ആമ്പല്‍പ്പൂ പോലെ നൈര്‍മല്യത്തോടെയും ലാളിത്യത്തോടെയും വിടര്‍ന്നു നില്‍ക്കണം തന്റെ വീടെന്ന് ആര്‍ക്കിടെക്റ്റ് നിഷാനും ഭാര്യ ലിലിയയും ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ തെറ്റു പറയാനില്ല. അഴകുള്ള ആമ്പല്‍പ്പൂക്കള്‍ ആരുടെയും നയനങ്ങളെ ഒന്ന് മാടി വിളിക്കും. തന്റെ വീടിനും അത്തരമൊരു ആകര്‍ഷണം വേണമെന്ന നിര്‍ബന്ധമാണ് ‘ലിലി’ എന്ന സ്വപ്ന ഭവനത്തിന് അടിത്തറയാകുന്നത്. തന്റെ ഭാര്യയുടെ പേരായ ലിലിയയില്‍ നിന്നും കടമെടുത്ത ‘ലിലി’ക്ക് ആമ്പലിനേക്കാള്‍ സൗന്ദര്യമുണ്ട്. ആമ്പലിന്റെ ഭംഗി മാത്രമല്ല മറിച്ച് അതിന്റെ എല്ലാ പ്രത്യേകതകളും വെളിവാകുന്ന രീതിയിലാണ് ഈ വീടും പണിതുയരാന്‍ പോകുന്നത്. പാടത്തിനു നടുക്ക് ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു പോലെ കോണ്‍ക്രീറ്റ് പില്ലറുകള്‍ നല്‍കിയാണ് ഈ വീട് പണിയുക. ഡിഇഎര്‍ത്ത് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റായ നിഷാനൊപ്പം പാര്‍ട്ണറായ ആര്‍ക്കിടെക്റ്റ് വിവേകുമുണ്ട് ഈ സ്വപ്നസാക്ഷാത്ക്കാരത്തിനു ചുക്കാന്‍ പിടിക്കാന്‍.

വീടു വയ്ക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം വെള്ളക്കെട്ടിനു നടുവിലാണെന്നത് യാദൃച്ഛികതയല്ല; നിഷാന്‍ ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയതാണീ പ്ലോട്ട്. നാലു സെന്റ് പ്ലോട്ടില്‍ ഒരു സെന്റ് സ്ഥലത്ത് 1200 സ്‌ക്വയര്‍ ഫീറ്റില്‍ വീടുപണിതുകൊണ്ട് സ്ഥലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിന്റെ തെളിവാണ് ഈ പ്രോജക്റ്റ്. മൂന്നംഗ കുടുംബത്തിന് അവരുടെ ജീവിത സാഹചര്യങ്ങളോട് ഇണങ്ങുന്ന രീതിയിലാണ് വീടിനെ ഒരുക്കിയെടുക്കുന്നത്. വീട്ടുകാര്‍ തമ്മിലുള്ള ബന്ധത്തിന് ദൃഢത കൈവരിക്കുവാനും ഇതുമൂലം സാധ്യമാകുന്നു. വ്യത്യസ്ത തട്ടുകളിലായി പണിയാന്‍ ഉദ്ദേശിക്കുന്ന ഈ വീട് ഒരു സ്റ്റുഡിയോ ഏരിയയുടെ മാതൃകയിലാണ് ഒരുക്കുന്ന ത്. ഇവിടം സ്വകാര്യത പ്രദാനം ചെയ്യുന്നതോടൊപ്പം ഉദ്യോഗസ്ഥ ദമ്പതിക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കുപകരിക്കാവുന്ന രീതിയാണ് അവലംബിക്കുന്നത്. പരമാവധി ചുവരുകള്‍ കുറച്ച് തുറസ്സായ സ്ഥലങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള നിര്‍മ്മാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പാടവരമ്പത്ത്

ചെറിയ പ്ലോട്ടില്‍ ലളിതമായ രീതിയില്‍ വീട് ഡിസൈന്‍ ചെയ്യുകയെന്നതായിരുന്നു ആര്‍ക്കിടെക്റ്റുകള്‍ നേരിട്ട വെല്ലുവിളി. കൃഷിയില്ലാത്ത വെള്ളം നിറഞ്ഞ കൃഷിയിടമാണ് പ്ലോട്ടിനു രണ്ടു വശത്തുമുള്ളത്. മറ്റ് വശങ്ങളില്‍ വ്യവസായിക കെട്ടിടങ്ങളും. അവയുടെ കാഴ്ച്ചയ്ക്ക് അതിരിടേണ്ടതിനാല്‍ അത്തരത്തിലുള്ള ഡിസൈന്‍ നയമാണ് അവലംബിച്ചത്. താഴെയുള്ള നില പരമാവധി തുറസ്സായിരിക്കണമെന്നതിനാല്‍ വീടിന്റെ ഏരിയ കുറച്ച് മൂന്നു നിലകളിലായി വീടു പണിയാനുദ്ദേശിക്കുന്നു. ഇത് കൃഷിയിടങ്ങളിലെ കാഴ്ച്ചകള്‍ക്ക് സാഹചര്യമൊരുക്കും. ഓരോ നിലയിലും ഒരുക്കുന്ന ടെറസ് ഗാര്‍ഡന്‍ മണ്ണിനെയും പ്രകൃതിയെയും അടുത്തുനിര്‍ത്തുന്നതു കൂടാതെ വീടിനെ ശ്വസനയോഗ്യമാക്കുവാനും സഹായിക്കും. വീടിനോടു ചേര്‍ന്നുള്ള ചതുപ്പ് പ്രയോജനപ്പെടുത്തി ഒരുക്കുന്ന ഫിഷ് പോണ്ട് മുതല്‍ ടെറസ് ഗാര്‍ഡന്‍ വരെ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കുന്നതാണ്. സസ്റ്റയനബിലിറ്റി കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇത്തരത്തിലൊരു ഡിസൈന്‍ ഒരുക്കിയതും ടെറസ് ഗാര്‍ഡനും മത്സ്യകൃഷിക്കു വേണ്ടി ഇടം കണ്ടെത്തിയതും.

വയല്‍പ്പൂ പോലെ ലിലി

മുമ്പില്‍ 5 മീറ്റര്‍ വീതിയുള്ള മുറ്റം ഫലവൃക്ഷങ്ങള്‍ക്കും രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനും വേണ്ടിയുള്ളതാണ്. പ്ലോട്ടിനു ചുറ്റും വെള്ളം നിറഞ്ഞുനില്‍ക്കുന്നതിനാലാണ് വീടിനു മുന്‍പില്‍ ഫിഷ്‌പോണ്ട് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടാക്കിയത്. രണ്ടു കിടപ്പുമുറികളും ഒരു സ്റ്റുഡിയോയും അനിവാര്യമായതിനാല്‍ മൂന്ന് നിലകളിലായി വിന്യസിച്ച് വീടിന്റെ ഏരിയ കുറയ്ക്കുന്ന മാതൃകയിലാണ് ഡിസൈന്‍. അകത്തളങ്ങളില്‍ കൂടുതല്‍ വ്യാപ്തി നല്‍കുവാനായി ചുവരുകള്‍ കുറച്ച് ലിവിങ്ങും ഡൈനിങ്ങും കിച്ചനുമെല്ലാം ഓപ്പണ്‍ നയത്തിലാണ് ക്രമീകരിക്കുന്നത്. വീടു പണിയുവാനായി ഭാരം കുറഞ്ഞ ഹോളോ ബ്രിക്കും മൂന്നാം നിലയില്‍ പ്രീഫാബ്രിക്കേറ്റ് ചെയ്തതെങ്ങുതടി കൊണ്ടുള്ള നിര്‍മ്മാണവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റീല്‍ റൂഫ് നല്‍കി മാംഗ്ലൂര്‍ ടൈലുകളും വിരിക്കും. ഹോളോ ബ്രിക്കുകള്‍ കൊണ്ടുള്ള നിര്‍മ്മാണം ഉള്‍വശങ്ങളില്‍ ഊഷ്മളത പ്രദാനം ചെയ്യും. മുകളില്‍ നല്‍കുന്ന ഓപ്പണിങ്ങുകള്‍ സായാഹ്നങ്ങളിലെ ചൂടുവായുവിനെ പുറന്തള്ളുവാന്‍ സഹായിക്കും. രണ്ട് കിടപ്പുമുറികള്‍ക്ക് മുകളിലായി നല്‍കുന്ന ടെറസ് ഗാര്‍ഡന്‍ കൊടുംചൂടില്‍ നിന്ന് വീടിനെ അകറ്റി നിര്‍ത്താനുദ്ദേശിച്ചാണ്. മാംഗ്ലൂര്‍ ടൈല്‍ റൂഫിങ് ചെയ്ത മൂന്നാം നിലയിലെ സ്റ്റുഡിയോയില്‍ ക്ലേ ടൈലുകള്‍ കൊണ്ട് സീലിങ് ചെയ്യുന്നതിനാല്‍ ചൂടിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെ അകറ്റിനിര്‍ത്തുവാന്‍ സഹായിക്കുന്നതായിരിക്കും. ടെറസ് ഗാര്‍ഡനിലേക്കു തുറക്കുന്ന ഇവിടുത്തെ ഓരോ മുറിയും പ്രകൃതിയെ ചേര്‍ത്തു പിടിക്കുന്നതായിരിക്കും.
ചുറ്റിനുമുള്ള ഗ്രാമീണ സൗന്ദര്യത്തെ ഒട്ടുമേ പാഴാക്കാതെ വാസ്തുകലയെ അതിനോട് സമന്വയിപ്പിച്ചാണ് വീടൊരുക്കുന്നത്. അതിനാല്‍ തന്നെ ‘ലിലി’ എന്ന് പേരിടാനൊരുങ്ങുന്ന വീടൊരു ആമ്പലിന്റെ പ്രതീതി ജനിപ്പിക്കുമെന്നതില്‍ തെല്ലും സംശയമില്ല. വീട്ടുകാര്‍ക്ക് മാത്രമല്ല, കാഴ്ച്ചക്കാര്‍ക്കും വീടൊരു നയനസുഭഗമായ ദൃശ്യവിരുന്നായിരിക്കും.

Comments are closed.