ലൈറ്റിങ് എന്ന വിഷ്വല്‍ ആര്‍ട്ട്

ഫോട്ടോ കടപ്പാട്: ഷിന്റോ വര്‍ഗീസ്‌

സ്‌പേസുകളുടെ സന്തുലനം – അത് ലൈറ്റിങ്ങിന്റെ
മികവില്‍ അധിഷ്ഠിതമായിരിക്കുന്നു

എത്ര ആകര്‍ഷകമായ നിര്‍മ്മിതിയാണെങ്കിലും വെളിച്ച വിന്യാസ അനുപാതം സമീകൃതമല്ലെങ്കില്‍ അതൊരു കല്ലുകടി തന്നെയാണ്. അതിനാല്‍ സ്വാഭാവിക വെളിച്ചത്തിനു വഴിയൊരുക്കുന്നതിനൊപ്പം കൃത്രിമ വെളിച്ചം കൂടി കുറ്റമറ്റതാക്കുമ്പോഴാണ് മികച്ച ഡിസൈന്‍ എന്ന വിശേഷണത്തിന് സ്‌പേസുകള്‍ അര്‍ഹമാകുന്നത്. എന്തിന് ഒരു നിര്‍മ്മിതിയുടെ യഥാര്‍ത്ഥ ആത്മാവും ഭാവവും വെളിച്ച വിന്യാസത്തെ ആശ്രയിച്ചാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി അല്ല. ലളിതമായി പറഞ്ഞാല്‍ സ്‌പേസുകളുടെ സന്തുലനം – അത് ലൈറ്റിങ്ങിന്റെ മികവില്‍ അധിഷ്ഠിതമായിരിക്കുന്നു. ഓരോ ഇടവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ മനോനിലയെ സ്വാധീനിക്കാന്‍ വെളിച്ച വിന്യാസങ്ങള്‍ക്ക് കഴിയുന്നു. വെളിച്ചമുള്ള സ്‌പേസ് മനസ്സിന് തെളിച്ചം നല്‍കുമ്പോള്‍ മങ്ങിയ ഇടം അറിയാതെ നമ്മെ വിഷാദത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍ ലൈറ്റിങ് ശരിയായാല്‍ വാസ്തുപരമായ ഒത്തിണക്കം പാതി ശരിയായെന്നും പറയാം. വീട് ഡിസൈനിങ്ങിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും തീം അല്ലെങ്കില്‍ ഫ്‌ളഷ് മൂഡ് എന്താവണമെന്ന് തീരുമാനിച്ച് അപ്പോള്‍ തന്നെ ലൈറ്റിങിനെ കുറിച്ചുള്ള രൂപകല്‍പ്പന കൂടി തയ്യാറാക്കിയാല്‍ മാത്രമേ ആശയക്കുഴപ്പമില്ലാത്ത മികച്ച ഡിസൈന്‍ സാധ്യമാകുകയുള്ളു. എന്തായാലും ലൈറ്റുകള്‍, ലാംപുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വെളിച്ചത്തിന്റെ ലോകം നമുക്കറിയുന്നതിനേക്കാളേറെ പരപ്പുള്ളതാണ്.

വെളിച്ചം മാത്രമല്ല ലൈറ്റിങ്

ആവശ്യത്തിന് കൃത്രിമ പ്രകാശം ഉറപ്പാക്കുക എന്ന ഒരു ധര്‍മ്മം മാത്രമല്ല ലൈറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിശ്ചിത ഇടത്തിന്റെ മനോഹാരിത, ആ സ്‌പേസുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ സ്വാസ്ഥ്യം, ജോലി ചെയ്യുമ്പോള്‍ ഉള്ള കാര്യക്ഷമത എന്നിവയെല്ലാം ലൈറ്റിങ്ങിനെ ആശ്രയിച്ചിരിക്കുന്നു. സ്‌പേസിന്റെ ഭംഗിയ്ക്ക് ഊന്നല്‍ നല്‍കി വെളിച്ച സംവിധാനം ഒരുക്കുമ്പോഴും ധര്‍മ്മപരമായ ആവശ്യങ്ങള്‍ക്ക് കൂടി അവ പര്യാപ്തമല്ലേ, എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഉദാഹരണം നോക്കാം. ആരോഗ്യകരവും സന്തുലിതവുമായ പ്രാതല്‍ ഒരുക്കണമെങ്കില്‍ അതുപോലെ സന്തുലിതാവസ്ഥയുള്ള ലൈറ്റിങ് വേണമെന്നു പറഞ്ഞാല്‍ അതൊരു വെറും പറച്ചില്‍ അല്ല. ഭക്ഷണം ഒരുക്കുകയെന്നത് ദിനാന്ത്യം നീളുന്ന ജോലിയായ നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. മിക്ക വീട്ടമ്മമാരും ഓരോ നേരത്തേയ്ക്കുമുള്ള ഭക്ഷണം ഒരുക്കാനും അനുബന്ധ ജോലികള്‍ക്കും കൂടുതല്‍ സമയം കിച്ചനില്‍ ചെലവിടുന്നു. മിക്കപ്പോഴും ഡൈനിങ് ഏരിയ ഉപയോഗിക്കാതെ അടുക്കളയില്‍ തന്നെയിരുന്നു ഭക്ഷണം കഴിക്കുന്നു. ഈ സാഹചര്യത്തില്‍ നിന്നു വേണം കിച്ചനിലെ ലൈറ്റിങിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തീരുമാനിക്കാന്‍. വീടിന്റെ വര്‍ക്ക് ഹൗസ് തന്നെയാണ് കിച്ചന്‍. പല ലൈറ്റുകളുടെ ഉചിതമായ മിശ്രണമാണ് ഇവിടെ വേണ്ടത്. അവിടെയാണ് ലെയര്‍ ലൈറ്റിങ്ങിന്റെ പ്രാധാന്യം.

ലൈറ്റുകളുടെ ശ്രേണി

ഒരു സ്‌പേസിന്റെ പൊതുവായ വെളിച്ചത്തിന്റെ ഉറവിടമാണ് ആംപിയന്റ് അഥവാ ജനറല്‍ ലൈറ്റ്. ലൈറ്റിങ്ങിന്റെ അടിസ്ഥാനവും ആദ്യ പടിയുമാണ് ഇത്തരം ലൈറ്റുകള്‍. രണ്ടാമതായി ഉള്‍പ്പെടുത്തേണ്ടത് ആക്‌സന്റ് ലൈറ്റാണ്. പ്രത്യേക ഏരിയയ്ക്ക് കൂടുതല്‍ ഫോക്കസു കിട്ടാന്‍ സീലിങ്ങിലോ ഭിത്തിയിലോ ഒരുക്കുന്ന ലൈറ്റാണിത്. വായന, എഴുത്ത്, പാചകം എന്നിങ്ങനെ കൂടുതല്‍ വെളിച്ചം ആവശ്യമുള്ള ഇടങ്ങളില്‍ ടാസ്‌ക് ലൈറ്റുകള്‍ നല്‍കാം. രാത്രി ജോലിക്കിടെ ഓഫീസ് ടേബിളില്‍ കാഴ്ച സുഗമമാക്കാനായി നമ്മള്‍ ഒരു ടേബിള്‍ ലാംപ് നല്‍കുകയാണെങ്കില്‍ പ്രസ്തുത ലാംപ് അവിടെയൊരു ടാസ്‌ക് ലൈറ്റിന്റെ ധര്‍മ്മമാണ് ചെയ്യുന്നത്. മറ്റിടങ്ങളിലേക്കാളേറെ ലെയര്‍ ലൈറ്റിങ്ങിന് പ്രാധാന്യമുള്ള ഇടമാണ് അടുക്കള. സീലിങ് ലൈറ്റുകള്‍, ഷാന്റിലിയറുകള്‍, പെന്‍ഡന്റ് ലൈറ്റുകള്‍, ഫഌഷ് മൗണ്ടുകള്‍ ഇവയെല്ലാം വെളിച്ചത്തിന്റെ തീവ്രത അനുസരിച്ച് ആംപിയന്റ് ലൈറ്റായി ഉപയോഗിക്കാം. ഭക്ഷണം ഉണ്ടാക്കുക, പാചക കുറിപ്പ് വായിക്കേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ ടാസ്‌ക് ലൈറ്റ് ഉപയോഗിക്കാം. ക്യാബിനറ്റുകളും ഇതു പോലുള്ള പോക്കറ്റ് ഏരിയകളും കൂടുതല്‍ വ്യക്തത വേണ്ട ഇടങ്ങളാണ്. ഈ സ്‌പേസുകള്‍ക്ക് പ്രത്യേക ഊന്നല്‍ ലഭിക്കാന്‍ സ്ട്രിപ്പ് ലൈറ്റ് ഉപേയോഗിക്കാം. ടാസ്‌ക്- ആക്‌സന്റ് ലൈറ്റുകളുടെ ധര്‍മ്മമാണ് ഈ സമയത്ത് സട്രിപ്പ് ലൈറ്റുകള്‍ ചെയ്യുന്നത്. അണ്ടര്‍ കൗണ്ടര്‍ ക്യാബിനറ്റുകളില്ലാത്ത ചെറിയ കിച്ചനാണെങ്കില്‍ സീലിങ്ങിന്റെ ഒത്ത മധ്യത്തിലായോ ഐലന്‍ഡ് കൗണ്ടറിനു മുകളിലെ സീലിങ്ങിലോ ഒരു ഫഌഷ് മൗണ്ട് ലൈറ്റ് നല്‍കിയാല്‍ അതു തന്നെ ആംപിയന്‍സ് ലൈറ്റിന് പര്യാപ്തമാണ്. എന്നാല്‍ ലെയര്‍ ലൈറ്റിങ് തന്നെയാണ് മറ്റ് സ്‌പേസുകളിലേതു പോലെ തന്നെ കിച്ചനിലും ഏറ്റവും ഉത്തമം.

തുടരും…
ഷാന്റിലിയര്‍ മുതല്‍
സ്‌പോട്ട് ലൈറ്റ് വരെ

നീളമുള്ള ട്യൂബ് ലൈററുകള്‍, ഓവല്‍ ആകൃതിയിലുള്ള ബള്‍ബുകള്‍ തുടങ്ങിയ പരിമിത ഡിസൈനിലുള്ള ലൈറ്റുകളുടെ കാലം പിന്നിട്ട് സീലിങ്ങിലും ഭിത്തിയിലും ആര്‍ട്ട് തന്നെ തീര്‍ക്കുന്ന വ്യത്യസ്ത ലൈറ്റുകളുടെ ലോകമാണിപ്പോള്‍ ഉള്ളത്.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*