തറവാടുവീട് പൊളിച്ച് അവിടെ 14 ലക്ഷത്തിലൊതുങ്ങുന്ന ഒരു പുത്തന്‍ വീട് പണിയുവാനായി മകന്‍ അഖിലിന്റെ സുഹൃത്തും ഡിസൈനറും കൂടിയായ സനൂപ് ബാബുവിനെയാണ് ഗണേശന്‍ സമീപിച്ചത്. സുഹൃത്തിനു വേണ്ടി വീടൊരുക്കാന്‍ ഡിസൈനര്‍ സനൂപ് ബാബുവിന് സന്തോഷമായിരുന്നു. സമീപമുള്ള അമ്പലത്തിന്റെ ഗോപുരത്തിനേക്കാള്‍ ഉയരത്തില്‍ വീടിന്റെ മേല്‍ക്കൂര വരാന്‍ പാടില്ല എന്ന ഒറ്റനിബന്ധന മാത്രമായിരുന്നു വീട്ടുകാര്‍ മുന്നോട്ടുവച്ചത്.
അമ്പലത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ 1190 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 14 ലക്ഷം രൂപ ചെലവിലാണ് വീടുപണിതത്. മൂന്നു ബെഡ്‌റൂമുകളുള്ള വീട്ടില്‍ ബാത്ത്‌റൂമോടു കൂടിയ രണ്ട് ബെഡ്‌റൂമുകളാണുള്ളത്. എട്ടുമാസം കൊണ്ട് പണി തീര്‍ത്ത വീട് ഒറ്റ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ചെങ്കല്ലില്‍ തീര്‍ത്തതാണ് ചുവരുകള്‍. വിട്രിഫൈഡ് ടൈലുകളാണ് വീട്ടിലാകമാനം വിരിച്ചിരിക്കുന്നത്. പ്ലോട്ടില്‍ ഉണ്ടായിരുന്ന മരങ്ങള്‍ കൊണ്ടാണ് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ചത്. മുന്‍വശത്തുള്ള പ്രധാന വാതിലും ജനലും തടിയില്‍ തീര്‍ത്തെടുത്തു. മറ്റുള്ള വാതിലുകള്‍ക്കെല്ലാം സിമന്റ് കട്ടിള നല്‍കി. വാതിലുകളെല്ലാം എംഡിഎഫ് കൊണ്ടുള്ളവയാണ്. ലളിതമായൊരുക്കിയ അടുക്കളയില്‍ സ്റ്റോറേജു കബോഡുകള്‍ക്ക് സ്ഥാനമുണ്ട്. ഫെറോസിമന്റ് കൊണ്ടുള്ള സ്ലാബുകളാണ് ഇവിടെ നല്‍കിയത്. ഗ്രനൈറ്റു കൊണ്ടാണ് കൗണ്ടര്‍ ടോപ്പ്. തടി കൊണ്ടുള്ള നിര്‍മ്മാണം പരമാവധി കുറച്ചതുമൂലം വലിയൊരു ശതമാനം ചെലവു ചുരുക്കാന്‍ സാധിച്ചു.
ഫ്‌ളാറ്റ് റൂഫാണ് വീടിന് നല്‍കിയത്. സമീപത്തുള്ള അമ്പലത്തിന്റെ മേല്‍ക്കൂരയ്ക്കിണങ്ങും വിധം മുന്‍വശത്ത് മാത്രം ചരിഞ്ഞ മേല്‍ക്കൂര നല്‍കി. വെള്ള, ചാരനിറങ്ങള്‍ വീടിനെ ആകര്‍ഷകമാക്കുന്നു. ടെറസ് ഉപയോഗപ്പെടുത്താനായി പുറത്തു നിന്നു സ്റ്റെയര്‍കേസ് കൊടുത്തു.
ഒരു നാലംഗ കുടുംബത്തിനു വേണ്ട എല്ലാവിധ സൗകര്യങ്ങളോടെയാണ് ഡിസൈനര്‍ വീടൊരുക്കിയത്. ലിവിങ്, ഡൈനിങ്, മൂന്ന് ബെഡ്‌റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, ടോയ്‌ലറ്റ് എന്നിങ്ങനെ എല്ലാ ഏരിയകളും ഉള്‍ക്കൊള്ളിച്ച് എന്നാല്‍ വളരെ പരിമിതമായ ബഡ്ജറ്റില്‍ വീടൊരുക്കാന്‍ സാധിച്ചത് ഡിസൈറുടെ മികവു തന്നെയാണ്. ഗള്‍ഫിലുണ്ടായിരുന്ന സുഹൃത്തിന്റെ ആവശ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം വീടൊരുക്കിയതില്‍ സുഹൃത്തിനും വീട്ടുകാര്‍ക്കും സനൂപ് ബാബുവിനോട് ഏറെ കടപ്പാടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>