September 14th, 2015
വാക്കുകള്‍ക്കുമപ്പുറം

 

സുന്ദരമെന്ന പദത്തിന്റെ അനവധി വിശേഷണങ്ങളാല്‍ മൈലാഞ്ചിയിട്ട ഈ മൊഞ്ചത്തി വീടിന്റെ അകത്തളം ഒരുക്കിയത് ആര്‍ക്കിടെക്റ്റ് ഷബ്താബ് മൈലാഞ്ചിയാണ്. ഷബ്താബിന്റെ ആദ്യപ്രോജക്റ്റാണിതെന്ന് ആരും പറയില്ല. കാരണം തഴക്കം വന്ന ഒരു ഡിസൈനറുടേതു പോലുള്ള മികവ് പ്രോജക്റ്റിലുടനീളം കാണാനാവും.
”ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പൂര്‍ത്തിയായ ഉടനെയാണ് പ്രോജക്റ്റ് ലഭിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ മെറ്റീരിയലുകളെ കുറിച്ചും അവയുടെ കാര്യക്ഷമമായ ഉപയോഗത്തെപ്പറ്റിയുമൊക്കെ ഞാന്‍ ശരിക്കും മനസിലാക്കിയത് ഈ പ്രോജക്റ്റ് വഴിയാണ്. എന്റെ അങ്കിളായ അബുലൈസായിരുന്നു പ്രോജക്റ്റിന്റെ കോണ്‍ട്രാക്ടര്‍. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ഒപ്പമുണ്ടായിരുന്നതു കൊണ്ടു തന്നെ ഞാന്‍ മനസ്സില്‍ കണ്ട ഡിസൈന്‍ പ്രകാരമുള്ള മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കാന്‍ എളുപ്പമായിരുന്നു” ആര്‍ക്കിടെക്റ്റ് ഷബ്താബ് പറയുന്നു.
കോഴിക്കോട് മാങ്കാവിലുള്ള ഒരു വില്ലാ സമുച്ചയത്തിലെ ഈ വില്ല ഡോക്ടര്‍ സാദിഖ്-ഡോക്ടര്‍ അസൂറിയ ദമ്പതിയുടേതാണ്. വില്ലാ പ്രോജക്റ്റിന്റെ ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് നിര്‍വ്വഹിച്ചത് ആര്‍ക്കിടെക്റ്റ് എ.കെ. പ്രശാന്തായിരുന്നു. വില്ലയുടെ പണി അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഷബ്താബ് ഇന്റീരിയര്‍ ഡിസൈനിങ്ങിനായി പ്രോജക്റ്റ് ഏറ്റെടുത്തത്.
”സ്ട്രക്ചറല്‍ പണി പൂര്‍ത്തിയാവുന്നതിനു മുമ്പ് പ്രോജക്റ്റില്‍ സഹകരിക്കാനായത് കാര്യങ്ങള്‍ സുഗമമാക്കി. ഇലക്ട്രിക്കല്‍, പ്ലംബിങ് വര്‍ക്കുകളും ലിവിങ് റൂമിലെ മുഴുനീളന്‍ ഗ്ലാസ് ഡോറുമൊക്കെ ഡിസൈനിനനുസൃതമായി സജ്ജീകരിക്കാന്‍ എളുപ്പമായത് അതുകൊണ്ടാണ്” ആര്‍ക്കിടെക്റ്റ് ഷബ്താബ് പറയുന്നു
മിനിമല്‍ പക്ഷേ,
ലക്ഷ്വറി
അകത്തിരുന്നും പച്ചപ്പിന്റെ ഊഷ്മളത ആസ്വദിക്കാനാവും വിധമാണ് ലിവിങ് റൂമിന്റെ ഡിസൈന്‍. വലിയ ഗ്ലാസ് ഡോറുകള്‍ തുറന്നിട്ടില്ലെങ്കില്‍ കൂടി പുറത്തെ പുല്‍ത്തകിടി വീട്ടിനുള്ളിലേക്ക് പടര്‍ന്നു പരക്കുന്നതായി തോന്നും. ബ്രൗണ്‍, ക്രീം കളര്‍ തീമാണിവിടെ പിന്‍തുടര്‍ന്നിരിക്കുന്നത്. വുഡ് വര്‍ക്കുകളും, കാര്‍പ്പെറ്റും ‘എല്‍’ ഷേപ്പിലുള്ള സോഫാസെറ്റിന്റെ പുറകു വശത്തായി ഭിത്തിയിലൊട്ടിച്ചിരിക്കുന്ന വാള്‍പേപ്പറുമെല്ലാം മിനിമല്‍ ആണെങ്കിലും മുറിക്ക് ലക്ഷ്വറി ഫീല്‍ നല്‍കുന്നുണ്ട്.
മാജിക് ടച്ച്
”ലിവിങ്ങിനേയും ഡൈനിങ്ങിനേയും തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു സ്റ്റെയര്‍കേസാണ്. ഈ സ്റ്റെയര്‍കേസും വാഷ്‌ബേസിനും പ്രധാന വാതില്‍ തുറക്കുമ്പോള്‍ തന്നെ കണ്ണിലുടക്കുന്ന സ്ഥലത്താണ്. അതിനാല്‍ ഇവയെ എങ്ങിനെ ഡിസൈന്‍ എലമെന്റുകളാക്കി മാറ്റാമെന്നായിരുന്നു ആദ്യ ചിന്ത. സ്റ്റെയറിനടിയിലുള്ള സ്ഥലത്ത് നിഷുകള്‍ കൊടുത്ത് അവിടെ ഭംഗിയുള്ള പോഴ്‌സലിന്‍ പാത്രങ്ങള്‍ നിരത്തി അവയെ ഹൈലൈറ്റ് ചെയ്യും വിധം സ്‌പോട്ട് ലൈറ്റുകള്‍ കൊടുത്തു. സ്റ്റെയറിന്റെ മറുവശം (ഡൈനിങ്ങിനഭിമുഖമായി വരുന്ന വശം) സ്റ്റോറേജ് യൂണിറ്റാക്കി” ഷബ്താബ് പറയുന്നു.
ഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങും, മുകളിലെ ബോര്‍ഡ് ഉപയോഗിച്ചുള്ള ഗ്രില്‍ ഡിസൈനും, ഫ്‌ളോറില്‍ പെബിളുകള്‍ നിരത്തിയിരിക്കുന്നതും ലൈറ്റ് ഇഫക്റ്റും എല്ലാം വാഷ് ഏരിയയ്ക്ക് ഭംഗി നല്‍കുന്നുണ്ട്. ഇതിനോടു ചേര്‍ന്നു കിടക്കുന്ന ഡൈനിങ് ഏരിയയില്‍ ആറു പേര്‍ക്ക് ചുറ്റിനും ഇരിക്കാവുന്ന ടേബിളും കസേരകളും സജ്ജീകരിച്ചിരിക്കുന്നു.
തീം മയം
”ഫര്‍ണിച്ചറിനെല്ലാം പ്ലൈവുഡാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഡ്‌റൂമിലെ കട്ടിലുകളും മുറിയുടെ തീമിനനുസരിച്ച് പെയിന്റടിക്കുകയായിരുന്നു. ഗസ്റ്റ് ബെഡ്‌റൂമില്‍ മാത്രം അലങ്കാരങ്ങള്‍ വെനീര്‍ കൊണ്ടു പൊതിഞ്ഞു. ഡൈനിങ്ങിലെ സീലിങ്ങും പാനലിങ് ഡിസൈനും ഇപ്രകാരം പ്ലൈവുഡും വെനീറും കൊണ്ടുള്ളതാണ്” ഷബ്താബ് വ്യക്തമാക്കുന്നു.
ബെഡ്‌റൂമുകള്‍ ഓരോരോ കളര്‍ തീമിലാണ്. താഴെ ഒരു ഗസ്റ്റ് ബെഡ്‌റും മാത്രമാണുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം, മകന്റെ ബെഡ്‌റൂം, മകളുടെ ബെഡ്‌റൂം എന്നിവ മുകള്‍നിലയിലാണ്. മുകള്‍നിലയിലെ എല്ലാ മുറികള്‍ക്കും ഫാള്‍സ് സീലിങ് കൊടുത്ത് കോവ്‌ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളും നല്‍കിയിരിക്കുന്നത് മൂലം മുറികളില്‍ രാത്രികാലങ്ങളില്‍ ഒരു ‘വാം ഫീല്‍’ ലഭിക്കുന്നുണ്ട്.
വൈബ്രന്റ് ഇന്റീരിയര്‍
ഭിത്തിയിലെ പച്ച ടെക്‌സ്ച്ചര്‍ പെയിന്റും കട്ടിലുകള്‍ക്കും വാഡ്രോബിനും ഉപയോഗിച്ചിരിക്കുന്ന വാള്‍നട്ട് ഷേഡിലുള്ള ലാമിനേറ്റും, ഗസ്റ്റ് ബെഡ്‌റൂമിനെ വേറിട്ടതാക്കുന്നു. ലിവിങ് റൂമിലെ വുഡന്‍ ഷേയ്ഡിലുള്ള ടൈല്‍ തന്നെ മാസ്റ്റര്‍ ബെഡ്‌റൂമിലും വിരിച്ചു. ഫ്രെയിം കണക്കെയുള്ള ഹെഡ്‌ബോര്‍ഡ് ഡിസൈനിലെ സ്‌പോട്ട് ലൈറ്റുകള്‍ ഭിത്തിയിലെ വാള്‍ പേപ്പറിന് തിളക്കം നല്‍കുവാന്‍ സഹായകരമാവുന്നു. സ്ലൈഡിങ് ഡോറോടു കൂടിയ വാക്ക് ഇന്‍ വാഡ്രോബും മാസ്റ്റര്‍ ബെഡ്‌റൂമിലുണ്ട്. ”കുട്ടികളുടെ ബെഡ്‌റൂമുകളില്‍ സൈക്കോളജിക്കലായി നിറങ്ങള്‍ തെരഞ്ഞെടുക്കുവാനാണ് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മുറി പിങ്കും വൈറ്റും കളര്‍തീമിലൊരുക്കി. മകന്റെ മുറിയിലാകട്ടെ ഓറഞ്ച് നിറത്തിന് പ്രാമുഖ്യം നല്‍കി. ഇത് മുറികളെ കൂടുതല്‍ വൈബ്രന്റും കുട്ടികളെ എനര്‍ജറ്റിക്കുമാക്കുന്നു” ആര്‍ക്കിടെക്റ്റ് ഷബ്താബ് അഭിപ്രായപ്പെടുന്നു.
ഫസ്റ്റ് ഫ്‌ളോറിലെ ഫാമിലി ലിവിങ് ഒരു ഹോം തീയറ്ററിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒന്നാണ്. റീക്ലൈനിങ് സോഫാകളും, സറൗണ്ട് സ്പീക്കറും, വുഡന്‍ പാനലിങ് ചെയ്ത ടിവി യൂണിറ്റിലുറപ്പിച്ച വൈഡ് സ്‌ക്രീന്‍ ടിവി യുമെല്ലാം ഈ ഏരിയയെ ശരിയായ എന്റര്‍ടെയ്ന്‍മെന്റ് ഏരിയയാക്കി മാറ്റുന്നു. പ്ലൈവുഡും വെനീറും കൊണ്ടൊരുക്കിയ ടിവി പാനലിങ്ങിലെ വേവ് ബോര്‍ഡ് ഡിസൈന്‍ അത്യാകര്‍ഷകമാണ്. അതിലുറപ്പിച്ചിരിക്കുന്ന സ്‌പോട്ട് ലൈറ്റുകള്‍ ഡിസൈനുകള്‍ എടുത്തു കാണിക്കുവാന്‍ ഉപകരിക്കുന്നുണ്ട്. ഫാള്‍സ് സീലിങ് ഇവിടുത്തെ സ്ലോപ് റൂഫിങ്ങിനെ മറച്ചു പിടിക്കുന്നതിന് സഹായകരമാവുന്നു. റേലിങ് ഡിസൈന്റെ ഭാഗമായി സീലിങ്ങില്‍ വെര്‍ട്ടിക്കല്‍ പര്‍ഗോളകള്‍ കൊടുത്തിട്ടുണ്ട്.
എലഗന്റ് കിച്ചന്‍
ആധുനിക സൗകര്യങ്ങളോടു കൂടിയ കിച്ചന്റെ ഡിസൈനിനെ ഒറ്റവാക്കിലിങ്ങനെ വിശേപ്പിക്കാം ‘എലഗന്റ്’. കൗണ്ടര്‍ ടോപ്പിനായി ഉപയോഗിച്ചിരിക്കുന്ന നാനോ വൈറ്റും, വെള്ളപര്‍പ്പിള്‍ നിറങ്ങള്‍ പൂശിയ കബോഡുകളും, മോഡേണ്‍ കുക്കിങ് റേഞ്ചുമെല്ലാം ഈ പേരിനെ അന്വര്‍ത്ഥമാക്കുന്നു. നാലുപേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ സജീകരിച്ചിട്ടുണ്ട്.
വീട്ടിലെ അന്തേവാസികളുടെ മാനസികതലത്തെ സ്വാധീനിക്കാന്‍ കഴിയുന്നതാണ് അകത്തളത്തിന്റെ അലങ്കാരങ്ങള്‍. മനഃസംതൃപ്തി നല്‍കാനാകുന്ന ഒരു ഇന്റീരിയര്‍ എല്ലാ അര്‍ത്ഥത്തിലും ക്ലയന്റിനു സമ്പുഷ്ടതയോടെ പകര്‍ന്നു നല്‍കാനായി എന്നതാണ് പ്രോജക്റ്റിന്റെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *