തിരുവനന്തപുരത്തെ ജവഹര്‍നഗര്‍ എന്ന പ്രദേശം കേരളത്തിലെ വളരെ ചുരുക്കം ആസൂത്രിതമായ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നാണ്. 1964 കാലഘട്ടത്തിലാണ് ജവഹര്‍നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയായി മാറുന്നത്. അക്കാലത്തെ പൊതുവായ ഗൃഹനിര്‍മ്മാണ വാസ്തുകലയുടെ മുഖമുദ്രകളായി ധാരാളം വീടുകള്‍ ഇവിടെയുണ്ടായിരുന്നു. നഗരവികസനത്തിന്റെ ഭാഗമായി ജവഹര്‍നഗറിന് ത്വരിതഗതിയിലുള്ള ഒരു മാറ്റമാണ് പിന്നീട് ഉണ്ടായത്. ടെക്‌നോളജിയുടെ മേഖലയിലുണ്ടായ വളര്‍ച്ചയും പുരോഗതിയും ജവഹര്‍നഗറിന്റെ ആര്‍ക്കിടെക്ചര്‍ മുഖഛായ മാറ്റിമറിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും ലാന്‍ഡ്‌സ്‌കേപ്പിന്റെ പോലും മുഖഛായയില്‍ മാറ്റങ്ങള്‍ വന്നു. നഗരവികസനത്തിന്റെ ഭാഗമായി പ്ലോട്ടിനനുസരിച്ചുള്ള കെട്ടിട നിര്‍മ്മാണ രീതി നിലവില്‍വന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളെല്ലാം സംഭവിക്കുമ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വരാത്ത ഒരു വീട് ഒന്നിലധികം വഴികള്‍ കൂട്ടിമുട്ടി കടന്നു
പോകുന്ന എല്‍.പി. സ്‌കൂള്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്നു.

വീട്ടുടമയായ ഗോപീകൃഷ്ണന് ഈ അടുത്ത കാലത്താണ് തന്റെ വീടിനും പുത്തന്‍ ശൈലിയിലേക്ക് ഒരു രൂപമാറ്റം വേണമെന്ന് തോന്നിയത്. അത്തരത്തിലൊരു മാറ്റം കൊണ്ടുവരുവാനായി അദ്ദേഹം സമീപിച്ചത് തിരുവനന്തപുരത്തെ ജെസിജെആര്‍ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റായ കെ.ബി. ജയകൃഷ്ണനെയാണ്.

ക്രോസ്‌റോഡ്‌സിലെ വീട്

ഒരു കെട്ടിടം പുതുക്കി പണിയുവാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ ഘടനയെ ആകെ തച്ചുടച്ച് തികച്ചും പുതിയൊരു രൂപവും ഭാവവും സ്വീകരിക്കുക; കെട്ടിടം പൊളിക്കുമ്പോഴുണ്ടാകുന്ന വേസ്റ്റ് ഭൂമിക്ക് ഭാരമായി കൂട്ടിയിടുക. ഇതൊക്കെയാണ് മിക്കയിടങ്ങളിലെയും പതിവ് രീതി. എന്നാല്‍ ഇവിടെ ഈ ആര്‍ക്കിടെക്റ്റ്
അങ്ങനെയൊരു നയമല്ല സ്വീകരിച്ചത്. ”ഓരോ റെനവേഷനും ഓരോ റീജനറേഷന്‍ ആകുന്നു. അതായത് ആ കാലഘട്ടത്തിന്റേതായ പലവിധ പ്രത്യേകതകളും രീതികളും പഴയ കെട്ടിടങ്ങളില്‍ ഉണ്ടാവും. കാലം മാറുമ്പോള്‍ ഒരു കെട്ടിടം കാലഘട്ടത്തിനു യോജ്യമല്ലാതാവും എന്നു കരുതി അവയെ ഇടിച്ചു പൊളിച്ചു കളയേണ്ട കാര്യമൊന്നുമില്ല. കാലഘട്ടത്തിന്റെ മാറ്റമനുസരിച്ചുള്ള സൗകര്യങ്ങളെ ഇത്തരം വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും സന്നിവേശിപ്പിക്കുക. അതാണ് വേണ്ടത്. ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. അതു മനസ്സിലാക്കി തന്നെയാണ് ഇത്തരമൊരു സമീപനരീതിക്ക് മുതിര്‍ന്നത്. റെനവേഷനല്ല റീജനറേഷനാണിവിടെ ചെയ്തിട്ടുള്ളത്” ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍ പറയുന്നു.

അത്ര സാധാരണമല്ലാത്ത ആകൃതിയിലുള്ള ഒരു പ്ലോട്ട്. അതാകട്ടെ രണ്ട്റോഡുകള്‍(അതിലൊന്ന് മെയിന്‍ റോഡും) സന്ധിക്കുന്ന ഒരു കവലയില്‍. ചുറ്റിനും കുറച്ച് പച്ചപ്പിന്റെ സാന്നിധ്യവുമുണ്ട്. കണ്ണുമടച്ചുള്ള ഒരു നവീകരണം ഇവിടെ സാധ്യമല്ല. പ്ലോട്ടിന്റെ പരിമിതി മൂലം കെട്ടിടത്തിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഏരിയയും വളരെ പരിമിതം. വീടിന് പുതുമയേറിയ ഒരു ദൃശ്യഭംഗി വേണം താനും. ഇങ്ങനെ പലവിധ വെല്ലുവിളികള്‍ ആര്‍ക്കിടെക്റ്റിനു മുന്നിലുണ്ടായിരുന്നു.

പല തലങ്ങളില്‍

നിലവിലുണ്ടായിരുന്ന സ്ട്രക്ചര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മൂന്നു ലെയറുകളിലായി വീടിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. കൂട്ടിച്ചേര്‍ത്തത് ഏകദേശം 430 സ്‌ക്വയര്‍ഫീറ്റു മാത്രം. അതുകൊണ്ടു തന്നെ വീടിന്റെ കാഴ്ച ഭംഗിയും ഉള്ളിലെ സ്ഥലവും സൗകര്യവും കൂടി. വീടിന്റെ കോമ്പൗണ്ട് വാള്‍ ആണ് ആദ്യത്തെ ലെയര്‍. സ്ട്രീറ്റും വീടുമായി ഒരു പരസ്പരബന്ധം സ്ഥാപിക്കാന്‍ പുതിയ ചുറ്റുമതിലിനായി. കാര്‍പോര്‍ച്ച്, ഗേറ്റ്, പ്രവേശനപാത, ചുറ്റുമതില്‍ എന്നിവയെല്ലാം മോടിപിടിപ്പിച്ചത് വീടിന്റെ സ്വകാര്യത നഷ്ടമാവാതെ തന്നെയായിരുന്നു. എലിവേഷന്റെ ഡബിള്‍ ഹൈറ്റും പുതുതായി ചേര്‍ത്ത ആര്‍ക്കിടെക്ചറല്‍ എലമെന്റുകളും കാഴ്ചഭംഗിക്ക് കൂടുതല്‍ എടുപ്പു നല്‍കി.
കെട്ടിടത്തിന്റെ ഫസാഡിന് കുറുകെ കൂട്ടിച്ചേര്‍ത്ത രണ്ടാം ലെയര്‍ കിഴക്കു ഭാഗത്തെ ഫാമിലി സ്‌പേസിന്റെ സ്വകാര്യത ഉറപ്പാക്കുന്നു. ഫ്‌ളോട്ടിങ് ആയ കാര്‍പോര്‍ച്ച് ഈ രണ്ടു ലെയറുകള്‍ക്കും ഇടയിലാണ് വരിക. മൂന്നാം ലെയര്‍ നല്‍കിയത് വീടിന്റെ ടെറസിനെ പരിഷ്‌കരിച്ചുകൊണ്ടാണ്. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്താണ്. ട്രെല്ലീസ് വര്‍ക്ക് നല്‍കി ടെറസിനെ പാര്‍ട്ടി ഏരിയയാക്കി മാറ്റുന്നതിലൂടെ ഇവിടെയും കാര്യമായ മാറ്റം കൈവന്നു.

വര്‍ദ്ധിച്ചത് വ്യാപ്തി

നടുവിലൊരു ലിവിങ് കം ഡൈനിങ് ഹാള്‍, പടിഞ്ഞാറ് ഭാഗത്ത് മറ്റ് ഏരിയകള്‍. ഒരു ബെഡ്‌റൂമും കിച്ചനും കിഴക്കു ഭാഗത്ത് – ഇതാണ് അടിസ്ഥാന പ്ലാന്‍. വടക്ക് ദിക്കിലേയും തെക്ക് ദിക്കിലേയും ഭിത്തികളില്‍ കൂടുതല്‍ വെളിച്ചം നല്‍കും വിധം വെന്റിലേഷനുകള്‍ നല്‍കി. പഴയ കെട്ടിടത്തിന്റെ മൂന്നു വശങ്ങളില്‍ നിന്ന് ഡബിള്‍ ഹൈറ്റില്‍ 3 പുതിയ സ്ട്രക്ചറുകള്‍ ചേര്‍ത്ത് വീടിന്റെ മൊത്തം വോള്യം (വ്യാപ്തി) വര്‍ദ്ധിപ്പിച്ചു. ഇതുമൂലം നിലവിലുണ്ടായിരുന്ന അകത്തള സൗകര്യങ്ങളെ നിലവിലുണ്ടായിരുന്ന സ്ട്രക്ചറിന് അധികഭാരം വരാതെ തന്നെ പരിഷ്‌ക്കരിക്കാനായി. മുന്‍ഭാഗത്ത് ഫോയര്‍, പടിഞ്ഞാറുഭാഗത്ത് വാട്ടര്‍ ടാങ്ക്, തെക്ക് കിഴക്ക് ഭാഗത്തെ കോര്‍ണറില്‍ ടെറസിലേക്കുള്ള സ്റ്റെയര്‍കേസ്എന്നിവയാണീ 3 പുതുനിര്‍മ്മിതികള്‍. കിഴക്കു ഭാഗത്തെ ഭിത്തി മാറ്റി പകരം ഒരു ഓപ്പണ്‍ ഫാമിലി ഡെക്ക് കൊടുത്തു.

ഇപ്പോള്‍ തുറന്ന നയമാണ് വീടിനുള്ളിലാകെ. ”പുതിയ രീതിയനുസരിച്ച് ലാന്‍ഡ്‌സ്‌കേപ്പുമായി വീടിന് ബന്ധം സ്ഥാപിക്കുന്നതിനായിട്ടാണ് സ്ട്രക്ചറില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍. ‘വീട് പ്രകൃതിയിലേക്ക് ലയിക്കുന്ന മട്ട്’ സൃഷ്ടിക്കാനായി; പഴയ കെട്ടിടത്തിന്റെ 85% നിലനിര്‍ത്തിക്കൊണ്ടു തന്നെ.” ആര്‍ക്കിടെക്റ്റ് പറയുന്നു.

Comments are closed.