രമേഷ് എന്ന അധ്യാപകന്‍

ആര്‍ക്കിടെക്റ്റ് കുര്യന്‍ എബ്രഹാം

വളരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളം രമേഷ് തരകനൊപ്പം പ്രവര്‍ത്തിക്കാനുള്ള അസുലഭ അവസരം ഭാഗ്യവശാല്‍ എനിക്ക് ലഭിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ ആദ്യം ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയ്ക്ക് എനിക്ക് ആദ്യം ലഭിച്ചത് ഡിസൈന്‍ കമ്പൈനിനു ലഭിച്ച ആദ്യത്തെ ബഹുനില നിര്‍മ്മാണപദ്ധതിയായ ചോയ്സ് ടവറിന്‍റെ വര്‍ക്കിങ് ഡ്രോയിങ് തയ്യാറാക്കാനുള്ള ഉത്തരവാദിത്വമാണ്.

അദ്ദേഹത്തിന്‍റെ കുടുംബവ്യവസായ പദ്ധതികളില്‍ ഒന്നായ സീഫുഡ് ഫാക്ടറിയുടെ രൂപകല്പനാ ജോലികളിലും എന്നെ പങ്കെടുപ്പിച്ചിരുന്നു.

ആദ്യംപറഞ്ഞ പ്രോജക്റ്റിന് ഐ ഐ എം ന്‍റെ അഹമ്മദാബാദ് ക്യാമ്പസില്‍ അനന്തരാജയ്ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്‍റെ ഒരു മുന്‍പരിചയം ഉണ്ടായിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് ഞാന്‍ ചുവടുറപ്പിച്ച ഇന്‍ഡസ്ട്രിയല്‍ ആര്‍ക്കിടെക്ചര്‍ മേഖല പരിചയപ്പെടാനുള്ള അവസരമാണ് രണ്ടാമത്തെ പ്രോജക്റ്റിലൂടെ ലഭിച്ചത്.

രമേഷ് തരകന് എന്നിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസമാണ് ഈ രണ്ടു ദൗത്യങ്ങളുടെയും പൊതു സവിശേഷത. തങ്ങളുടെ കഴിവിന്‍റെ പരമാവധി പരിശ്രമിക്കാന്‍ എന്നെയും മറ്റു ജൂനിയര്‍ ആര്‍ക്കിടെക്റ്റുകളെയും പ്രേരിപ്പിച്ചത് അദ്ദേഹം ഞങ്ങളില്‍ അര്‍പ്പിക്കാറുള്ള ആ വിശ്വാസം തന്നെ ആണ്.

ഒരു മികച്ച അധ്യാപകന്‍റെ മനസ്സോടെ ഞങ്ങളുടെ ഡിസൈനുകളിലൂടെയും ഡ്രോയിങ്ങുകളിലൂടെയും കടന്നു പോകുന്ന അദ്ദേഹം സൂക്ഷ്മതയോടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും മികച്ചവയെ അഭിനന്ദിക്കുകയും ചെയ്യും.

നമ്മുടെ നാട്ടിലെവിടെയും കീഴ്ജീവനക്കാരോടുള്ള പെരുമാറ്റത്തില്‍ പൊതുവെ കണ്ടുവരാറില്ലാത്ത ഒരു രീതിയാണിത്.
തന്‍റെ ബാച്ചിലെ ഗോള്‍ഡ് മെഡലിസ്റ്റ് ആയ രമേഷിന്‍റെ ഡിസൈനിങ് മികവിനെ കുറിച്ച് ഞങ്ങള്‍ക്കുള്ള ബോധ്യമായിരുന്നു ഈ ബന്ധത്തെ അതുല്യമാക്കിയിരുന്നത്.

പ്രതിഭാശാലികളായ ജൂനിയേഴ്സിന് ഡിസൈന്‍ വകഭേദങ്ങളെ കുറിച്ച് പഠിക്കാനും അദ്ദേഹവുമായി വിശദമായി ചര്‍ച്ച ചെയ്യാനും ഉള്ള അവസരങ്ങള്‍ ലഭിക്കാറുണ്ട്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി അദ്ദേഹം നടത്താറുളള അസംഖ്യം യാത്രകള്‍ക്കിടയില്‍ കാണുന്ന വിവിധ പ്രദേശങ്ങളെയും കെട്ടിടങ്ങളേയും കുറിച്ച് അദ്ദേഹം നടത്തുന്ന വിവരണങ്ങളും അവര്‍ക്ക് മുതല്‍ക്കൂട്ടാണ്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി അദ്ദേഹം തുടര്‍ച്ചയായി നടത്തുന്ന ദീര്‍ഘയാത്രകള്‍ക്കിടയിലും പ്രോജക്റ്റുകളെല്ലാം ചിട്ടയായി നടക്കുന്നുണ്ടെന്നും തന്‍റെ അസാന്നിധ്യം ക്ലൈന്‍റുകളെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ഉറപ്പാക്കാനാണ് അദ്ദേഹം ഇത്രയധികം ജൂനിയര്‍മാരെ നിയമിക്കുന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം.

നിര്‍മ്മിതി ഗാര്‍ഹികമോ വ്യാവസായികമോ ആകട്ടെ, ഏതു നിര്‍മിതിയുടെയും ഘടനാപരമോ സേവനസംബന്ധിയോ ആയ സങ്കീര്‍ണ്ണ സംവിധാനങ്ങളെക്കുറിച്ചുള്ള കൃത്യമായ അവഗാഹം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ നിര്‍മ്മിതികളെല്ലാം ഉന്നത ഗുണനിലവാരം ഉറപ്പാക്കിയിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഒരു ക്ലയന്‍റ് കൂടിയായ അദ്ദേഹം പുതിയൊരു ഡിസൈന്‍ ശൈലി തന്നെ ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉപയുക്തതക്കു മാത്രം പ്രാമുഖ്യം നല്‍കുന്ന പഴയ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ക്രിയാത്മകതയിലും സൗന്ദര്യത്തിലും ഊന്നിയുള്ള ഒന്നാണത്.

ഇതുകൊണ്ടൊക്കെ തന്നെയാണ് എനിക്ക് ഈ മേഖലയോട് താല്പര്യം തോന്നിയത്. അദ്ദേഹത്തിന്‍റെ ഫാക്ടറി രൂപകല്‍പ്പന ചെയ്തു കൊണ്ട് തന്നെ സ്വന്തം കരിയറിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും എന്‍റെ ഭാഗ്യമാണ്.

തന്‍റെ സ്ഥാപനം വിട്ടുപോയവര്‍ക്ക് പിന്നീട് പ്രോജക്റ്റുകള്‍ നല്‍കാനും അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും ഉള്ള അദ്ദേഹത്തിന്‍റെ മഹാമനസ്കതയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ബന്ധത്തിന്‍റെ ഇഴയടുപ്പം കുറയാതെ കാക്കുന്നത്.

ഡിസൈന്‍ കമ്പൈന്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണെന്ന് അല്പം അഹങ്കാരത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും പറയാറുള്ളത്.

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അധ്യാപനരംഗത്തേക്കു തിരിയുകയും കൊച്ചിയിലെ ഒരു പ്രമുഖ കോളേജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം തലവനാകുകയും ചെയ്തു.

ആ സമയത്ത് ഞാനാദ്യം ചെയ്തത് എന്‍റെ മാര്‍ഗ്ഗദര്‍ശിയെ വീണ്ടും സമീപിക്കുകയും അവിടുത്തെ ഡിസൈന്‍ ചെയര്‍ ആകണമെന്നാവശ്യപ്പെടുകയുമാണ്.

അദ്ദേഹം ആ സ്ഥാനം സ്വീകരിക്കുക മാത്രമല്ല, തന്‍റെ വിലപ്പെട്ട സമയത്തില്‍ നിന്ന് ആഴ്ചതോറും രണ്ട് ദിവസം പൂര്‍ണ്ണമായി ക്യാമ്പസ്സില്‍ ചെലവഴിക്കുക കൂടി ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അതുല്യ വ്യക്തിത്വവും കഴിവും ഞങ്ങളുടെ ക്യാമ്പസിനെ സമ്പന്നമാക്കുന്നു.

ദീര്‍ഘദര്‍ശിയും പരിചയസമ്പന്നനും മാനേജ്മെന്‍റിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഒരേപോലെ ബഹുമാന്യനുമായ ഒരു ഗുരുശ്രേഷ്ഠന്‍ ഇല്ലാത്തതിന്‍റെ കുറവാണ് പുതിയ പല സ്ഥാപനങ്ങളും ഇന്ന് അഭിമുഖീകരിക്കുന്നത്.

രമേഷ് സര്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ഇതു നികത്തിയിരിക്കുന്നു.
അങ്ങനെ എന്‍റെ മാര്‍ഗ്ഗദര്‍ശി ഇന്നും വളരെക്കാലത്തിനു ശേഷവും എന്‍റെ തൊഴില്‍ രംഗത്ത് എന്നെ നയിക്കുന്നു.

അദ്ദേഹം വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരുമായി അടുത്തിടപഴകുന്നതും യുവതലമുറയെ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുന്നതുമായ കാഴ്ച എനിക്കേറെ സന്തോഷം പകരുന്നുണ്ട്.

ജീവിതത്തിന്‍റെ വസന്തകാലത്ത് തന്നെ അദ്ദേഹം സ്വന്തം കഴിവുകള്‍ ഉദാരമന:സ്ഥിതിയോടെ വരും തലമുറയിലേക്കു പകരാന്‍ ആരംഭിച്ചിരുന്നു.

ആ സപര്യ നാലുപതിറ്റാണ്ടുകള്‍ക്കു ശേഷവും അനുസ്യൂതം തുടരുകയാണ്. എത്ര ശ്ലാഘനീയവും അനുകരണീയവുമാണ് അദ്ദേഹത്തിന്‍റെ മാതൃക.

ലേഖകന്‍: ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍, കെ.എം.ഇ.എ. കോളേജ് ഓഫ് എഞ്ചിനീയറിങ്, പുക്കാട്ടുപടി

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*