November 9th, 2015
മാനസങ്ങളെ കീഴടക്കി

 

രാവേറെ വെളുക്കും മുന്‍പേ ആ വീടിന്റെ പ്രധാന വാതില്‍ തുറന്നു കഴിഞ്ഞു. നനുത്ത മഞ്ഞിന്റെ മൂടുപടമണിഞ്ഞ മലനിരകള്‍ക്കിടയിലൂടെ ഉദിച്ചുയര്‍ന്നു വരുന്ന സൂര്യരശ്മികള്‍ മാനത്ത് ചെഞ്ചായം പൂശുന്ന കാഴ്ചകാണാന്‍ വീട്ടുകാര്‍ എഴുന്നേറ്റതിന്റെ സൂചനയാണത്. കത്തിജ്വലിക്കുന്ന നട്ടുച്ച സൂര്യന്റെ തീക്ഷ്ണതയാര്‍ന്ന മുഖകാന്തി വീടിനകത്തേക്കെത്തി നോക്കാന്‍ തെല്ലൊന്ന് മടിച്ചു നില്‍ക്കും. സൂര്യന്റെ രൗദ്രഭാവത്തിലും ചൂടിനെതിരെ കവചം തീര്‍ക്കുകയാണ് വീടിന്റെ ഡിസൈന്റെ പ്രത്യേകത എന്ന് സാരം. തന്മൂലം കുളിര്‍മയാര്‍ന്ന ഊഷ്മളതയിലലിഞ്ഞുള്ള ഉച്ചയുറക്കം വീടിന് സ്വന്തം. മിന്നാമിന്നികള്‍ പോലെ താഴ്‌വാരത്തെ വീടുകളിലെ വൈദ്യുതി വിളക്കുകള്‍ തെളിയുവാനും അണയുവാനും ആരംഭിക്കേ പ്രകാശോജ്ജ്വലമായ ആ സുന്ദരക്കാഴ്ചയിലേക്ക് വീടിന്റെ ബാല്‍ക്കണി കണ്ണ് മിഴിക്കും. ഇത്തിരി കൂടി ഇരുട്ടിയാല്‍ മലമുകളിലെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ ഇറങ്ങിവരുന്ന ഹെഡ്‌ലൈറ്റിന്റെ ഇന്ദ്രജാലക്കാഴ്ചകള്‍ ജാലകക്കണ്ണുകളില്‍ പതിയും. ചെറുവത്തൂര്‍ ഗ്രാമത്തിലെ കൊത്തങ്കര ദേശത്തെ ശ്രീജ-വിനോദ് ദമ്പതിയുടെ വീടിന് പ്രകൃതി സമ്മാനിക്കുന്ന കാഴ്ചകളാണിവ. ഇത്തരത്തില്‍ ഈ വീടിന്റെ ഡിസൈന്‍ ഒരുക്കിയത് ഡിസൈനര്‍ കൂടിയായ വീട്ടുടമ ശ്രീജ തന്നെയാണ്. നല്ല മണ്ണ് ”ചെറുവത്തൂര്‍ ടൗണില്‍ തന്നെയായിരുന്നു ആദ്യ വീട്. അവിടെ ഹൈവേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രശ്‌നങ്ങളും മറ്റുമായപ്പോള്‍ കുറച്ചു കൂടി മാറി ഒരു സ്ഥലം വാങ്ങാമെന്ന് കരുതി. അങ്ങിനെയാണ് ഇവിടെ സ്ഥലം വാങ്ങിയത്. കുന്നിന്‍ പ്രദേശമായതു കൊണ്ട് വെള്ളത്തിനു പ്രശ്‌നമുണ്ടാവുമെന്നാശങ്കയുണ്ടായിരുന്നു. എന്നാല്‍ വീടിരിക്കുന്ന പ്ലോട്ടില്‍ നിന്നും 500 മീറ്റര്‍ താഴെ അഞ്ച് സെന്റ് സ്ഥലം വാങ്ങി അവിടെ കിണര്‍ കുഴിച്ചു. കണ്ണീരു പോലെ തെളിഞ്ഞ വെള്ളം കണ്ട് ഞങ്ങള്‍ അതിശയിച്ചു പോയി”. ശ്രീജ പറയുന്നു. ഡിസൈനര്‍ മാസികയിലേക്ക് വീട് ഫീച്ചര്‍ ചെയ്യാനെത്തിയ സംഘത്തെ കൊണ്ട് ആ വെള്ളം ഒന്നു രുചിച്ചു നോക്കിപ്പിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തുവാനും ശ്രീജ മറന്നില്ല! വീടിന്റെ ഫ്രണ്ട് എലിവേഷനിലെ പ്രധാന ഘടകമാണ് കാര്‍പോര്‍ച്ച്. മുന്‍ഭാഗത്ത് മധ്യഭാഗത്തായി കാണപ്പെടുന്ന കാര്‍പോര്‍ച്ചിന് നേരെയാണ് പ്രധാന വാതിലിന്റെ സ്ഥാനം. എലിവേഷന്‍ കന്റംപ്രറി-ട്രഡീഷണല്‍ ശൈലികളുടെ സമ്മിശ്രണമാണ്. റൂഫിന്റെ ഒരു ഭാഗത്ത് ഡമ്മി വാള്‍ നിര്‍മ്മിച്ച് ഓട് ചരിച്ചു പാകിയിരിക്കുന്നതും, ഭിത്തിയിലെ ഗ്രൂവ് ഡിസൈനും, കാര്‍പോര്‍ച്ചിലെയും വരാന്തയിലെയും തൂണുകളും, വരാന്തയിലെ നിലത്തിന്റെ തട്ടുകളായുള്ള ഉയര വ്യത്യാസവുമെല്ലാം ഈ കോമ്പിനേഷന്റെ പര്യായങ്ങളാകുന്നു. ലൈറ്റിങ് തെറാപ്പി ”ഞാന്‍ വാസ്തുശാസ്ത്രം പഠിച്ചയാളാണ്. അതുകൊണ്ടു തന്നെ വാസ്തുവിനനുസൃതമായാണ് മുറികളെല്ലാം ഒരുക്കിയത്. പിന്നെ ലൈറ്റിങ്ങിലെ വര്‍ണ്ണ വ്യതിയാനമാണ്, എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഗസ്റ്റ് ലിവിങ്ങിന്റെ ഫാള്‍സ് സീലിങ്ങിലുറപ്പിച്ചിരിക്കുന്ന പിസ്താഗ്രീന്‍ എല്‍ഇഡി ലൈറ്റുകള്‍ അതിഥികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പു നല്‍കും. ഫാമിലി ലിവിങ് കം എന്റര്‍ടെയ്‌മെന്റ് റൂമിലെത്തുമ്പോള്‍ ഇത് നീല നിറമായി മാറുന്നു. ഡൈനിങ്ങിലാവട്ടെ വാം ലൈറ്റാണ് കൊടുത്തിരിക്കുന്നത്. വൈറ്റ് കളര്‍ ലൈറ്റുകളാണ് കിച്ചനിലെന്നത് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കൃത്യതയാര്‍ന്ന നിറത്തില്‍ വസ്തുക്കളെ കാണുവാനായി സഹായകരമാവുന്നു. ബെഡ്‌റൂമുകള്‍ക്ക് ബ്ലൂ ലൈറ്റിങ് നല്‍കി. വെളിച്ചം കണ്ണിന് ആയാസമുണ്ടാക്കില്ല. മാത്രമല്ല കുളിര്‍മ പകരുകയും ചെയ്യും” ശ്രീജ പറയുന്നു. ഗസ്റ്റ് ലിവിങ്ങിലെ ജിപ്‌സം ഫാള്‍സ് സീലിങ്ങിന്റെ ഒരു ഭാഗത്ത് പര്‍ഗോള ഡിസൈന്‍ ചെയ്ത് അവിടെ ഐവറി നിറം പൂശിയിരിക്കുന്നതും ഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങും ആ മുറിക്ക് സൗന്ദര്യം പകരുന്നുണ്ട്. മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസ് ആ മുറിയിലേക്ക് കടന്നു നില്‍ക്കുന്ന അത്ര സുഖകരമല്ലാത്ത കാഴ്ച ഒരു ഡിസൈന്‍ എലമെന്റാക്കി മാറ്റിയത് ശ്രീജയുടെ ഡിസൈനിങ്ങിന് വൈഭവത്തെ പ്രകടമാക്കുന്നു. തെറ്റ് ശരിയാക്കി ”നിരവധി വീടുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, സ്വന്തം വീടിന്റെ കാര്യം വന്നപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച രീതിയിലല്ലാതെ വന്ന ഒറ്റ കാര്യമാണ് ഈ സ്റ്റെയര്‍ കേസ്. വീടു പണിയുടെ സമയത്ത് കുറച്ചു ദിവസം ഞങ്ങള്‍ക്കത് ശ്രദ്ധിക്കാന്‍ കഴിയാതെ വന്നു. അപ്പോഴായിരുന്നു സ്റ്റെയറിന്റെ പണി. സ്റ്റെയര്‍ യഥാര്‍ത്ഥത്തില്‍ വരേണ്ട ഭാഗത്തുനിന്നും അല്പം ഇപ്പുറത്തേക്ക് പണിതതിന്റെ ഫലമായാണ് ഇതിപ്പോള്‍ ലിവിങ് റൂമിലേക്ക് കയറി നില്‍ക്കാന്‍ ഇടയായത്. അന്നേരം ഡിസൈനര്‍+ബില്‍ഡര്‍ മാസികയാണ് എനിക്ക് തുണയായത്. ഡിസൈനറില്‍ കണ്ട ഒരു സ്ട്രിങ് മോഡല്‍ സ്റ്റെയറിന്റെ ചുവടുപിടിച്ച് സ്റ്റെയറിന്റെ ഒരു ഭാഗത്ത് മുഴുനീള സ്റ്റീല്‍ റോഡുകള്‍ നാട്ടി ഓപ്പണ്‍ ഫീല്‍ നല്‍കുവാനായി. ഇവിടെ ഒരു ഭിത്തികെട്ടി അടയ്ക്കാതിരുന്നതു കൊണ്ട് സ്റ്റെയറിലേക്കും ലിവിങ്ങിലേക്കും പ്രകാശവും വായുവും നിര്‍ലോഭം പ്രവഹിക്കും” ശ്രീജ പറയുന്നു. കോര്‍ട്ട്‌യാര്‍ഡിനു ചുറ്റും ഒരു കോര്‍ട്ട്‌യാര്‍ഡിനു ചുറ്റുമായാണ് മുറികളെല്ലാം വിന്യസിച്ചിരിക്കുന്നത്. കയറി വരുന്നിടത്ത് ഗസ്റ്റ് ലിവിങ്ങും, കോര്‍ട്ട്‌യാര്‍ഡിന്റെ വലതുവശത്തായി ഫാമിലിലിവിങ്ങും, ഇടതു വശത്തായി ഡൈനിങ് റൂമും ഗസ്റ്റ് ലിവിങ്ങിന്റെ എതിര്‍ വശത്തായി സ്റ്റഡി റൂമും പൂജാ മുറിയുമുണ്ട്. ബെഡ്‌റൂമുകളും കിച്ചനും കോര്‍ട്ട്‌യാര്‍ഡിന്റെ മൂലകള്‍ക്ക് നേരെയാണ്. ഫാമിലി ലിവിങ്ങിലെ സ്‌ട്രെയിറ്റ് ലൈന്‍ ഇരിപ്പിട സംവിധാവും പ്ലൈയും വെനീറും വാള്‍ പേപ്പറും ചേര്‍ന്ന ടിവി യൂണിറ്റും മുറിയെ കന്റംപ്രറിയാക്കുന്നു. സീലിങ്ങിലെ പര്‍ഗോള മോഡല്‍ വുഡന്‍ പാനലിങ്ങിനോട് ചേരുന്ന ഡിസൈന്‍ ടിവി യൂണിറ്റിലും കൊടുത്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ”മാസ്റ്റര്‍ ബെഡ്‌റൂമില്‍ മുസ്ലീം വീടുകളിലെ, അറ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. വെനീറും പ്ലൈവുഡും കൊണ്ട് പണിത കട്ടിലിന്റെ ഹെഡ് റെസ്റ്റ് ഭിത്തിയിലേക്ക് ഒരു ഫ്രെയിം കണക്കെ കയറി നില്‍ക്കുന്നു. അതിനകത്ത് വാള്‍ പേപ്പര്‍ ഒട്ടിച്ച് അതിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഭാഗമായി ഒരു കൊച്ചു ബെഡ്‌റൂം ഉണ്ട്. കുട്ടികളുടെ മുറിയാണിത്. പിങ്ക് നിറം പൂശി മുറി വൈബ്രന്റാക്കി. കുട്ടികള്‍ വലുതായെങ്കിലും രണ്ടു കുട്ടിക്കട്ടിലുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. മകനും മകള്‍ക്കും സ്വന്തമായി ബെഡ്‌റൂം ഉണ്ടെങ്കിലും ഇടയ്ക്കവര്‍ ഇവിടെയാണ് സമയം ചിലവഴിക്കുക” ശ്രീജ പറയുന്നു. സ്റ്റഡി ഏരിയയോടു ചേര്‍ന്നാണ് മകളുടെ കിടപ്പുമുറി. ബ്ലാക്ക് & വൈറ്റ് തീമിലൊരുക്കിയ മുറിയിലെ കബോഡുകളും കട്ടിലും ഡ്രസിങ് ടേബിളുമെല്ലാം മകളുടെ ഇഷ്ടത്തിനനുസൃതമായി ഡിസൈന്‍ ചെയ്തതാണ്. ഹെഡ്‌റെസ്റ്റിന്റെ ഭാഗത്ത് നിഷുകള്‍ നല്‍കി ബാര്‍ബി ഡോളുകള്‍ നിരത്തിയിരിക്കുന്നത് ഇതൊരു പെണ്‍മുറിയാണെന്ന് വിളിച്ചു പറയുന്നു. മകന്റെ ബെഡ്‌റൂമിലാവട്ടെ ഹെഡ് റെസ്റ്റിന്റെ ഭാഗത്തെ ഭിത്തിയിലൊരു ന്യൂ മോഡേണ്‍ കാറിന്റെ ചിത്രം മുറിയിലെ താമസക്കാരന്റെ താല്‍പ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. തൂവെള്ള നിറത്തില്‍ മുങ്ങിയ ആ മുറിയിലെ കര്‍ട്ടനും കിടക്കവിരിയും തലയിണയുമെല്ലാം ശുഭ്രവര്‍ണ്ണത്തിലാക്കി മാറ്റിയത് മൂലം ചെറിയ മുറിക്ക് വലിപ്പം തോന്നിപ്പിക്കുവാന്‍ ഇടയാക്കുന്നുമുണ്ട്. ഉള്ളിലേക്കൊതുക്കി ”ഡൈനിങ്ങ്, ലിവിങ്ങ്, സ്റ്റഡി ഏരിയ എന്നിവിടങ്ങളിലേക്കൊക്കെ സന്ധ്യാസമയത്തു വരെ കോര്‍ട്ട്‌യാര്‍ഡില്‍ നിന്നും വെളിച്ചം കിട്ടും. ഓപ്പണ്‍ കണ്‍സെപ്റ്റിലുള്ള ഈ ഏരിയകളില്‍ നിന്നും നോക്കുകയാണെങ്കില്‍ പോലും പെട്ടെന്ന് കാണാനാവാത്ത വിധം ഒരല്‍പ്പം ഉള്ളിലേക്ക് തള്ളിയാണ് ബെഡ്‌റൂം വാതിലുകള്‍ ക്രമീകരിച്ചത്. ഇത് കിടപ്പുമുറികള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത നല്‍കുന്നു” ഡിസൈനര്‍ അഭിപ്രായപ്പെടുന്നു ഭക്ഷണം എളുപ്പം വിളമ്പുവാന്‍ പാകത്തില്‍ കിച്ചനും ഡൈനിങ്ങും വരുന്നയിടത്ത് ഒരു ഓപ്പണ്‍ കൗണ്ടര്‍ കൊടുത്തിട്ടുണ്ട്. ഐലന്റ് മോഡലിലുള്ള കിച്ചനില്‍ ക്യാബിനറ്റുകള്‍ മള്‍ട്ടി വുഡ് കൊണ്ട് പണിത് വൈറ്റ്, ഗോള്‍ഡന്‍ യെല്ലോ നിറങ്ങളിലുള്ള ഡ്യൂക്കോ പെയിന്റ് അടിച്ചിരിക്കുന്നു. മഹാത്മാവിന് ഒരു മുറി മുകള്‍നിലയില്‍ രണ്ട് ബെഡ്‌റൂമുകളാണുള്ളത്. ഒന്ന് ആന്റിക് ഫര്‍ണിച്ചര്‍ കൊണ്ട് ശ്രദ്ധേയമാണ്. അവിടുത്തെ വലിയ വാതിലുകള്‍ തുറന്നിട്ടാല്‍ ബാല്‍ക്കണിയിലേക്കിറങ്ങാം. അപ്പോള്‍ മലനിരകളും താഴ്‌വരകളും നമ്മെ മാടി വിളിക്കുവാന്‍ ആരംഭിക്കും. രണ്ടാമത്തെ മുറി ശ്രീശ്രീരവിശങ്കറിനുവേണ്ടിയുള്ളതാണ്. ശ്രീശ്രീയുടെ കടുത്ത ഭക്തരായ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വരവും കാത്ത് ഒഴിച്ചിട്ട ഈ മുറി ഫര്‍ണിഷ് ചെയ്തിട്ടില്ല. എന്നെങ്കിലും ആ മുറിയില്‍ തങ്ങാന്‍ അദ്ദേഹം വരുന്ന അവസരത്തില്‍ അതു ഫര്‍ണിഷ് ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ശ്രീശ്രീയുടെ സാരാംശവചസ്സുകള്‍ വീടിന്റെ മുക്കിലും മൂലയിലും ആലേഖനം ചെയ്തിട്ടുണ്ട്. ”നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിനെ വിജയിക്കാനാവുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്തിനു മേല്‍ വിജയം വരിക്കാനാവും” എന്നത് അതുലൊന്നുമാത്രം. മനസ്സുകളെ കീഴടക്കുന്ന ഒരു വീട് ഡിസൈന്‍ ചെയ്യാന്‍ ശ്രീജയ്ക്ക് പ്രചോദനമായതും ഇത്തരം വാക്കുകളായിരിക്കാം. ഫോട്ടോഗ്രാഫി: രൂപേഷ്‌

Leave a Reply

Your email address will not be published. Required fields are marked *