
കോവിഡിന് ശേഷം നിര്‍മ്മാണ മേഖലയില്‍ വരുന്നതും വരുത്തേണ്ടതുമായ മാറ്റങ്ങളെ കുറിച്ചാണ് നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്. രോഗബാധയെ തുടര്‍ന്ന് ചില ശീലങ്ങളില്‍ മാറ്റം വരുത്താന്‍ നാം നിര്‍ബന്ധിതരായി. ഇതോടൊപ്പം മറ്റു പല നല്ല ശീലങ്ങളും ഉള്‍ക്കൊള്ളാനും നാം തയ്യാറാകണം. കോവിഡ് -19 എന്ന മഹാമാരിക്ക് ശേഷവും അത് പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്ന് ലോകാരോഗ്യസംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. ശുചിത്വം പാലിക്കലാണ് ഇവയെ ചെറുക്കാനുള്ള പ്രധാന പോംവഴി. കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളില്‍ ഗണ്യമായ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലേ ലോക്ക്ഡൗണ്‍ കാലയളവില്‍ നാം ശീലിച്ച ശുചിത്വശീലങ്ങള്‍ തുടര്‍ന്ന് കൊണ്ട് പൊതുഇടങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.

പ്രശ്നപരിഹാരത്തിനായി വരും കാല പ്രോജക്റ്റുകളിലും കെട്ടിടനിര്മ്മാണച്ചട്ടങ്ങളിലും വരുത്തേണ്ട ചില മാറ്റങ്ങള്‍ ഇവയാണ്.
- പൊതുശൗചാലയങ്ങളുടെ വാതിലുകള്‍ കാലുകള്‍ കൊണ്ട് തുറക്കാവുന്ന തരത്തിലാക്കണം.
- ഫോസറ്റുകള്‍, ലിക്വിഡ് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ സെന്‍സര്‍ ടൈപ്പോ കാലുകള്‍ കൊണ്ട് പ്രവര്ത്തിപ്പിക്കാവുന്നവയോ ആക്കണം.
- വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകള്‍ സെന്‍സര്‍ ടൈപ്പോ കാലുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മെക്കാനിക്കല്‍ രീതിയിലുള്ളതോ ആക്കി മാറ്റണം.
- പ്രമുഖ ലിഫ്റ്റ് കമ്പനികളുമായി ആലോചിച്ച് നിലവിലുള്ളതും പുതിയതായി സ്ഥാപിക്കുന്നവയുമായ ലിഫ്റ്റ് സ്വിച്ചുകളെല്ലാം സെന്‍സര്‍ ടൈപ്പിലേക്ക് മാറ്റുന്നതിന്റെ സാധ്യതകള്‍ ആരായണം.
- എടിഎം കൗണ്ടറുകളിലെ ഡോറുകളില്‍ മാറ്റം വരുത്തുകയും സ്വിച്ചുകള്‍ സെന്‍സര്‍ ടൈപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും വേണം.
ഗൂഗിളില്‍ ലഭ്യമായ വിവിധ തരം ഹാന്‍ഡ് ഫ്രീ ഡോര്‍ ഓപ്പറേറ്റിങ് സംവിധാനങ്ങള്‍, കാലു കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഫോസറ്റുകള്‍, ലിക്വിഡ് സോപ്പ് & ഹാന്‍ഡ് സാനിറ്റൈസിങ് യൂണിറ്റുകള്‍ എന്നിവയുടെ ആശയം ഉള്‍ക്കൊണ്ട് സ്വന്തം ശൈലിയില്‍ ഇവ രൂപകല്‍പ്പന ചെയ്യാന്‍ ഡിസൈനര്‍മാര്‍ക്ക് കഴിയും. ഇതിനായി ആവശ്യമെങ്കില്‍ വിപണിയിലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെയും അവയുടെ റിസര്‍ച്ച് & ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെയും സഹായം തേടാവുന്നതാണ്. ‘Armless etnry for harmless life ‘ – എന്നതാകട്ടെ ഇനി നമ്മുടെ ശൈലി.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഏവരും ഫെയ്സ് മാസ്കുകളുടെ ഉപയോഗം കുറച്ചു കാലം കൂടി തുടരേണ്ടി വരും. പൊതുവിപണിയില്‍ ലഭ്യമായ സാധാരണ ഫെയ്സ് മാസ്കുകള്‍ക്ക് പകരം ഓരോരുത്തരുടെയും വ്യക്തിത്വവും ഡിസൈനിങ് അഭിരുചിയും പ്രകടമാക്കുന്ന കോട്ടന്‍ ഫെയ്സ് മാസ്കുകള്‍ ശീലമാക്കാന്‍ എല്ലാവരും തയ്യാറാകണം. പഴയ കോട്ടന്‍ തുണിത്തരങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനൊപ്പം മാസ്കുകളെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളാക്കി മാറ്റാനും ഇതിലൂടെ കഴിയും. സ്വന്തം ഭാവനയനുസരിച്ച് ഫെയ്സ് മാസ്കുകള്‍ സ്വയം തയ്യാറാക്കുകയോ തയ്യല്‍ക്കാരെ കൊണ്ട് തുന്നിച്ചെടുക്കുകയോ ചെയ്യാം. ഡിസൈനര്‍ ഫെയ്സ് മാസ്കുകളുടെ വിവിധ മോഡലുകള്‍ യുട്യൂബില്‍ ലഭ്യമാണ്.
Be the first to comment