താല്‍പ്പര്യവും കണക്കിലെടുത്തു കൊണ്ട് ഡിസൈനില്‍ മാറ്റം വരുത്താനുള്ള സാധ്യതകള്‍ കൂടി ആദിവാസി ഭവന പദ്ധതിയില്‍ അവരുടെ നേതൃത്വവും പങ്കാളിത്തവും നൂറുശതമാനവുമുണ്ടെങ്കില്‍ പരീക്ഷിക്കപ്പെടാവുന്നതാണ്. എന്തായാലും, വീടു വെക്കുന്നത് മാത്രമല്ല, വരും കാലങ്ങളിലുണ്ടാവുന്ന അറ്റകുറ്റപണികള്‍ കൂടി ശ്രദ്ധിച്ചു നോക്കുകയാണെങ്കില്‍ മണ്‍വീടുകള്‍ കാലാകാലം നില്‍ക്കുന്നവയായിരിക്കും. മറ്റൊരു ഗുണം, ഈ വീടുകള്‍ എപ്പോഴെങ്കിലും പൊളിക്കേണ്ടി വന്നാല്‍ നമുക്ക് ഇതിലെ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കാം എന്നതാണ്.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:
ഡോ. സി.എസ്. ചന്ദ്രിക, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്,
എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍,
പി.കെ. ശ്രീനിവാസന്‍, വാസ്തുകം ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്‌സ് ഗ്രൂപ്പ്, തൃശൂര്‍.

Leave a Reply

Your email address will not be published. Required fields are marked *