
കൃത്യവും ഔചിത്യപൂര്‍ണ്ണവുമായ ലൈറ്റിങ് എന്നാല്‍ എന്താണ്, ഒരു വാസസ്ഥലത്തെ അതെങ്ങനെ മാറ്റിമറിക്കുന്നു, തുടങ്ങി കൃത്രിമ ലൈറ്റിങ്ങിനെ കുറിച്ചും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അതിന്റെ ബഹുവിധ സാധ്യതകളെ കുറിച്ചും 24 വര്‍ഷമായി ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, ലൈറ്റിങ് കണ്‍സള്‍ട്ടന്റ് രാകേഷ് രാമചന്ദ്രന് എഴുതുന്നു.

ഒരു സ്പേസ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഡിസൈന്‍ തീം നടപ്പാക്കുന്നതിന് ഒട്ടേറെ വഴികളുണ്ട്. ഇതിനിടയില്‍ പല വാസ്തുശില്‍പ്പികളും ഒപ്പം ക്ലയന്റുകളും പ്രഥമ പരിഗണന നല്കാത്തതോ അല്ലെങ്കില്‍ മാറ്റി വെയ്ക്കുന്നതോ ആണ് നിര്‍മ്മിതികള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ലൈറ്റിങ്ങിനുള്ള സ്ഥാനം. അകത്തള ഒരുക്കങ്ങളെ മുഴുവനായി സ്വാധീനിക്കാനും ചിലപ്പോള്‍ അടിമുടി മാറ്റി മറിക്കാനും ഔചിത്യ പൂര്‍ണ്ണമായ ലൈറ്റിങ്ങിലൂടെ സാധിക്കും. നിരര്‍ത്ഥകമായ ഒരു സ്പേസിനെ ജീവസുറ്റ ഇടമായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിയുന്ന ശക്തിയാണ് ലൈറ്റിങ്. ലൈറ്റിങ് സന്തുലിതമല്ലെങ്കില്‍ മോടി കൂടിയ ഫര്‍ണിഷിങ്ങും ആഡംബരം നിറഞ്ഞ ഫ്ളോറിങ്ങും പ്രൗഢമായ അകത്തളാലങ്കാരങ്ങളും നഷ്ടവും അപ്രസക്തവുമാകും. അതിനാല്‍ ശരിയായ വെളിച്ച സംവിധാനമെന്നത് ഡിസൈനിങ്ങിലെ പ്രാഥമിക തത്വങ്ങളിലൊന്നാണെന്നതില് സംശയമില്ല.
വിന്യസിക്കുന്ന ഇടത്തിന്റെ സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് നിര്‍വചിക്കാവുന്ന ഘടകമാണ് ലളിതമായി പറഞ്ഞാല്‍ ലൈറ്റിങ്. ഒരു സ്പേസ് – അത് വീടാകാം, ഓഫീസാകാം, കൊമേഴ്സ്യല്‍ കെട്ടിടങ്ങളാകാം, വിരുന്നുശാലകളാകാം. വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രസ്തുത സ്പേസ് ആവശ്യപ്പെടുന്ന മൂഡ് അല്ലെങ്കില്‍ മനോനില എന്താണോ അതിനനുസരിച്ച് ക്രമപ്പെടുത്തേണ്ട ഘടകമാണ് ലൈറ്റിങ്. ഒരു സ്റ്റേജ് സങ്കല്പ്പിക്കാം. ദിവസം തോറും നാടകങ്ങള്‍ മാറി മാറി അരങ്ങേറുന്ന വേദിയാണിത്. ഹാസ്യ നാടകങ്ങളും ആക്ഷേപഹാസ്യങ്ങളും ദുരന്ത നാടകങ്ങളും എല്ലാം കളിക്കുമെങ്കിലും സ്റ്റേജിന്റെ ഭാവം നാടകങ്ങള്ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരേ സ്ഥലം, ഒരോ വേദി എന്നാല്‍ ഓരോ സന്ദര്‍ഭവും ആവശ്യപ്പെടുന്നതിനുസരിച്ച് ലൈറ്റിങ് മാത്രം മാറുന്നു. സ്റ്റേജ് മാറ്റാനാകില്ല, സ്ഥലം മാറ്റാനാകില്ല. മാറുന്നത് ആ മൂഡ് മാത്രമായിരിക്കും. കലാസൃഷ്ടികളുടെ ആസ്വാദന കാര്യത്തില്‍ മാത്രമല്ല, ഏതു സാഹചര്യത്തിലും വെളിച്ച വിന്യാസമെന്നത് മനുഷ്യനെ ആഗാധമായി സ്വാധീനിക്കുന്നു. വീട്ടില്‍ ഒരു വിരുന്നു നടത്തുമ്പോള്‍ ഉള്ള അന്തരീക്ഷമല്ല, ഔദ്യോഗിക കൂടിച്ചേരല്‍ നടക്കുമ്പോള്‍ വേണ്ടത്. ഈ രണ്ടു സാഹചര്യങ്ങളിലും നമുക്ക് വീടിനെ മാറ്റാനാവില്ല, മാറ്റാനാവുന്നത് അവിടുത്തെ അന്തരീക്ഷമാണ്. ഇതിനുള്ള ഉത്തരമാണ് ലൈറ്റിങ്.

സ്വാഭാവിക വെളിച്ചവും കൃത്രിമ വെളിച്ചവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?
സ്വാഭാവിക വെളിച്ചത്തിന്റെ സ്പഷ്ടതയും ശോഭയും അതിന്റെ മൂര്‍ത്തീഭാവത്തില്‍ പകര്‍ത്താന്‍ ഏറെ പ്രയാസമാണ്. നമ്മള് എവിടെ ജീവിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും ഇത്. വ്യത്യസ്തമായ രാജ്യങ്ങളിലും കാലാവസ്ഥകളിലും സ്വാഭാവിക പ്രകാശമെന്നത് വ്യത്യസ്തമാണല്ലോ. അവിടേക്കാണ് എല്ലാ തീവ്രതയോടും കൂടി കൃത്രിമ വെളിച്ചം കടന്നു വന്നിരിക്കുന്നത്. സാങ്കേതിക രംഗത്തെ ക്രമാനുഗതമായ മുന്നേറ്റങ്ങളുടെ ഫലമായി നാച്വറല്‍ ലൈറ്റിന്റെ സ്വാഭാവികതയിലേക്ക് ഉയരാന്‍ നിലവില്‍ കൃത്രിമ ലൈറ്റുകള്‍ക്കും കഴിയുന്നുണ്ട്. എന്ത് തന്നെയായാലും നിര്‍മ്മാണ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിന്റെ പ്രത്യേകതകളും പങ്കുമെല്ലാം തികച്ചും വ്യത്യസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. പരമാവധി ഊര്‍ജ്ജ ക്ഷമതയെന്ന ആവശ്യത്തിലൂന്നിയാണ് നിര്‍മ്മാണ മേഖല ഇപ്പോള്‍ മുന്നേറുന്നത്. അതുകൊണ്ടു തന്നെ പകല്‍ സമയങ്ങളില്‍ സ്വാഭാവിക വെളിച്ചത്തെ പരമാവധി പ്രയോജനപ്പെടുത്താനായി കെട്ടിടങ്ങളില്‍ വലിയ ഗ്ലാസ് ഭിത്തികള്‍ പണിയുന്നത് സാധാരണമായിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ കൃത്രിമ വെളിച്ചത്തിന്റെ ഉപഭോഗം കുറയുന്നു.

ഒരു വീടിന്റെ ഇന്റീരിയറിലെ ലൈറ്റിങ് ക്രമം ഡിസൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഒരു മികച്ച ലൈറ്റിങ് രൂപകല്‍പ്പനയ്ക്ക് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിലവാരവും ഗുണവും ഉളള, ഊര്‍ജ്ജ സംരക്ഷത്തില് ഊന്നിയുള്ള ലൈറ്റിങ് എന്ന നിലയില്‍ എല്‍ ഇ ഡി കള്‍ ഒരു നല്ല തെരഞ്ഞെടുപ്പാണ്. വിലക്കുറവും ഇവയുടെ പ്രത്യേകതയാണ്. ഇന്റീരിയറിലെ ഫിനിഷുകള്‍, ഫര്‍ണിച്ചര്‍ ലേ ഔട്ട്, സൂക്ഷ്മമായ ഡീറ്റെയ്ലുകള്‍ എന്നിവയെ കുറിച്ചെല്ലാം ലൈറ്റിങ് ഡിസൈനര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ലൈറ്റിങ് ക്രമീകരിക്കുമ്പോള്‍ സ്പേസിന്റെ പരസ്പരമുള്ള ചേര്‍ച്ചയെയും മൊത്തത്തിലുള്ള ഒഴുക്കിനെയും അതെങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചും അവബോധമുണ്ടാകണം. മികച്ച രീതിയില്‍ വെളിച്ച വിന്യാസമുള്ള ഇടങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുമ്പോള്‍ അങ്ങനെയല്ലാത്ത ഇടം എന്നേക്കുമായി ഉപേക്ഷിക്കപ്പെടും. ലൈറ്റിങ്ങില്‍ ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യമാണ് കോണ്ട്രാസ്റ്റ്. വൈറ്റിനും ബ്ലാക്കിനും ഇടയിലുള്ള അനുപാതമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. തെളിഞ്ഞതും വെളിച്ചം കുറഞ്ഞതുമായ വൈരുദ്ധ്യ പ്രകാശം ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്പേസിന് യഥാര്‍ത്ഥ വ്യാപ്തി കൈവരൂ. ഏറ്റകുറച്ചിലില്ലാത്ത ഏകതാനമായ വെളിച്ചത്തില്‍ ഏരിയകളെല്ലാം കാണാമെങ്കിലും സ്പേസിന്റെ യഥാര്‍ത്ഥ ഗാംഭീര്യവും ഗാഢതയും അനുഭവഭേദ്യമാകില്ല. സ്പേസിനനുസരിച്ച് നല്ല എലമെന്റിനെ ഹൈലൈറ്റു ചെയ്യുന്നതും ശൂന്യമായ ഏരിയകളില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം ക്രമപ്പെടുത്തുന്നതുമാണ് കോണ്ട്രാസ്റ്റ് ലൈറ്റിങ്.

വ്യത്യസ്ത ഏരിയകള്‍ക്ക് പറ്റിയ ബഹുവിധത്തിലുള്ള ലൈറ്റിങ്ങുകള്‍ ഏതൊക്കെയാണ്?
ശരിയായ ലൈറ്റിങ് അല്ലെങ്കില്‍ നല്ല ലൈറ്റിങ് എന്നു പറഞ്ഞാല്‍ വിന്യസിക്കുന്ന ഇടത്തില്‍ മികച്ച അന്തരീക്ഷവും വര്‍ണ്ണ-ഭാവവും ഉളവാക്കുന്നതായിരിക്കണം. നിശ്ചിത സ്പേസ് എന്തിനു വേണ്ടിയുള്ളതാണെന്നും അവിടുത്തെ ധര്‍മ്മങ്ങള്‍ തടസമില്ലാതെ നടക്കുവാന്‍ പര്യാപ്തമാണോ ലൈറ്റിങ് എന്നുള്ളതുമാണ് പ്രധാനം. ഉദാഹരണത്തിന് ലോണ്ട്രി സ്പേസിലോ യൂട്ടിലിറ്റി ഏരിയയിലോ വെളിച്ചം പകരാന്‍ അടിസ്ഥാന ഗണത്തിലുള്ള ലീനിയര്‍ എല്‍ ഇ ഡി ലൈറ്റുകള്‍ മതിയാകും. എന്നാല്‍ സ്റ്റഡി ഏരിയ പോലെ കൂടുതല്‍ ഫോക്കസു വേണ്ട ഇടങ്ങളില്‍ ടാസ്ക് ലൈറ്റിങ് വേണം. ഇപ്പോള്‍ മിക്ക പൊതു ഇടങ്ങളും ഓപ്പണ്‍ പ്ലാന്‍ അനുസരിച്ചാണ് ഒരുക്കുന്നത്. ലിവിങ് – ഡൈനിങ് – കിച്ചന് എന്നിവയെല്ലാം അര്ദ്ധവിഭജനങ്ങളോടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുമ്പോള്‍ ലൈറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ലൈറ്റുകളുടെ ഒരു സമന്വയമാണ് ഇത്തരം ഏരിയകളില്‍ വേണ്ടത്. എല്‍ ഇ ഡി സ്പോട്ട് ലൈറ്റുകള്‍, ലോ ലെവല്‍ ഫ്ളോര്‍ വാഷ് ലൈറ്റുകള്‍, എല്‍ ഇ ഡി അണ്ടര്‍ കപ്പ് ബോര്‍ഡ് ടാസ്ക് ലൈറ്റ്, സ്പേസിന്റെ പൊതുവിലുള്ള അന്തരീക്ഷം നിര്‍ണയിക്കുന്ന മെയിന്‍ വോള്‍ട്ടേജ് ലാംപ് ലൈറ്റ് എന്നിങ്ങനെ ധര്‍മ്മത്തിനും അന്തരീക്ഷത്തിനും അനുസരിച്ച് ലൈറ്റുകളുടെ വ്യത്യസ്ത ശ്രേണി തന്നെ വേണം.

ടാസ്ക് ലൈറ്റിങ്, മൂഡ് ലൈറ്റിങ് എന്നിവയുടെ സന്തുലിതത്വത്തിന് ലൈറ്റിങ്ങില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?
അത്യാന്താപേക്ഷിതമാണത്. ടാസ്ക് ലൈറ്റിങ് എന്നത് കൃത്യത, വ്യക്തത എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. തീക്ഷ്ണതയ്ക്ക് പകരം നേര്‍ത്തതും മൃദുവുമായ വെളിച്ചമാണ് മൂഡ് ലൈറ്റ് പ്രദാനം ചെയ്യുന്നത്. ഈ രണ്ടു രീതിയിലുള്ള പ്രകാശവും ഒരു പോലെ പ്രസരിക്കുമ്പോള്‍ മാത്രമാണ് സ്പേസിലെ വെളിച്ചം സമീകൃതമാകുന്നത്.

വീടുകളുടെ ഇന്റീരിയറില്‍ ഉപയോഗിക്കുന്ന പ്രധാന ലൈറ്റുകള്‍ ഏതൊക്കെയാണ്. അവയുടെ വ്യത്യസ്തമായ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
മെയിന്‍ വോള്‍ട്ടേജ് – പൊതുവായ വെളിച്ചത്തിന്റെ ഉറവിടമെന്ന നിലയില്‍ കാലങ്ങളായി ഉപയോഗിക്കുന്നതും ഇപ്പോഴും അതേ പ്രാധാന്യത്തോടെ നിലനില്ക്കുകയും ചെയ്യുന്നതാണ് മെയിന്‍ വോള്‍ട്ടേജ് ലൈറ്റുകള്‍. വെളിച്ച വിന്യാസ അന്തരീക്ഷത്തോട് വൈകാരികമായി പ്രതികരിക്കുന്നവരാണ് മനുഷ്യര്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ സുഖകരവും അന്തരീക്ഷ സൗഹൃദവുമാണ് മെയിന്‍ വോള്‍ട്ടേജ് ലാംപുകള്‍.
രണ്ടാമത്തേതാണ് ലോ വോള്‍ട്ടേജ്-കഴിഞ്ഞ 20 വര്‍ഷമായി ഗാര്‍ഹിക ലൈറ്റിങ്ങിലെ പ്രധാന ഘടകമാണ് ലോ വോള്‍ട്ടേജ് സ്പോട്ട് ലൈറ്റുകള്‍. കൃത്യമായ വെളിച്ചം, നിറം, ഭാവം എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണെന്ന് മാത്രമല്ല ഒട്ടും തള്ളി നില്‍ക്കാതെ വളരെ ഒതുക്കത്തില്‍ ഫിറ്റു ചെയ്യാനും സാധിക്കുന്നു. പൊതുവായ വെളിച്ചത്തിനുള്ള ജനറല്‍ ലൈറ്റിങ് എന്ന രീതിയിലും, ഒരു ആര്‍ട്ട് വര്‍ക്കിനെയോ മറ്റേതെങ്കിലും ഇന്റീരിയര്‍ എലമെന്റുകളെയോ ഹൈലൈറ്റ് ചെയ്യണമെങ്കിലും ഈ ലൈറ്റുകള്‍ ഉപയോഗിക്കാം. ഒതുക്കത്തില്‍ സ്ഥാപിക്കാം എന്നതിലുപരി ഫിറ്റിങ്ങുകളും ലൈറ്റുകളും ചെറുതാണെന്ന ശ്രദ്ധേയ മാറ്റവും ഇവയുടെ കാര്യത്തിലുണ്ട്. സ്റ്റെപ്പ് വാഷര്‍, ഇന്‍ ഗ്രൗണ്ട് അപ്പര്‍ ലൈറ്റ് തുടങ്ങിയ ലോ വോള്‍ട്ടേജ് ലൈറ്റുകളെല്ലാം മുന്‍ഗാമികളെ അപേക്ഷിച്ച് ഏറെ ചെറുതാണ്.

എല്‍ ഇ ഡി – (ലൈറ്റ് എമിറ്റിങ് ഡൈയോഡ്) ലോ വോള്‍ട്ടേജ് ലൈറ്റുകള്ക്കൊരു പകരക്കാരന് – എല്‍ ഇ ഡിയെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. യഥാര്‍ത്ഥ കാഴ്ചയെ പ്രതിഫലിപ്പിക്കുന്ന കഴിവിന്റെ സൂചികയായ കളര്‍ റെന്‍ഡറിങ് ഇന്‍ഡക്സ് അനുസരിച്ച് എല്‍ ഇ ഡി വളരെ മുന്നേറിയിരിക്കുന്നു. മികച്ച ഊര്ജ്ജക്ഷമതയ്ക്കൊപ്പം ഒട്ടും ചൂട് പുറന്തള്ളുന്നില്ലെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.

ലൈറ്റിങ് സാങ്കേതിക രംഗത്തെ പ്രധാന മുന്നേറ്റങ്ങള്‍ എന്തൊക്കെയാണ്? പുതിയ ഊര്‍ജ്ജ സംരക്ഷണ നിയന്ത്രണങ്ങള്‍ വീടുകളിലെ ലൈറ്റിങ്ങിനെ എത്രത്തോളം ബാധിക്കും?
നല്ല ഗുണമേന്മയുള്ള എല്‍ ഇ ഡി ലൈറ്റുകള്‍ പരമ്പരാഗതമായ ലോ വോള്‍ട്ടേജ് സ്പോട്ട് ലൈറ്റുകളെക്കാള്‍ ചെലവേറിയതാണ്. എന്നാല്‍ പ്രത്യേക പരിപാലനമോ മറ്റു ശ്രദ്ധയോ ഇല്ലാതെ ഇവ ദീര്‍ഘനാള്‍ നിലനില്ക്കും. വ്യത്യസ്തത കുറവായതിനാല്‍ സ്പേസിന് അനുയോജ്യമായ മികച്ച ഡിസൈനിലുള്ള എല്‍ ഇ ഡികള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ലോ വോള്‍ട്ടേജ് – മെയിന്‍ വോള്‍ട്ടേജ് ലൈറ്റുകളുടെ സ്വഭാവത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ് യഥാര്‍ത്ഥത്തില്‍ എല്‍ ഇ ഡികള്‍. നേരിട്ടുള്ള വെളിച്ചമാണ് ( ഡയറക്ട് ലൈറ്റ്) ഇവ പ്രദാനം ചെയ്യുന്നത്. അതേസമയം മെയിന്‍ വോള്‍ട്ടേജ് ലൈറ്റിന്റെയോ ലോ വോള്‍ട്ടേജ് ലൈറ്റിന്റെയോ ആംപിയന്‍സ് ഗുണം കുറവുമാണ്. അതിനാല്‍ എല്‍ ഇ ഡികള്‍ ഉപയോഗിക്കുമ്പോള്‍ ലൈറ്റിങ് ഡിസൈനില്‍ കൂടുതല്‍ ശ്രദ്ധിച്ച് ഈ പോരായ്മ പരിഹരിക്കേണ്ടി വരും.
പൊതുവിലുള്ള ഇന്റീരിയര്‍ തീമില്‍ ലൈറ്റിങ്ങിന്റെ സ്ഥാനത്തിന് (പൊസിഷന്‍) എത്രത്തോളം പ്രാധാന്യമുണ്ട്?
ഉചിതമായ സ്ഥലത്ത് ശരിയായ ലൈറ്റിങ് എന്നതാണ് മികച്ച ലൈറ്റ് ഡിസൈനിങ്ങിനെ സംബന്ധിക്കുന്ന സുവര്‍ണ തത്വം. എല്ലാ ഫിറ്റിങ്ങുകള്‍ക്കും ഒരു നിശ്ചിത ടാസ്ക് ഉണ്ടായിരിക്കുകയെന്നതാണ് ഇവിടെ പിന്തുടരേണ്ട അലിഖിത നിയമം. ഒരു ലൈറ്റിന് ടാസ്ക് നിര്ണ്ണയിക്കാനാവുന്നില്ലെങ്കില് നിസ്സംശയം അത് നീക്കം ചെയ്യുക. ഒഴിഞ്ഞു കിടക്കുന്ന സ്പേസുകളില്‍ പ്രത്യേക ലക്ഷ്യമില്ലാതെ ലൈറ്റുകള്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമരഹിതമായ വെളിച്ചം നിറഞ്ഞ് അസന്തുലിതമായ ഒരിടമായി സ്പേസുകള്‍ മാറും.

ലെയര്‍ ലൈറ്റിങ് എന്നാല്‍ എന്താണ്?
മുറികള്‍ ത്രിമാനങ്ങളാണ്. അതിനനുസരിച്ചാകണം ലൈറ്റിങ്ങും. സീലിങ്ങില്‍ ആഴ്ന്നിരിക്കുന്ന രീതിയിലും ഭിത്തിയില്‍ ഉയര്‍ന്നിരിക്കുന്ന നിലയിലും ചിലപ്പോള്‍ ഫ്ളോറിലും താഴ്ന്ന ഭാഗത്തെ സ്റ്റോറേജ് ഏരിയകളിലും പോയിന്റുകളായും നമ്മുക്ക് വെളിച്ചത്തിന്റെ സ്ഥാനങ്ങള്‍ വിന്യസിക്കാം. സ്പേസിന്റെ ധര്‍മ്മം അനുസരിച്ച് ഈ ഏരിയകളില്ലെല്ലാം ഒരു പോലെ ലൈറ്റിങ് സ്പോട്ടുകള്‍ നല്കി വെളിച്ചത്തിന്റെ തീം ഏകീകൃതമാക്കുന്നതാണ് ലെയര്‍ ലൈറ്റിങ്. സീലിങ്ങിലും ഭിത്തിയിലും ഫ്ളോറിങ്ങിലും സ്റ്റെയര്‍ ഏരിയയിലുമെല്ലാം ലൈറ്റിങ് നല്‍കേണ്ട സ്ഥാനങ്ങള്‍ വീടിന്റെ ഇന്റീരിയര്‍ പ്ലാനിങ്ങ് ഘട്ടത്തില്‍ തന്നെ നിശ്ചയിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ സമീകൃതമായ ലൈറ്റിങ് സാധ്യമാകുകയുള്ളു.

മികച്ച ലൈറ്റിങ് ഒരുക്കാനുള്ള എന്തൊക്കെ കാര്യങ്ങളാണ് താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?
വീടോ മറ്റ് നിര്‍മ്മിതികളോ ഒരുക്കുന്ന സമയത്ത് ആര്ക്കിടെക്ക്റ്റിനോ ഇന്റീരിയര്‍ ഡിസൈനര്ക്കോ പുറമേ സാധ്യമെങ്കില്‍ ഒരു ലൈറ്റിങ് ഡിസൈനറെ കൂടി സമീപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലൈറ്റിങ് മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായി. ലൈറ്റിങ്ങിന്റെ വ്യാപ്തിയെയും ശേഷിയെയും കുറിച്ചുള്ള യഥാര്‍ത്ഥ അറിവോടെയല്ല, ലൈറ്റിങ് നടപ്പാക്കുന്നതെങ്കില്‍ അത് ഭാവിയില്‍ വലിയ നഷ്ടമാണുണ്ടാക്കുക. ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ ഈ രംഗത്തെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ക്ക് കഴിയുന്നു. ലളിതമായ ലൈറ്റിങ് സ്കീമുകള്‍ ചെയ്യുമ്പോഴും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്ന ഡിമ്മറുകള് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ബഡ്ജറ്റനുസരിച്ചുള്ള മികച്ച ഗുണമേന്മയുള്ള ലൈറ്റുകള്‍ വാങ്ങുക. അത് നിങ്ങള്‍ താമസിക്കുന്നിടത്ത് തീര്‍ച്ചയായും പുതിയൊരു തെളിച്ചം കൊണ്ടുവരും. വീടിന്റെ ഘടന പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈറ്റിങ്ങും. അത് കൈവിട്ടു പോയാല്‍ എത്ര പണം ചെലവാക്കി ഒരുക്കിയ ഇന്റീരിയര്‍ അലങ്കാരങ്ങളും പാഴാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലേഖകന്‍: രാകേഷ് രാമചന്ദ്രന്,
Be the first to comment