October 1st, 2015
ലേയര്‍ ഹൗസ്

 

ടോപോഗ്രാഫി, ക്ലൈമറ്റോളജി, മൈക്രോക്ലൈമറ്റ് തുടങ്ങി വ്യത്യസ്തങ്ങളായ അനേകം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു കെട്ടിടത്തിന്റെ അടിസ്ഥാന പ്ലാന്‍ രൂപപ്പെടുക. നമ്മുടെ തനതു വാസ്തുകലയ്ക്ക് ഒരു കാലാതീതമായ വ്യാഖ്യാനം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയും ഓരോ വസ്തുശില്പവും വ്യത്യസ്തമാകണമെന്നുമുള്ള ആശയത്തോടെയുമാണ് ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി ഏതൊരു ഡിസൈനും ഏറ്റെടുക്കാറുള്ളത്. നിയതമായ ആകൃതിയില്ലാത്ത 7 സെന്റിന്റെ പ്ലോട്ടായിരുന്നു തിരുവനന്തപുരത്ത് അമ്പലമുക്കില്‍ വിനോദ് കുമാറിന് ഉണ്ടായിരുന്നത്. ചെറയ റോഡിനോടു തൊട്ടു ചേര്‍ന്നു തന്നെയാണ് പ്ലോട്ട്. ഒറ്റനോട്ടത്തില്‍ ഇവിടൊരു വീടുപണി അസാധ്യമെന്നേ തോന്നൂ. ഇത്തരത്തിലുള്ള പല മുന്‍വിധികളെയും പൊളിച്ചെഴുതിക്കൊണ്ടാണ് തിരുവനന്തപുരത്തുള്ള എസ്.എ. ആര്‍ക്കിടെക്റ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി ഇവിടെ രൂപഭംഗിയുള്ള ഒരു വീട് ഡിസൈന്‍ ചെയ്തത്.
ട്രെന്റുകള്‍ക്കപ്പുറം
”മുന്‍വിധികളില്ലാതെ, സ്ഥലപരിമിതികളുടെ സാധ്യതകളെ ഉപയുക്തമാക്കിക്കൊണ്ടും അടിസ്ഥാന വാസ്തു നിയമങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടും മിനിമലിസ്റ്റിക് നയത്തിലൂടെ, ജ്യോമെട്രിക് രൂപങ്ങളുടെ സമന്വയം തന്നെ സാധ്യമാക്കാനായി. മനുഷ്യനേത്രങ്ങള്‍ ഒരു വസ്തുവിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത് അറിഞ്ഞോ അറിയാതെയോ, വിവിധ ജ്യോമെട്രിക് രൂപങ്ങളുടെ ശ്രദ്ധയോടെയുള്ള സമന്വയവും, അവ തമ്മിലുള്ള അനുപാതങ്ങളുടെ താരതമ്യവും കൊണ്ടാണ്. ഈ വീടിന്റെ രൂപകല്‍പനയില്‍ അടിസ്ഥാനമാക്കേണ്ടവയെ മാത്രം ശ്രദ്ധയോടെ പ്രാവര്‍ത്തികമാക്കുകയും മിനിമലിസം പുലര്‍ത്താന്‍ അനുയോജ്യമായ നിറങ്ങളും, പ്രതലങ്ങളും ഒക്കെ തെരഞ്ഞെടുത്ത് നല്‍കുന്നതിലൂടെ ആര്‍ക്കിടെക്റ്റ് നീതി പുലര്‍ത്തുന്നത് ഡിസൈന്റെ അടിസ്ഥാന തത്ത്വങ്ങളോടാണ്. ഇങ്ങനെ ഉടലെടുക്കുന്ന സൃഷ്ടികളില്‍ അനുപാതം, സ്‌കെയില്‍, മാസിങ് തുടങ്ങിയവ കൃത്യമാണെങ്കില്‍ ചുറ്റുപാടുകളില്‍ നിന്ന് വേറിട്ട്, കൃത്യമായ അസ്തിത്വമുള്ള മൂര്‍ത്ത രൂപങ്ങള്‍ ഉടലെടുക്കും. അവയ്ക്ക് കാലാതീതമായി നിലനില്‍ക്കാനാകും” ആര്‍ക്കിടെക്റ്റ് ഷിബുഅബുസാലി വിനോദ് കുമാറിന്റെ വീടിനു പിന്നിലെ രൂപകല്‍പ്പനാ നയം വ്യക്തമാക്കിയതിങ്ങനെയാണ്.
ലേയര്‍ ഡിസൈന്‍
തിരുവനന്തപുരത്ത് പേരൂര്‍ക്കടയ്ക്ക് അടുത്ത് അമ്പലമുക്കില്‍ കുറച്ച് ഉള്ളിലേക്ക് ഒതുങ്ങിയാണ് ഈ സൈറ്റ്. തല്‍പ്രദേശത്ത് ഈ വീട് ‘സ്റ്റാന്‍ഡ് എലോണ്‍’ ആയിരിക്കുന്നു എന്നു പറയാം. പ്ലോട്ടിന്റെ ചരിവിനെ മുതലെടുത്തു കൊണ്ട് ഒന്നിലധികം ലേയറുകളിലാണ് വീടിന്റെ ഡിസൈന്‍. സാധാരണ രണ്ടുനില വീടുകളുടെ മുന്നില്‍ നിന്നു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭീമാകാരത്വം ഈ വീടിനില്ല. അതിനു കാരണം ലേയര്‍ ഡിസൈനാണ്. പുറകിലേക്ക് പോകും തോറും ഉയരവും വലിപ്പവും ഏറിവരുന്നു. ചുറ്റുമതിലില്‍ നിന്നും തുടങ്ങുന്നു വീടിന്റെ ആദ്യ ലേയര്‍.
പ്ലോട്ടിന്റെ ആകൃതിയില്ലായ്മ നിമിത്തം സൈറ്റില്‍ പലയിടത്തും വന്നിട്ടുള്ള നെഗറ്റീവ് സ്‌പേസുകള്‍ ലാന്‍ഡ്‌സ്‌കേപ്പ് കൊണ്ട് പരിഹരിക്കുകയാണ് ആര്‍ക്കിടെക്റ്റ് ചെയ്തത്. ഈയൊരു രീതി മൂലം വീടിനു ചുറ്റിനും പച്ചപ്പു കൊണ്ടു വരാനായി. വീടിനു മുന്നില്‍ മാത്രമാണ് കുറച്ചു സ്ഥലം ഒരുമിച്ച് ലാന്‍ഡ്‌സ്‌കേപ്പിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. പെബിള്‍ കോര്‍ട്ട്‌യാര്‍ഡും ഒരു ചെമ്പകമരവും ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.
എലിവേഷന് പ്രാധാന്യം
എലിവേഷനില്‍ ഒരു ഭാഗത്ത് നല്‍കിയിട്ടുള്ള ഉയരമുള്ള പ്രൊജക്ഷന്‍ വാള്‍ ശ്രദ്ധേയമാണ്. അതില്‍ ഒറ്റനിലയുടെ ഉയരത്തില്‍ ഗ്ലാസ് സ്ട്രിപ്പ് വിന്‍ഡോകളും അതിനു മുകളിലേക്ക് സ്റ്റോണ്‍ ക്ലാഡിങ്ങും നല്‍കിയിരിക്കുന്നു. വീടിന്റെ മുന്‍ഭാഗത്തുള്ള ഈ സംവിധാനം ഒരു പ്രധാന ഡിസൈന്‍ എലമെന്റായി എടുത്തു നില്‍ക്കുന്നുണ്ട്. വിന്‍ഡോകള്‍ക്ക് മരത്തിന്റെ ലൂവറുകള്‍ ഉള്ളതിനാല്‍ ജനാല വഴി വീടിനുള്ളില്‍ എപ്പോഴും വായുപ്രവാഹം ഉണ്ടാകും. ഉള്ളിലെ ചൂടു വായുവിനെ പുറന്തള്ളുവാനും ഉപകരിക്കും. വീടു പൂട്ടിപ്പോയാലും ഉള്ളിലെ താപനില ക്രമീകൃതമാകാന്‍ ഈ സംവിധാനം സഹായകരമാണ്. ചാരനിറത്തിലുള്ള സ്റ്റോണ്‍ ക്ലാഡിങ്ങ് വെള്ളനിറമുള്ള ഭിത്തിയുടെ തുടര്‍ച്ചയായ ഡിസൈനിന് ഇടയ്ക്ക് ഒരു ബ്രേക്ക് നല്‍കുന്നു.
എലിവേഷനില്‍ വിവിധയിടങ്ങളിലായി ക്ലാഡിങ്ങിന്റെ ഭംഗി വേറിട്ടറിയാനാവുന്നു. ഓരോ ലെയറിലും ഇത് തിരിച്ചറിയാം. പുറകിലേക്ക് പോകുംതോറും ഉയര്‍ന്നു വരുന്ന സ്ലോപ് റൂഫിന്റെ മുഖപ്പിലും തൂണിലും വരെ ക്ലാഡിങ്ങിന്റെ സാന്നിധ്യമുണ്ട്. മുകള്‍നിലയിലെ ഓപ്പണ്‍ സിറ്റൗട്ടിന്റെ റൂഫിലും, താഴെ കാര്‍പോര്‍ച്ചിന്റെ റൂഫിലും ടൈല്‍ ക്ലാഡിങ്ങിന്റെ നിറവിന്യാസത്തോടു ചേര്‍ന്നു പോകുന്ന തരത്തില്‍ ചെയ്തിട്ടുള്ള പര്‍ഗോള ഡിസൈനുകള്‍ എലിവേഷനിലെ എടുത്തു നില്‍ക്കുന്ന മറ്റ് ഡിസൈനിങ് ഘടകങ്ങള്‍ തന്നെ.
അലങ്കാര രഹിതം
കിഴക്കു-പടിഞ്ഞാറുദിക്കിലാണ് വീടിന്റെ സ്ഥാനം. താഴെ നിലയില്‍ ഡ്രോയിങ്, ഡൈനിങ്, 2 ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, കിച്ചന്‍. കിച്ചനോടനുബന്ധിച്ച് ഒരു പാഷ്യോയുമുണ്ട്. മുകള്‍നിലയില്‍ ഫോയര്‍, അപ്പര്‍ ലിവിങ്, ബാത്ത്‌റൂമോടുകൂടിയ 2 കിടപ്പുമുറികള്‍, ഓപ്പണ്‍ ടെറസ്, ബാല്‍ക്കണി ഇവയാണ് ഉള്ളത്. മൊത്തം 3000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയാണുള്ളത്.
അകത്തള സജ്ജീകരണങ്ങള്‍ക്ക് തെരഞ്ഞെടുത്തിരിക്കുന്ന മെറ്റീരിയലുകളുടെ പ്രത്യേകത കൊണ്ടും, ഡിസൈനിങ്ങിന്റെ തനിമ കൊണ്ടും ലഭിച്ച ഭംഗി മാത്രമാണ് ഇന്റീരിയറില്‍. കൂടാതെ ലൈറ്റിങ്ങിന്റെ ഭംഗി വേറെയും. എല്‍ഇഡി ലൈറ്റുകള്‍ക്ക് അകത്തും പുറത്തും പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നു. വാം കളര്‍ തീമിലുള്ള ഈ ലൈറ്റിങ് സംവിധാനത്തിന് വീടിന്റെ അഴകു വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ലൊരു പങ്കുണ്ട്. നാച്വറല്‍ ലൈറ്റും ഇലക്ട്രിക്കല്‍ ലൈറ്റും ചേര്‍ന്ന് വീടിനകത്തും പുറത്തും തീര്‍ക്കുന്ന മൂഡും ആംപിയന്‍സും ശ്രദ്ധേയമാണ്. ലൈറ്റ് കളര്‍ ടോണിലുള്ള മെറ്റീരിയലുകള്‍ കൂടിയാവുമ്പോള്‍ ലാളിത്യവും ഭംഗിയും ഇരട്ടിയാകുന്നു. സ്റ്റെയര്‍ കേസിന്റെ പടികള്‍ക്ക് സാന്‍ഡ്‌വിച്ച് ഗ്ലാസ്സാണ്. എം.എസ്. ഉപയോഗിച്ചാണ് സപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇളംനിറത്തിന്റെയും വാള്‍പേപ്പറിന്റെയും ഭംഗി കിടപ്പുമുറികളിലും വാഷ് ഏരിയയിലുമെല്ലാം ദൃശ്യമാവുന്നുണ്ട്.
ഒരു പാഷ്യോ കിച്ചന്‍
നേര്‍രേഖയിലും കുത്തനെയുമുള്ള പര്‍ഗോള ഡിസൈനുകള്‍ക്ക് ഉള്ളിലും പുറത്തും പ്രാധാന്യമുണ്ട്. തുറസ്സായ നയത്തിലുള്ള കിച്ചന്‍ കിഴക്കു ദിക്കിനഭിമുഖമാണ്. കാര്‍പോര്‍ച്ചിലേക്കും ഗേറ്റിലേക്കും നോട്ടമെത്തും വിധം പ്രത്യേകമൊരു ജനാലയും അടുക്കളയില്‍ ഉണ്ട്. അടുക്കളയുടെ ഏറ്റവും വലിയ ആകര്‍ഷണം തൊട്ടടുത്തുള്ള പാഷ്യോയാണ്. ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന ഈ പാഷ്യോ അടുക്കളയില്‍ മാത്രമല്ല അകത്തളങ്ങളില്‍ മൊത്തം ദൃശ്യവിരുന്ന് നല്‍കുന്നുണ്ട്. വീടിന്റെ പുറമെയുള്ള ലേയര്‍ ഡിസൈനിന്റെ പിന്‍തുടര്‍ച്ച അകത്തളങ്ങളിലും പിന്‍തുടര്‍ന്നിരിക്കുന്നു.
പ്ലോട്ട് എങ്ങനെ കിടക്കുന്നുവോ അതിനനുസരിച്ച് ഡിസൈന്‍ തീര്‍ത്തിരിക്കുന്ന; ഈ വീട് ഫ്‌ളാറ്റ്, സ്ലോപ്പിങ് റൂഫുകളുടെ ഗാംഭീര്യംകൊണ്ടും, ശൈലീമാറ്റത്തെ അതിജീവിക്കുന്ന ഡിസൈന്‍ കൊണ്ടും വച്ചുകെട്ടലുകളില്ലാത്ത വീട് എന്ന നിലയില്‍ ശ്രദ്ധേയമായിരിക്കുന്നു. ഒപ്പം ക്ലയന്റിന്റെയും ആര്‍ക്കിടെക്റ്റിന്റെയും സംതൃപ്തിയുടെ ഭാഗമാകാന്‍ കൂടി കഴിഞ്ഞിരിക്കുന്നു ഈ വീടിന്.

 

Leave a Reply

Your email address will not be published. Required fields are marked *