July 1st, 2015
രാവും പകലും

വിദേശവാസികളായ മിക്ക മലയാളികള്‍ക്കും തോന്നുന്ന മോഹം തന്നെയാണ് തൃശ്ശൂര്‍ സ്വദേശി നദീര്‍ അലിക്കും തോന്നിയത്. സ്വന്തം നാട്ടില്‍ സ്വന്തമായൊരു വീട്. തൃശ്ശൂരിലെ തിരുവില്വാമല എന്ന സ്ഥലത്ത് വീടു പണിയുവാന്‍ തീരുമാനിക്കുമ്പോള്‍ സമകാലിക ശൈലിയില്‍ വ്യത്യസ്തമായ കളര്‍ തീമോട് കൂടിയ ഒരു വീട് എന്ന ആശയത്തിനായിരുന്നു മുന്‍തൂക്കം. ഡേ ആന്റ് നൈറ്റ് ആശയം അടിസ്ഥാനമാക്കി ഡാര്‍ക്കും ലൈറ്റും കളര്‍ കോംപിനേഷന്‍ എല്ലായിടത്തും സാധ്യമാക്കിയ ഒരു വീട് എന്ന ആവശ്യവുമായാണ് നദീര്‍ കോഴിക്കോട് മരിക്കാര്‍ ഡിസൈനേഴ്‌സിലെ ഡിസൈനര്‍ സുഹൈല്‍ നിസാമിനെ സമീപിച്ചത്.
32 സെന്റ് വരുന്ന പ്ലോട്ടില്‍ 2950 സ്‌ക്വര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ ഇന്റീരിയറും എക്സ്റ്റീരിയറും രാവും പകലും എന്ന ആശയത്തില്‍ സുഹൈല്‍ അണിയിച്ചൊരുക്കിയപ്പോള്‍ നദീറിന്റെ വീടിന് ചന്തവും നിറവും ഇഴചേര്‍ന്നു കടന്നുവരുന്നു.
വീടിന്റെ എക്സ്റ്റീരിയര്‍ ഭംഗിയാക്കിയിരിക്കുന്നത് നിഷുകളുടെയും സ്റ്റോണ്‍ ക്ലാഡിങ്ങിന്റെയും കൂട്ടുപിടിച്ചാണ്. വീടിന്റെ എക്സ്റ്റീരിയറുമായി ഒത്തുപോകുന്ന ഔട്ട്‌ഡോര്‍ ടൈല്‍ പിടിപ്പിച്ച വാക്‌വേയും വീടിന്റെ മോടി കൂട്ടുന്നതില്‍ പ്രധാനിയാണ്. നിരപ്പായ പ്ലോട്ടായതിനാല്‍ മുറ്റത്ത് പുല്‍ത്തകിടി പിടിപ്പിച്ച് വീടിനെ ചുറ്റുപാടുമുള്ള പ്രകൃതിയുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു.
വളരെ ഔപചാരികം
കാര്‍പോര്‍ച്ചില്‍ നിന്നാണ് വീടിനുള്ളിലേക്കുള്ള പ്രവേശന മാര്‍ഗ്ഗം. പോര്‍ച്ചിനും സിറ്റൗട്ടിനും നീളത്തിലുള്ള ഡിസൈനിങ് തെരഞ്ഞെടുത്തതിനാല്‍ ഇടനാഴിയില്‍ കൂടി വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന അനുഭൂതി കൊണ്ടു വരാനായി. കുലീനത തുളുമ്പുന്ന ഗസ്റ്റ് ലിവിങ്ങാണ് അതിഥികളെ വരവേല്‍ക്കുന്നത്. കസ്റ്റംമെയ്ഡ് സോഫാ സെറ്റാണ് ലിവിങ് സ്‌പേസിലുള്ളത്. സോഫാ സെറ്റിനഭിമുഖമായി ക്രോക്കറി ഷെല്‍ഫിനും സ്ഥാനം നല്‍കിക്കൊണ്ട് ഏരിയകളുടെ ഒരു വിഭജനവും സാധ്യമാക്കി. ലിവിങ് സ്‌പേസിന്റെ തറയില്‍ പ്ലൈവുഡ് കൊണ്ട് ദീര്‍ഘ ചതുരാകൃതി തീര്‍ത്ത് ഫ്‌ളോറിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ആക്റ്റീവ് ഏരിയ
ഡൈനിങ്, ഫാമിലി ലിവിങ്, എന്നിവ ഉള്‍പ്പെടുന്ന നീണ്ട ഹാള്‍ ആണ് ഈ വീട്ടിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഇടം അഥവാ ആക്റ്റീവ് ഏരിയ. മുറികള്‍ ഇടുങ്ങിയതായി തോന്നാതിരിക്കാന്‍ ലിവിങ്ങിനും ഡൈനിങ്ങിനുമിടയില്‍ പാര്‍ട്ടീഷന്‍ നല്‍കിയിട്ടില്ല. തറയിലെയും ചുമരിലെയും ചിത്രപ്പണികളാണ് ഡൈനിങ്ങിനെയും ലിവിങ്ങിനെയും വ്യത്യസ്തമാക്കുന്നത്. ലിവിങ് സ്‌പേസിലെ സോഫാസെറ്റ് ഇരിക്കുന്ന ഭാഗത്ത് മാത്രം തറയുടെ ലെവലില്‍ പ്ലൈവുഡ് കൊണ്ട് ഫ്‌ളോറിങ് ചെയ്തു. ബാക്കിയിടങ്ങളില്‍ മുഴുവന്‍ പാകിയിരിക്കുന്നത് മാര്‍ബിളാണ്. ലിവിങ് സ്‌പേസിലെ ചുമരില്‍ ജനാല ഹൈലൈറ്റ് ചെയ്യുന്നതിനായി പ്ലൈവുഡ് ഉപയോഗിച്ച് ക്ലാഡിങ് ചെയ്തിരിക്കുന്നു. മറുചുമരില്‍ ഭിത്തി നിറഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് ടിവി യൂണിറ്റ്. പ്ലൈവുഡ് കൊണ്ടാണ് ടിവി യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ഡൈനിങ് റൂമിലും പ്ലൈവുഡ് കൊണ്ടുള്ള മാജിക് കാണാം. പ്ലൈവുഡ് കൊണ്ടുള്ള രണ്ട് ക്രോക്കറി ഷെല്‍ഫുകള്‍ ഡൈനിങ് സ്‌പേസിലെ ഇരു ചുമരുകളിലുമുണ്ട്. ടേബിളും കസേരകളും മറൈന്‍ പ്ലൈവുഡിലാണ് തീര്‍ത്തിരിക്കുന്നത്. ചതുരത്തിലുള്ള ചെറിയ ജനാലകളാണ് ഡൈനിങ് സ്‌പേസില്‍ വെളിച്ചം എത്തിക്കുന്നതില്‍ പ്രധാനികള്‍. ഡൈനിങ് ഏരിയയില്‍ നിന്നാണ് സ്റ്റെയര്‍കേസ്. മുകളില്‍ നിന്ന് നോക്കിയാല്‍ ഡൈനിങും ലിവിങും കാണത്തക്കവിധത്തിലാണ് സ്റ്റെയര്‍കേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റീല്‍ കൈപിടികളുണ്ട് സ്റ്റെയര്‍കേസിന്. പ്ലൈവുഡും മാര്‍ബിളുമാണ് പടികളില്‍ പാകിയിരിക്കുന്നത്.
തീം അടിസ്ഥാനമാക്കി
വീട്ടിലെ ബെഡ്‌റൂമുകളുടെ എണ്ണം നാലാണ്. നാലും നാല് കളര്‍ തീമിലാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ കുട്ടികളുടെ പിങ്ക് ബെഡ്‌റൂമാണ് ഏറ്റവും മനോഹരം ഇന്‍ബില്‍റ്റ് കട്ടിലിന്റെ അതേ പാറ്റേണിലുള്ള ബെഡ്‌സൈഡ് ടേബിളുകള്‍ എല്ലാ ബെഡ്‌റൂമിലുമുണ്ട്. കൂടാതെ വാഡ്രോബുകളും ഡ്രസിങ് ഏരിയയും കൂടി ബെഡ്‌റൂമിനുള്ളില്‍ തന്നെ ഒരുക്കിയിരിക്കുന്നു.
വിരുദ്ധനിറങ്ങള്‍ എന്ന അതേ ആശയത്തില്‍ ബ്ലാക്കും വൈറ്റും ആണ് കിച്ചന്റെ കളര്‍ തീമാക്കിയിട്ടുള്ളത്. പക്ഷെ ചുവപ്പു നിറമാണ് പ്രകടമാകുന്നത്. ഗ്രനൈറ്റ് കൊണ്ടുള്ള കൗണ്ടര്‍ ടോപ്പിനടിയിലായി പിയു ഫിനിഷില്‍ കാബിനറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. എല്‍ ഷേപ്പില്‍ കാബിനറ്റുകള്‍ സെറ്റ് ചെയ്തതിനാല്‍ കിച്ചനില്‍ ധാരാളം സ്ഥലം ലാഭിക്കാനായി. മാത്രമല്ല ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ഏരിയ കൂടി കിച്ചനില്‍ ഉള്‍ക്കൊള്ളിക്കാനുമായി. ചുവപ്പ് പിയു ഷട്ടര്‍ ഉപയോഗിച്ച് ബ്രേക്ക് ഫാസ്റ്റ് ഏരിയയുടെ ചുമര്‍ പാനലിങ് ചെയ്ത് നിഷുകളും ഹാങ്ങിങ് ലൈറ്റും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
മുറികളില്‍ കടുംനിറങ്ങളുടെ കടന്നുകയറ്റം ഉണ്ടെങ്കിലും സൂര്യപ്രകാശം സമൃദ്ധമാകയാല്‍ ഇരുളിമ അനുഭവപ്പെടുന്നില്ല. അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന ഈ കുടുംബത്തിന് വേണ്ടത്ര സ്ഥലസൗകര്യങ്ങള്‍ നല്‍കിയാണ് സുഹൈല്‍ ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലൈന്റിന്റെ ആവശ്യങ്ങളും തന്റെ പ്രാവീണ്യവും കൂട്ടിച്ചേര്‍ത്ത് സുഹൈല്‍ നിസാം ഡിസൈന്‍ ചെയ്ത വീട്, തീം ഡിസൈന്‍ എന്ന ആശയത്തെ കൂടിയാണ് ഉദാഹരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *