September 22nd, 2015
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

 

ശ്രീകൃഷ്ണപുരത്തെ കരിമ്പുഴയുടെ തീരത്ത് നക്ഷത്രത്തിളക്കത്തോടെ സ്ഥിതി ചെയ്യുന്ന സക്കീറിന്റെ വീടിന് നിരവധി കഥകള്‍ പറയാനുണ്ടാകും. കാട് പിടിച്ചു കിടന്നിരുന്ന പ്ലോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നതു മുതല്‍ പുതിയൊരു ജീവന്‍ നേടിയെടുത്തതു വരെ നീണ്ടു പോകുന്നു ആ കഥ. സ്വന്തമായൊരു വീട് വേണം എന്ന ആഗ്രഹം മനസ്സില്‍ കയറിക്കൂടിയ കാലത്ത് സക്കീര്‍ വാങ്ങിയതാണ് വീടോടു കൂടിയ ഒരു പ്ലോട്ട്. എന്നാല്‍ പ്ലോട്ടിലെ പഴഞ്ചന്‍ പടുകൂറ്റന്‍ വീട് സക്കീറിന്റെ പുത്തന്‍ ഭവനസ്വപ്നങ്ങള്‍ക്ക് ഒരു വിലങ്ങുതടിയായി നിന്നുവെന്നതാണ് സംത്യം. വീട് ‘പൊളിച്ചു കളയാം’ എന്ന തീരുമാനത്തില്‍ നിന്ന് ‘പുതുക്കിയെടുക്കാം’ എന്നതിലേക്കെത്തിച്ചത് സുഹൃത്തും നാട്ടുകാരനും ആര്‍ക്കിടെക്ചര്‍ വിഷ്വലൈസറും കൂടിയായ ബിനുവാണ്.
മാറ്റങ്ങളറിയാതെ
അടിസ്ഥാന പ്ലാനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെ എന്നാല്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്ന പ്രതീതി ഉളവാക്കുന്നതാണ് സക്കീറിന്റെ വീട്. പരമ്പരാഗത വാസ്തു നിയമപ്രകാരം അടുക്കളയുടെ സ്ഥാനം ശരിയല്ല എന്ന ഗൃഹനാഥന്റെ വിശ്വാസം മൂലം പുതിയൊരു അടുക്കള വരാന്തയ്ക്കടുത്തായി നീട്ടിയെടുക്കാന്‍ തീരുമാനമായി. പുതിയൊരു കാര്‍പോര്‍ച്ച് മുന്‍പില്‍ സ്ഥാപിച്ച് അതിന്റെ മുകള്‍ഭാഗം ഓപ്പണ്‍ ടെറസാക്കി മാറ്റി. മുന്‍വശത്തുണ്ടായിരുന്ന വലിയൊരു ജനല്‍ വശത്തേക്കുമാറ്റി ഒരു വശത്തു കൂടിയായിരുന്ന പ്രവേശനമാര്‍ഗ്ഗം മുന്നിലേക്കു മാറ്റി സ്ഥാപിച്ചു.
ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, അപ്പര്‍ ലിവിങ് അടക്കമുള്ള കോമണ്‍ ഏരിയയില്‍ ഗ്രനൈറ്റ് വിരിച്ചു. സ്റ്റെയര്‍ കേസിന്റെ ഹാന്റ് റെയില്‍ പഴയതു മാറ്റി തേക്കുതടിയില്‍ പുതിയതു തീര്‍ത്തു സീലിങ്ങില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകളും പാനലിങ്ങുമാണ് ഡൈനിങ് ഏരിയയേയും ഫാമിലി ലിവിങ്ങിനേയും വേര്‍തിരിക്കുന്നത്. കൂടാതെ ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്ത് സീലിങ്ങില്‍ വിവിധ തരം ഡിസൈനുകള്‍ വരച്ചുചേര്‍ത്ത് ആകര്‍ഷകമാക്കി. സ്വന്തമായി മരമില്ലും മറ്റുമുള്ളതിനാല്‍ വീട്ടിലേക്കു വേണ്ട ഫര്‍ണിച്ചര്‍ ബിനു നല്‍കിയ ഡിസൈനിന് അനുസരിച്ച് സക്കീര്‍ തന്നെ ചെയ്‌തെടുത്തു. ഗസ്റ്റ് ലിവിങ്ങില്‍ നിന്ന് ഹാളിലേക്കുള്ള പ്രവേശന കവാടത്തില്‍ തടികൊണ്ടുള്ള കൊത്തുപണികളും കൂട്ടിച്ചേര്‍ത്തതോടെ ഭാര്‍ഗ്ഗവീനിലയം പോലെ കിടന്ന വീടിന് അത്ഭുതകരമായ ശാപമോക്ഷമായി.
പ്രകാശ സമൃദ്ധം
ഫ്‌ളോറിങ്ങും പെയിന്റിങ്ങും റീവയറിങ്ങും നടത്തി വീടിനെ മൊത്തത്തില്‍ പുതുക്കിയെടുത്തു. പല ജനലുകളുടെയും സ്ഥാനം മാറ്റി ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കി. ഇരുള്‍ നിറഞ്ഞ അകത്തളങ്ങളില്‍ കാറ്റും വെളിച്ചവും കടക്കുവാന്‍ ആരംഭിച്ചു. പഴയ അടുക്കള കിടപ്പുമുറിയാക്കിയും, വര്‍ക്കേരിയ സ്റ്റഡി റൂമുമാക്കിയും മാറ്റം വരുത്തി. സ്റ്റോര്‍ റൂമിമായി ഉപയോഗിച്ചു പോന്ന സ്ഥലം പ്രെയര്‍ റൂമാക്കി മാറ്റി. കിടപ്പുമുറികളിലെ ഫ്‌ളോറിങ്ങില്‍ മാറ്റം വരുത്താതെ അവയ്ക്കു യോജിച്ച തരത്തില്‍ ഭിത്തികള്‍ പെയിന്റിങ്ങും വാള്‍ പേപ്പറും കൊണ്ട് ഹൈലൈറ്റ് ചെയ്തു. ആധുനിക രീതിയിലുള്ള ബാത്ത്‌റൂം ഫിറ്റിങ്ങുകളും മറ്റും സജ്ജീകരിച്ച് അവയെ ആധുനിക കിടപ്പുമുറിയ്ക്കു യോജിച്ച തരത്തിലാക്കി. അകത്തളങ്ങള്‍ മനോഹരമാക്കിയതു പോലെ പുറത്തും പൂച്ചെടികളും ഫലവൃക്ഷങ്ങളും പുല്‍ത്തകിടിയും വച്ചുപിടിപ്പിച്ച് മനോഹരമാക്കി.
‘പുതുക്കിയതാണെങ്കിലും’ മുഴുവനായും പുതുതായി പണിത വീടിന്റെ പ്രതീതിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സക്കീര്‍ പറയുന്നു. ഈ വീടിന്റെ പുതുജന്മത്തിന് നന്ദി പറയാനുണ്ടാവുക വിഷ്വലൈസര്‍ ബിനുവിനോടാകും.

 

Leave a Reply

Your email address will not be published. Required fields are marked *