Architect : സനില്‍ ചാക്കോ

February 11th, 2014
റിട്ടയര്‍മെന്റ് ഹോം

ഗോവയിലെ 39 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം വിശ്രമജീവിതം നയിക്കാനാണ് പ്രൊഫസര്‍മാരായ ജോസഫ് അഗസ്റ്റിനും മേരി അഗസ്റ്റിനും കേരളത്തിലെത്തിയത്. റിട്ടയര്‍മെന്റ് ലൈഫിന് അനുയോജ്യമായ തരത്തില്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള സൗകര്യവും ശാന്തതയുമുള്ള ഒരു സ്ഥലം തേടിയുള്ള പലനാള്‍ യാത്രയ്‌ക്കൊടുവിലാണ് തൃശൂര്‍ ജില്ലയിലെ മണ്ണുത്തി എന്ന സ്ഥലത്ത് ഇവര്‍ 20 സെന്റ് പ്ലോട്ട് വാങ്ങിയത്. തങ്ങളുടെ റിട്ടയര്‍മെന്റ് ഹോം ഒരുക്കുന്നതിന്റെ ദൗത്യം ഏല്‍പ്പിക്കാനായി ഇവര്‍ കണ്ടെത്തിയത് തൃശൂരിലെ സ്‌പേസ് സ്‌കേപ്പ് ആര്‍ക്കിടെക്റ്റ്‌സിലെ സനില്‍ ചാക്കോയേയാണ്.

ഏറെക്കാലം കേരളത്തിനു പുറത്ത് ജീവിച്ചതിനുശേഷമുള്ള ഒരു കൂടുമാറ്റമാകയാല്‍ പലതും ഇവര്‍ക്ക് കേരളത്തിലേക്ക് കൂടെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അവരുടെ ചെറുതും വലുതുമായ നിരവധി ആവശ്യങ്ങള്‍ മുതല്‍ അവരുടെ കൈവശമുള്ള ക്യൂരിയോസ് വരെ എന്തൊക്കെയെന്ന് ആദ്യമേ തന്നെ ആര്‍ക്കിടെക്റ്റ് ചോദിച്ചറിഞ്ഞു. ജോസഫ് അഗസ്റ്റിനും മേരിക്കും തങ്ങളുടെ വീടിനെക്കുറിച്ച് അനവധി ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ”സ്‌പേഷ്യസ് ആയ, റിലാക്‌സിങ് ആയ സ്ഥലമാകണം. ആധുനിക ശൈലി ആകാം. എന്നാല്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കാത്ത, അതിബഹളങ്ങളൊന്നുമില്ലാത്ത ലളിതമായ ഇന്റീരിയര്‍ ആകണം. പിന്നെ എല്ലാവരും പറയുന്നതുപോലെ അകത്ത് നല്ല കാറ്റും വെളിച്ചവും.” അത്ര മാത്രമായിരുന്നു ക്ലൈന്റിന്റെ ആവശ്യങ്ങള്‍.
അഗസ്റ്റിന്‍ ജോസഫിന്റെ മക്കള്‍ വ്യത്യസ്തതയും പുതുമയുമുള്ള ഒരു രീതിയാകാം വീടിന് എന്ന് കൂടി അഭിപ്രായപ്പെട്ടതു കൊണ്ടാണ് എലിവേഷനില്‍ ഒരു മിക്‌സഡ് ശൈലി സ്വീകരിച്ചത് എന്ന് ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ പറയുന്നു.

തുറസ്സ് എന്ന ആശയത്തിലാണ് അകത്തള സജ്ജീകരണങ്ങള്‍. സിറ്റൗട്ടില്‍ നിന്നും വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് വിശാലമായ ഡബിള്‍ ഹൈറ്റ് ഏരിയയോടുകൂടിയ ഓപ്പണ്‍ സ്‌പേസിലേക്കാണ്. ലിവിങ്ങും, കോര്‍ട്ട്‌യാര്‍ഡും, ഡൈനിങ്ങും, പാന്‍ട്രിയും എല്ലാം ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം. വെണ്‍മയുടെ പരിശുദ്ധിയോടെ ശാന്തമായ ഒരിടം. ഇതു തന്നെയായിരുന്നു ജോസഫ് അഗസ്റ്റിന്റെ മനസ്സിലുണ്ടായിരുന്ന അകത്തളം.
ഓപ്പണ്‍ നയത്തില്‍ ഒരുക്കിയിരിക്കുന്ന ലിവിങ്, ഡൈനിങ്, കോര്‍ട്ട്‌യാര്‍ഡ് എന്നീ ഏരിയകള്‍ ഒരുമിച്ചു നില്‍ക്കത്തക്ക വിധത്തിലും എന്നാല്‍ ഒരു സാങ്കല്‍പ്പിക വിഭജനം സൃഷ്ടിച്ചുകൊണ്ട് ആനമുള, ബിലാത്തിമുള എന്നിവ ഉപയോഗിച്ച് സ്വതന്ത്ര സഞ്ചാരം സാധ്യമാകുന്ന വിധത്തിലും ഒരുക്കിയ കോര്‍ട്ട്‌യാര്‍ഡ് വീടിന്റെ ശ്രദ്ധാകേന്ദ്രമാണ്.

ഇരു നിലകളിലായി 3600 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് വീടിന്റെ മൊത്തം സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമണ്‍ ഏരിയകള്‍ ഒഴികെ നാല് ബെഡ്‌റൂമുകളാണ് ഈ വീട്ടിലുള്ളത്. സ്വകാര്യത കണക്കിലെടുത്താണ് ബെഡ്‌റൂമുകളുടെ ഡിസൈന്‍. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്നതും, എന്നും എപ്പോഴും പുതുമ നല്‍കുന്നതുമായ കളറാണ് വെളുപ്പ്. അതുകൊണ്ടാണ് വീടിന്റെ അകത്തളങ്ങളില്‍ വൈറ്റ് കളര്‍ തെരഞ്ഞെടുത്തതെന്ന് ആര്‍ക്കിടെക്റ്റ്. ഫ്‌ളോറിങ്ങിന് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. അകത്തളങ്ങളിലെ വിശാലതയും, അടുക്കും ചിട്ടയുമുള്ള സജ്ജീകരണങ്ങളുമെല്ലാം ക്ലൈന്റിന്റെ ജീവിതരീതികളുടെ പ്രതിഫലനം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *