പുതിയ വീടിന്റെ ഇന്റീരിയര്‍ ഫിനിഷ് ചെയ്യുവാന്‍ എന്തു തീമാണ് നല്‍കുക? ഭിത്തിയ്ക്കും ഫ്‌ളോറിങ്ങിനും സീലിങ്ങിലും ഫര്‍ണിച്ചറിനും വാര്‍ഡ്രോബ് ഷട്ടറുകള്‍ക്കും ക്യാബിനെറ്റുകള്‍ക്കുമെല്ലാം നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്റ്റൈലിന് ചേരുന്ന ഫിനിഷ് ആണ് നല്‍കേണ്ടത്. അതേ സമയം ആക്‌സസറീസിന്റെ ടെക്‌സ്ചര്‍, സോഫ്റ്റ് ഫര്‍ണിഷിങ്, അപ്‌ഹോള്‍സ്റ്ററി തുടങ്ങിയവ വീടിന്റെ തീം പ്രതിഫലിപ്പിക്കാനും ഇന്റീരിയറിനെ മോടി പിടിപ്പിക്കാനും പോന്നവയാണ്. വീടിന്റെ അകത്തളങ്ങളിലേക്ക്് കന്റംപ്രറി ട്രെന്‍ഡ് കടന്നു വന്നതോടുകൂടി ഇന്റീരിയറിനെ മോടി പിടിപ്പിക്കാനുള്ള വാള്‍ ഫിനിഷുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. വിവിധങ്ങളായ സ്‌റ്റൈലുകളും ഭിത്തിയില്‍ വ്യത്യസ്ത ഫിനിഷ് നല്‍കാനായുള്ള ടെക്‌നിക്കുകളും ഇതിനോടകം ഉടലെടുത്തിട്ടുണ്ട്. അവയെ പരിചയപ്പെടാം.

സിമന്റും മണലും വെള്ളവും കൃത്യമായ അനുപാതത്തില്‍ കൂട്ടിക്കുഴച്ച് തയ്യാറാക്കുന്ന മിശ്രിതം ഭിത്തിയിലേക്ക് കരണ്ടിയും പലകയും ഉപയോഗിച്ച് പ്രയോഗിച്ചാണ് സ്മൂത്ത്് ഫിനിഷ്് അല്ലെങ്കില്‍ സാന്‍ഡ് ഫെയ്‌സ്ഡ് ഫിനിഷ് ഉണ്ടാക്കുന്നത്. മൃദുവായ ഒരു തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് ഒരു സോളിഡ് പെയിന്റ് കളറിനു മുകളില്‍ ദീര്‍ഘവൃത്താകൃതിയില്‍ ചലിപ്പിച്ചാണ് കളര്‍വാഷ് എഫക്ട് തയ്യാറാക്കുന്നത്.സ്മൂത്ത് ആയ ഭിത്തിയില്‍ നിന്ന് വ്യത്യസ്തമായി സമാന്തരമായതോ, ക്രമമല്ലാത്തതോ ആയ ബ്രഷ് സ്‌ട്രോക്കുകള്‍ സൃഷ്ടിച്ചാണ് ഡ്രൈ ബ്രഷിങ് എഫക്ട് നിര്‍മിക്കുന്നത്. ഈ എഫക്ട് ഭിത്തിയ്ക്ക് കൂടുതല്‍ ആഴമുള്ളതായി തോന്നിക്കുന്നു.
പഴയതെന്ന് തോന്നിക്കാനോ ആന്റിക് സ്‌റ്റൈല്‍ ലഭിക്കാനോ വേണ്ടിയാണ് ക്രാക്കിള്‍ എഫക്ട് നല്‍കാറുള്ളത്. ഭിത്തിയ്ക്കു പുറമെ ഫര്‍ണിച്ചറിലും പോഴ്‌സലൈനിലും ഈ ഫിനിഷ് നല്‍കാം. ആന്റിക്, റസ്റ്റിക് സ്റ്റൈലുകളാണ് ഇന്റീരിയറിന് തെരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍ ഇന്റീരിയര്‍ ഭിത്തികള്‍ക്കും ഫര്‍ണിച്ചറിനും ക്രാക്കിള്‍ എഫക്ട് നല്‍കാം.

റോളിങ് അല്ലെങ്കില്‍ റഗ് റോളിങ് ഒരു ഡെക്കറേറ്റീവ് പെയിന്റിങ് വിദ്യയാണ്. പെയിന്റ് ഉണങ്ങാത്ത ഭിത്തിയില്‍ പെയിന്റില്‍ മുക്കിയ ഒരു റഗ് കൊണ്ട് റോള്‍ ചെയ്യുന്നു. വ്യത്യസ്തമായതും എന്നാല്‍ എല്ലായിടത്തും ഒരേപോലെയള്ളതുമായ പാറ്റേണാണ് ഇതു വഴി ലഭിക്കുക. മാര്‍ബിള്‍, ക്രഷ്ഡ് വെല്‍വറ്റ് ഡിസൈനുകള്‍ ലഭിക്കുന്ന ഈ എഫക്ട് മുന്തിയ ഇനം വാള്‍ പേപ്പറുകറുകളോടു പോലും കിട പിടിയ്ക്കുന്നവയാണ്. ഭിത്തികള്‍ക്ക് കൂടുതല്‍ ആഴവും ഭംഗിയും തോന്നിക്കുന്ന ഒരു ടെക്‌നിക്ക് ആണ് സ്‌പോഞ്ചിങ്. പെയിന്റ് ചെയ്ത ഭിത്തിയില്‍ ഒരു പ്രകൃതിദത്തമായ സീ സ്‌പോഞ്ച് ഉപയോഗിച്ച് ഒപ്പുന്നു. സ്‌പോഞ്ച് കടന്നു പോയ ഭാഗത്തെ തിളക്കം നഷ്ടപ്പെടുകയും എന്നാല്‍ ബാക്കി ഭാഗത്ത് പെയിന്റിന്റെ തിളക്കം നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ട്രൈപ്പ് എഫക്ട് മുറിയുടെ വലുപ്പത്തെ സ്വാധീനിക്കാന്‍ കഴിവുള്ളതാണ്. കുത്തനെയുള്ള രേഖകള്‍ ഭിത്തിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സീലിങ്ങിനു കൂടുതല്‍ ഉയരം തോന്നിക്കുന്നു. അതേസമയം തിരശ്ചീനമായ രേഖകള്‍ ഉപയോഗിച്ച് ഡിസൈന്‍ നല്‍കുമ്പോള്‍ വീതിയുള്ളതായും മുറിയ്ക്ക് വലുപ്പമേറിയതായുമുള്ള പ്രതീതി സൃഷ്ടിക്കപ്പെടുന്നു.

സിമന്റ് അടിസ്ഥാനമായുള്ള ഒരു ചാന്ത് ഉപയോഗിച്ചാണ് സിമന്റ് ടെക്‌സ്‌ചേഡ് ഫിനിഷ് നിര്‍മിക്കുന്നത്. കരണ്ടി ഉപയോഗിച്ച് ഭിത്തിയില്‍ സാന്‍ഡ് ഫെയ്‌സ്ഡ് പ്ലാസ്റ്ററിങ് എഫക്ട് ഉണ്ടാക്കിയ ശേഷം പെയിന്റ് ചെയ്യുന്നു. വളരെ ഇന്‍ഫോര്‍മല്‍ ലുക്ക് നല്‍കുന്ന ഈ എഫക്ട് വ്യാവസായികാവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ക്ക് യോജിക്കും. ഒരിഞ്ച് മുതല്‍ 12 ഇഞ്ച് വരെ വലുപ്പമുള്ള ഗ്ലാസ്സ് മൊസൈക്ക് ടൈലുകള്‍ പ്രത്യേകതരം പശ ഉപയോഗിച്ച് ഭിത്തിയില്‍ ഒട്ടിച്ചാണ് ഗ്ലാസ്സ് മൊസൈക്ക് ഫിനിഷ് തയ്യാറാക്കുന്നത്. ഭിത്തികള്‍ക്ക് ‘റിച്ച് ലുക്ക്’ ആണ് ഇത് നല്‍കുന്നത്. ചെറിയ കഷ്ണങ്ങള്‍ ഒട്ടിക്കുക വഴി ഭിത്തികളില്‍ മിറര്‍ ലുക്കും വലിയ ഗ്ലാസ് കഷ്ണങ്ങള്‍ ഒട്ടിക്കുക വഴി മ്യൂറലുകള്‍ പോലുള്ള ലുക്കും നല്‍കാം.

ഭിത്തികള്‍ക്ക് ലാമിനേറ്റ് അല്ലെങ്കില്‍ വിനൈല്‍ ഫിനിഷ് നല്‍കുകയാണ് മറ്റൊരു വഴി. ഷീറ്റ് രൂപത്തിലാണ് വിനൈല്‍ ലഭിക്കുക. ഇത് പ്രത്യേകതരം പശ ഉപയോഗിച്ച് ഭിത്തിയില്‍ ഒട്ടിക്കണം. പല നിറത്തിലും പാറ്റേണുകളിലും ലഭിക്കുന്ന വിനൈലുകള്‍ ഇന്റീരിയറിന് ഊഷ്മളത നല്‍കുന്നു.ഭിത്തികള്‍ക്ക് നല്‍കാവുന്ന ഫിനിഷുകളും അതിന്റെ സാധ്യതകളും അനന്തമാണ്. അകത്തളങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും മോടി കൂട്ടുകയുമാണ് അവയുടെ ധര്‍മം.

Leave a Reply

Your email address will not be published. Required fields are marked *