ട്രഡീഷണല്‍ ശൈലിയിലുള്ള ഒരു വീടിന്റെ നിര്‍മ്മാണം അങ്ങനെ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ പാതി ഘട്ടം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വീടൊന്ന് കന്റംപ്രറി ശൈലിയിലേക്ക് മാറ്റിയാലെന്തെന്ന മോഹം ക്ലൈന്റിന്റെ മനസിലുദിക്കുകയായിരുന്നു. അപ്പോഴേക്കും വീടിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ആഗ്രഹം തീരുമാനമായി മാറിയതോടെ ആര്‍ക്കിടെക്റ്റുമായി ചര്‍ച്ച നടത്തി വീടിന്റെ ഫസ്റ്റ് ഫ്‌ളോര്‍ കന്റംപ്രറി ശൈലിയിലാക്കി. പിന്നീട് ഇന്റീരിയര്‍ ഡിസൈനിങ് മുഖേന വീടിനെ അടിമുടി കന്റംപ്രറി ശൈലിയിലുമാക്കി. കണ്ണൂര്‍ കൊളപ്പയിലുള്ള നൗഷാദിന്റെ വീട് സവിശേഷതയാര്‍ന്ന ഒരു പ്രോജക്റ്റായി മാറിയത് പാതിവഴിയില്‍ വച്ചുള്ള ശൈലീമാറ്റം കൊണ്ടാണ്.
”വീടുപണി ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ഡിസൈനര്‍ + ബില്‍ഡര്‍ പോലുള്ള മാസികകള്‍ കൂടുതലായി വായിക്കാന്‍ ആരംഭിച്ചു. അതോടെ കന്റംപ്രറി വീടുകളോടുള്ള ഇഷ്ടം കൂടി വന്നു. ഡിസൈനര്‍ + ബില്‍ഡര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഇന്റീരിയര്‍ ഡിസൈനര്‍ കെ. മുഹമ്മദ് അഫ്‌സല്‍ ചെയ്ത ഒരു വീട് വളരെയധികം ആകര്‍ഷകമായി തോന്നി. അദ്ദേഹത്തെ ഫോണ്‍ ചെയ്ത് കാര്യം അവതരിപ്പിച്ചു. ഇന്റീരിയര്‍ ഡിസൈനിലൂടെ എന്റെ മനസ്സിലുണ്ടായിരുന്ന ഭവനം അഫ്‌സല്‍ യഥാര്‍ത്ഥ്യമാക്കി”. നൗഷാദ് പറയുന്നു.
ആഷിഖ് മാമു ഒരുക്കിയ സൗകര്യവും സൗന്ദര്യവും ഒത്തിണങ്ങിയ ആര്‍ക്കിടെക്ചര്‍ ഡിസൈനിന്റെ സത്ത ഒട്ടും ചോര്‍ന്നു പോവാതെയാണ് അഫ്‌സല്‍ ഇന്റീരിയര്‍ ഭാഷ്യം ഒരുക്കിയത്. എന്നാല്‍ വീട് കന്റംപ്രറി ശൈലിയിലാക്കാന്‍ അകത്തളത്തില്‍ ചില പൊളിച്ചു മാറ്റലുകള്‍ നടത്തേണ്ടിയും വന്നു.
ഒന്നാം നിലയിലെ പ്രധാന വാതില്‍ കടന്നെത്തുന്ന ഫോയര്‍ സ്‌പേസ് അടച്ചു കെട്ടിയ ഇടമായിരുന്നു. അത് ഓപ്പണാക്കിയപ്പോള്‍ സെന്റര്‍ ഹാളിന്റെ ഭാഗമായി മാറി. സെന്റര്‍ ഹാളിനു ചുറ്റുമായാണ് മുറികളുടെ വിന്യാസം. ലിവിങ് കം എന്റര്‍ടെയ്ന്റ്‌മെന്റ് റൂം, ഡൈനിങ് റൂം, കിച്ചന്‍, ബെഡ്‌റൂം, സ്റ്റെയര്‍ ഏരിയ എന്നിവ ഇതിനു ചുറ്റുമാണ്.
അപൂര്‍വ്വ കാഴ്ചകള്‍
സെന്റര്‍ ഹാളിന്റെ ഭാഗമായി അധികം പൊക്കമില്ലാത്ത കുഷ്യന്‍ സോഫാ സെറ്റുകളാണ് ഇട്ടിരിക്കുന്നത്. അവ സ്‌ട്രെയിറ്റ് ലൈന്‍ മോഡലിലുള്ളതാണ്. ഒരു വശത്തെ ഭിത്തിയില്‍ ലിന്റല്‍ ഹൈറ്റില്‍ ബോക്‌സ് ടൈപ്പ് ഫ്രെയിമുണ്ടാക്കി അതില്‍ എല്‍ഇഡി സ്ട്രിപ്പ് ലൈറ്റുകള്‍ കൊടുത്തിട്ടുണ്ട്. അവിടെ ഒരു ഫ്രീ സ്റ്റാന്റിങ് ഡിസ്‌പ്ലേ യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. വാള്‍ പേപ്പര്‍ ഒട്ടിച്ച ഭിത്തിയിലേക്ക് എല്‍ഇഡി ലൈറ്റുകളുടെ പ്രകാശം ഒഴുകി പരക്കുന്നത് രാത്രി കാലങ്ങളില്‍ ഒരു അപൂര്‍വ്വ കാഴ്ചയായി മാറും.
”സെന്റര്‍ ഹാളിലെ ആട്രിയം സാധാരണ കാണുന്ന ഡബിള്‍ ഹൈറ്റിലും കൂടുതല്‍ പൊക്കത്തിലായിരുന്നു. ആ ഭാഗത്ത് ജിപ്‌സം കൊണ്ട് ലൂവര്‍ ഡിസൈന്‍ കൊടുത്തു. ഉയരം കുറഞ്ഞതായി തോന്നിപ്പിക്കാന്‍ ഇത് ഉപകരിക്കും” അഫ്‌സല്‍ പറയുന്നു.
സെന്റര്‍ ഹാളിന്റെ ഭാഗമായി വരുന്ന സ്റ്റെയര്‍ ഏരിയ താഴെ പെബിളുകള്‍ നിരത്തി സുന്ദരമാക്കിയിട്ടുണ്ട്. സ്റ്റെയറിനു താഴെയുള്ള ഭിത്തിയിലെ ചുവര്‍ ചിത്രവും, കയറി വരുന്ന ഭാഗത്തെ ചുവര്‍ചിത്രവും കണ്ടാസ്വദിച്ച് പടികയറ്റം ആയാസരഹിതമാക്കാം.
ആര്‍ച്ച് നിവര്‍ത്തി
”ഡൈനിങ്, കിച്ചന്‍ എന്നിവിടങ്ങളിലേക്ക് കയറുന്ന വാതായനങ്ങള്‍ ആര്‍ച്ച് ആകൃതിയിലുള്ളതായിരുന്നു. ഇഷ്ടിക കൊണ്ട് കെട്ടിയ ആര്‍ച്ച് പൊളിച്ചുമാറ്റി അവിടെ പ്ലൈവുഡും വെനീറും ഗ്ലാസും കൊണ്ട് സ്‌ട്രെയിറ്റ് ലൈന്‍ മോഡലിലുള്ള പ്രവേശനമാര്‍ഗമൊരുക്കി. വാതിലില്ലെങ്കിലും സ്വകാര്യത ലഭിക്കുന്ന വിധത്തിലൊരുക്കിയ ഈ പാര്‍ട്ടീഷനില്‍ ബോക്‌സ് തീര്‍ത്ത് അതിനുള്ളില്‍ പെബിളും ഡ്രൈസ്റ്റിക്കുകളും കൊണ്ട് അലങ്കാരം തീര്‍ത്തു” കന്റംപ്രറി ശൈലി പിന്തുടര്‍ന്നതിനെക്കുറിച്ച് അഫ്‌സല്‍ പറയുന്നു.
ലൈറ്റ് ഷേഡിലുള്ള ഇറ്റാലിയന്‍ മാര്‍ബിള്‍ നിലത്തിന്, വിപരീത നിറത്തിലുള്ള ഡാര്‍ക്ക് ഷേഡിലുള്ള വെനീര്‍ വീടിനാകെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫിനിഷ് നല്‍കുന്നുണ്ട്. ബെഡ്‌റൂമുകളിലെ ഡ്രസ് ഏരിയയിലെ ഷെല്‍ഫുകളും, സ്റ്റഡി ടേബിളും, കട്ടിലുകളും, പാനലിങുമെല്ലാം ഇപ്രകാരം പ്ലൈവുഡും വെനീറും ചേര്‍ത്ത് നിര്‍മ്മിച്ചവയാണ്. കിച്ചനില്‍ ഈ പാറ്റേണ്‍ തുടരുന്നതിന്റെ ഭാഗമായി വൈറ്റ് ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടുള്ള കൗണ്ടര്‍ ടോപ്പും ബ്രേക്ക് ഫാസ്റ്റ് ടേബിളും എച്ച് ഡി എഫിന്റെ ഡാര്‍ക്ക് ഷേഡിലുള്ള ക്യാബിനുകളും ഒരുക്കിയിരിക്കുന്നു.
”ഭക്ഷണം കഴിക്കുന്നിടത്തു തന്നെ വാഷ് ഏരിയ സെറ്റു ചെയ്യുന്നത് ക്ലൈന്റിന് ഇഷ്ടമല്ലായിരുന്നു. പിന്നെ ഡൈനിങ് റൂമിനാണെങ്കില്‍ സ്‌പേസ് കുറവും. ഡൈനിങ്ങിനോട് ചേര്‍ന്ന് സെന്റര്‍ ഹാളിന്റെ ഭാഗമായി വരുന്ന ഭാഗത്ത് വാഷ്‌ബേസിന്‍ സ്ഥാപിച്ചു. യഥാര്‍ത്ഥത്തില്‍ അവിടം ഒരു ജനലാണ്. അകത്ത് ഭിത്തി കെട്ടി അടച്ചാണ് വാഷ് ഏരിയ ഒരുക്കിയത്. പുറത്തുനിന്നു നോക്കിയാല്‍ ജനല്‍ അതുപോലെ തന്നെ കാണാം” അഫ്‌സല്‍ പറയുന്നു.
കാര്‍പോര്‍ച്ച് അഥവാ കോര്‍ട്ട്‌യാര്‍ഡ്
വീടിനു മുന്‍ഭാഗത്തുള്ള കാര്‍പോര്‍ച്ച് കൂടാതെ വീടിന്റെ പിന്‍ഭാഗത്ത് സെന്റര്‍ ഹാളിനോടു ചേര്‍ന്ന് ഒരു കാര്‍പോര്‍ച്ചുണ്ട്. അതുവഴി വീടിനകത്തേക്ക് നേരിട്ടു കയറാം. അഫ്‌സല്‍ ആ കാര്‍പോര്‍ച്ചിനെ ഒരു കോര്‍ട്ട്‌യാര്‍ഡു പോലെയാക്കി. സെന്റര്‍ ലിവിങ് ഹാളിന് അഭിമുഖമായ ആ വശത്തെ വാതിലും ഭിത്തിയും എടുത്തു മാറ്റി ഓപ്പണാക്കി. വാള്‍ ക്ലാഡിങും, വശം ചേര്‍ത്തു നിര്‍മ്മിച്ച പ്ലാന്റ് ബോക്‌സുകളില്‍ വളര്‍ന്നു നില്‍ക്കുന്ന അലങ്കാര മുളകളും, ചുമര്‍ചിത്രവും, ഹാങ്ങിങ് സ്‌പോട്ട് ലൈറ്റുകളും സെന്റര്‍ ഹാളില്‍ നിന്നും പോര്‍ച്ചിലേക്ക് ഇറങ്ങുന്ന ഭാഗത്തായി സജ്ജീകരിച്ചിരിക്കുന്ന ഡെക്കറേറ്റീവ് ഗ്ലാസ് പില്ലറുകളും, ഓട്ടോമാറ്റിക് സേഫ്റ്റി ഷട്ടറുമെല്ലാം കാര്‍പോര്‍ച്ചിനെ അള്‍ട്രാ മോഡേണാക്കി മാറ്റുന്നുണ്ട്. 42 ഇഞ്ച് വലിപ്പത്തിലുള്ള ഗ്ലാസ് പില്ലറുകള്‍ക്ക് താഴെ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ വെളിച്ചത്തില്‍ പില്ലറുകള്‍ വെട്ടിത്തിളങ്ങും.
അമിതമാക്കാതെ
ബെഡ്‌റൂമുകളുടെയെല്ലാം സീലിങ് ഹൈറ്റ് കുറയ്ക്കുവാന്‍ ജിപ്‌സം ഫാള്‍സ് സീലിങ്ങുപയോഗിച്ചു. ഫാള്‍സ് സീലിങ്ങിനിടയിലായി എല്‍ഇഡി ലൈറ്റുകള്‍ ഒളിച്ചിരിപ്പുണ്ട്. ബെഡ് ഏരിയ വാള്‍ പേപ്പര്‍ ഒട്ടിച്ച് സുന്ദരമാക്കിയിരിക്കുന്നു. കുട്ടികളുടെ മുറിയില്‍ മില്‍ക്കി വൈറ്റ് ഗ്ലാസ് കൊണ്ട് പാനലിങും കൊടുത്തിട്ടുണ്ട്.
അലങ്കാര വസ്തുക്കള്‍ മിതമായി ഉപയോഗിച്ചുകൊണ്ട് വീട് പരമാവധി നന്നാക്കിയെടുക്കുക എന്ന നയമാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെ അഫ്‌സല്‍ ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ചില ഏരിയകള്‍ മാത്രം ഹൈലൈറ്റ് ചെയ്തുകൊണ്ട് വീടിനെ പൂര്‍ണ്ണമായും കന്റംപ്രറിയാക്കി മാറ്റിയ ശൈലി ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ പുതുരീതികളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *