ഒരു ഭൂപ്രദേശത്തിന് പലതും ലാന്‍ഡ്മാര്‍ക്കുകളാവാറുണ്ട്. സ്‌കൂളുകള്‍, പള്ളികള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍ അങ്ങനെ പലതും. എന്നാല്‍ ഒരു പ്രദേശത്തിന് ഒരു വീട് ലാന്‍ഡ്മാര്‍ക്കാവുന്നത് അപൂര്‍വ്വമാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അത്തരം ഒരു വീടുണ്ട്. ആരും ഒന്നു നോക്കിപ്പോവുന്ന; ആ പ്രദേശത്തിന് അടയാളമായി പറയുന്ന ഒരു വീട്. അത്രയ്ക്കും എടുപ്പുണ്ട് ജ്വല്ലറി ഉടമയായ ജയറാമിന്റെ ‘എഡ്ജ്’ എന്ന വീടിന്. വിദേശത്തായിരുന്ന ജയറാമിന് സ്വദേശത്ത് തിരികെയെത്തി സ്ഥിരതാമസമാക്കണമെന്ന ചിന്തയില്‍ നിന്നാണ് ‘എഡ്ജി’ന്

രാശി കുറിക്കപ്പെട്ടത്. ശേഷം ഉടമയുടെ നിബന്ധനകളും നിര്‍ദേശങ്ങളും ശിരസ്സാ വഹിച്ച് ആര്‍ക്കിടെക്റ്റ് ഗ്രൂപ്പായ ഈഗോ ഡിസൈന്‍ സ്റ്റുഡിയോ അവരുടെ പണിയാരംഭിച്ചു. സൈറ്റിനെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടാണ് ഡിസൈന്‍ തുടങ്ങിയത്. റോഡില്‍ നിന്നും വീടിന്റെ രണ്ടു വശങ്ങളിലേക്ക് കാഴ്ച്ചയെത്തുന്ന രീതിയിലാണ് നിര്‍മ്മാണം.

മൂന്നു ബ്ലോക്കുകള്‍

ആരാലും ശ്രദ്ധിക്കപ്പെടണം, വ്യവസ്ഥാപിതമായ ശൈലികളെ പാടേ ഒഴിവാക്കണം, പ്രകാശത്തിന് വീടിന്റെ അകത്തളങ്ങളില്‍ ഒന്നാംസ്ഥാനം നല്‍കണം. ഇവയെല്ലാം ഉടമയുടെ പ്രാഥമിക ആവശ്യങ്ങളായിരുന്നു. ഇവയുടെ ചുവടുപിടിച്ചു കൊണ്ട് ‘ഡി കണ്‍സ്ട്രക്റ്റിവിസ്റ്റിക്’ അഥവാ അപനിര്‍മ്മാണ ശൈലിയാണ് വീടിന് ആര്‍ക്കിടെക്റ്റ് കൊടുത്തിരിക്കുന്നത്. ഉടമയുടെ ആവശ്യങ്ങള്‍ക്ക് എന്തുകൊണ്ടും യോജിക്കുന്ന ശൈലി.

മൂന്നു ബ്ലോക്കുകളായി തിരിച്ചാണ് വീട് പണിതിരിക്കുന്നത്. ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതും കാഴ്ച പിടിച്ചു നിര്‍ത്തുന്നതുമായ ‘ഫാമിലിബ്ലോക്ക്’, റോഡിനോട് അഭിമുഖമായി നില്‍ക്കുന്ന ‘സെമി പബ്ലിക്‌ബ്ലോക്ക്’, ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു ‘കണക്ടര്‍ ബ്ലോക്ക്’. ഇങ്ങനെയാണ് വീടിന്റെ ഘടന. വ്യാവസായികപരമായും സാമൂഹികപരമായും ധാരാളം അതിഥികളുള്ള വ്യക്തിയാണ് ഉടമ എന്നതിനാലാണ് ഇങ്ങനെ ഒരു ഘടന അവലംബിച്ചത്. ആധുനികശൈലിയില്‍ ഫാമിലിബ്ലോക്കിന്റെ ഒരു ഭാഗം കെട്ടിടത്തില്‍ നിന്നും അല്പം തള്ളിനില്‍ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എലിവേഷനില്‍ ഏറ്റവും ആകര്‍ഷകമായ ഭാഗമാണ് പ്രൊജക്ഷന്‍ ബ്ലോക്ക്.

സെമി പബ്ലിക് ബ്ലോക്കിലൂടെ

മുറ്റത്തുനിന്ന് നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് ‘സെമി പബ്ലിക്ക് ബ്ലോക്ക്’ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബ്ലോക്കിലൂടെയാണ് വീട്ടിലേക്കുള്ള പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. തുടര്‍ന്ന് എത്തിച്ചേരുന്ന കണക്ടര്‍ ബ്ലോക്കില്‍ നിന്നും ഫാമിലി റൂമിലേക്കായി വഴിപിരിയുന്നു. നീളത്തില്‍ വിശാലമായ സെമി പബ്ലിക്ക് ഏരിയ ഡബിള്‍ഹൈറ്റ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഭിത്തിക്കും തറയ്ക്കും ഫര്‍ണിച്ചറിനും ഒരേ കളര്‍ടോണ്‍ നല്‍കാന്‍ സെമി പബ്ലിക്ക് ഏരിയയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. സെമി പബ്ലിക്ക് ബ്ലോക്കിന്റെ ഒന്നാംനിലയില്‍ ഒരു സ്റ്റഡിറൂമും ഹോം തീയേറ്റര്‍ സംവിധാനവുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡിലേക്കും മുന്‍വശത്തെ ഗാര്‍ഡനിലേക്കും കണ്ണെത്താവുന്ന രീതിയില്‍ മുഴുവനായും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഒരു ഭിത്തിയും ഈ ഭാഗത്തുണ്ട്.

റോഡില്‍ നിന്നുള്ളവരുടെ കാഴ്ച നേരിട്ട് ഈ ഗ്ലാസ് വര്‍ക്ക് ചെയ്ത ഭാഗത്തേക്ക് ലഭിക്കുന്ന ഡിസൈനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടോപ്പ് ഫ്‌ളോറില്‍ സെമി പബ്ലിക്ക് ബ്ലോക്ക് പൂര്‍ണ്ണമായും ഒരു ഓപ്പണ്‍ പാര്‍ട്ടി ഏരിയയായി ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. അതിഥികളില്ലാത്തപ്പോള്‍ വൈകുന്നേരങ്ങളില്‍ കുടുംബത്തിനു സമയം ചെലഴിക്കാന്‍ പറ്റിയ ഇടമാണ് ഇത്.

ബന്ധിപ്പിക്കുന്നത് ഇടനാഴി

‘എഡ്ജില്‍’ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഏരിയ പരസ്പരബന്ധിതമായ ഇടനാഴിയാണ്. ഫാമിലിബ്ലോക്കിനെയും സെമി പബ്ലിക്ക് ബ്ലോക്കിനെയും ബന്ധിപ്പിക്കുന്ന ഭാഗമാണ് ഈ കോറിഡോര്‍. സ്റ്റെയര്‍കേസും പൂളും ഇതിന്റെ ഇരുവശങ്ങളിലായാണ് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. രണ്ടു നിലകളിലേക്കുമുള്ള സ്റ്റെയര്‍കേസ് വളരെ പ്രൗഢമായി ഉയര്‍ന്നു നില്‍ക്കുന്നു. ഭാഗികമായി തുറക്കാവുന്ന തരം ഗ്ലാസ് വിന്‍ഡോകളാണ് കോറിഡോറിന്റെ ഒരു ഭാഗത്ത് ഉപയോഗിച്ചിട്ടുള്ളത് എങ്കില്‍ മറുഭാഗം ലൂവേഴ്‌സ് ഫിക്‌സഡ് ഗ്ലാസ് ഉപയോഗിച്ചും ചെയ്തിരിക്കുന്നു. ഇത് എക്സ്റ്റീരിയര്‍-ഇന്റീരിയര്‍ ബന്ധമുറപ്പിക്കാന്‍ സഹായകരമാണ്. രണ്ടുനിലകളില്‍ നിന്നും കാണാവുന്ന രീതിയിലാണ് ഇവിടെ പൂളിന്റെ സ്ഥാനം.

ഫാമിലി ബ്ലോക്കിലേക്ക്

ഫാമിലി ബ്ലോക്കിന് വളരെ പ്രൈവറ്റായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ”വീട്ടുകാര്‍ 75% സമയവും ചെലവഴിക്കാന്‍ പോകുന്നത് ഫാമിലി ബ്ലോക്കില്‍ തന്നെയായിരിക്കും. മൂന്നു നിലകളിലായിട്ടാണ് ഫാമിലി ബ്ലോക്ക് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന മാസ്റ്റര്‍ ബെഡ്‌റൂമടക്കം രണ്ടു ബെഡ്‌റൂമുകളും കിച്ചനും ഡൈനിങ് ഏരിയയും ഗ്രൗണ്ട് ഫ്‌ളോറില്‍ ഉണ്ട് .കൂടാതെ; പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു ട്രഡീഷണല്‍ കിച്ചനും ഈ ഫ്‌ളോറിലുണ്ട്”. ആര്‍ക്കിടെക്റ്റ് പറയുന്നു. എല്ലായിടത്തെയും തറ ഗ്രനൈറ്റില്‍ ചെയ്തപ്പോള്‍ മാസ്റ്റര്‍ ബെഡ്‌റൂം മാത്രം വുഡന്‍ ഫ്‌ളോറിങ്ങിന്റെ സൗന്ദര്യത്തിലാണ്. ഫസ്റ്റ് ഫ്‌ളോറില്‍ മൂന്നു ബെഡ്‌റൂമുകള്‍ക്കും ബാല്‍ക്കണി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം റോഡിലേക്ക് ദൃശ്യം സാധ്യമാക്കുന്ന വിധത്തിലാണ്. ബാക്കിയുള്ളവ പ്രൈവറ്റ് ഗാര്‍ഡനിലേക്ക് ദൃശ്യമാവുന്നവയുമാണ്. ഫാമിലി ബ്ലോക്കിന്റെ മുകള്‍നിലയെ ഒരു റിലാക്‌സിങ് ഏരിയ എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ഇവിടെ ഉടമയുടെ ആവശ്യപ്രകാരം ഒരു സ്‌ക്വാഷ് കോര്‍ട്ട് പണിതിരിക്കുന്നു. കൂടാതെ ഒരു സ്റ്റീം ബാത്ത് സോണും ജിം ഏരിയയും ടോപ്പ് ഫ്‌ളോറിനെ ‘ടോപ്പ്’ ആക്കുന്നുണ്ട്.

എഡ്ജ്

‘എഡ്ജി’ല്‍ ഭിത്തിയും വിന്‍ഡോകളും ഏകദേശം തുല്യമായ അനുപാതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാല്‍ നാച്വറലായുള്ള പ്രകാശത്തെ നേരിട്ട് അകത്തളങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നു. എല്ലാം ഫുള്‍ഹൈറ്റ് വിന്‍ഡോകളാണ്. അവിടെ റോമന്‍ ബ്ലൈന്റ് കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുണ്ട്. ഉടമസ്ഥനായ ജയറാമിന്റെ ശക്തമായ ആവശ്യമായിരുന്നു വെളിച്ചമെന്ന ഘടകം. അതിനോട് നീതി പുലര്‍ത്തുന്ന സമീപനമാണ് ആര്‍ക്കിടെക്റ്റുകളുടെ ടീമും ഈഗോ ഡിസൈന്‍ സ്റ്റുഡിയോയും . ഗ്ലാസ് വിന്‍ഡോകളുപയോഗിച്ചും എല്‍ഇഡി ലൈറ്റുകളുപയോഗിച്ചും വീടിനകം പ്രകാശിതമാക്കിയിട്ടുണ്ട്. ആവശ്യത്തിനു വെന്റിലേഷനുകളും കൂടി ആയതോടെ പ്രകാശത്തിനു പഞ്ഞമില്ല. പ്രത്യേകിച്ച് പാര്‍ട്ടീഷനുകളൊന്നും നല്‍കാതെയാണ് എല്ലാ ഭാഗങ്ങളും രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ബെഡ്‌റൂമുകള്‍ക്ക് വേണ്ട സ്വകാര്യതയും നല്‍കിയിരിക്കുന്നു. വാതിലുകളെല്ലാം തേക്കിന്‍തടിയില്‍ തീര്‍ത്തവയാണ്. വെനീര്‍ ഫിനിഷില്‍ കബോര്‍ഡുകളും നിര്‍മ്മിച്ചിരിക്കുന്നു. വീടിന്റെ മുറ്റത്ത് മനോഹരമായ പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്. ആധുനികരീതികളുടെയും, ആശയങ്ങളുടെയും, ജീവിത ശൈലിയുടെയും അനുരൂപമായ അവതരണം തന്നെയാകുന്നു ‘എഡ്ജ്’.

സുധീഷ്

Comments are closed.