എന്തുകൊണ്ടും കാലിക പ്രസക്തിയുള്ള ഒരു ഡിസൈന്‍. ഫറോക്കിലെ ഡോ. ഉസ്മാനു വേണ്ടി ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി (കലൈഡ് ആര്‍ക്കിടെക്റ്റ്‌സ്, മഞ്ചേരി) ചെയ്ത വീടിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാനാകും. ഡോക്ടര്‍ ദമ്പതിയ്ക്കുവേണ്ടി ചെയ്ത വീട് അത് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ കാലാവസ്ഥയ്ക്കനുസൃതമായി ചെയ്തിട്ടുള്ളതാണ്. എടുത്തു കാണിക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള മേല്‍ക്കൂരയാണ് എലിവേഷനെ ആകര്‍ഷകമാക്കുന്നത്. തൊട്ടടുത്തെത്തുമ്പോള്‍ പോലും വീടിന്റെ പുറംകാഴ്ച മനോഹരമായി തോന്നിക്കുന്നതില്‍ പല ലെവലുകളിലുള്ള റൂഫ് പാറ്റേണിനാണ് പ്രധാന പങ്ക്.
സ്ഥലവിന്യാസം
ഫലപ്രദം
വീടിന്റെ മൊത്തം പ്ലാനിങ് ചെയ്തിട്ടുള്ളത് രണ്ട് വ്യത്യസ്ത കോണുകളിലായിട്ടാണ്. അതുകൊണ്ട് പ്ലോട്ട് പരിപൂര്‍ണ്ണമായി ഉപയോഗിക്കാനായി; വീടിന് പുറകിലെ ഏരിയ പ്രത്യേകിച്ചും. മുന്‍വശത്ത് വെന്റിലേഷനു സഹായകരമായ തരത്തിലുള്ള ഏറെ ഡൈനാമിക് ആയ ഭിത്തികള്‍ നല്‍കാനും സാധിച്ചു. ഒരു കോര്‍ട്ട്‌യാര്‍ഡിനെ കേന്ദ്രീകരിച്ചാണ് മുഴുവന്‍ സ്‌പേസും ആസൂത്രണം ചെയ്തിരിക്കുന്നത്. പണ്ടത്തെ ചുറ്റുവരാന്തയുടെ ഒരു ആധുനിക രൂപമാണ് ഈ കോര്‍ട്ട് യാര്‍ഡിനു ചുറ്റും നല്‍കിയിട്ടുള്ളത്. കോര്‍ട്ട്‌യാര്‍ഡിന് അഭിമുഖമായി വരത്തക്ക വിധത്തില്‍ ഡൈനിങ് സ്‌പേസിനോട് ചേര്‍ന്ന് ഒരു സിറ്റൗട്ട് നല്‍കിയിട്ടുണ്ട്.
കോര്‍ട്ട്‌യാര്‍ഡ് കേന്ദ്രബിന്ദു
വീടിന്റെ ഡിസൈനിങ്ങിലെ കേന്ദ്രബിന്ദു എന്നുപറയുന്നത് കോര്‍ട്ട്‌യാര്‍ഡാണ്. ഇതിന്റെ സ്ഥാനം എക്സ്റ്റീരിയറുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. തന്മൂലം അകത്തളത്തിലുള്ള നടുമുറ്റത്തിന്റേതായ എല്ലാ ഗുണഗണങ്ങളും കിട്ടുകയും ചെയ്യും. അതേസമയം സുരക്ഷാഭീഷണിയോ, മഴവെള്ളം വീഴുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളോ ഒന്നുമില്ല താനും. മുറികളെ പല സോണുകളിലായി തിരിച്ചിരിക്കുകയാണ്. പരമാവധി സ്വകാര്യത കിട്ടുന്നയിടങ്ങളിലാണ് കിടപ്പുമുറികള്‍ സജ്ജീകരിച്ചിട്ടുള്ളത്. അടുക്കള, ഫാമിലി ലിവിങ് എന്നിവ തുടര്‍ച്ചയുള്ള ഇടങ്ങളായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ കൂടുതല്‍ എളുപ്പമാകുന്നു.
വീടിനകത്ത് താമസിക്കാനുള്ള അന്തരീക്ഷം സുഗമവും സൗകര്യപ്രദവുമാക്കാന്‍ പോന്ന വിധത്തിലുള്ള സ്‌പേസ് പ്ലാനിങ് – അതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി ഈ വീടു ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ഒരു ഡിസൈന്‍ മികച്ചതാക്കുന്നതില്‍ സ്‌പേസ് പ്ലാനിങ്ങിലെ മികവിനു തന്നെയാണ് പ്രാമുഖ്യം എന്നതിന് വീട് തെളിവാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>